23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലെ അവിഭാജ്യ ഘടകമാണ് മുസ്‌ലിംകള്‍

സയ്യിദ് ഉബൈദുര്‍റഹ്മാന്‍


ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകളുടെ പങ്ക് സംശയത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത വിധം വളരെ വലുതായിരുന്നു. സ്വന്തം ജീവിതത്തേക്കാള്‍ രാഷ്ട്രത്തിനു വേണ്ടിയാണ് അവര്‍ നിലകൊണ്ടത്. രാഷ്ട്രത്തിനു വേണ്ടി മുസ്‌ലിംകള്‍ വലിയ ത്യാഗങ്ങള്‍ അനുഷ്ഠിച്ചു. ഒടുവിലത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫര്‍ മുതല്‍ നവാബുമാരും രാജകുമാരന്മാരും എല്ലാ വിഭാഗങ്ങളിലും പെട്ട ഭൂപ്രഭുക്കന്മാരും സാധാരണക്കാരും വരെയുള്ളവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി. അവര്‍ വലിയ വെല്ലുവിളി ഏറ്റെടുക്കുകയും രാജ്യത്തിനു വേണ്ടി സര്‍വസ്വവും ത്യജിക്കുകയും ചെയ്തു.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഉലമാക്കള്‍ കശാപ്പ് ചെയ്യപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് മുഴുവന്‍ മുസ്‌ലിംകളെയും ഒഴിപ്പിച്ചു. സ്വന്തം വീട്ടില്‍ തിരിച്ചെത്താനും സ്വത്തുക്കള്‍ വീണ്ടെടുക്കാനും അവരെ അനുവദിച്ചില്ല.
1800 മുതല്‍ 1947 വരെയുള്ള കാലയളവിലെ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളെ തമസ്‌കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ സ്വന്തം ചരിത്രം സംരക്ഷിക്കാന്‍ 200 ദശലക്ഷം വരുന്ന ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്തുനിന്ന് യാതൊരു സംഘടിത ശ്രമവും നടക്കുന്നതായി കാണുന്നില്ല. 1857ലെ കലാപത്തിലായാലും അതിനു ശേഷമുണ്ടായ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലായാലും നേതൃത്വപരമായ പങ്കാണ് മുസ്‌ലിംകള്‍ വഹിച്ചത്. 1857ലെ കലാപത്തിന് കാരണക്കാരായി ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ചരിത്രകാരന്മാരും മുസ്‌ലിംകളെയാണ് കുറ്റപ്പെടുത്തിയത്. മുസ്‌ലിംകള്‍ അങ്ങേയറ്റം ആപത്കാരികളായ വിമതരാണെന്ന് ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ചു. നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ ഉലമാക്കളും ജിഹാദികളും തയ്യാറാക്കിയ ഗൂഢാലോചനയുടെ ഫലമാണ് കലാപമെന്നും അവര്‍ പെരുമ്പറ കൊട്ടി.
രാജ്യത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ ആസന്ന നാശം 1857ലെ കലാപത്തിനു മുമ്പ് ഉലമാക്കളും സൂഫികളും പ്രവചിച്ചിരുന്നതാണ്. വിപ്ലവം ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ ആയിരക്കണക്കിന് മുസ്‌ലിം പോരാളികള്‍ ചെറുത്തുനില്‍പിന്റെ സിരാകേന്ദ്രങ്ങളായ ഡല്‍ഹി, ലഖ്‌നോ, ബറേലി, ആഗ്ര, താനാഭവന്‍, കാണ്‍പൂര്‍, ഷാജഹാന്‍പുര്‍ എന്നിവിടങ്ങള്‍ താവളമാക്കി. അവസാന ശ്വാസം വരെ അവര്‍ പൊരുതുകയും ചെയ്തു.
