12 Saturday
October 2024
2024 October 12
1446 Rabie Al-Âkher 8

എന്‍ കെ മുഹമ്മദ് മൗലവി പണ്ഡിതനിരയിലെ സൗമ്യസാന്നിധ്യം

ഹാറൂന്‍ കക്കാട്‌


പശ്ചിമഘട്ടത്തിന്റെ ഭാഗമായ വെള്ളരിമലയുടെ പടിഞ്ഞാറെ താഴ്‌വരയില്‍ നിന്ന് ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ ഇക്കരെയും അക്കരെയുമായി സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളാണ് ചേന്ദമംഗല്ലൂരും കക്കാടും. കക്കാടില്‍ നിന്ന് മലയാളത്തിലെ പ്രമുഖ ഹദീസ് പണ്ഡിതനായി ഉയര്‍ന്ന എം ശൈഖ് മുഹമ്മദ് മൗലവിയെ പോലെ ചേന്ദമംഗല്ലൂര്‍ സംഭാവന ചെയ്ത പ്രശസ്ത പണ്ഡിതസൂര്യനായിരുന്നു എന്‍ കെ മുഹമ്മദ് മൗലവി. ലാളിത്യത്തിന്റെ പ്രതീകമായ അദ്ദേഹത്തിന്റെ ആത്മകഥകള്‍ നേരിട്ടറിയുന്നത് 2001 ജൂലായില്‍ ശബാബ് വാരികയ്ക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലൂടെയാണ്. കൃത്യമായി അളന്നു മുറിച്ച വൈജ്ഞാനിക ഉപാസനകളും കഠിനാധ്വാനവുമായിരുന്നു എന്‍ കെ മൗലവിയുടെ ജീവിതത്തെ വ്യതിരിക്തമാക്കിയത്. പ്രഭാഷകന്‍, അധ്യാപകന്‍, പ്രബോധകന്‍ തുടങ്ങിയ പ്രതലങ്ങളില്‍ ഒരു നൂറ്റാണ്ടോളം അദ്ദേഹം കേരളക്കരയില്‍ കര്‍മനിരതനായി.
കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ നെടുങ്കണ്ടത്തില്‍ കോയക്കുട്ടിയുടേയും നടുക്കണ്ടിയില്‍ ആയിശുമ്മയുടേയും മകനായി 1909 ലാണ് എന്‍ കെ മുഹമ്മദ് മൗലവിയുടെ ജനനം. സ്വദേശത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രൈവറ്റ് സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് കൊടിയത്തൂര്‍ സ്‌കൂളില്‍ രണ്ട് വര്‍ഷം പഠിച്ചു. 1922 ല്‍ അഞ്ചാം ക്ലാസ് പരീക്ഷാ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി.
അക്കാലത്ത് കൊടിയത്തൂരിലെ പള്ളി ദര്‍സ് വളരെ പ്രസിദ്ധമായിരുന്നു. പത്ത് വര്‍ഷത്തോളം മൗലവി ഇവിടെ വിദ്യാര്‍ഥിയായി. പ്രശസ്ത പണ്ഡിതനായിരുന്ന കൊടിയത്തൂര്‍ എം എ അബ്ദുല്‍അസീസ് മൗലവിയായിരുന്നു പ്രധാന ഗുരുനാഥന്‍. ശേഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഒരു വര്‍ഷം വിദ്യാര്‍ഥിയായി. ദാറുല്‍ ഉലൂമിലെ അധ്യാപകനായിരുന്ന വൈത്തല അഹമദ്കുട്ടി മുസ്‌ലിയാര്‍ കൊടിയത്തൂര്‍ ദര്‍സിന്റെ ചുമതലയേറ്റതിനെ തുടര്‍ന്ന് എന്‍ കെ മൗലവിയും അദ്ദേഹത്തെ അനുഗമിച്ചു.
വൈത്തല അഹമദ്കുട്ടി മുസ്‌ലിയാര്‍ക്ക് ശേഷം പ്രമുഖ പണ്ഡിതന്‍ എം സി സി ഹസന്‍ മൗലവി കൊടിയത്തൂര്‍ പള്ളിദര്‍സില്‍ അധ്യാപകനായെത്തി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എം സി സി പുളിക്കല്‍ പള്ളിദര്‍സിന്റെ ചുമതയേറ്റു. അദ്ദേഹത്തിന്റെ ശിഷ്യത്വം നഷ്ടമാവാതിരിക്കാന്‍ എന്‍ കെ മൗലവിയും പുളിക്കല്‍ പള്ളിദര്‍സിലേക്ക് മാറി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം എം സി സി കൊടിയത്തൂര്‍ പള്ളിദര്‍സിലേക്ക് തന്നെ വീണ്ടും തിരിച്ചുവന്നപ്പോള്‍ കൂടെ എന്‍ കെ മൗലവിയും ഉണ്ടായിരുന്നു. ഈ ഗുരുനാഥനും ശിഷ്യനും തമ്മില്‍ അഗാധമായ ആത്മബന്ധമായിരുന്നു രൂപപ്പെട്ടിരുന്നത്. ഇവിടുത്തെ പഠന ശേഷം എന്‍ കെ മൗലവി രണ്ട് വര്‍ഷം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ പഠിച്ച് ബിരുദം നേടി. നാല് സ്ഥാപനങ്ങളിലായി ഇരുപത്തഞ്ച് വര്‍ഷത്തോളം ദീര്‍ഘിച്ച മതപഠനം നടത്തിയ വിജ്ഞാന ദാഹിയായിരുന്നു എന്‍ കെ മൗലവി.
