28 Saturday
June 2025
2025 June 28
1447 Mouharrem 2

യാത്രയയപ്പും ഹജ്ജ് ക്യാമ്പും

എന്‍ജി. പി മമ്മദ് കോയ

യാത്ര പുറപ്പെടുന്ന ദിവസത്തിന് 48 മണിക്കൂര്‍ മുമ്പ് ഹജ്ജ് ക്യാമ്പിലെത്തണമെന്നാണ് വെബ്‌സൈറ്റിലെ നിര്‍ദേശം. ഇന്ത്യയിലെ മൊത്തം ഹാജിമാര്‍ക്കുള്ള പൊതു നിര്‍ദേശമാണത്. എന്നാല്‍ കേരള ഹാജിമാരോട് 24 മണിക്കൂര്‍ മുമ്പെത്തിയാല്‍ മതി എന്നാണ് അറിയിക്കാറുള്ളത്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് പരിശീലന ക്ലാസുകള്‍ ലഭിക്കാനുള്ള സാധ്യത തുലോം കുറവാണ്. അതുകൊണ്ട് അവര്‍ക്ക് ഹജ്ജ് ക്യാമ്പില്‍ വെച്ച് ആവശ്യമായ പരിശീലനം കൊടുക്കാന്‍ വേണ്ടിയാണ് രണ്ട് ദിവസം മുമ്പ് ക്യാമ്പിലെത്താന്‍ നിര്‍ദേശിക്കുന്നത്. കരിപ്പൂരില്‍ നിന്ന് യാത്രപുറപ്പെടുന്ന ഹാജിമാര്‍ ക്യാമ്പു ചെയ്യുന്നത് ഹജ്ജ് ഹൗസിലാണ്. വിമാനത്താവളത്തിനടുത്തുളള മനോഹരമായ കെട്ടിടമാണ് ഹജ്ജ് ഹൗസ്.
2018 ജൂലൈ 18-നാണ് ഞങ്ങള്‍ക്ക് യാത്ര തിരിക്കേണ്ടത്. 17-ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് ഹജ്ജ് ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രെയിനര്‍ അറിയിച്ചു. നേരത്തെ അറിയിപ്പു കിട്ടിയതിനാല്‍ ബന്ധുക്കളെയും നാട്ടുകാരെയുമൊക്കെ വിവരമറിയിക്കാന്‍ സാവകാശം ലഭിച്ചു.
പൊതുരംഗത്തും സംഘടനാ തലത്തിലുമൊക്കെ എളിയ പ്രവര്‍ത്തനം നടത്തുന്നതു കൊണ്ട് അനേകം ആളുകളുമായി ഇടപഴകാറുണ്ട്. അവരെയൊക്കെ കണ്ട് വാക്കുകളിലോ പ്രവര്‍ത്തികളിലോ ഉണ്ടായ അപാകതകള്‍ക്ക് ക്ഷമ ചോദിക്കേണ്ടതും യാത്ര പറയേണ്ടതുമുണ്ട്. ഹജ്ജിന് പോകുന്നവര്‍ വെറുപ്പോ വിദ്വേഷമോ ഇല്ലാത്ത ശുദ്ധമായ മനസ്സുമായി വേണം പോകാന്‍. സാമ്പത്തിക ഇടപാടുകള്‍ കൊടുത്തു തീര്‍ക്കണം. വിശ്വസിച്ച് ഏല്പിക്കപ്പെട്ടവ, ഭൂമി ഇടപാടുകള്‍ക്ക് വാങ്ങിയ അഡ്വാന്‍സുകള്‍ എന്നിവയെല്ലാം ഉത്തരവാദപ്പെട്ടവരെ ഏല്പിച്ച് വ്യവസ്ഥപ്പെടുത്തണം. പലരെയും ഫോണില്‍ വിളിച്ചും നേരിട്ടു സംസാരിച്ചും കടമ നിര്‍വ്വഹിച്ചു. എല്ലാവരെയും ബന്ധപ്പെടുക എന്നത് അപ്രായോഗികമാണല്ലോ. ആ ഘട്ടത്തില്‍ സോഷ്യല്‍ മീഡിയ വളരെ ഉപയോഗപ്പട്ടു. ഫേസ്ബുക്കും വാട്‌സാപ്പുമുപയോഗിച്ച് ബന്ധപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുകയും യാത്ര പറയുകയും ചെയ്തു. ഇതിന് വളരെ വലിയ പ്രതികരണങ്ങളുണ്ടായി. ഓര്‍മ്മയില്‍ ഇല്ലാതിരുന്ന പലരും ബന്ധപ്പെടുകയും സ്‌നേഹബന്ധം പുതുക്കുകയും ചെയ്തു. വ്യക്തിത്വവും മനസ്സും ശുദ്ധീകരിക്കുന്ന ഒരു നല്ല മനശാസ്ത്ര പ്രക്രിയയാണ് ഈ ക്ഷമ ചോദിക്കല്‍.
