24 Friday
March 2023
2023 March 24
1444 Ramadân 2

സര്‍ക്കാര്‍ വ്യക്തത വരുത്തണം


പാഠ്യപദ്ധതിയിലൂടെ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്ന് ഭാഗികമായി സര്‍ക്കാര്‍ പിന്മാറിയിരിക്കുകയാണ്. വിവിധ തലങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധങ്ങളും കരടുരേഖയെ സംബന്ധിച്ച വിയോജിപ്പുകളുമാണ് ചിലതെങ്കിലും തിരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സമൂഹ ചര്‍ച്ചയ്ക്കായി പുറത്തിറക്കിയ കരടുരേഖയുടെ അന്തിമ രൂപത്തില്‍ ചില മാറ്റങ്ങളുണ്ട്. ലിംഗനീതിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളില്‍ ആ വാക്കു തന്നെ ഉപയോഗിച്ചിട്ടുണ്ട്. ലിംഗനീതിയും ലിംഗസമത്വവും ലിംഗനിരപേക്ഷതയുമെല്ലാം കൂടി കലര്‍ത്തിയുള്ള സമീപനമാണ് മുമ്പ് സ്വീകരിച്ചിരുന്നത്. അതില്‍ ലിംഗനീതിക്കാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്ന രൂപത്തിലുള്ള തിരുത്ത് സ്വാഗതാര്‍ഹമാണ്. അതേസമയം, ഈ വിഷയത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കാണിക്കുന്ന ഒളിച്ചുകളിയും അവ്യക്തതകളും തുടരുകയാണ്.
ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയം ഏതെങ്കിലും ഒരു മതത്തെയോ മതവിശ്വാസികളെയോ മാത്രം ബാധിക്കുന്ന ഒന്നല്ല. അതുമായി ബന്ധപ്പെട്ട സംവാദങ്ങളിലെല്ലാം തന്നെ പാശ്ചാത്യ രാജ്യങ്ങളില്‍ അത് ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. സമൂഹത്തെയാകമാനം ബാധിക്കുന്ന ഒരു ആശയമാണിത്. അതുകൊണ്ടുതന്നെ കേരളീയ സമൂഹത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന വിദ്യാര്‍ഥി തലമുറയെ പരീക്ഷണവസ്തുക്കളാക്കരുത് എന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്നത്. എന്നാല്‍, ജെന്‍ഡര്‍ പൊളിറ്റിക്‌സ് പല രൂപത്തില്‍ നടപ്പാക്കുന്നതിനായി കുടുംബശ്രീ മുേഖനയും പാഠ്യപദ്ധതിയിലൂടെയും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജെന്‍ഡര്‍ സ്‌പെക്ട്രവും ന്യൂട്രാലിറ്റിയും പാഠ്യപദ്ധതിയില്‍ നിന്ന് പൂര്‍ണമായും പോയിട്ടില്ല. ഇടകലര്‍ത്തിയുള്ള ഇരുത്തം പോലെ പ്രത്യക്ഷത്തില്‍ തന്നെ എതിര്‍പ്പ് ഉയരുന്ന വിഷയങ്ങളില്‍ നിന്നാണ് പിന്മാറിയത്. ഒളിയജണ്ടകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സഹായകമായ വിധത്തില്‍ തന്നെയാണ് കരടുരേഖയുടെ അന്തിമരൂപവും നിലനില്‍ക്കുന്നത്.
യൂനിഫോമല്ല ഇതിന്റെ കാതലായ പ്രശ്‌നമെന്നും ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയം തന്നെ നിരാകരിക്കപ്പെടേണ്ടതാണെന്നും പല ഭാഗത്തുനിന്നും വിമര്‍ശനമുയര്‍ന്നു. അപ്പോള്‍, ലിംഗനിരപേക്ഷ യൂനിഫോം അടിച്ചേല്‍പിക്കില്ല, പകരം അതത് പി ടി എകള്‍ക്ക് തീരുമാനിക്കാമെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന മറുപടി. ലിംഗനിരപേക്ഷ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു നയം സര്‍ക്കാരിന് ഇല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് പൊതുവിദ്യാലയങ്ങളിലെ പി ടി എ കള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാധിക്കുക? അങ്ങനെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവകാശമുള്ള നിയമനിര്‍മാണസഭയാണോ രക്ഷാകര്‍തൃ സമിതികള്‍? സര്‍ക്കാരിന്റെ പിന്തുണയോ നിര്‍ദേശമോ ഇല്ലാത്ത ഒരു നയം രൂപീകരിക്കാന്‍ പൊതുവിദ്യാലയങ്ങളിലെ പി ടി എ കള്‍ക്ക് സാധിക്കില്ല. മാത്രമല്ല, നാളെ ഏതെങ്കിലും ഒരു പി ടി എ മുഖം മറയ്ക്കുന്ന വസ്ത്രമോ പര്‍ദയോ പെണ്‍കുട്ടികള്‍ക്ക് യൂനിഫോമായി തീരുമാനിച്ചാല്‍, പി ടി എ തീരുമാനം എന്ന നിലയില്‍ അതിനെ സര്‍ക്കാര്‍ അംഗീകരിക്കുമോ? കുറച്ച് കടത്തിപ്പറഞ്ഞാല്‍, ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍, യു പി-ഹൈസ്‌കൂള്‍ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് യൗവനാരംഭം തടയുന്ന ഗുളികകള്‍ നല്‍കാന്‍ ഒരു പി ടി എ യോഗം കൂടി തീരുമാനിച്ചാല്‍ അതിനെ തടയാന്‍ സര്‍ക്കാരിന് സാധിക്കുമോ?
സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാധിക്കുന്ന ഒരു നിയമനിര്‍മാണ സഭയല്ല പി ടി എ. സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസരിച്ച് മാത്രമേ അതിന് പ്രവര്‍ത്തിക്കാനാവൂ. ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധിച്ച് സര്‍ക്കാരിന് നയമില്ലെങ്കില്‍ ഇപ്പോള്‍ തന്നെ ചില സ്‌കൂളുകളില്‍ അത് നടപ്പാക്കിയത് എങ്ങനെയാണ് എന്ന ചോദ്യം ബാക്കിയുണ്ട്. അതുകൊണ്ട് ഈ വിഷയത്തിലെ ഒളിയജണ്ടകളില്‍ നിന്നും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന നിലപാടില്‍ നിന്നുമാണ് സര്‍ക്കാര്‍ പിന്മാറേണ്ടത്. അതല്ല, ഈ വിഷയത്തില്‍ ഉദാരവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് സര്‍ക്കാരിനുണ്ടെങ്കില്‍ അത് തുറന്നുപറയണം.
വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കിയുള്ള വാചകക്കസര്‍ത്തുകള്‍ പൊതുവിദ്യാഭ്യാസത്തെ നശിപ്പിക്കും. ഓരോരുത്തരുടെയും തോന്നലിനും അജണ്ടകള്‍ക്കും അനുസരിച്ചു രൂപപ്പെടുത്താവുന്ന ഒന്നല്ല പൊതുവിദ്യാലയം. വിദ്യാഭ്യാസ മനഃശാസ്ത്രത്തില്‍ ബോധനരീതിയുടെ നിരവധി മാതൃകകള്‍ പറയുന്നുണ്ട്. മൂല്യനിര്‍ണയത്തിന് അനവധി രൂപങ്ങളുണ്ട്. അതെല്ലാം തന്നെ കേരളത്തിലെ പാഠ്യപദ്ധതിയുടെ ഭാഗമല്ല.
ഒട്ടേറെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് കേരളത്തിന് അനുഗുണമായ രീതിശാസ്ത്രത്തെ മാത്രം പൊതുവിദ്യാലയങ്ങളില്‍ പ്രയോഗവത്കരിച്ചത്. ഈ ചര്‍ച്ചകളും പഠനങ്ങളും ഒന്നുമില്ലാതെ, വിവാദമാകുമ്പോള്‍ ‘പി ടി എകള്‍ക്ക് തീരുമാനിക്കാ’മെന്ന മറുപടിയാണ് നല്‍കുന്നതെങ്കില്‍ പൊതുവിദ്യാലയം എന്ന ആശയം തന്നെ അപ്രസക്തമാകും. ഉദാഹരണത്തിന്, ഓരോ സ്‌കൂളും മൂല്യനിര്‍ണയത്തിന്, പൊതുപരീക്ഷയ്ക്ക് പകരം അവരവര്‍ക്ക് തോന്നുന്ന മാതൃകകളാണ് സ്വീകരിക്കുന്നതെങ്കില്‍ അതെത്ര മാത്രം അപഹാസ്യമാകും?
ഓരോ സ്‌കൂളും ഓരോ രാജ്യമാണ്. സ്‌കൂളുകള്‍ മുന്നോട്ടുപോകുന്ന ഭരണഘടനയാണ് പാഠപുസ്തകവും കരിക്കുലവും വിദ്യാഭ്യാസ നയങ്ങളും. അതില്‍ ഏതു മാറ്റവും കൊണ്ടുവരുന്നതിനു മുമ്പ് വിശദമായ ചര്‍ച്ചകളും അംഗീകാരവും നേടേണ്ടതുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കുകയും വ്യക്തത വരുത്തുകയും വേണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x