29 Wednesday
March 2023
2023 March 29
1444 Ramadân 7

മുസ്‌ലിംകളും ഇതരസമുദായ ആഘോഷങ്ങളും

പി കെ മൊയ്തീന്‍ സുല്ലമി


ഇവിടെ മുസ്‌ലിംകള്‍ ജീവിക്കുന്നത് ഇസ്‌ലാമിക ഭരണത്തിന് കീഴിലല്ല. ഇസ്‌ലാമിക നിയമപ്രകാരം വ്യഭിചരിക്കുന്നവന്‍ വിവാഹിതനാണെങ്കില്‍ എറിഞ്ഞുകൊല്ലണം. അല്ലാത്തപക്ഷം നൂറ് അടി ശിക്ഷ വിധിക്കണം. കട്ടവന്റെ കൈ മുറിക്കണം. അതൊന്നും ഇവിടെ നടക്കാറില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളില്‍പെട്ട ആരും തന്നെ ശബ്ദിക്കാറുമില്ല. കാരണം വളരെ വ്യക്തമാണ്. അതൊന്നും നമ്മുടെ കഴിവില്‍ പെട്ടതല്ല. അല്ലാഹു അരുളി: ‘അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നിര്‍ബന്ധിക്കുന്നില്ല.’ (അല്‍ബഖറ 286)
ആരോഗ്യവും സമ്പത്തും ഉള്ളവര്‍ക്കേ ഹജ്ജ് നിര്‍ബന്ധമാവൂ. അതുപോലെ തന്നെയാണ് ഇസ്‌ലാമിക ഭരണവും. അതിന് നാം പരിശ്രമം നടത്തേണ്ടതില്ല. എന്നാല്‍ ഇസ്‌ലാമിനെ ജനങ്ങളില്‍ എത്തിക്കാന്‍ പരമാവധി പരിശ്രമിക്കണം. കാരണം ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ മാത്രമേ ഇസ്‌ലാമിക ഭരണം ബാധ്യതയാകൂ. ഓണവും ക്രിസ്തുമസും മുസ്‌ലിംകളുടെ ആഘോഷമല്ല. മറിച്ച്, ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ആഘോഷങ്ങളാണ്. പ്രസ്തുത ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കില്ല. എന്നാല്‍, ചില മുസ്‌ലിം സ്ത്രീകള്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നത് കണ്ടു. ഒരു ഹൈന്ദവ പുരോഹിതന്‍ പോലും മുസ്‌ലിം സ്ത്രീകളുടെ ഈ അഴിഞ്ഞാട്ടത്തെ വിമര്‍ശിക്കുന്നത് കേട്ടു.
ഇതിന്റെ മറുവശം കൂടിയുണ്ട്. ഓണം ഹൈന്ദവ പൂജയും ആഘോഷവുമാണ്. അതിനോട് അടുക്കലോ ഓണത്തിന്റെ (ഹൈന്ദവരുടെ) ഭക്ഷണം കഴിക്കലോ ഹറാമാണ്. അങ്ങനെ ചെയ്യുന്നത് മറ്റുള്ള മതക്കാരോട് സാദ്യശ്യപ്പെടലാണ് എന്നതാണ് ആ വാദം. ഇത് ഉന്നയിക്കുന്നത് ചില തീവ്ര നിലപാടുകാരാണ്.
