22 Thursday
January 2026
2026 January 22
1447 Chabân 3

എന്‍ പി എത്ര സുന്ദര പദം!

റസാഖ് പള്ളിക്കര പയ്യോളി

ഹാറൂണ്‍ കക്കാടിന്റെ ഓര്‍മച്ചെപ്പുകളില്‍ നിന്ന് കടഞ്ഞെടുക്കുന്ന പവിഴ രത്നങ്ങള്‍, ഋതുഭേദങ്ങള്‍ മറന്ന് പ്രകാശിക്കുകയും നിറവസന്തമായി പെയ്യുകയുമാണ്. അതിലൊന്നാണ് ഇക്കഴിഞ്ഞ ലക്കം അദ്ദേഹം പരിചയപ്പെടുത്തിയത്. എന്‍ പി എന്ന രണ്ടക്ഷരത്തില്‍ വിരിഞ്ഞു പരിമളം പരത്തിയ എന്‍ പി അബ്ദുല്‍ഖാദര്‍ മൗലവി. ആ പേര് പോലും ഒരു കാലഘട്ടത്തിന്റെ കുളിര്‍മയാണ്. ആ ശബ്ദം പോലും വരാനിരിക്കുന്ന ഒരു നാളിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളും താക്കീതുമായിരുന്നു. ആ വാക്കുകള്‍ ആ നര്‍മങ്ങള്‍ എത്രയെത്ര ഹതാശരായ, ഹതഭാഗ്യരെയാണ് രക്ഷിച്ചെടുത്തത്. ജാഹിലിയ്യത്തിന്റെ അശാന്തിപര്‍വങ്ങള്‍ ചാടിക്കടന്ന് സ്നിഗ്ധ മോഹന ധവളിക പ്രകാശധാരയിലെത്തിയ അവരിന്നും ആ മഹാന് വേണ്ടിയുള്ള പാരിജാത പൂക്കള്‍ വിടര്‍ത്തുകയാണ്. നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുകയും സൂര്യന്‍ കെട്ടുപോവുകയും ചെയ്യുന്ന ആ ദിവസത്തില്‍ പോലും സുസ്മേര വദനനായി നില്‍ക്കുന്ന എന്‍ പിയെയാണ് അവരിപ്പോഴും തിരയുന്നത്, തേടുന്നതും.
ഖത്തറിലെ വിശാലമായ ഇസ്ലാഹീ കോമ്പൗണ്ടില്‍ എന്‍ പിയുടെ പ്രഭാഷണങ്ങള്‍ കേട്ടിരുന്ന ആ ശിശിരകാല രാവുകള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? മാലയും മൗലൂദുമല്ല, മാനവികതയും മനുഷ്യത്വവുമാണെന്ന് പറയുകയും, അത് മാത്രമാണ് ഏകദൈവത്തിലേക്കുള്ള വഴിയടയാളങ്ങള്‍ എന്ന് ഉണര്‍ത്തുകയും അതിനെതിരെയുള്ള എല്ലാ വെല്ലുവിളികളെയും ഒട്ടും കൂസാതെ നേരിടുകയും ഒടുവില്‍ അര്‍ശിന്റെ തണലുകളിലേക്ക് നടന്നുപോവുകയും ചെയ്ത അദ്ദേഹത്തെ ദൈവം തമ്പുരാന്‍ സ്വര്‍ഗത്തിലെ തസ്നീം കൊണ്ടും അനുഗ്രഹിക്കട്ടെ.

Back to Top