യാത്രയയപ്പു യോഗങ്ങളായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍. പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, അടുത്ത കുടുംബക്കാര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മഹല്ലു കമ്മിറ്റികള്‍ ഇവരൊക്കെ യാത്രയയപ്പു യോഗങ്ങള്‍ സംഘടിപ്പിക്കുകയും പ്രാര്‍ഥന കൊണ്ട് വസിയ്യത്ത് ചെയ്യുകയും ചെയ്തു.
യാത്രയയപ്പുകള്‍ ദുരാചാരമാകുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്. യാത്ര പോകുന്നവര്‍ തന്നെ വീട്ടില്‍ പന്തലുകെട്ടി സദ്യയുണ്ടാക്കി നാട്ടുകാരെയും പരിചയക്കാരെയും വിളിച്ചു സല്‍ക്കരിക്കുന്ന പതിവ്! യാത്രാച്ചോറ് എന്ന ഓമനപ്പേരില്‍ ഹാജിമാര്‍ തങ്ങളെ യാത്രയയക്കാന്‍ ആളുകളെ വിളിച്ചു വരുത്തുന്ന ഈ പ്രഹസനം ശരിയല്ല. മാത്രമല്ല ദുര്‍വ്യയവുമാണ്.
ബന്ധുക്കളുടെയും സ്‌നേഹിതന്‍മാരുടെയുമൊക്കെ സന്ദര്‍ശനവും യാത്ര പറയലും സന്തോഷകരമാണ്. അവര്‍ വരുന്ന സമയത്ത് അതിഥികളായി പരിഗണിക്കുന്നതും സ്വീകരിക്കുന്നതും നല്ലതു തന്നെ. പക്ഷെ പരിധി വിടാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്ദര്‍ശകര്‍ പല സങ്കടങ്ങളും സ്വകാര്യമായി പറയും. ഹറമില്‍ ഉത്തരം കിട്ടുന്ന സ്ഥലത്ത് ഈ കാര്യം പറഞ്ഞു പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിക്കും. അങ്ങനെ പറയുന്നവരുടെ പേര് അടക്കം ഒരു കുറിപ്പ് എഴുതിവെക്കുന്നത് നല്ലതാണ്. മറന്നു പോകരുതല്ലോ. മാറാ രോഗത്തിനടിമപ്പെട്ടവര്‍, കുടുംബത്തിലെ അംഗങ്ങളുടെ രോഗശമനത്തിന് പ്രാര്‍ഥിക്കാന്‍ ഏല്പിക്കുന്നവര്‍! ഇവര്‍ക്കൊക്കെ പ്രത്യേകം പ്രത്യേകം പ്രാര്‍ഥിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ട് ‘അല്ലാഹുവേ, ഞങ്ങളോട് ദുആ കൊണ്ട് ഒസ്യത്ത് ചെയ്തവരുടെ ഹലാലായ ആഗ്രഹങ്ങള്‍ സഫലമാക്കേണമേ’ എന്ന് എല്ലാ സ്ഥലത്ത് വെച്ചും പ്രാര്‍ഥിക്കുന്നതാണ് നല്ലത്.
ഇടക്ക് കിട്ടുന്ന സമയത്താണ് ലഗ്ഗേജ് തയ്യാറാക്കുന്നത്. ഒരാള്‍ക്ക് രണ്ട് ബാഗുകളിലായി 45 കിലോയാണ് അനുവദിക്കപ്പെട്ടത്. അതോടൊപ്പം 10 കിലോ കാബിന്‍ ബഗ്ഗേജായും കൊണ്ട് പോകാവുന്നതാണ്.
അധികമാളുകളും ഭക്ഷണം പാകം ചെയ്യാനുളള പാത്രങ്ങളും പലവ്യഞ്ജനങ്ങളും ധാന്യങ്ങളും നിറക്കുകയാണ് പതിവ്. നാല്പത്തി രണ്ട് ദിവസത്തേക്കുളള ബേക്കറി സാധനങ്ങള്‍ പോലും ലഗ്ഗേജില്‍ നിറച്ചിട്ടുണ്ടാവും. അനുവദീയമായ തൂക്കത്തില്‍ കൂടുതലാണ് പല ഹാജിമാരുടെയും ബാഗുകള്‍. ധാന്യങ്ങളും പലവ്യഞ്ജനങ്ങളും വ്യത്യസ്ത രീതിയിലുള്ള ‘സ്‌നാക്കു’കളുമൊക്കെ മക്കയിലും മദീനയിലും സുലഭമാണ്. അതുകൊണ്ട് അത്യാവശ്യ സാധനങ്ങള്‍ മാത്രം കൊണ്ടുപോകുന്നതാണ് അഭികാമ്യം.
ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യേണ്ട എന്നും ആ സമയം കൂടി ഇബാദത്തിന് ഉപയോഗപ്പെടുത്താമെന്നും ആദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ കഞ്ഞി ഉണ്ടാക്കാനുള്ള ഒരു ചെറിയ കുക്കറും കുറച്ച് നെല്ലുകുത്തരിയും ഒരു കോഫി മേക്കറും അല്പം ബേക്കറി സാധനങ്ങളും മാത്രമേ ബാഗില്‍ വെച്ചിരുന്നുള്ളൂ. അത് തന്നെ ധാരാളം മതി എന്ന് അനുഭവത്തില്‍ ബോധ്യപ്പെടുകയും ചെയ്തു. നാലു ബാഗുകള്‍ക്ക് അനുമതിയുണ്ടെങ്കിലും രണ്ട് പേരുടെയും വസ്ത്രങ്ങളടക്കം കേവലം രണ്ടു ബാഗില്‍ ഒതുക്കാന്‍ കഴിഞ്ഞു. ഒരു മുന്‍കരുതല്‍ എന്ന നിലക്ക് മറ്റു രണ്ടു ബാഗുകള്‍ സ്റ്റിക്കറുകള്‍ പതിച്ച് ബാഗില്‍ നിക്ഷേപിച്ചു. തിരിച്ചു വരുമ്പോള്‍ കാരക്കയും മറ്റു സാധനങ്ങളെന്തെങ്കിലും കൊണ്ടുവരാന്‍ ഉപകാരപ്പെടുമല്ലോ.
പവര്‍ ബാങ്ക്, ചാര്‍ജറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയൊന്നും ലഗ്ഗേജില്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കണം. കത്തി, കത്രിക, ബ്ലേഡ് എന്നിവ കാബിന്‍ ലഗ്ഗേജില്‍ അനുവദനീയമല്ല. അതുകൊണ്ട് അവ ലഗ്ഗേജില്‍ തന്നെ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. ഇലക്ട്രിക് റേസറുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അവയുടെ ബാറ്ററി വേര്‍പെടുത്തി വേണം ലഗ്ഗേജില്‍ നിക്ഷേപിക്കാന്‍. ദ്രവരൂപത്തിലുളളതും ക്രീം രൂപത്തിലുള്ളവയും നന്നായി സീല്‍ ചെയ്യണം.
കാബിന്‍ ബഗ്ഗേജില്‍ അത്യാവശ്യ സാധനങ്ങളും അല്പം പഴങ്ങളും ബിസ്‌കറ്റുമൊക്കെ കരുതിയാല്‍ മതി. പവര്‍ ബാങ്ക്, മൊബൈല്‍ ചാര്‍ജറുകള്‍, മൊബൈല്‍ ഫോണ്‍, വായിക്കാനുതകുന്ന പുസ്തകങ്ങള്‍ എന്നിവയൊക്കെ കാബിന്‍ ബഗ്ഗേജില്‍ ഇടാവുന്നതാണ്.
ഹജ്ജിന്റെ തുടങ്ങുന്ന ദിവസത്തോടടുത്ത് പോകുന്നവര്‍ ആദ്യം മക്കയിലേക്കാണ് പോകുക. ജിദ്ദ എയര്‍പോര്‍ട്ടിലിറങ്ങി അവിടെ നിന്ന് ബസ്സില്‍ ഹാജിമാരെ മക്കയിലേക്ക് കൊണ്ടുപോകും. അങ്ങനെ പോകുന്ന ഹാജിമാര്‍ എയര്‍പോര്‍ട്ടില്‍ വച്ചു തന്നെ ഉംറക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തണം. ഉംറയുടെ ഡ്രസ് കോഡിലായിരിക്കണം ഹാജിമാര്‍ വിമാനം കയറേണ്ടത്. ഉംറക്ക് ഇഹ്‌റാമിലേക്ക് പ്രവേശിക്കേണ്ട മീഖാത്തില്‍ (ഇഹ്‌റാമില്‍ പ്രവേശിക്കേണ്ട ഹറമിന്റെ അതിരുകള്‍) എത്തിയാല്‍ വിമാനത്തില്‍ അറിയിപ്പുണ്ടാകും. അപ്പോള്‍ ഉംറയുടെ ഇഹ്‌റാമില്‍ പ്രവേശിക്കുന്നു എന്ന് കരുതിയാല്‍ മതി.
മദീനയിലേക്കാണ് ആദ്യം പോകുന്നതെങ്കില്‍ ഇഹ്‌റാം ഡ്രസ്സ് ലഗ്ഗേജില്‍ സൂക്ഷിച്ചാല്‍ മതി. ഒരു ജോഡി ഇഹ്‌റാം ഡ്രസ് കാബിന്‍ ബഗ്ഗേജില്‍ കരുതുന്നത് സൂക്ഷ്മതക്ക് നല്ലതാണ്. ശരിക്കും ഇഹ്‌റാം ഡ്രസ്സിന്റെ ആവശ്യം വരുന്നത് മദീനയിലെത്തി എട്ടോ ഒമ്പതോ ദിവസം കഴിഞ്ഞാണ്. ആ സമയത്ത് നമ്മുടെ ലഗ്ഗേജുകള്‍ എത്തിയിരിക്കുകയും ചെയ്യും.

Back to Top