ഇസ്‌ലാമിക പ്രമാണങ്ങള്‍ വെച്ചുനോക്കുമ്പോള്‍ മേല്‍പറഞ്ഞ രണ്ടഭിപ്രായങ്ങളും അതിരുകവിയലാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒന്ന്, ഓണം ഒരു മതാചാരമായി പ്രത്യേക പൂജകള്‍ നടത്തി ആഘോഷിക്കുന്നവരുണ്ട്. പൂര്‍വീകമായ ഓണാചാരം അപ്രകാരമാണ്. അത് ദേശീയ ആഘോഷമായി ആഘോഷിക്കുന്നവരുമുണ്ട്. അത് ദേശീയ ആഘോഷമായതിനു ശേഷമാണ് മുസ്‌ലിംകള്‍ അതില്‍ ഭാഗഭാക്കാകാന്‍ തുടങ്ങിയത്. അതിനുമുമ്പ് ഓണാഘോഷം മുസ്‌ലിംകളുടെ പെരുന്നാളുകള്‍ പോലെ ഹിന്ദുക്കള്‍ മാത്രം കൊണ്ടാടിയിരുന്ന ഒരാഘോഷം മാത്രമായിരുന്നു. ദേശീയാഘോഷത്തില്‍ ഒരു പൂജയും ആരാധനയുമില്ല. അതിലുള്ളത് സ്‌പോര്‍ട്‌സുകളും കലയുടെയും വിനോദത്തിന്റെയും ഭാഗം എന്ന നിലയില്‍ പൂക്കള മത്സരങ്ങളുമാണ്. അത് ഗവണ്‍മെന്റ് കല്‍പന പ്രകാരം നടക്കുന്ന ഒരു ആഘോഷവുമാണ്. ഭരണാധികാരികള്‍ ആരായിരുന്നാലും അവര്‍ വിധിക്കുന്ന കാര്യങ്ങള്‍ക്ക് ഇസ്‌ലാമികമായി പ്രകടമായ രീതിയില്‍ നിഷിദ്ധമല്ലെങ്കില്‍ അവരെ അനുസരിക്കല്‍ നമുക്ക് ബാധ്യതയുമാണ്. നബി(സ) പറഞ്ഞു: ‘ഒരു കാര്യം നാം ഇഷ്ടപ്പെട്ടാലും വെറുത്താലും ശരി, ഭരണാധികാരികള്‍ പറയുന്നതും കല്‍പിക്കുന്നതുമായ കാര്യങ്ങള്‍ നിഷിദ്ധമല്ലെങ്കില്‍ അത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുകയെന്നത് ഒരു മുസ്‌ലിമിന് നിര്‍ബന്ധമായ കാര്യമാണ്’ (ബുഖാരി, മുസ്‌ലിം). ഈ നിലയില്‍ ചിന്തിക്കുമ്പോള്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലും മറ്റു ഓഫീസുകളിലും ദേശീയാഘോഷമെന്ന പേരില്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്.
രണ്ട്, നാം ജീവിക്കുന്നത് ഇസ്‌ലാമികേതര രാഷ്ട്രത്തിലാണ്. മുസ്‌ലിംകളായി ജീവിക്കാനും മറ്റു മതക്കാര്‍ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളാനും സൗഹാര്‍ദ അന്തരീക്ഷം നിര്‍ബന്ധമാണ്. അതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇതര വിശ്വാസികളുമായി സൗഹാര്‍ദം വേണ്ടിവരും. ഇബ്‌നുതൈമിയ(റ) പറയുന്നു: ‘അനിസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന ഒരു മുസ്‌ലിമിന് (നിരുപാധികം) മറ്റു മതക്കാരുടെ ആഘോഷങ്ങള്‍ക്ക് വിരുദ്ധം പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. പക്ഷെ, ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കല്‍ സുന്നത്തോ നിര്‍ബന്ധമോ ആയിത്തീരും. അത് അത്തരം പങ്കെടുക്കലുകള്‍ കൊണ്ട് ദീനീ പ്രബോധനത്തില്‍ വല്ല നന്മയും ഉണ്ടാകുന്ന പക്ഷമാണ്.’ (ഇഖ്തിഇ ഉസ്സ്വിറാത്വില്‍ മുസ്തഖീം 1:53)
മൂന്ന്, മറ്റു മതക്കാരുടെ ഭക്ഷണം കഴിക്കലോ അവരുടെ സഹായം സ്വീകരിക്കലോ ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ല. മുസ്‌ലിംകള്‍ക്ക് മറ്റുള്ളവരെ സഹായിക്കലും ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ല. ഇബ്‌റാഹീം നബി(അ) വളര്‍ന്നത് ക്ഷേത്രത്തിലെ പൂജാരിയും വിഗ്രഹ കച്ചവടക്കാരനുമായിരുന്ന പിതാവ് ആസറിന്റെ ഭക്ഷണം കഴിച്ചാണ്. മൂസാ നബി(അ)യെ 18 വയസ്സുവരെ ഭക്ഷണം കൊടുത്തുവളര്‍ത്തിയത് ഫറോവയായിരുന്നു. നബി(സ)യെ ഭക്ഷണം നല്‍കി വളര്‍ത്തിയത് ആദ്യം കഅ്ബാലയത്തിന്റെ മുതവല്ലിയും പിതാമഹനുമായ മുശ്‌രിക്കായ അബ്ദുല്‍മുത്തലിബും അദ്ദേഹത്തിന്റെ മരണശഷം നബി(സ)യുടെ പിതൃവ്യനും മുശ്‌രിക്കുമായ അബൂത്വാലിബും ആയിരുന്നു. തീവ്രനിലപാടുകാര്‍ ഇതൊക്കെ പഠിക്കേണ്ടത് അത്യാവശ്യമാണ്.
