നാലാം തൂണിനെ വീഴ്ത്തുമ്പോള്‍
ത്വല്‍ഹ മുഹമ്മദ് മലപ്പുറം
ലോകത്ത് അനീതിയുണ്ടാവുമ്പോള്‍ അവയ്‌ക്കെതിരെയുള്ള ശബ്ദങ്ങളെ മാലോകരിലേക്കെത്തിക്കാനുള്ള ഉപായമാണ് മാധ്യമങ്ങള്‍. ഏത് ജനവിരുദ്ധ നയങ്ങളേയും മാധ്യമങ്ങള്‍ കണക്കറ്റ് വിമര്‍ശിക്കുകയും അവയിലുള്ള മര്‍മത്തെ മനസിലാക്കിച്ച് തിരുത്തിക്കുകയും ചെയ്തതായാണ് അറിവ്. എന്നാല്‍, അടുത്തിടെയായി നമ്മുടെ രാജ്യത്ത് അങ്ങനെയല്ല കാര്യങ്ങള്‍. ഭരണകക്ഷികളുടെ ഏറാന്‍ മൂളികളായില്ലെങ്കില്‍ നിരോധിച്ചു കളയും എന്നതാണ് പുതിയ ഭീഷണി. നിരവധി ഓണ്‍ലൈന്‍ മീഡിയകളെ ഇതിനകം തന്നെ ഭരണകക്ഷി കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇനിയും വരുതിയിലാവാത്തവരെ പ്രക്ഷേപണം തടഞ്ഞ് നേരിടുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. മീഡിയ വണ്‍ ആണ് നമുക്ക് മുന്‍പിലുള്ള ഉദാഹരണം. എന്തുകൊണ്ട് എന്ന ചോദ്യത്തെ പോലും അഭിമുഖീകരിക്കാതെയാണ് കേന്ദ്രം മീഡിയവണിന്റെ പ്രക്ഷേപണം തടഞ്ഞിരിക്കുന്നത്. എന്തു കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്നറിയാനുള്ള അവകാശം പോലും മീഡിയ വണിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്നായിരിക്കും ഉദ്ദേശിക്കുന്നത്. എന്നാല്‍, ഈ വിലക്കിനെതിരെ നടുനിവര്‍ത്തി ശബ്ദമുയര്‍ത്താന്‍ മറ്റു മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല എന്നത് ഭീതിയുണര്‍ത്തുന്നുണ്ട്. നാലാം തൂണിന് പോറലേല്ക്കുന്നത് ഭരണഘടനയെത്തന്നെ വീഴ്ത്തുകയാണ് ചെയ്യുക.