26 Friday
July 2024
2024 July 26
1446 Mouharrem 19

നബിയുടെ വിവാഹങ്ങള്‍: വിമര്‍ശനവും വസ്തുതയും

സയ്യിദ് സുല്ലമി


ഇസ്‌ലാം വിമര്‍ശകര്‍ ഏറ്റവും കൂടുതല്‍ ഉന്നയിക്കുന്ന ഒന്നാണ് നബിയുടെ ബഹുഭാര്യത്വം. നബി തിരുമേനിയെ കാമവെറിയനായും സ്ത്രീലമ്പടനായും ചിത്രീകരിച്ച് പല രൂപത്തിലും ഭാവത്തിലും അവിടുത്തെ വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചുകൊണ്ടിരുന്നു. ഇന്നും അത് ആവര്‍ത്തിക്കുന്നു. കാര്യമറിയാതെ, യഥാര്‍ഥ വസ്തുതകളെ കുറിച്ച് പഠിക്കാതെ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്തും ദുര്‍വ്യാഖ്യാനിച്ചും പ്രവാചകനെ പരിഹസിച്ചും പുച്ഛിച്ചും വന്നു. അതിനായി ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, കാര്‍ട്ടൂണുകള്‍, നോവലുകള്‍, സിനിമകള്‍ തുടങ്ങിയ വിവിധ മാധ്യമങ്ങള്‍ ഇവര്‍ ഉപയോഗപ്പെടുത്തി. എന്നാല്‍ നബി തിരുമേനിയുടെ വിവാഹജീവിതത്തെ വിശകലനം ചെയ്യുന്ന നീതിബോധമുള്ള ഏതൊരാള്‍ക്കും അറിയാന്‍ സാധിക്കുന്ന കാര്യം അവിടുത്തേത് വിശുദ്ധമായ ഉന്നത വ്യക്തിത്വമാണെന്നതായിരിക്കും.
മുഹമ്മദ് നബി അത്യുന്നത വ്യക്തിത്വമാണെന്നത് നിഷ്പക്ഷതയും നീതിബോധവുമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ചരിത്രത്തില്‍ ഇസ്‌ലാമിക സമൂഹത്തിനു പുറത്തുള്ള പല മഹാന്മാരും നബിയുടെ അത്യുല്‍കൃഷ്ട വ്യക്തിത്വത്തെ സംബന്ധിച്ച് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി പ്രസിദ്ധ നിരൂപകനും ചരിത്രകാരനുമായ സ്‌കോട്ട്ന്റിലെ തോമസ് കാര്‍ലൈല്‍, ബ്രിട്ടീഷ് പണ്ഡിതന്‍ ഡേവിഡ് ജോര്‍ജ് ഹോഗാര്‍ത്ത്, പഞ്ചാബിലെ പ്രൊഫ. ലാലാ രഘുനാഥ്, ലോകപ്രസിദ്ധനായ ജോര്‍ജ് ബര്‍ണാഡ് ഷാ, ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തുടങ്ങിയ പലരും ആ ഗണത്തിലുണ്ട്. പ്രവാചക തിരുമേനിയുടെ വ്യക്തിത്വത്തെ മനോഹരമായി പുകഴ്ത്തി എഴുതിയ നിരവധി ബുദ്ധിജീവികള്‍ ലോകത്ത് കടന്നുപോയിട്ടുണ്ട്.