മുശ്‌രിക്കുകളുടെ സഹായം സ്വീകരിക്കുന്നത് ഇസ്‌ലാം നിരോധിച്ചിട്ടില്ല. ‘നബി(സ)യെയും അബൂബക്കറിനെയും(റ) ഹിജ്‌റയില്‍ വഴികാണിച്ചുകൊടുത്തതും മദീന വരെ കൊണ്ടെത്തിച്ചതും അമുസ്‌ലിമായ അബ്ദുല്ലാഹിബ്‌നു അരീഖത്ത് എന്ന വ്യക്തിയായിരുന്നു. (അല്‍ബിദായതുവന്നിഹായ 3:223). ഉമ്മുസലമ(റ)യെ ഒരു കൈക്കുഞ്ഞുമായി മദീന വരെ വഴികാണിച്ചുകൊടുത്തതും കൊണ്ടെത്തിച്ചതും മുശ്‌രിക്കായ ഉസ്മാനുബ്‌നുഅബൂത്വല്‍ഹ(റ) ആയിരുന്നു. (അല്‍ബിദായതു വന്നിഹായ 3:190). പിന്നീട് ഉസ്മാനുബ്‌നു അബീത്വല്‍ഹ(റ) മുസ്‌ലിമാവുകയുണ്ടായി. നബി(സ)യും സ്വഹാബത്തും അമുസ്‌ലിം സ്ത്രീയില്‍ നിന്ന് വെള്ളം വാങ്ങി വുദ്വൂ എടുത്തിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. ‘നബി(സ)യും സ്വഹാബത്തും ഒരു അമുസ്‌ലിം സ്ത്രീയുടെ തോല്‍പാത്രത്തില്‍ നിന്നും വുദ്വൂ നിര്‍വഹിക്കുകയുണ്ടായി.’ (ബുഖാരി, മുസ്‌ലിം)
നാല്: അമുസ്‌ലിംകള്‍ എല്ലാവരും ഒരേ തരക്കാരല്ല. ഇസ്‌ലാമിനോട് വിരോധം വെക്കുന്നവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്. ബഹുഭൂരിപക്ഷവും അത്തരക്കാരല്ല. അവരുടെ കൂട്ടത്തില്‍ തന്നെ മുസ്‌ലിംകളോട് വളരെ ഇണക്കത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുമുണ്ട്. അത്തരക്കാരുടെ വിശ്വാസാചാരങ്ങളിലോ ആരാധനാ കര്‍മങ്ങളിലോ നാം ഒരിക്കലും പങ്കെടുക്കാവതല്ല. പക്ഷെ അവരുടെ ഭക്ഷണത്തിനുള്ള ക്ഷണം നമുക്ക് സ്വീകരിക്കാവുന്നതാണ്.
