19 Friday
April 2024
2024 April 19
1445 Chawwâl 10

മുസ്്‌ലിംകള്‍ക്കെതിരായ വിവേചനം ആരുടെ താല്‍പര്യമാണ്?

ലിന്‍ഡ്‌സെ മൈസ്‌ലാന്റ്‌


ഇരുന്നൂറ് മില്യന്‍ മുസ്‌ലിംകളുള്ള ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്‌ലിം ജനസമൂഹങ്ങളിലൊന്നാണെങ്കിലും പ്രാഥമികമായും ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇവിടെ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ക്കേ ഭരണഘടനയുടെ സംരക്ഷണമുണ്ടായിട്ടു പോലും മുസ്‌ലിംകള്‍ വ്യവസ്ഥാപിതമായ വിവേചനവും മുന്‍വിധിയും അക്രമങ്ങളും നേരിടുന്നുണ്ട്. 2014 ല്‍ അധികാരത്തിലെത്തിയത് മുതല്‍ ഹിന്ദു ദേശീയവാദ അജണ്ട പിന്തുടരുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കീഴില്‍ മുസ്‌ലിം വിരുദ്ധ വികാരം വര്‍ധിച്ചു വരുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
2019ല്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം മോഡി ഗവണ്‍മെന്റ് വിവാദപരമായ പല നയങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. അവ പ്രത്യക്ഷത്തില്‍ തന്നെ മുസ്‌ലിംകളുടെ അവകാശങ്ങളെ അവഗണിക്കുന്നതും ദശലക്ഷക്കണക്കിന് മുസ്‌ലിംകളുടെ പൗരാവകാശങ്ങളെ ഹനിക്കുന്നതുമാണ് എന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അത്തരം നീങ്ങള്‍ക്കെതിരായി പ്രതിഷേധങ്ങളുയരുകയും അന്തര്‍ദേശീയമായി അപലപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ മതപരമായും ഭാഷാപരമായും വംശീയമായും വൈവിധ്യമാര്‍ന്ന രാജ്യമാണ്. രാജ്യത്തെ ജനസംഖ്യയില്‍ പതിനഞ്ചു ശതമാനത്തോളം വരുന്ന ഇരുന്നൂറ് മില്യന്‍ മുസ്‌ലിംകള്‍ (അവയില്‍ മിക്കവാറും സുന്നി മുസ്്‌ലിംകളാണ്) ഏറ്റവും വലിയ ന്യൂനപക്ഷമാണ്. ഹിന്ദുക്കള്‍ ജനസംഖ്യയുടെ ഏതാണ്ട് എണ്‍പതു ശതമാനം വരും. രാജ്യത്തെ മുസ്‌ലിം സമുദായങ്ങള്‍ ഭാഷയിലും ജാതിയിലും വര്‍ഗത്തിലും രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങള്‍ കൈയാളുന്ന കാര്യത്തിലുമെല്ലാം വൈവിധ്യമുള്ളവയാണ്.
വിഭജനവും
ഹിന്ദു-മുസ്്‌ലിം ബന്ധവും

ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ഇടയിലെ ശത്രുതയുടെ ഒരു കാരണം ഒരു പരിധിവരെ 1947ലെ പ്രക്ഷുബ്ധമായ ബ്രിട്ടീഷ് ഇന്ത്യ വിഭജനത്തില്‍നിന്ന് തുടങ്ങുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സാമ്പത്തികമായി തകര്‍ന്ന ബ്രിട്ടന് സാമ്രാജ്യം നിലനിര്‍ത്തികൊണ്ടുപോകുന്നതിനുള്ള വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ ഉപഭൂഖണ്ഡം വിട്ടുപോകാന്‍ ഒരുങ്ങി. വിഭജനത്തിന് മുന്‍പ് ബ്രിട്ടീഷ് ഭരണത്തിനെതിരായി നിസ്സഹകരണ പ്രസ്ഥാനവും വന്‍ പ്രതിഷേധപ്രകടനങ്ങളുമെല്ലാം നടത്തി മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയുമെല്ലാം നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വാതന്ത്ര്യത്തിനായി പ്രയത്‌നിച്ചു കൊണ്ടിരുന്നു. അതേ സമയം മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ മുസ്‌ലിം ലീഗ് മുസ്‌ലിംകള്‍ക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യം ഉന്നയിച്ചു.
1947-ല്‍ ഒരു ബ്രിട്ടീഷ് ജഡ്ജി തിരക്കിട്ട് ഹിന്ദു ഭൂരിപക്ഷമായ ഇന്ത്യയുടെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പാകിസ്ഥാന്റെയും (അതില്‍ ഇന്നത്തെ ബംഗ്ലാദേശും ഉള്‍പെടും) അതിര്‍ത്തികള്‍ നിശ്ചയിച്ചു. വിഭജനം രക്തരൂക്ഷിതമായ കലാപങ്ങള്‍ക്കും വര്‍ഗീയ ലഹളക്കും മുസ്‌ലിംകള്‍ കൂട്ടമായി പാകിസ്ഥാനിലേക്ക് പലായനം ചെയ്യുന്നതിനും ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിനും കാരണമായി. അഭയാര്‍ഥികളെയും കൊണ്ടുള്ള ചോരപുരണ്ട തീവണ്ടികള്‍ ഒരു രാജ്യത്തില്‍ നിന്ന് മറ്റേതിലേക്ക് ഓടുന്നതും പട്ടണങ്ങള്‍ കത്തിയമരുന്നതും തെരുവുകളില്‍ ശവശരീരങ്ങള്‍ ചിതറികിടക്കുന്നതും എല്ലാം അതിജീവിച്ചവര്‍ ഓര്‍മിക്കുന്നുണ്ട്. ഇരുപത് ലക്ഷത്തിനും രണ്ടു മില്യനും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് ചരിത്രകാരന്മാര്‍ കണക്കാക്കുന്നു.

