12 Saturday
October 2024
2024 October 12
1446 Rabie Al-Âkher 8

എന്‍ വി ഇബ്‌റാഹീം മാസ്റ്റര്‍ ഏറനാടിന്റെ വിദ്യാഭ്യാസ നായകന്‍

ഹാറൂന്‍ കക്കാട്‌


മലയാളത്തിലെ മത വൈജ്ഞാനിക ലോകത്ത് സര്‍വരാലും പ്രശംസിക്കപ്പെട്ട അക്ഷര വിപ്ലവമായിരുന്നു ‘ഇസ്ലാം അഞ്ചു വാള്യങ്ങളില്‍’ ഗ്രന്ഥപരമ്പര. യുവത ബുക്ഹൗസ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥപരമ്പരയുടെ ബുദ്ധികേന്ദ്രങ്ങളില്‍ പ്രമുഖനായിരുന്നു എന്‍ വി ഇബ്‌റാഹീം മാസ്റ്റര്‍. 1995-96 കാലഘട്ടത്തില്‍ യുവതയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ കോഴിക്കോട്ടെ ഓഫീസില്‍ എത്തുന്ന അദ്ദേഹം ഒട്ടേറെ വൈജ്ഞാനിക കാര്യങ്ങള്‍ പങ്കുവെക്കുമായിരുന്നു. യോഗത്തിനായുള്ള ഓരോ വരവിലും അക്കാലത്ത് പുതുതായി ഇറങ്ങുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍ അദ്ദേഹം കൊണ്ടുവരുമായിരുന്നു. അത്തരം പുസ്തകങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചിന്തനീയമായ അഭിപ്രായങ്ങള്‍ പറയുകയും ഞങ്ങളുടെ പ്രതികരണങ്ങള്‍ ആരായുകയും ചെയ്യുമായിരുന്നു അദ്ദേഹം. സ്വായത്തമാക്കിയ അറിവുകള്‍ ഏതൊരാളോടും ചര്‍ച്ച ചെയ്യുകയും പങ്കുവെക്കൂകയും ചെയ്യുന്ന ഒട്ടും ജാടയില്ലാത്ത പച്ചമനുഷ്യനായിരുന്നു അദ്ദേഹം.
വളരെ പതിഞ്ഞ സ്വരത്തിലുള്ള അളന്നുമുറിച്ച അര്‍ഥഗര്‍ഭമായ വാക്കുകള്‍ മാസ്റ്ററുടെ ആകര്‍ഷണമായിരുന്നു. ധൈഷണികതയും പ്രതിഭാധനതയും അസൂയാര്‍ഹമാംവിധം സിദ്ധിച്ച അപൂര്‍വ വിജ്ഞാനകോശമായിരുന്നു അദ്ദേഹം.
കേരള നവോത്ഥാന ചരിത്രത്തില്‍ ഐതിഹാസികമായ ഒട്ടേറെ അധ്യായങ്ങള്‍ സമ്മാനിച്ചവരാണ് അരീക്കോട്ടെ എന്‍ വി കുടുംബം. കേരളം ദര്‍ശിച്ച മികച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന എന്‍ വി അബ്ദുസ്സലാം മൗലവിയുടെ സഹോദരനായ എന്‍ വി ഇബ്‌റാഹീം മാസ്റ്ററുടെ ജീവിതവും ത്യാഗനിബദ്ധമായ നാ ള്‍വഴികളാല്‍ സമൃദ്ധമാണ്. നൊട്ടന്‍ വീട്ടില്‍ മമ്മദിന്റെയും ആയിശയുടെയും മകനായി 1927 ജൂണ്‍ ആറിനാണ് ഇബ്‌റാഹീം മാസ്റ്ററുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മലപ്പുറം ഹൈസ്‌കൂളി ല്‍ ചേര്‍ന്നെങ്കിലും പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ നാട്ടില്‍ മതപഠനത്തിന് ചേര്‍ന്നു. അരീക്കോട് സുല്ലമുസ്സലാം അറബി കോളജ് സ്ഥാപിതമായപ്പോള്‍ അദ്ദേഹം അവിടെ വിദ്യാര്‍ഥിയായി. 1951-ല്‍ സുല്ലമുസ്സലാമിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം മെട്രിക്കുലേഷന്‍ പരീക്ഷയെഴുതി ഒ ന്നാം ക്ലാസ്സോടെ വിജയിച്ചു. ശേഷം ഫാറൂഖ് കോളജില്‍ ചേര്‍ന്ന് ഇന്റര്‍മീഡിയറ്റും മാത്തമാറ്റിക്‌സില്‍ ബിരുദവും നേടി.
