21 Thursday
November 2024
2024 November 21
1446 Joumada I 19

നടുക്കടലില്‍ ഉപേക്ഷിക്കപ്പെട്ട അഫ്ഗാന്‍ ജനത

എ പി അന്‍ഷിദ്‌


അഫ്ഗാനിസ്താന്‍ വീണ്ടും അനിശ്ചിതത്വത്തിന്റെ നടുക്കടലില്‍ അകപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ പിന്തുണയോടെ നിലനിന്ന ജനാധിപത്യ ഭരണകൂടത്തിന്റെ വീഴ്ചയും രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള താലിബാന്റെ ആധിപത്യം വീണ്ടെടുക്കലും അയല്‍ രാഷ്ട്രങ്ങളെക്കൂടിയാണ് ആശങ്കയിലാഴ്ത്തുന്നത്. ഇനിയെന്ത് എന്ന ചോദ്യം ഓരോ അഫ്ഗാനിയുടേയും ജീവിതത്തിനുമുകളിലേക്ക് പടര്‍ന്നുകയറുന്നുണ്ട്. ജീവനും കൊണ്ട് എവിടേക്കെങ്കിലും രക്ഷപ്പെടാന്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് തിരക്കൂകൂട്ടിയെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നിസ്സഹായരായ മനുഷ്യരുടെ മുഖത്തുനിന്ന് അത് വായിച്ചെടുക്കാന്‍ കഴിയും.
അഭയാര്‍ഥികളായി അയല്‍ രാജ്യങ്ങളുടെ ദയാവായ്പിന് കാത്ത് രാജ്യാതിര്‍ത്തികളില്‍ കെട്ടിക്കിടക്കുന്ന മനുഷ്യരുടെ മുഖത്തും ഇതേ നിസ്സഹായത നമുക്ക് കാണാനാകും. വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ തൂങ്ങിക്കിടെന്നെങ്കിലും മറ്റേതെങ്കിലും ഇടത്താവളങ്ങളില്‍ ചേക്കാറാന്‍ തയ്യാറാകുന്ന മനുഷ്യര്‍ അഫ്ഗാന്‍ ജനതയുടെ അതിസാഹസികതയുടെ പ്രതീകമല്ല, മറിച്ച് നിവൃത്തികേടിന്റെ അടയാളങ്ങളാണ്. എന്നായിരിക്കും ഇനിയീ മണ്ണ് സ്വസ്ഥമായൊന്നുറങ്ങുക എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആര്‍ക്കുമാവുന്നില്ല എന്നതു തന്നെയാണ് ആ ജനതയെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നത്.
അഫ്ഗാന്‍ ജനത ഇന്നനുഭവിക്കുന്ന എല്ലാ ദുരന്തങ്ങളുടേയും ഉത്തരവാദിത്തം അമേരിക്കക്കു തന്നെയാണ്. രക്ഷാപട്ടം ചമഞ്ഞ് അഫ്ഗാനില്‍ കടന്നുകയറുന്നതിനും മുമ്പേ തന്നെ സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ ഭൂപടത്തില്‍ അമേരിക്ക അഫ്ഗാനെ കോറിയിട്ടിരുന്നു. പിന്നീട് നടന്നതെല്ലാം ആ താല്‍പര്യങ്ങളുടെ പ്രയോഗവത്കരണം മാത്രമാണ്.
