1 Friday
March 2024
2024 March 1
1445 Chabân 20

എന്‍ വി അബ്ദുസ്സലാം മൗലവി ജ്ഞാനകുതുകിയായ പരിഷ്‌കര്‍ത്താവ്‌

ഹാറൂന്‍ കക്കാട്‌


ആ മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് ദൈവിക ഗ്രന്ഥമായ ഖുര്‍ആനിന്റെ പരിമളം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്നതായിരുന്നു. താന്‍ അഭിമുഖീകരിച്ച തലമുറയെ ആ സ്വപ്‌നസാക്ഷാത്കാരത്തിന് വേണ്ടി സജ്ജരാക്കാന്‍ അദ്ദേഹം സര്‍വതോന്മുഖമായ കഴിവുകളും വിലപ്പെട്ട സമയത്തിന്റെ സിംഹഭാഗവും ചെലവഴിച്ചു. ചാലിയാര്‍ പുഴയുടെ തീരത്തുനിന്ന് അനിതര സാധാരണമായ ആ സ്വപ്‌നം സാക്ഷാത്കരിച്ച അപൂര്‍വ പ്രതിഭയായിരുന്നു എന്‍ വി അബ്ദുസ്സലാം മൗലവി എന്ന സാമൂഹിക പരിഷ്‌കര്‍ത്താവ്. അദ്ദേഹത്തിന്റെ വിയോഗത്തിന് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോഴും ആ ഋജുവായ ജീവിതം നമ്മെ വിസ്മയഭരിതരാക്കുന്നു.
അന്ത്യപ്രവാചകന്റെ സമൂഹത്തോട് വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. അത് ലോകാവസാനം വരെ നിലനില്‍ക്കുന്ന ഗ്രന്ഥത്തില്‍ സ്രഷ്ടാവ് രേഖപ്പെടുത്തിയതാണ്. ഏകദൈവത്തെ യഥാവിധി അറിയാന്‍ വായിച്ചേ പറ്റൂ. അറിവുള്ളവര്‍ക്ക് മാത്രമേ ദൈവത്തെ യഥാവിധി മനസ്സിലാക്കാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം പ്രയോഗവത്കരിച്ച മഹാനായിരുന്നു എന്‍ വി അബ്ദുസ്സലാം മൗലവി. അദ്ദേഹം നേതൃത്വം നല്‍കിയ കേരളത്തിലെ നവോത്ഥാന സംരംഭങ്ങള്‍ എല്ലാം വിജ്ഞാനത്തിന്റെ നിറമുള്ളതായിരുന്നു. ഭക്ഷണവും വെള്ളവും തേടുന്നത് പോലെത്തന്നെ പ്രധാനമാണ് വിജ്ഞാന സമ്പാദനം എന്ന വികാരമായിരുന്നു ഖുര്‍ആന്‍ ക്ലാസ് ഉള്‍പ്പടെയുള്ള അദ്ദേഹത്തിന്റെ നവോത്ഥാന കാഴ്ചപ്പാടുകള്‍ക്ക് വെളിച്ചമേകിയത്.
കൂര്‍മ ബുദ്ധിയുള്ള സമുദായ പരിഷ്‌ക്കര്‍ത്താവ്, പ്രഭാഷകന്‍, പത്രാധിപര്‍, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, മികച്ച സംഘാടകന്‍ തുടങ്ങി വിവിധ മേഖലകളില്‍ പാദമുദ്ര ചാര്‍ത്തിയ അബ്ദുസ്സലാം മൗലവി, എന്‍ വി മുഹമ്മദിന്റെയും കാരാട്ട് ചാലില്‍ ആയിശയുടെയും മകനായി 1913-ല്‍ മലപ്പുറം ജില്ലയില്‍ മൊറയൂര്‍ പഞ്ചായത്തിലെ ഒഴുകൂരിലാണ് ജനിച്ചത്.
മഞ്ചേരി സ്‌കൂള്‍, അരീക്കോട് ജി എം യു പി സ്‌കൂള്‍, കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം ഹൈസ്‌കൂള്‍, മലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, വാഴക്കാട് ദാറുല്‍ ഉലൂം എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടി.
അരീക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസില്‍ പോസ്റ്റ്മാസ്റ്റര്‍, തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗുമസ്തന്‍, തിരൂര്‍, പാലക്കാട്, മഞ്ചേരി, വടകര എന്നിവിടങ്ങളിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസുകളില്‍ ക്ലര്‍ക്ക് എന്നീ ജോലികള്‍ ചെയ്ത മൗലവി തിരൂരങ്ങാടി യതീംഖാനയുടെ പ്രഥമ മാനേജരായും സേവനമനുഷ്ഠിച്ചിരുന്നു.