മൈക്കിള്‍ എച്ച് ഹാര്‍ട്ട് എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന യുഎസ് പണ്ഡിതന്‍ ലോകത്തെ മഹാന്മാരായ ആയിരത്തോളം ആളുകളെ കുറിച്ച് ആഴത്തിലുള്ള അന്വേഷണവും പഠനവും നടത്തി, അതില്‍ നിന്ന് നൂറു പേരെ തിരഞ്ഞെടുത്ത് ‘ദി ഹണ്‍ഡ്രഡ്’ എന്ന ഗ്രന്ഥം രചിക്കുകയും അതില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച മഹാ വ്യക്തിത്വങ്ങളില്‍ ഒന്നാമന്‍ എന്ന സ്ഥാനം മുഹമ്മദ് നബിക്കാണ് എന്ന് രേഖപ്പെടുത്തുകയും ചെയ്തു. മതപരവും മതേതരവുമായ പ്രവര്‍ത്തന മേഖലകളില്‍ ഉന്നത വിജയം നേടിയ ഒരേയൊരു വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി. ഈ മഹത്തുക്കള്‍ രേഖപ്പെടുത്തിയതു തന്നെ പ്രവാചകനെ കുറിച്ച് വ്യക്തമായി പഠിക്കാതെ വൃഥാ വിമര്‍ശിക്കുന്ന ഇസ്‌ലാം വിമര്‍ശകര്‍ക്ക് ഒരു ദൃഷ്ടാന്തമാണ്. മുന്‍വിധിയും അന്ധമായ ഇസ്‌ലാം വിരോധവും വെച്ചുപുലര്‍ത്താത്ത ഏതൊരാള്‍ക്കും ആ മഹത്തായ വ്യക്തിത്വത്തിന്റെ സുതാര്യതയും ശ്രേഷ്ഠതയും വിശുദ്ധിയും സ്പഷ്ടമായി മനസ്സിലാകും.
എപ്പോഴാണ്
ബഹുഭാര്യത്വം
സ്വീകരിച്ചത്?

പ്രവാചകന് 50 വയസ്സ് പൂര്‍ത്തിയായ ഘട്ടത്തില്‍ ദുഃഖകരമായ ഒരു സംഭവം ഉണ്ടായി. അത് ഭാര്യ ഖദീജയുടെ(റ) വിയോഗമായിരുന്നു. ആ വര്‍ഷത്തിന് ദുഃഖവര്‍ഷം എന്നര്‍ഥമുള്ള ‘ആമുല്‍ ഹുസന്‍’ എന്ന് വിളിക്കപ്പെട്ടു. ഏറ്റവും ചുറുചുറുക്കുള്ള സമയമായ 25ാം വയസ്സില്‍ വിവാഹിതനായ മുഹമ്മദ് നബി ദീര്‍ഘമായ 50 വയസ്സ് വരെ ഒരു ഭാര്യ മാത്രമുള്ളയാളായിരുന്നു. യൗവനം പിന്നിട്ട് മധ്യവയസ്സു വരെ എത്തിയിട്ടും മറ്റൊരു വിവാഹം ചെയ്തില്ല. ഭാര്യ മരണപ്പെട്ട അദ്ദേഹം വിധവയും ഒരു കുട്ടിയുടെ മാതാവുമായ, തന്നേക്കാള്‍ അഞ്ച് വയസ്സ് കൂടുതലുള്ള സൗദയെ(റ) വിവാഹം ചെയ്തു.
നബി(സ) ബഹുഭാര്യത്വം സ്വീകരിക്കുന്നത് തന്റെ 55ാം വയസ്സിലാണ്. അതായത് ഒരു ഭാര്യ നിലവിലുള്ള സമയത്ത് മറ്റൊരാളെ വിവാഹം ചെയ്യുന്നത് 55 വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ്. സാധാരണയായി 15 വയസ്സിനും 40 വയസ്സിനും ഇടയിലാണ് പുരുഷന് ലൈംഗിക താല്‍പര്യം കൂടുതല്‍ ഉണ്ടാവുകയെന്നതും അമ്പത് പിന്നിട്ടാല്‍ ലൈംഗിക ശേഷി കുറയാനാണ് സാധ്യതയെന്നും ശാസ്ത്രീയ നിരീക്ഷണങ്ങളുണ്ട്. ഈ വസ്തുതകള്‍ അറിയിക്കുന്നത് പ്രവാചകന്‍ ഒരിക്കലും ബഹുഭാര്യത്വത്തിന്റെ പേരില്‍ ആക്ഷേപിക്കപ്പെടാന്‍ അര്‍ഹനല്ല എന്നതാണ്. യുവത്വം തുളുമ്പിനില്‍ക്കുന്ന ഘട്ടത്തില്‍ അവിടുന്ന് ബഹുഭാര്യത്വം സ്വീകരിച്ചിട്ടില്ല. അവിടുന്ന് യുവത്വത്തില്‍ ബഹുഭാര്യത്വം സ്വീകരിച്ചിരുന്നുവെങ്കില്‍ ഇവരുടെ ആരോപണങ്ങള്‍ക്ക് അല്‍പമെങ്കിലും കഴമ്പുണ്ടാകുമായിരുന്നു. കൂടാതെ നബിക്ക് ഏത് സ്ത്രീയെയും വിവാഹം ചെയ്തുകൊടുക്കാമെന്ന് മക്കക്കാര്‍ പറഞ്ഞപ്പോള്‍ അത് അവിടുന്ന് നിരസിക്കുകയും പ്രവാചക ദൗത്യനിര്‍വഹണവുമായി മുന്നോട്ടുപോവുകയുമായിരുന്നു എന്നതും സ്മരിക്കുക.