കാസ്പിയന്‍ തീരത്തെ എണ്ണനിക്ഷേപത്തിലും മധ്യപൂര്‍വേഷ്യയിലെ വാണിജ്യപാതകളിലും കണ്ണുവച്ച അമേരിക്കയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്താന്‍ ജനവാസം കുറഞ്ഞ, പുല്‍നാമ്പുകള്‍ പോലും മുളപൊട്ടാത്ത മലനിരകളായിരുന്നില്ല. പൊന്നുകായ്ക്കുന്ന സമൃദ്ധിയുടെ കാടായിരുന്നു. സാമ്പത്തികമായും രാഷ്ട്രീയമായുമായുള്ള താല്‍പര്യങ്ങള്‍ അമേരിക്കയുടെ അഫ്ഗാന്‍ കുടിയേറ്റത്തിനു പിന്നില്‍ ഉണ്ടായിരുന്നുവെന്ന് ചുരുക്കം. ദക്ഷിണപൂര്‍വേഷ്യയില്‍ യൂറോപ്യന്‍ ആധിപത്യത്തില്‍ നിന്ന് ആദ്യം സ്വാതന്ത്ര്യം നേടിയ രാജ്യമായിരുന്നു അഫ്ഗാനിസ്താന്‍.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴില്‍ നിന്ന് 1919-ലാണ് അഫ്ഗാന്‍ മോചിതമാകുന്നത്. ഒന്നാം ലോക യുദ്ധാനന്തരം ശക്തിയാര്‍ജിച്ച സോവിയറ്റ് യൂണിയനുമായി ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായിരുന്നു സ്വാതന്ത്ര്യാനന്തരം അഫ്ഗാനില്‍ അധികാരത്തിലേറിയ ഭരണകൂടങ്ങള്‍. ഇതാണ് അമേരിക്കയെ വിറളിപിടിപ്പിച്ച ആദ്യ ഘടകം. സോര്‍ വിപ്ലവാനന്തരം അധികാരത്തില്‍ വന്ന അഫ്ഗാനിസ്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍ നൂര്‍ മുഹമ്മദ് തരാക്കിയായിരുന്നു റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്താന്റെ ആദ്യ പ്രസിഡന്റ്. 1978-ല്‍ ഡോ. നജീബുല്ലയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ കാസ്പിയന്‍ തീരത്തെ എണ്ണനിക്ഷേപങ്ങള്‍ കൈയടക്കാന്‍ കാത്തുനിന്നിരുന്ന ഷെവറോണ്‍ അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ക്കേറ്റ മോഹഭംഗമായിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിലും റിപബ്ലിക്കന്‍ പാര്‍ട്ടിയിലും നിര്‍ണായക സ്വാധീനമുള്ളവരായിരുന്നു ഷെവറോണിന്റെ ഓഹരിയുടമകള്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റെയ്‌സുമെല്ലാം ഇക്കൂട്ടത്തില്‍ വരും.
ശക്തമായ ഒരു ഭരണകൂടത്തിന്റെ സാന്നിധ്യവും ഈ സര്‍ക്കാറിന് സോവിയറ്റ് യൂണിയനുമായുള്ള അടുപ്പവും സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അതുകൊണ്ടുതന്നെ അഫ്ഗാനിസ്താനില്‍ അനിശ്ചിതത്വം ഉയര്‍ന്നുവരേണ്ടത് അവര്‍ക്ക് അനിവാര്യവുമായിരുന്നു. എങ്കില്‍ മാത്രമേ അവരുടെ താല്‍പര്യങ്ങള്‍ക്ക് നിലനില്‍പ്പുണ്ടായിരുന്നുള്ളൂ. അതിന് അവര്‍ കണ്ടെത്തിയ ഉപാധിയാണ് ഇസ്്‌ലാമിക ഭീകരതയെന്ന മൂടുപടവും താലിബാനും അല്‍ഖാഇദയും അടക്കമുള്ള ഭീകര സംഘങ്ങളും.