വിമതര്‍ മിക്കവാറും ഡല്‍ഹി കൈയൊഴിഞ്ഞപ്പോഴും മുസ്‌ലിം പോരാളികള്‍ ഉറച്ചുനിന്നു. ധാന്യവിതരണം തടസ്സപ്പെട്ട് പട്ടിണിയിലായപ്പോള്‍ പോലും അവര്‍ കടുത്ത പോരാട്ടം കാഴ്ചവെച്ചുവെന്നത് രഹസ്യമല്ല. കൊള്ള നടത്തിയ ബ്രിട്ടീഷ് സൈനികരെ നേരിടുന്നതിനിടെ അവര്‍ ജീവന്‍ ബലിയര്‍പ്പിച്ചു. ബ്രിട്ടീഷ് സൈനികരെ ജയിക്കാന്‍ മുസ്‌ലിം പോരാളികള്‍ക്കായില്ല.
1857ലെ കലാപം തുടങ്ങുന്നതിനു വളരെ മുമ്പു തന്നെ നിരവധി ഇടങ്ങളില്‍ ഉലമാക്കളും സൂഫികളും ജിഹാദിന് (വിശുദ്ധ യുദ്ധം അഥവാ അനീതിക്കെതിരായ യുദ്ധം) ആഹ്വാനം ചെയ്തിരുന്നു. മൗലവി അമാനുല്ലാ ഷാ അവരിലൊരാളായിരുന്നു. ആഗ്രയില്‍ മതപ്രഭാഷണത്തിനിടെയാണ് അദ്ദേഹം ജിഹാദിന് ആഹ്വാനം ചെയ്തത്. കലാപത്തിന് ഏതാനും വര്‍ഷം മുമ്പ് ഷാ അറസ്റ്റിലായിരുന്നു. കലാപം തുടങ്ങിയപ്പോള്‍ അനുയായികള്‍ ഫൈസാബാദ് ജയില്‍ ഭേദിച്ച് അദ്ദേഹത്തെ മോചിപ്പിച്ചു. കലാപകാലത്ത് മൗലവി ലിയാഖത്ത് അലിയുടെ നിയന്ത്രണത്തിലായിരുന്നു അലഹബാദ്. അലിയെ ഗവര്‍ണറായി പ്രഖ്യാപിച്ചത് ബഹദൂര്‍ഷാ സഫര്‍ ആയിരുന്നു.
അക്കാലത്തെ നേതാക്കളില്‍ മറ്റൊരാളായിരുന്നു മൗലവി സര്‍ഫറാസ് അലി. അദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നുവെന്നത് നിഗൂഢതയില്‍ മൂടിക്കിടക്കുകയാണ്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സൈന്യങ്ങളുടെ കമാന്‍ഡര്‍ ബക്ത് ഖാന്റെ ആത്മീയ ഗുരുവായിരുന്നു മൗലവി സര്‍ഫറാസ് അലി എന്നാണ് കരുതപ്പെടുന്നത്. സര്‍ഫറാസ് അലിയെ പോരാളികളുടെ നേതാവ് എന്നാണ് അനവധി പേര്‍ വിളിച്ചിരുന്നത്.
ഡല്‍ഹിയിലെ അറിയപ്പെടുന്ന മുഖമായിരുന്ന അലിക്ക് മുഗള്‍ കൊട്ടാരത്തിന്റെ വിശ്വാസം ആര്‍ജിക്കാനും കഴിഞ്ഞു. മദ്റസാ അധ്യാപകനായിരുന്ന അദ്ദേഹത്തിന് ഉത്തരേന്ത്യയില്‍ ഉടനീളം വലിയ അനുയായിവൃന്ദമുണ്ടായിരുന്നു. ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത് ബ്രിട്ടീഷ് സൈനികരെ നേരിടാന്‍ ബക്ത് ഖാനെ പ്രേരിപ്പിച്ചത് സര്‍ഫറാസ് അലിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഡല്‍ഹിയിലെത്തിയ ബക്ത് ഖാന്‍ വിമതസൈനികര്‍ക്കിടയില്‍ അച്ചടക്കം കൊണ്ടുവന്നു. അവരെ മികച്ച പോരാളികളായി വാര്‍ത്തെടുത്തു.
