8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

മിത്ത് വിവാദവും ഇസ്‌ലാമോഫോബിയയും

അബ്ദുല്‍ഗഫൂര്‍ കോഴിക്കോട്‌

സംഘപരിവാരം പാഠഭാഗങ്ങളില്‍ കൈകടത്തുന്നതുമായി ബന്ധപ്പെട്ട് കേരള സ്പീക്കര്‍ എ എന്‍ ഷംസീര്‍ സംസാരിക്കുന്നതിനിടെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ഗണപതിയുടേതാണെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ ചൂണ്ടിക്കാണിച്ചു വിമര്‍ശിക്കുകയുണ്ടായി. നേരത്തെ ശശി തരൂര്‍ അടക്കമുള്ള പലരും ഈ വിമര്‍ശനം നടത്തിയതാണ്. എന്നാല്‍ അന്നൊന്നുമുണ്ടായിട്ടില്ലാത്ത പുകിലാണിപ്പോള്‍.
ഷംസീറിന്റെ വിമര്‍ശനം ഇസ്‌ലാമിന്റെ വിമര്‍ശനമായും അദ്ദേഹം ഒരു മതമൗലികവാദിയെന്ന തരത്തിലുമായി വിമര്‍ശനം. ഹിന്ദുത്വയ്ക്കും സംഘപരിവാറിനും നേരെയുള്ള വിമര്‍ശനത്തെ ഇസ്‌ലാമോഫോബിയ ഉപയോഗിച്ച് എത്ര സമര്‍ഥമായാണ് വഴിതിരിച്ചുവിട്ടതെന്നു സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഇന്ത്യയില്‍ വിമാനം ഉണ്ടായിരുന്നു എന്നാണിപ്പോള്‍ സംഘപരിവാരം കൊട്ടിഘോഷിക്കുന്നത്. വിമാനം കണ്ടുപിടിച്ചത് പൗരാണിക ഭാരതീയരാണെന്ന വാദം ഔദ്യോഗിക സയന്‍സ് കോണ്‍ഫറന്‍സുകളില്‍ പോലും പ്രബന്ധങ്ങളായി അവതരിപ്പിക്കുന്നു. സിലബസുകളിലൂടെ ഈ വ്യാജം തലമുറകളെ പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ അയുക്തികതക്കെതിരെയാണ് സ്പീക്കര്‍ പ്രസംഗത്തിലൂടെ ഉദ്‌ബോധിപ്പിച്ചത്.
എന്നാല്‍, ഇസ്‌ലാമോഫോബിയയുടെ അനന്തമായ ആകാശം മുന്നില്‍ തുറന്നു വീണുകിട്ടിയത് സമര്‍ഥമായി ഉപയോഗിക്കുകയാണ് സംഘികള്‍. ഒരിടത്തു പോലും ദൈവങ്ങളെ പരിഹസിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല ഈ സംസാരത്തില്‍ അദ്ദേഹമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് കുപ്പായത്തിലുള്ള ഷംസീറിനു പോലും ഇസ്‌ലാമോഫോബിയയില്‍ നിന്ന് രക്ഷ നേടാനാകുന്നില്ല എന്ന ഭീതിദമായ സാഹചര്യമാണ് പുതിയ വിവാദത്തില്‍ തെളിയുന്നത്.
തിരികെ വന്ന ആക്രമണങ്ങളില്‍ പോലും അത് വ്യക്തമാണ്. മുപ്പതു നോമ്പെടുക്കുന്ന, ഇടത്തോട്ട് മുണ്ടുടുക്കുന്ന ഷംസീര്‍ പറഞ്ഞതാണ് പ്രശ്‌നമെന്ന് സുരേന്ദ്രന്‍ പറയുക പോലുമുണ്ടായി. പലപ്പോഴും ഇസ്‌ലാമിനെ ആക്രമിക്കാനുള്ള ശ്രമങ്ങളാണ് ഈ വിവാദത്തിലുമുണ്ടായത്. പൊതുസമൂഹത്തില്‍ മുസ്‌ലിം നാമം വേട്ടയാടപ്പെടുന്നത് ഉള്ളിലെ വര്‍ഗീയ ചിന്ത വെളിവാകുന്നതിന്റെ ലക്ഷണമല്ലാതെ മറ്റൊന്നുമല്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x