അല്ലാഹു അരുളി: ‘മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല.” (മുംതഹന 8) ഭക്ഷിക്കല്‍ നിദ്ധമാക്കപ്പെട്ട വസ്തുക്കള്‍ ഖുര്‍ആനിലും സുന്നത്തിലും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അത് മുസ്‌ലിംകള്‍ നല്‍കുന്നതായാലും ഹിന്ദുക്കള്‍ നല്‍കുന്നതായാലും നിഷിദ്ധം തന്നെയാണ്. ചത്തതും എങ്ങനെയെങ്കിലും കൊലപ്പെടുത്തിയതും അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയാക്കപ്പെട്ടതും വിഗ്രഹങ്ങളുടെ പേരില്‍ ബലിയറുക്കപ്പെട്ടതും മുസ്‌ലിംകള്‍ക്ക് നിഷിദ്ധമാണ്. അനാചാരങ്ങളുടെ പേരില്‍ നിര്‍മിക്കപ്പെട്ട ഭക്ഷണങ്ങളും മുസ്‌ലിംകള്‍ക്ക് നിഷിദ്ധമാണ്.
അഞ്ച്: വേദക്കാരുടെ ഭക്ഷണം സംബന്ധിച്ചും തെറ്റിദ്ധാരണയുണ്ട്. അല്ലാഹു അരുളി: ‘വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്കും അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്’ (മാഇദ 5). മേല്‍ പറഞ്ഞതിന്റെ താല്‍പര്യം മിക്ക മുഫസ്സിറുകളം നല്കിയത്, അവര്‍ അറുത്തത് നമുക്കും നാം അറുത്തത് അവര്‍ക്കും ഭക്ഷിക്കാം എന്നാണ്’. എന്നാല്‍ ബഹുദൈവവിശ്വാസികള്‍ അറുത്തത് നമുക്ക് ഭക്ഷിക്കല്‍ നിഷിദ്ധമാണ്.
ആറ്: നമ്മുടെ അയല്‍പക്കക്കാര്‍ മുസ്‌ലിംകള്‍ മാത്രമല്ല, അമുസ്‌ലിംകളും ഉണ്ടാകും. മുസ്‌ലിം അയല്‍പക്കക്കാരും അമുസ്‌ലിം അയല്‍പക്കക്കാരും നമ്മുടെ നല്ല സഹവാസത്തിനും പെരുമാറ്റത്തിനും അര്‍ഹരാണ്. നിസാഅ് 36-ാം വചനത്തില്‍ അല്ലാഹു അന്യരായ അയല്‍ക്കാരന് നന്മ ചെയ്യാന്‍ കല്‍പിക്കുന്നത് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം എന്ന് കല്‍പിക്കുന്നതിനോടൊപ്പമാണ്. അന്യരായ അയല്‍ക്കാര്‍ എന്നുവെച്ചാല്‍ കുടുംബബന്ധമില്ലാത്ത അയല്‍ക്കാര്‍ എന്നര്‍ഥം. അതില്‍ മുസ്‌ലിംകളും അമുസ്‌ലിംകളും ഉള്‍പ്പെടും. നബി(സ)യുടെ ഒരു വചനം ശ്രദ്ധിക്കുക: ‘നീ നിന്റെ അയല്‍വാസിക്ക് നന്മ ചെയ്യുക. നീ സത്യവിശ്വാസിയായിത്തീരും” (തിര്‍മിദി). ‘ഒരു അവകാശം മാത്രമുള്ള അയല്‍വാസി ബഹുദൈവാരാധകനായ അയല്‍വാസിയാണ്. അഥവാ കുടുംബ ബന്ധമില്ലാത്ത അയല്‍വാസി. അവനും അയല്‍പക്ക അവകാശങ്ങള്‍ക്ക് അര്‍ഹനാണ്’ (ബസ്സാര്‍).