നവാബുമാരുടെ പങ്ക്
ഉലമാക്കളും സൂഫികളും മാത്രമല്ല മുസ്‌ലിം നവാബുമാരും ഭൂപ്രഭുക്കളും സാധാരണക്കാരും ധീരതയോടെ പൊരുതി. രാഷ്ട്രത്തിനു വേണ്ടി അനേകം പേര്‍ രക്തസാക്ഷിത്വം വരിച്ചു. കലാപത്തെ തുണച്ച നവാബുമാരെയും ധാര്‍മിക പിന്തുണ നല്‍കിയവരെയും ബ്രിട്ടീഷുകാര്‍ ഒറ്റപ്പെടുത്തി പക വീട്ടി. കലാപത്തെ പിന്തുണച്ചതിന് ഫാറൂഖാബാദ് നവാബ് തഫസുല്‍ ഹുസൈന്‍ ഖാന് വലിയ വില നല്‍കേണ്ടിവന്നു. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്ത ശേഷം ഹിജാസിലേക്ക് അയച്ചു. ഹിജാസില്‍ വെച്ച് കൊടും ദാരിദ്ര്യത്തിലാണ് അദ്ദേഹം മരിച്ചത്.

ഝാജര്‍ നവാബ് അബ്ദു റഹ്മാന്‍ ഖാനെ ഡല്‍ഹി കോട്‌വാലിയില്‍ വെച്ച് തൂക്കിക്കൊന്നു. 1857 ഡിസംബര്‍ 23നായിരുന്നു സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം കുഴിയിലെറിഞ്ഞു. ശവമടക്കിന്റെ അടയാളമായി ചെറിയ മണ്‍കൂന ഉയര്‍ത്തി. റഹ്മാന്‍ ഖാന്റെ സ്വത്തുക്കളും പിടിച്ചെടുത്തു. ഭോപാലിനടുത്ത അംബപാനിയിലെ നവാബും ജഗിര്‍ദാറുമായ ഫസീല്‍ മുഹമ്മദ് ഖാന്‍ കലാപകാലത്ത് പ്രധാന നേതാക്കളിലൊരാളായിരുന്നു. വിമതസേനകള്‍ പരാജയപ്പെട്ടതോടെ അദ്ദേഹത്തെയും 18 സഹപ്രവര്‍ത്തകരെയും ബ്രിട്ടീഷുകാര്‍ പിടികൂടി. രഹത്ത്ഗഡ് കൊട്ടാരത്തിന്റെ കവാടത്തിനു മുകളില്‍ അവരെ തൂക്കിക്കൊന്നു. ഖാന്റെ സ്വത്തുക്കളും പിടിച്ചെടുത്തു. കലാപത്തെ തുണച്ച ഫാറൂഖ് നഗര്‍ നവാബ് അഹ്മദ് അലി ഖാനും വലിയ വില കൊടുക്കേണ്ടിവന്നു. അറസ്റ്റിലായ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അലി ഖാനെ 1857 ഡിസംബറില്‍ തൂക്കിക്കൊന്നു. അദ്ദേഹത്തിന്റെ വസ്തുവകകള്‍ പിടിച്ചെടുത്തു. അതോടെ കുടുംബം ദാരിദ്ര്യത്തിന്റെ കൊടുംകയത്തിലേക്ക് എടുത്തെറിയപ്പെട്ടു.
ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ മുസ്‌ലിംകള്‍ക്ക് സുപ്രധാന പങ്കുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തി അങ്ങേയറ്റം നികൃഷ്ടമായ പ്രതികാരം നിര്‍വഹിച്ചത്. ആയിരക്കണക്കിന് ഉലമാക്കള്‍ തൂക്കിലേറ്റപ്പെട്ടു. ബ്രിട്ടീഷ് ആരാച്ചാരന്മാര്‍ തൂക്കിലേറ്റി തളര്‍ന്നപ്പോള്‍ നിരവധി പേരെ ആളൊഴിഞ്ഞ ഇടങ്ങളില്‍ കൊണ്ടുപോയി വെടിവെച്ചുകൊന്നു. പ്രശസ്ത ഉര്‍ദു പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് ബാഖിറിനെ പോലുള്ളവരെ പീരങ്കിയില്‍ കെട്ടിയിട്ട് സ്‌ഫോടനത്തില്‍ കഷ്ണങ്ങളാക്കി.