ഇസ്്‌ലാംമത വ്യാപനം സംബന്ധിച്ച ഭീതി നേരത്തെ തന്നെ പടിഞ്ഞാറന്‍ ക്രൈസ്തവ സഭകളെയും പുരോഹിത നേതൃത്വത്തേയും വരിഞ്ഞുമുറുക്കിയിരുന്നു. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാന്‍ കഴിയുന്ന ഒന്നായിരുന്നു ഇസ്്‌ലാം ഭീതിയെന്ന പ്രചാരണം. ഗോത്രാധിഷ്ഠിത ഫ്യൂഡല്‍ വ്യവസ്ഥിതി നിലനില്‍ക്കുന്ന മേഖലകളെ ഇത്തരം ഭീകര സംഘങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള വളക്കൂറുള്ള മണ്ണായി കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്തു. അമേരിക്കന്‍ ചാര സംഘടനയായ സി ഐ എയും ഓറിയന്റലിസ്റ്റ് ചിന്താകേന്ദ്രങ്ങളും മെനഞ്ഞെടുത്ത തന്ത്രങ്ങളില്‍ നിന്നാണ് തുടര്‍ന്നുള്ള കാലത്തെ അഫ്ഗാനിസ്താന്റെ ചരിത്രം മാറ്റിമറിക്കപ്പെടുന്നത്. മതവിശ്വാസവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുഖമുദ്രയാക്കിയ സംഘടനകള്‍ക്ക് ആദ്യം രൂപം നല്‍കി. സാമ്പത്തികമായും ബൗദ്ധികമായും ആവശ്യത്തിലധികം സഹായംചെയ്ത് ഇവയെ പരിപാലിച്ചു. ഇതോടെ വിളക്കിനു ചുറ്റും കൂടുന്ന ഈയാംപാറ്റകളെപ്പോലെ ഗോത്ര ജനത ഇത്തരം സംഘങ്ങള്‍ക്കു ചുറ്റും കൂടി. താലിബാനും അല്‍ഖാഇദയുമെല്ലാം ഇക്കൂട്ടത്തില്‍ പെട്ടവയായിരുന്നു.
സി ഐ എ തന്ത്രങ്ങളുടെ അടുത്ത ഘട്ടമായിരുന്നു ഇത്തരം സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നത്. ഈ സായുധ സംഘങ്ങളാണ് പില്‍ക്കാലത്ത് മാനവികതക്കു തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലേക്ക് ഉയര്‍ന്നുവന്നത്. പതിയെ അഫ്ഗാനിസ്താന്റെ നിയന്ത്രണം തന്നെ ഇവര്‍ കൈവശപ്പെടുത്തി.
ആള്‍ബലവും ആയുധബലവും ആവശ്യത്തിലധികം ആയതോടെ ഇത്തരം സംഘങ്ങള്‍ അമേരിക്കന്‍ ചൊല്‍പ്പടിക്കു നില്‍ക്കാതായി. സംസ്‌കാര സമ്പന്നരായ ഒരു ജനതക്കും അംഗീകരിക്കാന്‍ കഴിയാത്ത, പ്രാകൃതമായ പഷ്തൂണ്‍ ഗോത്ര നിയമങ്ങളെയാണ് അല്‍ഖാഇദയും താലിബാനും അഫ്ഗാന്‍ ജനതക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇതിനെ ഇസ്്‌ലാമിക നിയമങ്ങളെന്ന പേരില്‍ കാപട്യത്തിന്റെ ഫോയില്‍പേപ്പറില്‍ പൊതിഞ്ഞ് അമേരിക്ക ഇസ്്‌ലാമോഫോബിയ വളര്‍ത്തിയെടുക്കുകയായിരുന്നു. ഉസാമാ ബിന്‍ലാദിന്‍ അടക്കമുള്ള ഭീകരര്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കായി അമേരിക്ക പാലും പഴവും നല്‍കി വളര്‍ത്തിക്കൊണ്ടുവന്നതായിരുന്നുവെന്ന് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ഥ്യമാണ്.