നവോത്ഥാന ആശയങ്ങളുടെ ആള്‍രൂപമായി എന്‍ കെ മൗലവിയെ പരിവര്‍ത്തിപ്പിച്ച എമ്പാടും ഘടകങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് കൊടിയത്തൂരില്‍ നടന്ന പഞ്ചദിന മതപ്രഭാഷണമായിരുന്നു. കേരളത്തിലെ നവോത്ഥാന സംരംഭങ്ങളുടെ ശിലാസ്ഥാപകനായ വക്കം മൗലവിയുടെ നിര്‍ദേശാനുസരണമായിരുന്നു ഈ പരിപാടി. പ്രമുഖ പണ്ഡിതന്‍ യൂസുഫ് ഇസ്സുദീന്‍ മൗലവിയായിരുന്നു പ്രഭാഷകന്‍. ഈ പ്രസംഗ പരമ്പര എന്‍ കെ മൗലവിയെ പോലെ ഒട്ടേറെ വ്യക്തികളെ ഇസ്‌ലാഹി ആശയങ്ങളുടെ സജീവരായ വക്താക്കളാക്കി മാറ്റി. മലബാറില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന് അതിശക്തമായ വേരോട്ടം ഉണ്ടാക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച പരിപാടിയായിരുന്നു കൊടിയത്തൂരിലെ പഞ്ചദിന പ്രഭാഷണം.
കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ രണ്ടാമതായി സ്ഥാപിച്ചത് കൊടിയത്തൂരിലെ സിറാജുല്‍ ഇസ്ലാം മദ്‌റസയായിരുന്നു. ഇവിടെ വിദ്യാര്‍ഥിയാവാന്‍ ഭാഗ്യം സിദ്ധിച്ച എന്‍ കെ മൗലവിക്ക് നവോത്ഥാന മൂല്യങ്ങളെ അടുത്തറിയാന്‍ ഈ കാലഘട്ടം നിമിത്തമായി. മുസ്ലിം മതവിദ്യാഭ്യാസത്തിന് ശാസ്ത്രീയവും ഫലപ്രദവുമായ മികച്ച രീതി ആവിഷ്‌കരിക്കാന്‍ സാധിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും എന്‍ കെ മൗലവിയെ ശക്തമായി സ്വാധീനിച്ചു. കേരളത്തിലെ മത ശിക്ഷണ സമ്പ്രദായത്തിന്റെ അലകും പിടിയും മാറ്റി അടിമുടി പരിഷ്‌കരിച്ച ചാലിലകത്ത് എന്നും എന്‍ കെ മൗലവിയുടെ പ്രചോദനമായിരുന്നു.
യൂസുഫ് ഇസ്സുദ്ദീന്‍ മൗലവിയുടെ പ്രഭാഷണത്തില്‍ നിന്ന് ഊര്‍ജവും ആവേശവും ഉള്‍ക്കൊണ്ട എന്‍ കെ മൗലവി ജന്മനാടായ ചേന്ദമംഗല്ലൂരിലും നവോത്ഥാന ആശയങ്ങളുടെ വ്യാപനത്തിന് ആസൂത്രിതമായ പരിശ്രമങ്ങള്‍ നടത്തി. പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താക്കളായ എന്‍ വി അബ്ദുസ്സലാം മൗലവി, എ അലവി മൗലവി, കെ കെ എം ജമാലുദ്ദീന്‍ മൗലവി, എം ശൈഖ് മുഹമ്മദ് മൗലവി തുടങ്ങിയവരുടെ പ്രഭാഷണ പരിപാടികള്‍ക്ക് നിരവധി തവണ ചേന്ദമംഗല്ലൂര്‍ സാക്ഷിയായി. എന്‍ കെ മൗലവിയും കൂട്ടുകാരും നവാത്ഥാന സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആദര്‍ശ വ്യാപനം പ്രദേശത്ത് ശക്തമായി അലയടിച്ചപ്പോള്‍ എമ്പാടും തീക്ഷ്ണമായ പരീക്ഷണങ്ങള്‍ ഉണ്ടായി. അപ്പോഴെല്ലാം കാറ്റിലും കോളിലും ഉലയാതെ എന്‍ കെ മുഹമ്മദ് മൗലവിയും സതീര്‍ഥ്യനായ എ കെ മുഹമ്മദ് മദനിയും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇസ്‌ലാഹി പ്രസ്ഥാനത്തിന് ചേന്ദമംഗല്ലൂരില്‍ മേല്‍വിലാസമുണ്ടാക്കി.