1857ല്‍ ബ്രിട്ടീഷുകാര്‍ നഗരത്തില്‍ അധിനിവേശം പുനഃസ്ഥാപിച്ചപ്പോള്‍ മുസ്ലിംകളെ കൊല്ലുന്നതിനും സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതിനും സൈന്യത്തിന് പരിപൂര്‍ണ സ്വാത്രന്ത്യം നല്‍കി. അധിനിവേശ ശക്തികള്‍ക്ക് ഡല്‍ഹി സുരക്ഷിതമാക്കുന്നതിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിഞ്ഞുപോകാന്‍ സൈന്യം നഗരവാസികളോട് കല്‍പിച്ചു. പ്രശസ്ത ഉര്‍ദു-പേര്‍ഷ്യന്‍ കവി അസദുല്ല ഖാന്‍ ഗാലിബിനു മാത്രം നഗരത്തില്‍ താമസിക്കാന്‍ അനുമതി നല്‍കി. പാട്യാല മഹാരാജാവിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു അത്. പാട്യാല മഹാരാജാവ് ബ്രിട്ടീഷ് ഭരണാധികാരികളെ പിന്തുണച്ചിരുന്നു. അദ്ദേഹം സൈന്യത്തെ അയക്കുകയും ചെയ്തിരുന്നു. രാജാവിന്റെ ഇടപെടല്‍ കൊണ്ട് ഗാലിബിന്റെ സ്വത്തുക്കളും സുരക്ഷിതമാക്കപ്പെട്ടു. ഡല്‍ഹിയുടെ പതനത്തില്‍ അതിജീവിച്ച മുഗള്‍ കൊട്ടാരത്തിലെ ഏക അംഗവും ഗാലിബായിരുന്നു. മറ്റുള്ളവരെല്ലാം കൊല്ലപ്പെടുകയോ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തു. അവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു.
മുസ്‌ലിംകളോടുള്ള രോഷം
ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ നഗരത്തില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടെങ്കിലും ഹിന്ദുക്കളെ 1858ല്‍ തിരിച്ചുവരാന്‍ അനുവദിച്ചു. മുസ്‌ലിംകള്‍ക്ക് രണ്ടു വര്‍ഷം കൂടി പുറത്തു കഴിയേണ്ടിവന്നു. കലാപത്തിനു പിന്നിലെ ആസൂത്രകര്‍ മുസ്ലിംകളാണെന്ന് ബ്രിട്ടീഷുകാര്‍ വിശ്വസിച്ചുവെന്നത് ചരിത്ര വസ്തുതയാണ്. കലാപത്തെ തുടര്‍ന്ന് കൊളോണിയല്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ രോഷത്തിന് മുസ്‌ലിംകള്‍ ഇരകളായി.

മുസ്‌ലിംകളുടെ ആരാധനാലയങ്ങളും മറ്റ് ആത്മീയ പ്രതീകങ്ങളും അധികാരവും ബ്രിട്ടീഷുകാര്‍ കവര്‍ന്നു. അവരുടെ കെട്ടിടങ്ങള്‍ ബ്രിട്ടീഷ് സൈനികരുടെ ബാരക്കുകളായി. സൈനിക ബാരക്കാക്കിയ ജുമാമസ്ജിദില്‍ നിരവധി സിഖ് ശിപായിമാര്‍ താമസിച്ചു. മുഫ്തി സദറുദ്ദീന്‍ അസര്‍ദയുടെ മുന്‍കൈയില്‍ നടന്ന നീണ്ട അനുരഞ്ജന ചര്‍ച്ചയ്‌ക്കൊടുവിലാണ് പള്ളി മുസ്ലിംകള്‍ക്ക് തിരിച്ചുനല്‍കിയത്. ഫതേഹ്പുരി മസ്ജിദ് ഒരു ഹിന്ദു വ്യാപാരിക്ക് വിറ്റു. വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ക്ക് വലിയ വില നല്‍കിയാണ് മുസ്‌ലിംകള്‍ പള്ളി വീണ്ടെടുത്തത്.