നബി തിരുമേനി തന്നേക്കാള്‍ അഞ്ച് വയസ്സ് കൂടുതലുള്ള സൗദ ബിന്‍ത് സംഅയെ വിവാഹം ചെയ്യാന്‍ പ്രത്യേക കാരണമുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് സഖ്‌റാന്‍ ബിന്‍ അംറ് എത്യോപ്യയിലേക്ക് പലായനം ചെയ്തതായിരുന്നു. അവിടെ നിന്ന് മടങ്ങവേ അദ്ദേഹം മരണപ്പെട്ടു. വിധവയായി മാറിയ അവരെ വിവാഹം ചെയ്ത് നബി സംരക്ഷിക്കുകയായിരുന്നു.

കാരണങ്ങളും
വസ്തുതകളും

നബിയുടെ ഓരോ വിവാഹങ്ങള്‍ക്കും മഹത്തായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അതില്‍ മനുഷ്യത്വപരവും സാമൂഹികവും മതപരവുമായ തലങ്ങളുണ്ട്. ഗോത്രങ്ങള്‍ തമ്മിലുള്ള സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കാന്‍ ഈ വിവാഹങ്ങള്‍ സഹായകമായിട്ടുണ്ട്. അറേബ്യയുടെ പൂര്‍വചരിത്രത്തില്‍ ഗോത്രങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം യുദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിവാഹങ്ങള്‍ വഴി സാധിച്ചിട്ടുണ്ട്. ഉമ്മു ഹബീബയുമായുള്ള(റ) വിവാഹം അക്കാലത്ത് ശത്രുപക്ഷത്തായിരുന്ന അവരുടെ പിതാവ് അബൂസുഫ്‌യാനെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. പലരും അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ആ വിവാഹബന്ധത്തെ അനുകൂലിക്കുകയും നബിയെ പ്രശംസിക്കുകയുമാണ് ചെയ്തത്.
ബനുല്‍ മുസ്തലഖ് വിഭാഗത്തില്‍ നിന്ന് ജുവൈരിയ ബിന്‍ത് ഹാരിസിനെ നബി വിവാഹം ചെയ്തത് കാരണം മുസ്‌ലിംകളും ബനുല്‍ മുസ്തലഖ് വിഭാഗവും വളരെ സൗഹൃദത്തിലായി മാറി. മാത്രമല്ല ഒട്ടേറെ പേര്‍ ഇസ്‌ലാമിനെ അറിയുകയും പഠിക്കുകയും അതുവഴി മുസ്‌ലിംകളായി മാറുകയും ചെയ്തു. സഫിയ്യ ബിന്‍ത് ഹുയയ്യുയുമായുള്ള വിവാഹം കാരണം യഹൂദ സമൂഹത്തില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ക്ക് കുറവുണ്ടായി. ഇക്കാര്യം ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല, കുടുംബങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ആ വിവാഹങ്ങള്‍ക്ക് വലിയ സ്വീകാര്യതയുമുണ്ടായിട്ടുണ്ട്.