മേല്‍ പറഞ്ഞ ബഹുദൈവവിശ്വാസിയായ അല്‍വാസി ഭക്ഷണത്തിന് ക്ഷണിച്ചാല്‍ അത് സ്വീകരിക്കല്‍ അയല്‍പക്ക മര്യാദയാണ്. അയല്‍പക്കത്തുള്ള ഹൈന്ദവ കല്യാണ സദസ്സുകളില്‍ നാം പങ്കെടുക്കാറുണ്ട്. എന്നാല്‍ വിവാഹത്തോടനുബന്ധിച്ച പൂജകളില്‍ നാം പങ്കെടുക്കാറില്ലല്ലോ. എന്നതുപോലെ ഒരു നിലക്കും അയല്‍വാസികളെ നാം വെറുപ്പിക്കരുത്. ‘ഇബ്‌നു ഉമര്‍(റ) ആടിനെ അറുക്കുമ്പോഴെല്ലാം ഒരു വിഹിതം അയല്‍വാസിയായ യഹൂദിക്ക് കൊടുത്തയക്കുമായിരുന്നു” (അബൂദാവൂദ്, തിര്‍മിദി)
ഏഴ്: ഒരു നിലക്കും ബഹുദൈവവിശ്വാസികളുടെ ആരാധനാ പൂജാകര്‍മങ്ങളില്‍ നാം പങ്കെടുക്കരുത്. ഇസ്‌ലാമിന്റെ ആണിക്കല്ലാണ് തൗഹീദ്. അതിന് വിരുദ്ധം പ്രവര്‍ത്തിക്കുന്നവര്‍ ഇസ്‌ലാമില്‍നിന്ന് പുറത്തുപോകും. നബി(സ) പറഞ്ഞു: ‘വല്ലവനും ഒരു സമൂഹത്തോട് (വിശ്വാസാചാരങ്ങളില്‍) സാദൃശ്യപ്പെടുന്ന പക്ഷം അത്തരക്കാര്‍ അവരില്‍ പെട്ടവര്‍ തന്നെയാണ്’ (അബൂദാവൂദ്). മേല്‍ പറഞ്ഞത് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചോ വസ്ത്രം ധരിക്കുന്നതിനെ സംബന്ധിച്ചോ അല്ല. മറിച്ച്, ബഹുദൈവവിശ്വാസികളുടെയും സത്യനിഷേധികളുടെയും വിശ്വാസങ്ങളിലധിഷ്ഠിതമായ ആരാധനാ സമ്പ്രദായങ്ങളെക്കുറിച്ചാണ്. സൂറത്തുല്‍ കാഫിറൂന്‍ അവതരിപ്പിക്കാന്‍ കാരണം ഇമാം ഇ്ബനുകസീര്‍(റ) വിശദീകരിക്കുന്നത്, ഇപ്രകാരമാണ്. ‘കാഫിറുകള്‍ നബി(സ)യോട് ഇപ്രകാരം പറയുകയുണ്ടായി. മുഹമ്മദേ, ഞങ്ങള്‍ ഒരു വര്‍ഷം നിന്റെ നാഥനായ അല്ലാഹുവെ ആരാധിക്കാം. പകരം താങ്കള്‍ ഒരു വര്‍ഷം ഞങ്ങളുടെ ദൈവങ്ങളെ ആരാധിക്കണം. അപ്പോഴാണ് മേല്‍ സൂറത്ത് അവതരിപ്പിച്ചത്’ (ഇബ്‌നുകസീര്‍ 4/560).
അതില്‍ അവസാനത്തെ വചനം ഇപ്രകാരമാണ്: ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം” (കാഫിറൂന്‍ 6). മുശ്‌രിക്കുകളുടെ വിശ്വാസാചാരങ്ങള്‍ മാത്രമല്ല, വേദക്കാരുടെ വിശ്വാസാചാരങ്ങളും അന്ധമായി അനുകരിക്കാന്‍ പാടില്ല. അല്ലാഹു അരുളി: ‘മുമ്പ് വേദം നല്‍കപ്പെട്ടവരെപ്പോലെ ആവാതിരിക്കാനും (സത്യവിശ്വാസികള്‍ക്ക്) സമയമായിട്ടില്ലേ’ (ഹദീദ് 16).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x