സുദീര്‍ഘമായ വിദ്യാര്‍ഥി കാലഘട്ടത്തിന് ശേഷം മികവുറ്റ അധ്യാപനത്തിന്റെയും മതപ്രബോധനത്തിന്റെയും വിശ്രമമില്ലാത്ത നാളുകളായിരുന്നു എന്‍ കെ മൗലവിക്ക്. കൊടിയത്തൂര്‍ പള്ളിദര്‍സിലും പ്രദേശത്തെ രണ്ട് മദ്‌റസകളിലും ഒരേ സമയം അധ്യാപനവൃത്തിയില്‍ മുഴുകിക്കൊണ്ടാണ് അദ്ദേഹം ജോലിക്ക് തുടക്കമിട്ടത്. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജ് സ്ഥാപിതമായപ്പോള്‍ അതിന്റെ അക്കൗണ്ടന്റായി എന്‍ കെ മൗലവി ചുമതലയേറ്റു. പിന്നീട് മദീനത്തില്‍ തന്നെ അധ്യാപകനായി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അരീക്കോട് സുല്ലമുസ്സലാം അറബിക്കോളേജില്‍ അധ്യാപകനായി നിയമിതനായി. എന്നാല്‍ ക്ഷയരോഗ ബാധയെ തുടര്‍ന്ന് മൗലവിക്ക് ജോലിയില്‍ നിന്ന് പിരിയേണ്ടിവന്നു. അസുഖം ഭേദമായ ശേഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഏതാനും വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു.
ചേന്ദമംഗല്ലൂര്‍ മഹല്ല് ഖാദിയായും ഒതയമംഗലം ജുമുഅത്ത് പള്ളിയുടെ ഖതീബായും എന്‍ കെ മുഹമ്മദ് മൗലവി ദീര്‍ഘകാലം സേവനം ചെയ്തു. ഇതിനിടെ, കൊടിയത്തൂരിലും പുളിക്കലും മൗലവി ഖതീബായി സേവനമനുഷ്ഠിച്ചിരുന്നു. വളരെ സരളവും ചിന്തോദീപകവുമായിരുന്നു മൗലവിയുടെ പ്രസംഗങ്ങള്‍.
ചേന്ദമംഗല്ലൂര്‍ സലഫി മസ്ജിദ്, അല്‍ ഇസ്‌ലാം മദ്‌റസ, ഗുഡ് ഹോപ് ഇംഗ്ലീഷ് സ്‌കൂള്‍, സലഫി കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങി ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ സംരംഭങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും മൗലവിയുടെ സൗമ്യസാന്നിധ്യങ്ങളുണ്ടായിരുന്നു. അത്യാകര്‍ഷണീയമായിരുന്നു അദ്ദേഹത്തിന്റെ പൊതുജീവിതം. നാട്ടിലെ വ്യത്യസ്ത ആദര്‍ശക്കാര്‍ക്ക് പോലും മൗലവി ഏറെ പ്രിയങ്കരനായിരുന്നു.
മതത്തെ വിവാദങ്ങളില്‍ തളച്ചിടാന്‍ ഒരിക്കലും കൂട്ടാക്കാത്ത പണ്ഡിതനായിരുന്നു എന്‍ കെ മൗലവി. അഭിപ്രായ വ്യത്യാസങ്ങളെ പര്‍വതീകരിക്കുന്ന സാമുദായിക സമ്പ്രദായങ്ങളോടും രീതികളോടും അദ്ദേഹം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. മാനവിക മൂല്യങ്ങള്‍ക്കും മാനുഷിക പരിഗണനകള്‍ക്കും അദ്ദേഹം വിലകല്‍പ്പിച്ചു. കേരളത്തിലെ മത പൗരോഹിത്യം കര്‍മശാസ്ത്ര വിധികളുമായി ബന്ധപ്പെട്ട് മുടിനാരിഴ കീറുന്ന തര്‍ക്കങ്ങളില്‍ മാത്രം മുഴുകുന്നത് മതപ്രബോധനമായി ശീലിച്ച കാലഘട്ടത്തില്‍ ആദര്‍ശത്തിന്റെ മൗലിക പഠനത്തിന്നും പ്രമാണനിബദ്ധമായ പ്രചാരണത്തിനും ജീവിതം മുഴുവനായി സമര്‍പ്പിച്ച കര്‍മയോഗിയാണ് അദ്ദേഹം.
2005 ഫെബ്രുവരി 15 ന് 96-ാം വയസ്സില്‍, സൗമ്യവിപ്ലവത്തിന്റെ വഴിവിളക്കായിരുന്ന എന്‍ കെ മുഹമ്മദ് മൗലവി നിര്യാതനായി. ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x