ഇസ്‌ലാമിനു വേണ്ടി രക്തസാക്ഷികളായ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് നബിയുടെ ചില വിവാഹങ്ങള്‍. അവരുടെ വിധവകളായ ഭാര്യമാര്‍, അനാഥരായ കുഞ്ഞുങ്ങള്‍ എല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിനു വേണ്ടി ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായ ഉബൈദുബ്‌നുല്‍ ഹാരിസിന്റെ(റ) വിധവയായ സൈനബ് ബിന്‍ത് ഖുസൈമയെ(റ) വിവാഹം ചെയ്തത് ഇതിന് ഉദാഹരണമാണ്. യുദ്ധരംഗത്ത് മുറിവ് പറ്റിയവരെ ചികിത്സിക്കാനും മറ്റും സൈനബും യുദ്ധഭൂമിയില്‍ സജീവമായി ഉണ്ടായിരുന്നു. ഇസ്‌ലാമിനു വേണ്ടി വളരെയേറെ ത്യാഗം അനുഷ്ഠിച്ച അവരോടുള്ള ആദരവ് കൂടിയായിരുന്നു ഈ വിവാഹം. അതുപോലെ അബൂസലമ(റ) ഉഹ്ദ് യുദ്ധത്തില്‍ ശഹീദായപ്പോള്‍ അവരുടെ നാലു കുഞ്ഞുങ്ങളെയും കൊണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു കുടുംബം. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹം കഴിച്ച് നാലു കുഞ്ഞുങ്ങളെയും കുടുംബത്തെയും റസൂല്‍(സ) സംരക്ഷിച്ചത്.
നബിയുടെ വിവാഹങ്ങള്‍ക്ക് ഒട്ടേറെ പ്രധാന കാരണങ്ങള്‍ നാം വിവരിച്ചു. മറ്റൊന്നാണ് അന്ധവിശ്വാസ നിര്‍മാര്‍ജനം. ജാഹിലിയ്യാ കാലഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്ന അന്ധവിശ്വാസമായിരുന്നു ദത്തുപുത്രന്റെ ഭാര്യയെ അയാള്‍ മൊഴി ചൊല്ലിയാല്‍ ആ സ്ത്രീയെ വളര്‍ത്തച്ഛന് വിവാഹം ചെയ്യാന്‍ പാടില്ലയെന്നത്. ഈ കാര്യം ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് ജനങ്ങളെ പഠിപ്പിക്കാനാണ് നബിയും സൈനബ് ബിന്‍ത് ജഹ്ശും(റ) തമ്മിലുള്ള വിവാഹം നടന്നത്.
ഇസ്‌ലാമില്‍ രക്തബന്ധമോ മുലകുടിബന്ധമോ ഉണ്ടെങ്കിലാണ് വിവാഹം നിഷിദ്ധമാവുന്നത്. സെയ്ദ് എന്ന സഹാബിയുടെ ഭാര്യയായിരുന്നു സൈനബ്. ദത്തുപുത്രനായിരുന്ന സെയ്ദ് സൈനബുമായി പിണങ്ങുകയും ഒന്നിച്ചുള്ള ജീവിതം സാധ്യമാകാതെ വരികയും ചെയ്തപ്പോള്‍ വിവാഹമോചനം നടത്തി. പിന്നീട് ദൈവിക കല്‍പന പ്രകാരമാണ് നബിയും സൈനബും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ സൂറ അഹ്‌സാബില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ വിവാഹത്തിലും ആ കാലത്ത് ഉണ്ടായിരുന്ന ആര്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നില്ല.

