പ്രഫ. മുസ്തഫ കമാല്‍ പാഷ: വിടവാങ്ങിയത് ജ്ഞാനകുതുകിയായ ബഹുമുഖ പ്രതിഭ
ശംസുദ്ദീന്‍ പാലക്കോട്
ചരിത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, അധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ തലങ്ങളില്‍ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ പ്രഫ. മുസ്തഫ കമാല്‍ പാഷ. മനുഷ്യനെയും മതത്തെയും സമുദായത്തെയും സമൂഹത്തെയും സ്‌നേഹിച്ച് ജീവിച്ച മാതൃകാപുരുഷനായിരുന്നു. സാഹിത്യം, മതം, ദര്‍ശനം, ഭൗതിക പ്രസ്ഥാനങ്ങള്‍, ചരിത്രം, ഗവേഷണം, സഞ്ചാരം, പ്രബോധനം തുടങ്ങി ബഹുമുഖമായ കര്‍മമേഖലയില്‍ കൈയൊപ്പ് ചാര്‍ത്തിയാണ് അദ്ദേഹം മടങ്ങിയത്. 2002 മുതല്‍ 2005 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചെയര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1968 മുതല്‍ 2001 വരെ തിരൂരങ്ങാടി പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജില്‍ ചരിത്രവിഭാഗം തലവനായിരുന്നു. വിവിധ വിഷയങ്ങളിലായി 104 കൃതികള്‍ രചിച്ചു.
1946 ജൂണ്‍ 25-ന് ചെര്‍പ്പുളശ്ശേരിയില്‍ ജനിച്ചു. പിതാവ് നെല്ലിക്കുറുശ്ശി മുഹമ്മദ്. മാതാവ് മഠത്തില്‍ തിത്തിക്കുട്ടി ആലിപ്പറമ്പ്. വെളിയങ്കോട് കെ ഉമര്‍ മൗലവിയുടെ മകള്‍ ഹബീബയാണ് ഭാര്യ. ചെര്‍പ്പുളശ്ശേരി ഗവ. ഹൈസ്‌കൂളില്‍ നിന്ന് 1962-ല്‍ എസ് എസ് എല്‍ സി പാസായി. 1966-ല്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. 1968-ല്‍ അലീഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി ബിരുദം നേടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, തിരൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, ഈരാട്ടുപേട്ട, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ശാസ്ത്ര സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കി.
പി എസ് എം ഒ കോളജിലെ അഡല്‍ട്ട് എജ്യൂക്കേഷന്‍ ഡയറക്ടര്‍, കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഡയറക്ടര്‍, കേരള ഇസ്‌ലാമിക് മിഷന്‍ സ്ഥാപക പ്രസിഡന്റ്, തിരൂരങ്ങാടിയിയിലെ മലബാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാന്‍, വളാഞ്ചേരി എടയൂരിലെ ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫാക്കല്‍ട്ടി ഓഫ് ഹ്യൂമാനിറ്റീസ് മെമ്പര്‍, ബോ ര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ ഹിസ്റ്ററി മെമ്പര്‍, സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ ഇസ്‌ലാമിക് ഹിസ്റ്ററി മെമ്പര്‍ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. ശാസ്ത്രവിചാരം മാസികയുടെ ആദ്യകാല ചെയര്‍മാനായിരുന്നു.
മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ തയ്യാറാക്കിയത് അ ദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഉദ്യമമായിരുന്നു. ലോകചരിത്രം, ഇന്ത്യാചരിത്രം, ഇസ്‌ലാമിക ചരിത്രം എന്നീ പേരുകളില്‍ യൂണിവേഴ്‌സിറ്റി ടെക്സ്റ്റ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രമുഖ ഹദീസ് സമാഹാരങ്ങളായ സിഹാഹുസ്സിത്ത വിഷയാധിഷ്ഠിതമായി 4 വാള്യങ്ങളിലായി ഹദീസ് വിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാര്‍ക്‌സിസം ഒരു പഠനം, പരിണാമവാദം ശാസ്ത്ര ദൃഷ്ടിയില്‍, ശാസ്ത്രവും ശാസ്ത്ര പരിഷത്തും, ലോക ചരിത്രം (രണ്ട് ഭാഗം), ഇന്ത്യാ ചരിത്രം (രണ്ട് ഭാഗം), ഇസ്‌ലാമിക ചരിത്രം (രണ്ട് ഭാഗം), മുഹമ്മദ് നബി ജീവചരിത്രം, ശാസ്ത്രത്തിന് മുസ്‌ലിംകളുടെ സംഭാവന, സാമൂഹിക സംസ്‌കരണം ഗ്രന്ഥശാലകളിലൂടെ, പ്രസംഗം ഒരു കല, ഭൗതികവാദം പ്രതിന്ധിയില്‍, നമസ്‌കാരം തുടങ്ങിയവയാണ് പ്രധാന കൃതികള്‍