കലയുടെയും പഠനഗവേഷണങ്ങളുടെയും കേന്ദ്രമായ കുച്ചാചെലയില്‍ പ്രശസ്ത പണ്ഡിതന്‍ ഇമാം ബക്ഷ് സന്‍സാരിയും അദ്ദേഹത്തിന്റെ ആണ്‍മക്കളുമടക്കം മുഴുവന്‍ ആളുകളും (1400 പേര്‍) കശാപ്പ് ചെയ്യപ്പെട്ടു. എല്ലാവരെയും വധിക്കാന്‍ സൈനികര്‍ക്ക് ഉത്തരവ് ലഭിച്ചിരുന്നുവെന്നാണ് ഇതു സംബന്ധിച്ച് യുവ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് വിബാര്‍ട്ട് പറയുന്നത്. അദ്ദേഹം പറയുന്നു: ”അത് അക്ഷരാര്‍ഥത്തില്‍ കൊലപാതകമായിരുന്നു. ക്രൂരവും ഭയങ്കരവുമായ കാഴ്ചകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇന്നലെ ഞാന്‍ സാക്ഷ്യം വഹിച്ച അത്തരമൊന്ന് കാണാന്‍ ഇനിയൊരിക്കലും ഇടയാകരുതേ എന്നാണ് എന്റെ പ്രാര്‍ഥന. അവിടെ സ്ത്രീകളെ എല്ലാവരെയും വെറുതെ വിട്ടിരുന്നു. പക്ഷേ, കൊല ചെയ്യപ്പെട്ട ഭര്‍ത്താക്കന്മാരുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടപ്പോള്‍ സ്ത്രീകളില്‍ നിന്നുയര്‍ന്ന അലമുറകള്‍ ഹൃദയഭേദകമായിരുന്നു.”
വില്യം ഡാള്‍റിമ്പിള്‍ തന്റെ പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: ”കൊലപാതകത്തെ അതിജീവിച്ച നഗരവാസികള്‍ നാട്ടിന്‍പുറത്തേക്ക് ആട്ടിയോടിക്കപ്പെട്ടു. ഡല്‍ഹി ശൂന്യമായി. രാജകുടുംബം സമാധാനപരമായി കീഴടങ്ങിയിരുന്നെങ്കിലും ചക്രവര്‍ത്തിയുടെ 16 മക്കളില്‍ മിക്കവരെയും ബ്രിട്ടീഷുകാര്‍ പിടികൂടുകയായിരുന്നു. അവരെ വിചാരണ ചെയ്ത് തൂക്കിക്കൊന്നു. മൂന്നു മക്കളെ നഗ്‌നരാക്കി നടത്തി. തുടര്‍ന്ന് വെടിവെച്ചുകൊന്നു. 24 മണിക്കൂറിനകം രാജകുടുംബംഗങ്ങളെയെല്ലാം മറവു ചെയ്തു.”
ആ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം ക്യാപ്റ്റന്‍ വില്യം ഹഡ്‌സണ്‍ തന്റെ സഹോദരിക്ക് എഴുതി: ”ഞാന്‍ ക്രൂരനല്ല. എന്നാല്‍ ഈ നികൃഷ്ടരെ ഭൂമിയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നത് ആസ്വദിച്ചുവെന്ന് ഞാന്‍ സമ്മതിക്കുന്നു.”