ഖുര്‍ആന്‍ പഠനത്തിന് പ്രായോഗികവും ശാസ്ത്രീയവുമായ രീതി നടപ്പാക്കിയത് എന്‍ വി അബ്ദുസ്സലാം മൗലവിയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. മൗലവി തുടക്കം കുറിച്ച ഖുര്‍ആന്‍ പഠന ക്ലാസുകളാണ് കേരളത്തില്‍ നവോത്ഥാന മുന്നേറ്റത്തിന് ഇന്ധനമായിത്തീര്‍ന്നത്. കെ എം മൗലവിയുടെ നിര്‍ദേശപ്രകാരം സയ്യിദ് റശീദ് രിദയുടെ തഫ്സീറുല്‍ മനാര്‍ അവലംബിച്ചായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകള്‍. സ്വാതന്ത്ര്യസമര സേനാനികളായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും ഇ മൊയ്തു മൗലവിയുടെയും കോഴിക്കോട് പട്ടാളപ്പള്ളി കേന്ദ്രീകരിച്ചുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ അബ്ദുസ്സലാം മൗലവിയും പങ്കാളിയായിരുന്നു. അദ്ദേഹത്തിന്റെ അത്യാകര്‍ഷകമായ ഖുര്‍ആന്‍ ക്ലാസുകള്‍ തമോഗര്‍ത്തങ്ങളില്‍ കഴിഞ്ഞിരുന്ന ജനഹൃദയങ്ങളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചു. കുറ്റിച്ചിറ മിശ്കാത്തുല്‍ ഹുദാ മദ്റസ കേന്ദ്രീകരിച്ച് അബ്ദുസ്സലാം മൗലവി നടത്തിയ ഖുര്‍ആന്‍ ക്ലാസുകള്‍ സൃഷ്ടിച്ച വിപ്ലവം മഹത്തരമായിരുന്നു. ഹൈദരാബാദ് ആക്ഷന്‍ കാലത്ത് മൗലവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ജയിലില്‍ വെച്ചും മൗലവി ഖുര്‍ആന്‍ ക്ലാസ് തുടര്‍ന്നു. അക്കാലത്ത് കോഴിക്കോട് ജയിലിലുണ്ടായിരുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ മൗലവിയുടെ ക്ലാസിലെ പഠിതാവായിരുന്നു. ഖുര്‍ആന്‍ പൂര്‍ണമായും രണ്ട് തവണ അര്‍ഥസഹിതം പഠിപ്പിച്ചു കൊണ്ടായിരുന്നു അരീക്കോടിന്റെ മണ്ണ് അബ്ദുസ്സലാം മൗലവി ഉഴുതുമറിച്ചത്. ഖുര്‍ആനിന്റെ ധവളിമ ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ചത്.
നവോത്ഥാന പ്രക്രിയകള്‍ക്ക് ചടുലത നല്‍കിക്കൊണ്ട് 1950ല്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍ രൂപീകരിച്ചപ്പോള്‍ എന്‍ വി അബ്ദുസ്സലാം മൗലവിയായിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെ എം മൗലവിയായിരുന്നു പ്രസിഡന്റ്. മലബാര്‍ മുസ്ലിം ലീഗിന്റെ ജോയിന്റ് സെക്രട്ടറിയും വിമോചന സമരകാലത്ത് മുസ്ലിംലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു അബ്ദുസ്സലാം മൗലവി.
ബ്രിട്ടീഷ് ബ്യൂറോക്രസിയില്‍ ജോലി ചെയ്ത് പരിജ്ഞാനമുള്ള എന്‍ വി അബ്ദുസ്സലാം മൗലവി ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്തിരുന്നു. മുസ്ലിംലീഗ് നേതാക്കളായ ലിയാഖത്ത് അലി ഖാന്‍, ഖാഇദേ മില്ലത്ത് ഇസ്മാഈല്‍ സാഹിബ്, ഇബ്‌റാഹീം സുലൈമാന്‍ സേട്ടു തുടങ്ങിയവരുടെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നത് മൗലവിയായിരുന്നു.
