9 Sunday
May 2021
2021 May 9
1442 Ramadân 26

മുസ്്ലിംകള്‍ പീഡിപ്പിക്കപ്പെടുന്നത് നമസ്‌കരിക്കാത്തതുകൊണ്ടോ?

പി കെ മൊയ്തീന്‍ സുല്ലമി


ഫാസിസത്തെ തലോടിയും മുസ്‌ലിം വിരുദ്ധരെ പ്രീതിപ്പെടുത്തിയും സമ്പത്തും സ്ഥാനമാനങ്ങളും വര്‍ധിപ്പിക്കുന്ന തിരക്കിലാണ് ചില പുരോഹിതന്മാര്‍. അതിന്റെ അടയാളമാണ് എ പി വിഭാഗം സമസ്തയുടെ നേതാവ് അബ്ദുല്‍ഹകീം അസ്ഹരിയുടെ പ്രസ്താവന. ഗുജറാത്തിലെ മുസ്‌ലിംകളും റോഹിങ്ക്യന്‍ മുസ്്‌ലിംകളും ചുട്ടെരിക്കപ്പെട്ടത് നമസ്‌കരിക്കാത്തതിനാലാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. (മാധ്യമം 31/03/2021).
ഇസ്ലാമിനെക്കുറിച്ച് സാമാന്യ ബോധമുള്ള ഒരു പണ്ഡിതനില്‍ നിന്നുണ്ടാവേണ്ട പ്രസ്താവനയല്ല ഇത്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഒന്ന്: തീകൊണ്ട് ശിക്ഷിക്കുകയെന്നത് ഇസ്ലാം നിരോധിച്ചതാണ്. ഇക്‌രിമ(റ) പറയുന്നു: അലി(റ) ഒരു സമൂഹത്തെ ചുട്ടുകൊന്നു. ഈ വാര്‍ത്ത ഇബ്‌നു അബ്ബാസിന്റെ(റ) അരികിലെത്തി. അദ്ദേഹം പറഞ്ഞു: ഞാനായിരുന്നെങ്കില്‍ അവരെ ചുട്ടുകൊല്ലുമായിരുന്നില്ല. കാരണം നബി(സ) ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: നിങ്ങള്‍ അല്ലാഹു ശിക്ഷിക്കുന്നതു പോലെ (തീകൊണ്ട്) ശിക്ഷിക്കരുത്.” (ബുഖാരി 3017 ഫത്ഹുല്‍ ബാരി 7:6820)
രണ്ട്: ഇസ്‌ലാമിക കാര്യങ്ങളില്‍ അലംഭാവം കാണിക്കുന്നവരെ ചുട്ടെരിക്കുന്നത് മതവിരുദ്ധമാണ്. മനുഷ്യത്വ രാഹിത്യവുമാണ്. അത്തരം ഒരു കല്പന മതനിയമങ്ങളില്‍ എവിടെയുമില്ല.
മൂന്ന്: നമസ്‌കരിക്കാത്തതിന്റെ പേരിലാണ് മ്യാന്‍മറിലും ഗുജറാത്തിലും മുസ്ലിംകളെ ചുട്ടുകൊന്നതെന്ന വാദം അസംബന്ധമാണ്. ഇസ്ലാമിന്റെ വിരോധികള്‍ എപ്പോഴും വിരോധം പുലര്‍ത്താറുള്ളത് നമസ്‌കാരം, നോമ്പ് എന്നിവ ചിട്ടയായി നിലനിര്‍ത്തുന്നവരോടാണ്. ഇസ്‌ലാം വിരോധികള്‍ മുസ്‌ലിംകളെ കൊന്നൊടുക്കുമ്പോള്‍ നമസ്‌കരിക്കുന്നവര്‍ എന്നോ നമസ്‌കരിക്കാത്തവര്‍ എന്നോ നോക്കാറില്ല. അവര്‍ക്കാവശ്യം മുസ്ലിം പേരുള്ളവരെയാണ്. അതിന്റെ പിന്നിലുള്ളത് ഇസ്‌ലാമിനോടുള്ള വിരോധമാണ്.
