5 Friday
December 2025
2025 December 5
1447 Joumada II 14

മ്യാന്മര്‍ പ്രക്ഷോഭം: ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 38 പേര്‍


കഴിഞ്ഞ ഒരു മാസത്തിലേറെയായി മ്യാന്മറില്‍ സൈനിക അട്ടിമറിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം മാറ്റമില്ലാതെ തുടരുന്നു. സമരത്തെ ശക്തമായ രീതിയിലാണ് സൈന്യം നേരിടുന്നത്. വെടിവെപ്പ് നടത്തിയും റബ്ബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസ് പ്രയോഗിച്ചുമാണ് അടിച്ചമര്‍ത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്ന 19കാരിയായ പെണ്‍കുട്ടിക്കു നേരെ നിറയൊഴിച്ച് കൊന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൗമാരക്കാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യാങ്കോണ്‍, മണ്ഡലയ്, യിങ്കണ്‍ എന്നീ നഗരങ്ങളില്‍ ബുധനാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത അനുസ്മരണ പരിപാടിയാണ് അരങ്ങേറിയത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മുദ്രാവാക്യം വിളിക്കുകയായിരുന്ന മാ ക്യാല്‍ സിന്റെ തലക്കു നേരെയാണ് മ്യാന്മര്‍ സൈന്യം വെടിവെച്ചത്. ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറി അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പില്‍ ജയിച്ച മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകിയെ വിട്ടയക്കണമെന്നും പ്രക്ഷോഭകര്‍ ആവര്‍ത്തിച്ചു. ഞങ്ങളെ ഏത് നിമിഷവും തത്സമയ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ, ഈ ഗൂഢ സംഘത്തിന് മുന്നില്‍ ജീവനോടെ തുടരുന്നതിന് അര്‍ത്ഥമില്ല ആക്റ്റിവിസ്റ്റായ മൗങ് സൗങ്ക റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Back to Top