മലപ്പുറം ജില്ലയിലെ അരീക്കോടിനെ കേരളത്തിന്റെ വൈജ്ഞാനിക ചക്രവാളത്തിലെ അത്യുജ്വലമായ പ്രകാശഗോപുരമായി പരിവര്‍ത്തിപ്പിച്ചത് എന്‍ വി അബ്ദുസ്സലാം മൗലവിയായിരുന്നു. കേരള മുസ്ലിംകളുടെ അതി നിര്‍ണായകമായ ഗതിവിഗതികളില്‍ മഹത്തരമായ പങ്കുവഹിച്ച പ്രദേശമാണ് അരീക്കോട്. മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളും ഒരു ചെടിച്ചട്ടിയില്‍ നട്ടുപിടിച്ചപ്പോള്‍ തഴച്ചുവളര്‍ന്നതാണ് അരീക്കോടിന്റെ വൈജ്ഞാനിക ചക്രവാളം. ഇവിടെ അബ്ദുസ്സലാം മൗലവി 1934ല്‍ മിശ്കാത്തുല്‍ ഹുദ മദ്‌റസ സ്ഥാപിച്ചു. 1944ല്‍ നവോത്ഥാന ആദര്‍ശത്തില്‍ അധിഷ്ഠിതമായ ഒരു കൂട്ടായ്മക്ക് രൂപം നല്‍കി. ഈ സംഘമാണ് പിന്നീട് ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്ന ഇതിഹാസങ്ങളുടെ സംഗമ വേദിയായി മാറിയത്. മൗലവിയായിരുന്നു ജംഇയ്യത്തുല്‍ മുജാഹിദീന്റെ പ്രഥമ പ്രസിഡന്റ്. സമൂഹത്തിലെ എണ്ണമറ്റ തുറകളില്‍ ശ്രദ്ധേയമായ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന നിരവധി ഉജ്വല പ്രതിഭകളെ കൈരളിക്ക് സംഭാവന ചെയ്യാന്‍ ജംഇയ്യത്തുല്‍ മുജാഹിദീന് കീഴിലുള്ള സുല്ലമുസ്സലാം വിദ്യാഭ്യാസ സമുച്ചയങ്ങള്‍ക്ക് സാധ്യമായി. ദേശീയ തലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതയും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ സ്ത്രീകളുടെയും സാന്നിധ്യവും അരീക്കോടിന്റെ മുഖം മനോഹരമാക്കി. കണ്‍കുളിര്‍ക്കെ വളര്‍ന്നുപന്തലിച്ച ഇത്തരം പുരോഗമന വൃക്ഷങ്ങളുടെയെല്ലാം അടിവേരുകള്‍ ചെന്നെത്തുന്നത് എന്‍ വി അബ്ദുസ്സലാം മൗലവി എന്ന കര്‍മയോഗിയുടെ ധിഷണയിലാണെന്ന് സുതരാം വ്യക്തമാണ്.
നല്ലൊരു എഴുത്തുകാരനായിരുന്നു എന്‍ വി അബ്ദുസ്സലാം മൗലവി. അല്‍മനാര്‍ മാസിക, മിശ്കാത്തുല്‍ ഹുദ എന്നിവയുടെ പത്രാധിപരായിരുന്ന മൗലവി, ഖുര്‍ആന്‍ ശാസ്ത്ര വിഷയങ്ങളില്‍ ഗഹനമായ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. യുവത ബുക്ഹൗസ് പ്രസിദ്ധീകരിച്ച ബയാനുല്‍ ഇഅ്റാബ് എന്ന സമ്പൂര്‍ണ അറബി വ്യാകരണ ഗ്രന്ഥം, മുസ്ലിംകളും സാമൂഹ്യ ബാധ്യതകളും, ബറാഅത്ത് രാവ്, മുസ്ലിംലീഗ് ഇന്നലെ ഇന്ന് നാളെ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
സമുദായത്തിലെ വിദ്യാഭ്യാസ, സാമുദായിക പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സജീവ ശ്രദ്ധയ്ക്ക് വിധേയമാക്കുന്നതിനും സമുദായത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനും അബ്ദുസ്സലാം മൗലവി അക്ഷീണം പ്രയത്‌നിച്ചു. ഒരിക്കലും ഒടുങ്ങാത്ത സമുദായ പരിഷ്‌ക്കരണ ത്വര അബ്ദുസ്സലാം മൗലവിയുടെ കൂടപ്പിറവിയായിരുന്നു. സമുദായത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് വേണ്ടി മൗലവി നടത്തിയ തീവ്രശ്രമങ്ങളും ദീര്‍ഘവീക്ഷണവും നവോത്ഥാന കേരളം എന്നും സ്മരിക്കും.
മുസ്ലിം കൈരളിക്ക് ഉത്ഥാനത്തിന്റെ ചൂട് പകര്‍ന്ന വിവിധ പരിഷ്‌കരണ സംരംഭങ്ങളുടെ രാജശില്പിയായ എന്‍ വി അബ്ദുസ്സലാം മൗലവി 1997-ല്‍ നിര്യാതനായി. ഭൗതിക ശരീരം അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x