1996-ലാണ് സിവിലിയന്‍ ഗവണ്‍മെന്റിനെ തുടച്ചുമാറ്റി അഫ്ഗാനിസ്താന്റെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായി താലിബാന്‍ പിടിച്ചടക്കുന്നത്. പശ്ചിമേഷ്യയില്‍ ആശങ്കയുടെ കാറ്റും കോളും വിതയ്ക്കുന്നതായിരുന്നു ഈ നീക്കം. ഇതിനു പിന്നാലെ പാല്‍ കൊടുത്ത കൈക്കു തന്നെ ഇവ കൊത്തി. ഇതായിരുന്നു 2001 സപ്തംബര്‍ 11-ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. നാല് യാത്രാവിമാനങ്ങള്‍ തട്ടിയെടുത്ത അല്‍ഖാഇദ ഭീകരര്‍ ഇവയില്‍ രണ്ടെണ്ണം അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ട്വിന്‍ ടവറില്‍ ഇടിച്ചു വീഴ്ത്തുമ്പോള്‍ ലോകം സ്തബ്ധമായി നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പരിശീലനം കൊണ്ടുപോലും സാധ്യമാകാത്ത തരത്തിലുള്ള കൃത്യവും സൂക്ഷ്മവുമായ ആകാശാക്രമണം അന്നു വരെയുള്ള സങ്കല്‍പ്പങ്ങളെത്തന്നെ അട്ടിമറിക്കുന്നതായിരുന്നു.
ആക്രമണത്തിനു പിന്നില്‍ അഫ്ഗാനിസ്താനില്‍ നിന്നുള്ള ഭീകര സംഘങ്ങളാണെന്ന് വിധിച്ച ജോര്‍ജ് ഡബ്ല്യൂ ബുഷ് ഉസാമാ ബിന്‍ലാദിന്‍ അടക്കമുള്ള നേതാക്കളെ അമേരിക്കക്ക് കൈമാറണമെന്ന് അന്ത്യശാസനം മുഴക്കി. ഇതു പാലിക്കപ്പെടാതിരുന്നതോടെയാണ് പശ്ചിമേഷ്യയുടെ ആകാശത്ത് യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ചുവടു പിടിച്ച് അഫ്ഗാനിസ്ഥാനിലേക്ക് ഭീകരവിരുദ്ധ യുദ്ധത്തിന് വണ്ടി കയറിയ അമേരിക്കക്ക് പക്ഷേ കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ എളുപ്പമായിരുന്നില്ല. ഉസാമാ ബിന്‍ലാദിന്‍ അടക്കമുള്ള ഭീകരരെ ക്ഷണവേഗം വധിച്ച് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ പിന്‍വാങ്ങുന്നത് പ്രതീക്ഷിച്ച ജനതക്കു മുന്നില്‍ അഫ്ഗാന്‍ യുദ്ധം നീണ്ടുപോയത് രണ്ട് പതിറ്റാണ്ടാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ യുദ്ധമാണ് അഫ്ഗാനിസ്താനിലേത്.
20 വര്‍ഷം നീണ്ടുപോയ സൈനിക നടപടി. നാലു പ്രസിഡണ്ടുമാരുടെ ഭരണ കാലയളവിലൂടെ കടന്നുപോയ യുദ്ധം. പതിനായിരക്കണക്കിന് മനുഷ്യരാണ് അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ തുപ്പിയ തീയില്‍ വെന്തെരിഞ്ഞത്. ബ്രിട്ടനാണ് വ്യോമാക്രമണത്തിന് തുടക്കമിട്ടത്. പിന്നാലെയെത്തിയ അമേരിക്കയും സഹായത്തിനെത്തിയ നാറ്റോ രാഷ്ട്രങ്ങളും കൂടി അഫ്ഗാന്റെ മണ്ണ് ബോംബുവര്‍ഷം കൊണ്ട് ഉഴുതുമറിച്ചു. കെട്ടിടങ്ങള്‍ നിലംപൊത്തി. റോഡും