നാല്: തീവ്രവാദികള്‍ വധിക്കുന്നത് നമസ്‌കരിക്കാത്തവരെ മാത്രമാണോ? പിന്നെ എന്തിനാണവര്‍ നമസ്‌കാരം നിലനിര്‍ത്തിപ്പോരുന്ന പള്ളികള്‍ നശിപ്പിക്കുന്നത്. നമസ്‌കാരം നിലനിര്‍ത്തുന്ന പള്ളികള്‍ പരിപാലിക്കുന്നവരെ കൊലപ്പെടുത്തുന്നത്?
അഞ്ച്: സത്യവിശ്വാസവും സല്‍കര്‍മവും അനുഷ്ഠിച്ചു പോരുന്ന ഭക്തന്മാര്‍ പരീക്ഷിക്കപ്പെടുമെന്ന് ഖുര്‍ആനിലും സുന്നത്തിലും പറയുന്നുണ്ട്. നമസ്‌കരിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ കല്‍പനകള്‍ ജീവിതത്തില്‍ പുലര്‍ത്തി ജീവിക്കുന്ന യഥാര്‍ഥ ഭക്തന്മാര്‍ക്കുമാണ് ഇസ്ലാമിന്റെ ശത്രുക്കളായ നിഷേധികളില്‍ നിന്ന് മര്‍ദ്ദനം നേരിടേണ്ടിവരിക. നമസ്‌കരിക്കാത്തവര്‍ക്ക് മാത്രമല്ല, ദീനില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്കും പരീക്ഷണമുണ്ടാകും.
അല്ലാഹു പറയുന്നു: ”അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍(സത്യവിശ്വാസികള്‍)ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കുമെന്ന് അവരിലെ പ്രവാചകനും അവരോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവ വിറപ്പിക്കപ്പെടുകയും ചെയ്തു. (അല്‍ബഖറ 214).
ശത്രുക്കളാല്‍ വലിയ മര്‍ദനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയരായ മേല്‍പറഞ്ഞ പ്രവാചകനും അനുയായികളും നമസ്‌കരിക്കാത്തവരായിരുന്നോ?
”അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ സമരത്തിലേര്‍പ്പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചു കളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കുകയാണോ?” (ആലുഇംറാന്‍ 142)
സ്വര്‍ഗം കരസ്ഥമാകണമെങ്കില്‍ കേവലം നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് പോലുള്ള ആരാധനാകര്‍മ്മങ്ങള്‍ മാത്രം മതിയാകുന്നതല്ലെന്നും ത്യാഗവും കഷ്ടപ്പാടും മര്‍ദനങ്ങളും ക്ഷമയോടെ നേരിട്ട് മുന്നോട്ടു നീങ്ങിയെങ്കില്‍ മാത്രമേ സ്വര്‍ഗം ലഭിക്കൂ എന്നാണ് മേല്‍വചനം സൂചിപ്പിക്കുന്നത്. ത്യാഗം സഹിക്കുന്നതില്‍ വിമുഖത കാണിക്കുന്നവര്‍ യഥാര്‍ഥ സത്യവിശ്വാസികളല്ലായെന്നതാണ് മേല്‍ വചനത്തിന്റെ രത്നച്ചുരുക്കം.
”ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതു കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്.” (അന്‍കബൂത്ത് 23)
കേവലം ബാഹ്യമായ വിശ്വാസവും ആരാധനാകര്‍മങ്ങളും കൊണ്ട് മാത്രം സ്വര്‍ഗം ലഭിക്കില്ലെന്നും ത്യാഗം സഹിക്കേണ്ട സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അത് സഹിക്കാനും ക്ഷമിക്കാനും സന്നദ്ധരായവര്‍ക്കു മാത്രമേ സ്വര്‍ഗം ലഭിക്കൂ എന്ന് മേല്‍ വചനവും സൂചിപ്പിക്കുന്നു. തീ കൊണ്ട് പരീക്ഷിക്കപ്പെട്ട ഒരു സ്വഹാബിയായിരുന്നു ഖബ്ബാബ്(റ). അദ്ദേഹം പരീക്ഷിക്കപ്പെട്ടത്; മുശ്‌രിക്കായ യജമാനന്റെ അടിമയായ അദ്ദേഹം നമസ്‌കാരവും ഈമാനും നിലനിര്‍ത്തിയതു കൊണ്ടായിരുന്നു.
