മ്യാന്‍മറില്‍ ഇന്റര്‍നെറ്റ് നിരോധനം; യാങ്കൂണില്‍ വന്‍ പ്രതിഷേധ റാലി
മ്യാന്‍മറില്‍ ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച പട്ടാളം രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധിച്ചു. സമുഹമാധ്യമങ്ങള്‍ നിരോധിച്ചിട്ടും പ്രതിഷേധം ശക്തമാകുന്നതു തടയുന്നതിനാണ് ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായി നിരോധിച്ചത്. മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തനം സുഗമമല്ല. ലാന്‍ഡ് ഫോണുകളും പലയിടത്തും ലഭ്യമല്ല. അട്ടിമറി നടന്ന ഈ മാസം ഒന്നു മുതല്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്റും വീട്ടുതടങ്കലിലാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ യാങ്കൂണില്‍ ഇന്നലെ ആയിരത്തിലേറെ പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു. സൂചിയുടെ പാര്‍ട്ടി നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയുടെ (എന്‍എല്‍ഡി) ചുവപ്പുകൊടിയുമായി ചുവപ്പണിഞ്ഞാണ് പ്രതിഷേധക്കാര്‍ എത്തിയത്. നൂറിലേറെ വരുന്ന പൊലീസ് സംഘം സര്‍വ സന്നാഹത്തോടെയും നിലകൊണ്ടിരുന്നെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ബ്രിട്ടിഷ് ഭരണത്തില്‍ നിന്ന് 1962-ല്‍ മോചിതമായ മ്യാന്‍മര്‍ 2010 മുതല്‍ ഒരു പതിറ്റാണ്ട് ഭാഗിക ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിച്ചശേഷം വീണ്ടും കിരാതമായ അടിച്ചമര്‍ത്തലിന്റെ പട്ടാള ഭരണത്തിലേക്കു മാറുന്നതിന്റെ സൂചനകളുണ്ട്. എന്‍എല്‍ഡിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 300 അംഗങ്ങള്‍ യോഗം ചേര്‍ന്ന് തങ്ങളാണ് യഥാര്‍ഥ ജനപ്രതിനിധികളെന്നു രാജ്യാന്തരസമൂഹം അംഗീകരിക്കണമെന്ന് അഭ്യര്‍ഥിച്ചു.