വൈദ്യുതിവിതരണവും താറുമാറിലായി. മുറിവേറ്റ മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് അഫ്ഗാന്റെ തെരുവുകള്‍ കണ്ണീരണിഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം അനവധി പേര്‍…, പിച്ച വെക്കാന്‍ തുടങ്ങിയിട്ടില്ലാത്ത, അമ്മിഞ്ഞപ്പാലിന്റെ മധുരം പോലും ചുണ്ടില്‍ നിന്ന് മാഞ്ഞുപോയിട്ടില്ലാത്ത പിഞ്ചുബാല്യങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ടു. ജനവാസ മേഖല ഒഴിവാക്കിയാണ് ബോംബിങെന്ന് അവകാശപ്പെട്ടപ്പോഴും നൂറു കണക്കിന് മനുഷ്യരുടെ മരണത്തിന്റെ കണക്കുമായിട്ടായിരുന്നു അന്ന് അഫ്ഗാന്റെ ഓരോ പ്രഭാതവും പുലര്‍ന്നത്. അമേരിക്കന്‍ ബോംബിങിനെതുടര്‍ന്ന് തലസ്ഥാനമായ കാബൂള്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ നിന്ന് താലിബാന്‍ പിന്‍വാങ്ങിയത് യുദ്ധ വിജയമായി അമേരിക്ക അവകാശപ്പെട്ടു. എന്നാല്‍ തീരാതലവേദനയുടെ തുടക്കമായിരുന്നു അത് അമേരിക്കക്ക്. അഫ്ഗാന്‍ മലനിരകള്‍ കേന്ദ്രീകരിച്ച് നടന്ന ഒളിപ്പോരുകളില്‍ എണ്ണമറ്റ അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. യുദ്ധാനന്തര അഫ്ഗാനിസ്താന്റെ പുനര്‍ നിര്‍മിതിയും വെല്ലുവിളിയായി. കോടിക്കണക്കിന് ഡോളര്‍ ഇതിനുവേണ്ടിയും ചെലവിടേണ്ടി വന്നു. ഹാമിദ് കര്‍സായിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാറിനു കഴില്‍ അഫ്ഗാന്‍ മെല്ലെ ജനാധിപത്യത്തിലേക്ക് പിച്ചവച്ചു. തദ്ദേശീയ സൈനിക ശേഷി രൂപപ്പെടുത്താനും അവര്‍ക്ക് ആയുധവും പരിശീലനവും നല്‍കി സജ്ജരാക്കാനും നടത്തിയ ശ്രമങ്ങളും ചെലവേറിയതായി. ഒരു ഘട്ടത്തില്‍ അഫ്ഗാനിലെ യുദ്ധമുഖത്ത് 1,11,000 സൈനികരെ വരെ അമേരിക്ക അണിനിരത്തി. എന്നിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു.
അബോട്ടാബാദ് ഓപ്പറേഷനിലൂടെ ഉസാമാ ബിന്‍ലാദനെ വധിച്ചത് അഫ്ഗാന്‍ ദൗത്യത്തില്‍ നിന്ന് പിന്മാറുന്നതിനുള്ള മറയായി അമേരിക്ക കണ്ടു. എന്നാല്‍ പിന്‍വാങ്ങള്‍ എളുപ്പമായിരുന്നില്ല. ഇതോടെയാണ് ഖത്തര്‍ വഴി താലിബാനുമായി സന്ധി സംഭാഷണം നടത്തി സൈന്യത്തെ പിന്‍വലിക്കുകയെന്ന തന്ത്രത്തിലേക്ക് അമേരിക്ക ചുടവുമാറ്റിയത്. ഒടുവില്‍ രണ്ടു പതിറ്റാണ്ടിന്റെ സൈനിക നടപടികള്‍ അവസാനിപ്പിച്ച് അമേരിക്കക്ക് അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരുമ്പോള്‍ അത് മറ്റാരുടേയും തോല്‍വിയല്ല, അമേരിക്കയുടെ തന്നെ തോല്‍വിയാണ്.