ജുവൈരിയ്യ യുദ്ധത്തടവുകാരിയായിരുന്നു. ബനുല്‍ മുസ്ത്വലഖ് യുദ്ധാനന്തരമായിരുന്നു ഇവരുമായുള്ള വിവാഹം. അവരുടെ നാട്ടിലെ നേതാവിന്റെ പുത്രിയായിരുന്നു അവര്‍. ആ സ്ഥാനം പരിഗണിച്ചുകൊണ്ട് കൂടിയായിരുന്നു ഈ വിവാഹം. കൂടാതെ ബന്ധനസ്ഥയായി പിടിക്കപ്പെട്ട അവര്‍ ഇസ്‌ലാം സ്വീകരിച്ചു. നബിയുമായുള്ള വിവാഹം ആഗ്രഹിക്കുന്നതായി അവര്‍ നബിയോട് പറയുകയും നബി അത് അംഗീകരിക്കുകയും ചെയ്തു. അവരെ വിവാഹം ചെയ്യുക വഴി ഇസ്‌ലാമിനോട് വലിയ ശത്രുത കാണിച്ചിരുന്ന അവരുടെ സമൂഹം ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. നബിയുടെ ഓരോ വിവാഹങ്ങള്‍ക്കും അതിപ്രധാനമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവയെല്ലാം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.
അനിവാര്യമായ ഒരു യുദ്ധത്തിനു ശേഷം യുദ്ധാര്‍ജിത സമ്പത്ത് എന്ന നിലയ്ക്ക് ലഭിച്ച, ആ പ്രദേശത്തെ നേതാവിന്റെ പുത്രിയെ ആദരിക്കേണ്ടത് ഒരു അനിവാര്യതയാണ്. എന്നല്ലാതെ സ്ത്രീലമ്പടനായതുകൊണ്ടല്ല ഈ വിവാഹങ്ങള്‍. നബി തിരുമേനി അവരെ വിവാഹം ചെയ്തത് അറിഞ്ഞ ഉടനെ മുസ്‌ലിം സമൂഹം തങ്ങളുടെ കീഴിലുള്ള ബന്ദികളെ മുഴുവനും മോചിപ്പിച്ചു. അവരെ വിവാഹം ചെയ്തപ്പോള്‍ അവരുടെ ബന്ധത്തിലുണ്ടായിരുന്ന ബന്ധനസ്ഥര്‍ നബിയുടെയും ബന്ധുക്കളായി മാറിയല്ലോ. അതിനാല്‍ അവരെയെല്ലാം മോചിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറായി. നൂറു കുടുംബങ്ങളെയാണ് ഇങ്ങനെ മോചിപ്പിച്ചത്. ഇത്തരം നന്മ കാരണം ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് വന്നു. ജുവൈരിയ്യയുടെ പിതാവ് ഈ സംഭവത്തോടനുബന്ധിച്ച് ഇസ്‌ലാം സ്വീകരിച്ചു. ഈ വിവാഹം കാരണം ആ ജനത മുഴുവനും മുസ്‌ലിംകളായി മാറി.
നബിയുടെ മറ്റൊരു പത്‌നി സൈനബ് ബിന്‍ത് ഖുസൈമ(റ) ഉമ്മുല്‍ മസാകീന്‍ അഥവാ അഗതികളുടെ മാതാവ് എന്ന് അറിയപ്പെട്ട മഹതിയാണ്. അഗതികളോടും അശരണരോടും കലവറയില്ലാതെ ദാനശീലം കാണിച്ച വ്യക്തിത്വമായിരുന്നു അവര്‍. അവരുടെ ആദ്യ ഭര്‍ത്താവ് ജഹ്മുബിനു അംറായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഉബൈദത്ത് ബിന്‍ ഹാരിസ് വിവാഹം ചെയ്തു. പിന്നീട് അബ്ദുല്ലാഹിബിന്‍ ജഹ്ശ് ആയിരുന്നു ഭര്‍ത്താവ്. ഉഹ്ദ് യുദ്ധത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ച ശേഷമാണ് നബി അവരെ വിവാഹം ചെയ്യുന്നത്. അവരോടൊപ്പം നബി ജീവിച്ചത് മൂന്നു മാസം മാത്രമാണ്. അവരാണ് മദീനയിലെ ബഖീഅ് ഖബര്‍സ്ഥാനില്‍ നബിയുടെ ഭാര്യമാരില്‍ നിന്ന് ആദ്യം മറവു ചെയ്യപ്പെട്ടവര്‍. ഈ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ ഗ്രഹിക്കാതെയും മനസ്സിലാക്കിയിട്ടും മറച്ചുവെച്ചുമാണ് നബിയുടെ ഉന്നതമായ വ്യക്തിത്വത്തെ ചിലര്‍ ആക്ഷേപിക്കുന്നത്.
