20 Friday
March 2026
2026 March 20
1447 Chawwâl 1

രാജ്യം വിടാന്‍ ശ്രമിച്ച 112 റോഹിങ്ക്യകളെ ജയിലിലടച്ച് മ്യാന്‍മര്‍


രാജ്യത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിയിലായ 12 കുട്ടികളടക്കം 112 പേരടങ്ങുന്ന റോഹിങ്ക്യന്‍ മുസ്‌ലിം സംഘത്തെ മ്യാന്‍മര്‍ ജയിലിലടച്ചു. തെക്കന്‍ അയേര്‍വാഡി മേഖലയിലെ ബൊഗാലെയിലെ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ന്യൂ ലൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക രേഖകളൊന്നുമില്ലാതെ ബോട്ടില്‍ രാജ്യം കടക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് സംഘം പിടിയിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 12 കുട്ടികളില്‍ അഞ്ചു പേര്‍ 13 വയസ്സിനു താഴെയുള്ളവരാണ്. ഇവര്‍ക്ക് രണ്ടു വര്‍ഷവും മുതിര്‍ന്ന കുട്ടികള്‍ക്ക് മൂന്നു വര്‍ഷവുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയായവരെ അഞ്ചു വര്‍ഷം തടവിലാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ദക്ഷിണേഷ്യയില്‍ നിന്നുള്ള ‘അനധികൃത കുടിയേറ്റക്കാര്‍’ ആണെന്നാണ് മ്യാന്മര്‍ അവകാശപ്പെടുന്നത്. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ ഭൂരിഭാഗം മുസ്‌ലിം റോഹിങ്ക്യകള്‍ക്കും പൗരത്വവും മറ്റ് അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെടുന്നതിനാലും ഭരണകൂടത്തില്‍ നിന്നും ബുദ്ധ സന്യാസിമാരില്‍ നിന്നും ക്രൂരമായ മര്‍ദനങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നും 2017ല്‍ ലക്ഷക്കണക്കിന് ആളുകളാണ് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

Back to Top