1955-ല്‍ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപനവൃത്തിയില്‍ നിയമിതനായി. ഗണിത ശാസ്ത്രാധ്യാപകനായ അദ്ദേഹം അറബി ഭാഷയില്‍ നല്ല പാണ്ഡിത്യം നേടിയിരുന്നു. മൂന്ന് പതിറ്റാണ്ട് കാലം ഈ സ്ഥാപനത്തില്‍ ജോലി ചെയ്ത് പ്രധാനാധ്യാപകനായിരിക്കേയാണ് സാര്‍ഥകമായ പടിയിറക്കത്തിന് അരീക്കോട് സാക്ഷ്യം വഹിച്ചത്.
അധ്യാപകനും മതപണ്ഡിതനും പൊതു പ്രവര്‍ത്തകനുമൊക്കെയായി സമൂഹത്തില്‍ നിറഞ്ഞുനിന്നപ്പോഴും അദ്ദേഹം നല്ലൊരു വായനക്കാരനായിരുന്നു. അദ്ദേഹത്തിന് പ്രധാന ഹോബി വായനയായിരുന്നു. വായനക്കും എഴുത്തിനും സമര്‍പ്പിച്ച ജീവിതം എല്ലാ അര്‍ഥത്തിലും വിസ്മയകരമായിരുന്നു. നവോത്ഥാന ചിന്തകനായ ശൈഖ് ഇബ്‌നു തൈമിയയുടെ മിക്ക ഗ്രന്ഥങ്ങളും പല തവണ വായിച്ച വ്യക്തിയാണ് എന്‍ വി ഇബ്‌റാഹീം മാസ്റ്റര്‍. ഇസ്ലാമിലെ ചിന്താ പ്രസ്ഥാനങ്ങളെ കുറിച്ച് കൃത്യമായ അവഗാഹം നേടിയ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ രചനകളില്‍ ആ സ്വാധീനം പ്രകടമായിരുന്നു. മതവിഷയങ്ങളിലും ശാസ്ത്ര മേഖലകളിലും വ്യുല്‍പത്തി നേടിയിരുന്ന ഇബ്‌റാഹീം മാസ്റ്റര്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഒരു അവലംബ കേന്ദ്രമായിരുന്നു എല്ലാവര്‍ക്കും. അറിവിന്റെയും കഴിവിന്റെയും വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് പടര്‍ന്നുകയറിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ഇസ്‌ലാമിക ചരിത്രത്തില്‍ ഇബ്‌റാഹീം മാസ്റ്ററുടെ പരിജ്ഞാനം അഗാധവും ആധികാരികവുമായിരുന്നു. മൂന്നാം ഖലീഫ ഉസ്മാന്‍ (റ), മുആവിയ, അംറുബ്‌നുല്‍ ആസ്വ് എന്നിവരുടെ വ്യക്തിത്വത്തെ ശീഅകള്‍ ഏതൊക്കെ വിധത്തിലാണ് താറടിച്ചതെന്ന് അദ്ദേഹം ലേഖനങ്ങളിലും പ്രസംഗങ്ങളിലും ആധികാരികമായ തെളിവുകളുടെ പിന്‍ബലത്തോടെ വിശദീകരിച്ചിട്ടുണ്ട്.
മതങ്ങളുടെയും ദര്‍ശനങ്ങളുടെയും താരതമ്യ പഠനത്തിനും അദ്ദേഹം ഒരുപാട് സമയം കണ്ടെത്തിയിരുന്നു. ബൈബിളിന്റെയും വേദോപനിഷത്തുക്കളുടെയും ഉള്ളടക്കത്തെ കുറിച്ച് അദ്ദേഹത്തിന് സമഗ്രമായ ധാരണയുണ്ടായിരുന്നു. ഇസ്‌ലാം ക്രിസ്ത്യന്‍ സംവാദ ഗ്രന്ഥത്തിന്റെ വിവര്‍ത്തകന്‍ എന്നനിലയില്‍ ഈ രംഗത്തെ തന്റെ പ്രതിഭാധനത അദ്ദേഹം പ്രകടമാക്കിയിട്ടുണ്ട്.
മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു ഇബ്‌റാഹീം മാസ്റ്റര്‍. അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ്, സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍, കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ്, സെനറ്റ്, ദേശീയ വിദ്യാഭ്യാസ ഉപദേശക സമിതി, ദേശീയ അധ്യാപക ഉപദേശക സമിതി, എടവണ്ണ ജാമിഅ നദ്‌വിയ്യ ട്രസ്റ്റ്, വിവിധ വിദ്യാഭ്യാസ നയരൂപീകരണ സമിതികള്‍ തുടങ്ങിയവയിലെ അംഗം, ജാമിഅ: സലഫിയ്യ രജിസ്ട്രാര്‍, ഏറനാട് മുസ്‌ലിം എജുക്കേഷനല്‍ അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി, ഇ എം ഇ എ കോളജ് കറസ്‌പോണ്ടന്റ്, കെ എന്‍ എം പരീക്ഷാ ബോര്‍ഡ് കണ്‍വീനര്‍, ടെക്സ്റ്റ് ബുക്ക് രചനാ സമിതി കണ്‍വീനര്‍, അല്‍മുനീര്‍ ഇംഗ്ലീഷ് ത്രൈമാസിക മാനേജിംഗ് എഡിറ്റര്‍, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍, മലപ്പുറം ജില്ലാ സ്‌കൗട്ട് കമ്മീഷണര്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍ എന്നീ നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1976-77 അക്കാദമിക വര്‍ഷത്തില്‍ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. കേരളത്തിലെ അറബി വിദ്യാഭ്യാസം ആധുനീകരിക്കുന്നതിന് കരുവള്ളി മുഹമ്മദ് മൗലവിയോടൊന്നിച്ച് ഒട്ടേറെ ശില്‍പ്പശാലകള്‍ക്കും റിഫ്രഷര്‍ കോഴ്‌സുകള്‍ക്കും ഇബ്‌റാഹീം മാസ്റ്റര്‍ നേതൃത്വം നല്‍കിയിരുന്നു.
അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ഇബ്‌റാഹീം മാസ്റ്റര്‍ നാട്ടില്‍ നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. 1964 മുതല്‍ 1985 വരെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു അദ്ദേഹം. മഞ്ചേരി ബി ഡി സി ചെര്‍മാനായും മലപ്പുറം ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. വിവാദങ്ങള്‍ക്കോ ദുഷ്‌കീര്‍ത്തിക്കോ ഇടയാക്കാത്ത മൂല്യാധിഷ്ഠിത രാഷ്ട്രീയ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അഴിമതിയുടെ ഒരു പുള്ളിപോലും വീഴാത്ത രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങള്‍ അക്ഷോഭ്യനായി കേള്‍ക്കാനുള്ള കഴിവും വിമര്‍ശകനെ സ്‌നേഹിക്കാനുള്ള ഹൃദയവിശാലതയും ഇബ്‌റാഹീം മാസ്റ്ററുടെ എടുത്ത പറയേണ്ട ഗുണങ്ങളാണ്. മന്ത്രിമാര്‍ ഉള്‍പ്പടെ കേരളത്തിലെ പല പ്രമുഖരും വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് ഉപദേശം തേടിയിരുന്നു. ‘എന്റെ വഴികാട്ടിയായ ഇബ്‌റാഹീം സാഹിബ്’ എന്നാണ് സി എച്ച് മുഹമ്മദ് കോയ സാഹിബ് പ്രസംഗത്തില്‍ അദ്ദേഹത്തെ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നത്.
അല്‍മനാര്‍, ശബാബ്, സല്‍സബീല്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹം പഠനാര്‍ഹമായ നിരവധി ലേഖനങ്ങള്‍ എഴുതി. അല്‍മനാറില്‍ അദ്ദേഹം തുടര്‍ച്ചയായെഴുതിയ ചരിത്ര ലേഖനങ്ങള്‍ ആധികാരികത കൊണ്ടും വ്യക്തത കൊണ്ടും സമ്പന്നമായിരുന്നു. ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച കേരള ഇസ്‌ലാമിക് സെമിനാറുകളുടെ മൂന്ന് വര്‍ഷത്തെ ചെയര്‍മാന്‍ അദ്ദേഹമായിരുന്നു.
ആരോടും വിദ്വേഷമില്ലാതെ വളരെ ശാന്തനായി അദ്ദേഹം ജീവിതത്തില്‍ അനേകം നന്മകളുടെ കര്‍മ വസന്തങ്ങള്‍ തീര്‍ത്തു. മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ ബുദ്ധി കേന്ദ്രമായിരുന്ന അദ്ദേഹം യുവതയുടെ ഇസ്‌ലാം ഗ്രന്ഥപരമ്പരയുടെ നാലാം വാള്യത്തിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കേയാണ് രോഗശയ്യയിലായത്. 1999 മെയ് അഞ്ചിന് 72-ാം വയസ്സില്‍, ഇബ്‌റാഹീം മാസ്റ്റര്‍ നിര്യാതനായി.

4.5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x