ഭീകരവാദത്തെ ലോകത്തുനിന്ന് തുടച്ചുനീക്കുമെന്നായിരുന്നു അഫ്ഗാന്‍ യുദ്ധത്തിന് തുടക്കം കുറിക്കുമ്പോള്‍ അമേരിക്കയുടെ അവകാശവാദം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ മുഴുവന്‍ സിമ്പതിയും അമേരിക്കക്കുണ്ടായിരുന്നു. അതിനെ അവര്‍ മുതലെടുത്തു. നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ അകമഴിഞ്ഞ് അമേരിക്കയെ സഹായിച്ചു. സാമ്പത്തികമായും സൈനികമായും അമേരിക്കക്ക് നാറ്റോ പിന്തുണ ലഭിച്ചു. പാകിസ്താന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നും സഹായം ലഭിച്ചു. എന്നിട്ടും ജനവാസമില്ലാത്ത തോറാബോറാ മലനിരകളില്‍ അടക്കം നിരന്തരം ബോംബിട്ട് ഇളക്കിമറിച്ചതല്ലാതെ, ദയനീയമായ പരാജയമായിരുന്നു അമേരിക്കയുടെ അഫ്ഗാന്‍ ദൗത്യം. ഇതിന്റെ നാണക്കേട് മറക്കാനാണ് രാസായുധം സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇറാഖിലേക്ക് സൈന്യത്തെ അയച്ചതും ബോംബു വര്‍ഷത്തിലൂടെ ഒരു നാഗരികതയെ തന്നെ തച്ചുതകര്‍ത്ത് തരിപ്പണമാക്കിയതും. സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കുകയും ഒടുവില്‍ പിടികൂടി തൂക്കിലേറ്റുകയും ചെയ്തതൊഴിച്ചാല്‍ ഇറാഖില്‍ നിന്ന് ഒരു നശീകരണായുധങ്ങളും അമേരിക്കക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇറാഖ് അധിനിവേശത്തിനു പിന്നിലും അമേരിക്കയെ പ്രേരിപ്പിച്ച ഘടകം രാസായുധങ്ങള്‍ കണ്ടെത്തി നശിപ്പിച്ച് ലോകത്തെ സുരക്ഷിതരാക്കലായിരുന്നില്ല. മറിച്ച് ഗള്‍ഫിലെ എണ്ണസമ്പത്തില്‍ തന്നെയായിരുന്നു. ആ താല്‍പര്യങ്ങള്‍ പാലിക്കപ്പെടാന്‍ കഴിയുന്ന പാവ ഭരണകൂടങ്ങളെ അഫ്ഗാനിലും ഇറാഖിലും അമേരിക്ക പ്രതിഷ്ഠിച്ചു.
ഒരുഭാഗത്ത് അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍തന്നെ പാതിവെന്ത ജനാധിപത്യത്തിനു കീഴില്‍ ജീവിതത്തിലേക്ക് പിച്ചവെക്കാന്‍ തുടങ്ങുകയായിരുന്നു അഫ്ഗാന്‍ ജനത. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളെ കൊന്നൊടുക്കിയ യുദ്ധ ഭീകരതയുടെ ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമം. ഇതിനിടയിലാണ് അഫ്ഗാന്റെ ഭരണം ഒരിക്കല്‍ കൂടി താലിബാന്റെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ എക്കാലത്തേയും വലിയ നഷ്ടക്കണക്കുകളില്‍ ഒന്നാണ് അഫ്ഗാന്‍ യുദ്ധം. സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായുമെല്ലാം അമേരിക്കക്ക് നഷ്ടമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ജനതയില്‍ നിന്ന് ഒന്നടങ്കം അഫ്ഗാനിലെ സൈനിക നടപടിക്ക് പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രം മാറി. യുദ്ധ മുഖത്ത് കൊല്ലപ്പെടുന്ന അമേരിക്കന്‍ സൈനികരുടെ കബന്ധങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ജനത, അര്‍ഥമില്ലാത്ത യുദ്ധവെറിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി. ബരാക് ഒബാമയുടെ കാലത്തു തന്നെ അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുന്നതിനെക്കുറിച്ച് അമേരിക്ക ആലോചനകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ പെട്ടെന്നുള്ള പിന്‍വാങ്ങല്‍ അഫ്ഗാനെ വീണ്ടും താലിബാന്റെ കൈകളില്‍ എത്തിക്കുമെന്നും അത് കാസ്പിയന്‍ തീരത്തെ എണ്ണനിക്ഷേപത്തിന്മേലുള്ള മോഹങ്ങളെ തല്ലിക്കെടുത്തുമെന്നും വന്നപ്പോള്‍ അവിടത്തെന്ന തുടരാന്‍ നിര്‍ബന്ധിതരായി. വാക്കുകളില്‍ യുദ്ധക്കൊതിയൊളിപ്പിച്ച ട്രംപിനും പക്ഷേ അഫ്ഗാന്‍ സുഖമുള്ള കാഴ്ചയായിരുന്നില്ല. അതുകൊണ്ടുതന്നെ സൈനിക പിന്മാറ്റത്തെക്കുറിച്ചുള്ള ആലോചനകള്‍ തകൃതിയായി തന്നെ നടന്നു. എപ്പോള്‍ പിന്‍വാങ്ങും, എങ്ങനെ പിന്‍വാങ്ങും എന്നീ രണ്ട് ചോദ്യങ്ങളാണ് അമേരിക്കക്കു മുന്നില്‍ ഉണ്ടായിരുന്നത്. എളുപ്പത്തില്‍ ഉത്തരം കണ്ടെത്താന്‍ കഴിയുന്ന ചോദ്യങ്ങളായിരുന്നില്ല അത്. കാരണം പിന്‍വാങ്ങുന്ന നിമിഷം അഫ്ഗാന്‍ താലിബാന്റെ കൈകളിലെത്തുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടായി നിലനിര്‍ത്തിപ്പോന്ന പാവ സര്‍ക്കാറുകള്‍ക്കും ആയുധവും പലിശീലനവും നല്‍കി വളര്‍ത്തിയെടുത്ത അഫ്ഗാന്‍ ദേശീയ സൈന്യവും താലിബാനെ ചെറുക്കാന്‍ കെല്‍പ്പാര്‍ജ്ജിച്ചിട്ടില്ലെന്ന ബോധ്യമായിരുന്നു ഈ ഉദ്യമത്തില്‍ നിന്ന് ഓരോ ഘട്ടത്തിലും അവരെ പിന്‍വലിച്ചത്. ഒടുവില്‍ 2020 ഫെബ്രുവരിയില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ അമേരിക്കയും താലിബാനും ധാരണയിലെത്തി. അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനും പകരം രക്തം ചിന്തലുകളില്ലാതെ തന്നെ താലിബാന് അധികാരം കൈമാറാനുമായിരുന്നു ഈ ധാരണ. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഒരു മാസം മുമ്പ് അഫ്ഗാനില്‍ നിന്ന് ബൈഡന്‍ ഭരണകൂടം തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചത്. അഫ്ഗാനിലെ ജനാധിപത്യ ഭരണകൂടത്തെ കൂടെനിന്ന് സംരക്ഷിക്കുന്നതിനു പകരം പെരുവഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയാണ് യഥാര്‍ഥത്തില്‍ അമേരിക്ക ചെയ്തത്. നേരിയ ചെറുത്തുനില്‍പ്പിനു പോലും മുതിരാതെയുള്ള അഫ്ഗാന്‍ സൈന്യത്തിന്റെ പത്തിമടക്കലും കാബൂളിന്റെ അധികാരം നഷ്ടപ്പെടുന്നതിന്റെ മണിക്കൂറുകള്‍ക്ക് മാത്രം മുമ്പ് രാജ്യംവിട്ട് സുരക്ഷിത കേന്ദ്രത്തില്‍ അഭയംതേടിയ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമെല്ലാം താലിബാന്‍ – അമേരിക്ക അന്തര്‍ നാടകത്തിന്റെ കൃത്യമായ ചിത്രം വരച്ചിടുന്നുണ്ട്. യുദ്ധമുഖത്തുനിന്ന് പരാജയം ഭയന്ന് തോറ്റോടുന്നവന്റെ റോളാണ് യഥാര്‍ഥത്തില്‍ അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കക്കുള്ളത്. അതിനെ മറച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് ബൈഡന്‍ ഭരണകൂടം ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന്റെ സര്‍വഭാരങ്ങളും ബൈഡന്റെ ചുമലിലാണ് അമേരിക്കന്‍ ജനത കെട്ടിവെക്കുന്നത്. എന്നാല്‍ അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഉചിതമായ സമയം എന്നൊന്ന് ഇല്ലെന്നും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിന്റെ അനുഭവ പാഠത്തില്‍ നിന്നാണ് താനിത് പറയുന്നതെന്നും ബൈഡന്‍ അവകാശപ്പെടുന്നു.