ഡല്‍ഹിയില്‍ സംഭവിച്ചതു തന്നെ വിമതരുടെ മിക്ക ശക്തികേന്ദ്രങ്ങളിലും ആവര്‍ത്തിച്ചു. ലഖ്‌നോയിലും അലഹാബാദിലും ബറേലിയിലും കാണ്‍പൂരിലും വിമതരുടെ മറ്റു ശക്തികേന്ദ്രങ്ങളിലും പട്ടണകേന്ദ്രങ്ങള്‍ നിരപ്പാക്കപ്പെട്ടു. ജനങ്ങള്‍ കൂട്ടക്കൊലയ്ക്കിരയായി. അവരുടെ ഭവനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടി.
റശ്മി റുമല്‍ തഹ്‌രീക്
കലാപത്തിന് നേതൃത്വം നല്‍കുക മാത്രമായിരുന്നില്ല മുസ്‌ലിംകളുടെ ദൗത്യം. കൊളോണിയല്‍ ഭരണത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളുടെയും മുന്‍നിരയില്‍ അവര്‍ ഉണ്ടായിരുന്നു. മൗലാനാ മഹ്മൂദ് ഹസന്‍, മൗലാനാ ഉബൈദുല്ലാ സിന്ധി എന്നിവര്‍ നേതൃത്വം നല്‍കിയ റശ്മി റുമല്‍ തെഹ്‌രീക് ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാന്‍ യത്‌നിച്ച സംഘടനയായിരുന്നു. ബ്രിട്ടീഷ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സംഘടനയുടെ നീക്കങ്ങള്‍ കണ്ടുപിടിച്ചു. വൈകാതെ സംഘടനയെ തകര്‍ക്കുകയും അതിന്റെ നൂറുകണക്കിന് അനുയായികളെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. വര്‍ഷങ്ങളോളം വിചാരണയില്ലാതെ അവര്‍ ജയിലില്‍ നരകിച്ചു. മൗലാനാ മഹ്മൂദ് ഹസന്‍ അടങ്ങുന്ന നേതൃത്വത്തെ പ്രഹസന വിചാരണയ്ക്കു ശേഷം മാള്‍ട്ടയിലേക്ക് നാടുകടത്തി. അവിടെ അവര്‍ വിവരണാതീതമായ ദുരിതങ്ങളോടെ ശിഷ്ടകാലം കഴിച്ചുകൂട്ടി.
കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ അവിഭാജ്യ ഘടകവുമായിരുന്നു മുസ്‌ലിംകള്‍. ജസ്റ്റിസ് ത്വയ്യിബ്ജി മുതല്‍ മൗലാനാ അബുല്‍ കലാം ആസാദ് വരെ എട്ട് മുസ്‌ലിം നേതാക്കള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്മാരായിരുന്നു. മുഹമ്മദ് അലി ജൗഹര്‍, ഷൗക്കത്ത് അലി, മൗലാനാ ആസാദ്, ഡോ. മുഖ്താര്‍ അന്‍സാരി, ഹകീം അജ്മല്‍ അന്‍സാരി, മൗലാനാ മഹ്മൂദ് ഹസന്‍ എന്നിവര്‍ അടക്കം മറ്റനേകം മുസ്‌ലിം നേതാക്കള്‍ ബഹുമാന്യരും ജനങ്ങള്‍ക്ക് പ്രിയങ്കരരുമായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു വേണ്ടി സാധ്യമായ വിധം അവര്‍ ത്യാഗങ്ങള്‍ അനുഷ്ഠിച്ചു. അവരുടെ ത്യാഗങ്ങളില്ലാതെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് ചിന്തിക്കാനാവില്ല.
ഇന്ത്യാ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. സ്വന്തം ചരിത്രം സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. അത് എളുപ്പമല്ല. അതിന് വിഭവങ്ങളും നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. മുസ്‌ലിം സംഘടനകള്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സ്വന്തം വഴിയില്‍ വിടവ് നികത്തുന്നവരെ അവര്‍ പിന്തുണയ്ക്കുകയെങ്കിലും വേണം.
(Biographical Encyclopedia of Indian Muslim Freedom Fighters എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകന്‍)
വിവ. കുന്നത്തൂര്‍ രാധാകൃഷ്ണന്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x