ഉമര്‍(റ) ഒരിക്കല്‍ അദ്ദേഹത്തോട് തനിക്ക് ജാഹിലിയ്യാ കാലത്ത് ഏറ്റിരുന്ന മര്‍ദനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ തട്ടം നീക്കി പുറം കാണിച്ചു കൊടുത്തു. അതുകണ്ട് ഉമര്‍(റ) നടുങ്ങി. പ്രസ്തുത സംഭവം അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു: മുശ്‌രിക്കുകള്‍ എനിക്കുവേണ്ടി വിറകു മുട്ടികള്‍ കത്തിച്ചു. അത് തീക്കനലായിത്തീര്‍ന്നപ്പോള്‍ അവര്‍ എന്റെ വസ്ത്രങ്ങള്‍ ഊരിയെടുത്ത് തീക്കനലില്‍ കിടത്തി വലിച്ചിഴച്ചു. എന്റെ പുറത്തെ മാംസം എല്ലില്‍ നിന്ന് ഉതിര്‍ന്നു വീണു. എന്റെ ശരീരത്തില്‍ നിന്ന് ഒലിക്കുന്ന നീരു തട്ടിയാണ് തീക്കനല്‍ കെട്ടിരുന്നത്.”
അമ്മാറുബ്‌നു യാസിറും(റ) തന്റെ യജമാനനില്‍ നിന്ന് കടുത്ത ശിക്ഷ ഏല്‍ക്കേണ്ടി വന്നത് നമസ്‌കാരം ഉപേക്ഷിച്ചതു കൊണ്ടായിരുന്നില്ല. ഈമാനും നമസ്‌കാരവും നിലനിര്‍ത്തിയതു കൊണ്ടായിരുന്നു. സൂറത്തു നഹ്‌ലിലെ 106-ാം വചനം അവതരിക്കാനുള്ള കാരണം ഇമാം ഇബ്നു കസീര്‍(റ) വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:
”അമ്മാര്‍(റ) ഈമാനിനു ശേഷം നാക്കു കൊണ്ട് (ബാഹ്യമായി) കുഫ്റിന്റെ വാക്ക് ഉച്ചരിച്ചതിനെ സംബന്ധിച്ചാണ്.” (ഇബ്‌നുകസീര്‍ 2:587)
അല്ലാഹു പറയുന്നു: ”വിശ്വസിച്ചതിനു ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ, തങ്ങളുടെ മനസ്സ് വിശ്വാസത്തില്‍ (അടിയുറച്ച്) സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരൊഴിച്ച്, പക്ഷെ തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും.” (നഹ്ല്‍ 106)

ഇമാം ഇബ്നു കസീറടക്കമുള്ള പണ്ഡിതന്മാരും മുഫസ്സിറുകളും മേല്‍വചനത്തിന്റെ അവതരണ പശ്ചാത്തലം വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”അമ്മാറുബ്‌നു യാസിറിനെ(റ) മുസ്‌ലിമായതിന്റെ പേരില്‍ കഠിനമായി മര്‍ദിക്കുകയുണ്ടായി. മര്‍ദനത്തിന്റെ കാഠിന്യത്താല്‍ അതില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടി അദ്ദേഹം കുഫ്‌റിന്റെ ഒരു വാക്ക് ഉച്ചരിച്ചു. അതിന് കുറ്റമില്ലായെന്നാണ് മേല്‍വചനം സൂചിപ്പിക്കുന്നത്. പക്ഷെ മനസ്സില്‍ അടിയുറച്ച ഈമാന്‍ വേണം.” (ഇബ്‌നുകസീര്‍ 2:587)