നബിയുടെ
ഭാര്യമാരാവാന്‍
സ്വയം സന്നദ്ധത
പ്രകടിപ്പിച്ചവര്‍

ഇസ്‌ലാമിക വിവാഹം സാധൂകരിക്കപ്പെടണമെങ്കില്‍ സ്ത്രീയുടെ രക്ഷിതാവ്, രണ്ട് സാക്ഷികള്‍, വരന്‍, മഹ്ര്‍, വധൂവരന്മാരുടെ തൃപ്തി എന്നിവയുണ്ടാവണം. എന്നാല്‍ നബിക്ക് മാത്രമായി ഒരു നിയമമുണ്ട്. ഒരു വനിത നബിയെ സമീപിച്ച് ‘പ്രവാചകരേ, എന്റെ ദേഹം അങ്ങേക്ക് ദാനം ചെയ്തിരിക്കുന്നു’വെന്ന് പറഞ്ഞാല്‍ അവരെ വിവാഹം കഴിക്കാന്‍ നബിക്ക് അനുവാദമുണ്ട്. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ സൂറഃ അഹ്‌സാബില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പല വനിതകളും അല്ലാഹുവിന്റെ ദൂതന്റെ ഇണയായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. നബിയെ സമീപിച്ച് പല വനിതകളും അങ്ങനെ ആവശ്യപ്പെടുമായിരുന്നു. നബിയുടെ ഭാര്യ എന്ന ശ്രേഷ്ഠമായ പദവി നേടാന്‍ വേണ്ടിയായിരുന്നു അത്.
ഇങ്ങനെ നബിക്ക് വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും ഒരു സ്ത്രീയെ പോലും നബി വിവാഹം ചെയ്തിട്ടില്ല. ഇക്കാര്യം പ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ഇബ്‌നു കസീറില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്:
”ഇബ്‌നു അബ്ബാസ് പറയുന്നു: സ്വദേഹം നബിക്ക് ദാനം ചെയ്ത ഒരു വനിതയും റസൂലിന്റെ അടുത്തുണ്ടായിട്ടില്ല. യൂനുസ് ബിന്‍ ബുഖൈറില്‍ നിന്ന് അബൂ കുറൈബ് വഴി ഇബ്‌നു ജരീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: അതായത് തീര്‍ച്ചയായും സ്വദേഹം ദാനം ചെയ്തവരില്‍ പെട്ട ഒരാളെയും നബി ഭാര്യയായി സ്വീകരിച്ചിട്ടില്ല. നബിക്ക് അത് അനുവദനീയമാണെങ്കില്‍ പോലും. അത് അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അല്ലാഹു വിട്ടുകൊടുത്ത ഒന്നാണ്. നബി അത്തരം സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താം. അല്ലാഹു പറഞ്ഞതുപോലെ നബി അവരെ വിവാഹം കഴിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കില്‍” (തഫ്‌സീര്‍ ഇബ്‌നു കസീര്‍, വാള്യം 6, പേജ് 444). ഇക്കാര്യം ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ സാദുല്‍ മആദിലും കാണാം.
യാതൊരു നീതിബോധവുമില്ലാതെ നബിയുടെ വിവാഹങ്ങളെ ആക്ഷേപിച്ചുകൊണ്ട് വ്യക്തിത്വത്തെ വലിച്ചുകീറാന്‍ ശ്രമിക്കുന്നവര്‍ സത്യാവസ്ഥ ഗ്രഹിക്കാന്‍ ശ്രമിക്കണം.

ആഇശയെ
വിവാഹം കഴിച്ചത് ശൈശവത്തിലോ?