എന്തായാലും ഒരു ജനതയെ നടുക്കടലില്‍ വിട്ട് അമേരിക്ക തങ്ങളുടെ സൈനികരെ സുരക്ഷിതമായി തിരിച്ചുവിളിച്ചിരിക്കുന്നു. ഇനി മറ്റേതെങ്കിലും രാഷ്ട്രത്തിനു മേല്‍ യുദ്ധവെറി അടിച്ചേല്‍പ്പിക്കും വരെ അവര്‍ക്ക് സ്വസ്ഥമായിരിക്കാം. എന്നാല്‍ ഇതിന് അഫ്ഗാന്‍ ജനത നല്‍കേണ്ടി വരുന്ന വില വളരെ വലുതാണ്. പുരോഗമന ആശയങ്ങളിലേക്ക് വരുന്നുവെന്ന് ആദ്യ ദിനങ്ങളില്‍ തോന്നിപ്പിച്ച താലിബാന്‍ ദിവസങ്ങള്‍ക്കകം തന്നെ അവരുടെ തനി നിറം പുറത്തെടുത്തു തുടങ്ങി. അമേരിക്കന്‍ സൈന്യത്തേയും ഗനി സര്‍ക്കാറിനേയും സഹായിച്ചവരെ തെരഞ്ഞു പിടിച്ചു വേട്ടയാടുന്ന തിരക്കിലാണ് താലിബാനിപ്പോള്‍. അതിനു വേണ്ടി വീടുകള്‍ തോറും റെയ്ഡ് ചെയ്തുകൊണ്ടിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരേയും താലിബാന്‍ ഉന്നംവെക്കുന്നുണ്ട്. എല്ലാറ്റിനുമുപരിയാണ് അഫ്ഗാനിസ്താനിലെ സാധാരണ ജനങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന താലിബാന്‍ ഭയത്തിന്റെ കരിമ്പടം. കാബൂള്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങള്‍ക്കു കൂടെ സഹായത്തിന് കൈനീട്ടി ഓടുന്ന ജനത ഒരു പ്രതീകമാണ്. മാനവരാശിക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഭീകരതയെന്ന വലിയ ദുരന്തത്തിന്റെ പ്രതീകം.
താലിബാന്‍ ഭീകരില്‍ നിന്ന് രക്ഷിക്കാന്‍ വിമനത്താവളത്തിനു സമീപം മുള്ളുവേലികള്‍ക്ക് മുകളിലൂടെ തന്റെ കുഞ്ഞുങ്ങളെ എറിഞ്ഞുകൊടുക്കുന്ന അമ്മമാരുടെ ചിത്രങ്ങളുണ്ടായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍. എത്ര ഭീകരമാണ് അഫ്ഗാനിലെ സാഹചര്യം എന്ന് ഇതില്‍ നിന്ന് വായിച്ചെടുക്കാം. താലിബാന്‍ ഭരണത്തിന്റെ ഭീകരത അനുഭവിച്ചറിഞ്ഞവരാണ് അഫ്ഗാനിലെ അമ്മമാര്‍. ആ ഭയമാണ് അവരെ നിരന്തരം വേട്ടയാടുന്നത്. ആദ്യന്തവും അഫ്ഗാന്‍ ജനത നേരിടുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്കു മാത്രമാണ്.

Back to Top