ഇങ്ങനെ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും വിധേയരായവര്‍ പ്രവാചകന്മാരും സ്വാലിഹീങ്ങളുമാണ് എന്നാണ് നബി(സ) അരുളിയത്. അവരൊക്കെ മര്‍ദിക്കപ്പെട്ടത് നമസ്‌കാരം ഉപേക്ഷിച്ചതു കൊണ്ടായിരുന്നില്ല. നബി(സ)യുടെ വചനം ഇമാം ഇബ്‌നുകസീര്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”സ്വഹീഹായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ജനങ്ങളില്‍ ഏറ്റവുമധികം പരീക്ഷണത്തിന് വിധേയരായവര്‍ അമ്പിയാക്കളാണ്. പിന്നീട് സദ്്‌വൃത്തരാണ്.” (ഇബ്‌നുകസീര്‍ 3:404)
എന്നാല്‍ നമസ്‌കരിക്കാത്തതിന്റെ പേരില്‍ ചുട്ടെരിക്കപ്പെടുകയോ മര്‍ദിക്കപ്പെടുകയോ ചെയ്ത ഒരു ജനവിഭാഗത്തെ സംബന്ധിച്ച് പ്രമാണങ്ങളിലെവിടെയും പറയുന്നില്ല. അത് സംഘപരിവാറിനെയും നരേന്ദ്രമോഡിയെയും വെള്ളപൂശാനും തൃപ്തിപ്പെടുത്താനും നടത്തുന്ന ജല്‍പനം മാത്രമാണ്.
ഈമാനും നമസ്‌കാരവും നിലനിര്‍ത്തിപ്പോന്നതിന്റെ പേരില്‍ മുന്‍ഗാമികളില്‍ ചിലരെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം തീക്കുണ്ഠത്തിലിട്ട് ചുട്ടെരിച്ച സംഭവം വിശുദ്ധഖുര്‍ആന്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:
”ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. അഥവാ വിറക് നിറച്ച തീയിന്റെ ആള്‍ക്കാര്‍. അവര്‍ അതിന്മേല്‍ ഇരുന്നിരുന്ന സന്ദര്‍ഭം. സത്യവിശ്വാസികളെക്കൊണ്ട് അവര്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്ന കുറ്റമല്ലാതെ അവരുടെ മേല്‍ അവര്‍ (മര്‍ദകര്‍) ചുമത്തിയിരുന്നില്ല.” (ബുറൂജ് 48)
അപ്പോള്‍ മുന്‍ഗാമികള്‍ മര്‍ദിക്കപ്പെട്ടത് ദീനില്‍ അടിയുറച്ച് വിശ്വസിച്ചതുകൊണ്ടും ദീനീകര്‍മങ്ങള്‍ നിര്‍വഹിച്ചതു കൊണ്ടുമാണെന്ന് സൂറത്തുല്‍ ബുറൂജിലെ സംഭവം നമുക്ക് വിശദീകരിച്ചു തരുന്നു. നബി(സ)യുടെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍ മാലകള്‍ ചാര്‍ത്തിയത് നബി(സ) നമസ്‌കരിക്കുമ്പോഴായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ ധിക്കാരിയായ ഫറോവ തന്റെ ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് അവര്‍ ദീനീ വിശ്വാസവും ആചാരവും മുറുകെ പിടിച്ചു ജീവിച്ചതു കൊണ്ടാണ്. മരണസന്ദര്‍ഭത്തില്‍ അവരുടെ പ്രാര്‍ഥന സൂറത്തു തഹ്രീം 11-ാം വചനത്തില്‍ വിശദീകരിക്കുന്നുണ്ട്.
മുസ്‌ലിംകള്‍ ഗുജറാത്തിലും മ്യാന്‍മറിലും ചുട്ടെരിക്കപ്പെട്ടത് അവര്‍ നമസ്‌കാരം ഉപേക്ഷിച്ചതു കൊണ്ടായിരുന്നു എന്ന ജല്‍പനം ശുദ്ധ അസംബന്ധവും മുസ്ലിം വിരോധികളുടെ കയ്യടി വാങ്ങാന്‍ വേണ്ടിയുള്ളതുമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x