നബി(സ) കന്യകയായി വിവാഹം ചെയ്തത് ആഇശയെ (റ) മാത്രമാണ്. പ്രവാചകന്റെ ജീവിതത്തില്‍ സമ്പത്തു കൊണ്ടും ശരീരം കൊണ്ടും ചിന്തകള്‍ കൊണ്ടും ഏറെ സഹായം ചെയ്ത അബൂബക്കറിനോടുള്ള(റ) ആദരവ് മുന്‍നിര്‍ത്തിയാണത്. ബാക്കിയുള്ള മുഴുവന്‍ പത്‌നിമാരും വിധവകളായിരുന്നു. ചിലര്‍ നബിയേക്കാള്‍ പ്രായമുള്ളവര്‍. മറ്റു ചിലര്‍ മൂന്നും നാലും കുട്ടികളുടെ മാതാക്കള്‍.
ഇസ്‌ലാമിന്റെ വിമര്‍ശകര്‍ മിക്ക സന്ദര്‍ഭങ്ങളിലും ഉയര്‍ത്താറുള്ള ആരോപണമാണ് പ്രവാചകന്‍ ബാലികയായ ആഇശയെ വിവാഹം ചെയ്തുവെന്നത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായണ്. ചില ഹദീസ് ഗ്രന്ഥങ്ങളില്‍ അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ കാണാമെങ്കിലും അത് വാസ്തവവിരുദ്ധമാണ്. അത്തരം ഹദീസുകള്‍ക്ക് പോരായ്മകളുണ്ട്.
നബി ആഇശയെ വിവാഹം ചെയ്യുമ്പോള്‍ ആഇശയുടെ പ്രായം അവരുടെ മൂത്ത സഹോദരി അസ്മാഇനേക്കാള്‍ പത്ത് വയസ്സ് കുറവായിരുന്നുവെന്ന് എല്ലാ ചരിത്രകാരന്മാരും പറയുന്നു. ഇത് അഭിപ്രായ ഭിന്നതയില്ലാത്ത കാര്യമാണ്.
അസ്മാഅ് ബിന്‍ത് അബൂബക്കര്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് ജനിച്ചത്. അതായത് നബിയുടെ 40ാം വയസ്സില്‍ പ്രവാചകത്വം ലഭിക്കുമ്പോള്‍ അസ്മാഇന്റെ വയസ്സ് 14 ആയിരുന്നു.
അസ്മാഇനേക്കാള്‍ പത്തു വയസ്സിനു കുറവുള്ള ആഇശക്ക് നബിക്ക് പ്രവാചകത്വം ലഭിക്കുന്ന സമയത്ത് നാല് വയസ്സാണ്. ഈ നാല് വയസ്സും അതിന്റെ കൂടെ മക്കാ കാലഘട്ടം 13 വര്‍ഷവും കൂട്ടുമ്പോള്‍ ഹിജ്‌റയുടെ സന്ദര്‍ഭത്തില്‍ ആഇശക്ക് 17 വയസ്സും അസ്മാഇന് 27ഉം വയസ്സുമാണെന്ന് ബോധ്യപ്പെടും. നബിയും ആഇശയും ദാമ്പത്യ ജീവിതം ആരംഭിച്ചത് ഹിജ്‌റ രണ്ടില്‍ ബദ്ര്‍ യുദ്ധം കഴിഞ്ഞ് ശവ്വാല്‍ മാസത്തിലാണ്.
അപ്പോള്‍ ഹിജ്‌റ വേളയില്‍ പ്രായം 17ഉം പിന്നീട് ദാമ്പത്യം ആരംഭിക്കാനെടുത്ത രണ്ടു വര്‍ഷവും കൂടി കൂട്ടിയാല്‍ 19ാം വയസ്സിലാണ് നബിയും ആഇശയും ദാമ്പത്യജീവിതം ആരംഭിച്ചത്. ഇതെങ്ങനെ ശൈശവവിവാഹമാകും? യാതൊരു യുക്തിയോ നീതിബോധമോ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ നബിയെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുകയാണ് ഇസ്‌ലാം വിമര്‍ശകര്‍ ചെയ്യുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x