നൂറ്റാണ്ടുകളായി ഒത്തൊരുമയോടെ ജീവിച്ചിരുന്ന സമുദായങ്ങള്‍ പരസ്പരം ആക്രമിച്ചതെന്തുകൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമല്ല. ചിലര്‍ ബ്രിട്ടീഷുകാരെയും അവരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തെയും കുറ്റപ്പെടുത്തുന്നു. അതുവഴി ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ന്യൂനപക്ഷമായ മുസ്്‌ലിം സമുദായത്തിന് ചില ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു. മറ്റുള്ളവര്‍ മണ്ഡലങ്ങളില്‍ മതാടിസ്ഥാനത്തില്‍ പ്രചാരണം നടത്തിയിരുന്ന ഹിന്ദു മുസ്്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ നിലനിന്ന സംഘര്‍ഷങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. മുപ്പത്തഞ്ച് മില്യന്‍ മുസ്‌ലിംകള്‍ വിഭജനത്തിന് ശേഷവും ഇന്ത്യയില്‍ സ്വന്തം ബന്ധുക്കള്‍ക്കൊപ്പം കഴിയാനും സ്വത്തും ധനവും നിലനിര്‍ത്താനുമെല്ലാമായി ഇവിടെ തന്നെ തുടര്‍ന്നു. അവര്‍ മുസ്്‌ലിംകള്‍ക്കായി സ്വന്തം രാജ്യം എന്ന ആശയത്തെ തന്നെ എതിര്‍ത്തു.
മതവും ഇന്ത്യന്‍ ഭരണഘടനയും
രാജ്യത്തിന്റെ എഴുപതാണ്ട് പ്രായമുള്ള ഭരണഘടന സാമൂഹികമായ സമത്വവും വിവേചനങ്ങളില്ലാത്ത അവസ്ഥയുമുള്‍പ്പെടെ മഹത്തായ ദര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നു. 1976 ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ ‘ലെരൗഹമൃ’ എന്ന പദം കൂട്ടിച്ചേര്‍ത്തുവെങ്കിലും മതവും ഭരണകൂടവും തമ്മില്‍ പ്രത്യക്ഷമായ വേര്‍തിരിവ് വേണമെന്ന് മറ്റു ചില രാജ്യങ്ങളിലെ ചാര്‍ട്ടറുകള്‍ പോലെ ഇന്ത്യന്‍ ഭരണഘടനയില്‍ നിബന്ധനയില്ല.
സ്വാതന്ത്ര്യത്തിനായി പോരാടിയ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ മതവിശ്വാസത്തിലും പെട്ട പൗരന്മാരെ തുല്യരായി കാണുന്ന ഒരു ഇന്ത്യക്ക് വേണ്ടി വാദിച്ചു. വിവേചനരഹിതമായ ഒരു മതേതര രാജ്യം വിഭാവനം ചെയ്ത ഗാന്ധി 1948 ല്‍ ഒരു ഹിന്ദു ദേശീയവാദിയാല്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ നെഹ്റു സമാധാനപൂര്‍ണമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും വിഭജനാനന്തരം നടന്നതുപോലെ ഒരു ദുരന്തം ഒഴിവാക്കാനും മതേതരത്വം അത്യാവശ്യമാണെന്ന് വിശ്വസിച്ചു. മതത്തിന്റെ പേരില്‍ ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ, വിശേഷിച്ചും ഹിന്ദു ഘടകങ്ങളെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി അദ്ദേഹം കണ്ടു.
ഹിന്ദു ദേശീയവാദികള്‍
എങ്ങനെ അധികാരത്തിലെത്തി?

1920-കളില്‍ ഇന്ത്യയിലെ എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വി ഡി സവര്‍ക്കര്‍ ആണ് ഹിന്ദു ദേശീയവാദം എന്ന ആശയം Hindutva: Who is a Hindu? എന്ന തന്റെ കൃതിയില്‍ ആദ്യമായി മുന്നോട്ട് വെക്കുന്നത്. ഹിന്ദുക്കളാണ് യഥാര്‍ഥത്തില്‍ ഈ മണ്ണിന്റെ മക്കള്‍ എന്ന് ഹിന്ദു ദേശീയവാദികള്‍ കരുതുന്നു. കാരണം അവരുടെ പുണ്യഭൂമി ഇന്ത്യയിലാണ്. എന്നാല്‍ ക്രിസ്ത്യാനികളുടെയും മുസ്്‌ലിംകളുടെയും പുണ്യഭൂമികള്‍ ഇന്ത്യക്ക് വെളിയിലാണ്.’ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള പദ്ധതികള്‍ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. പലരും ഇന്ത്യന്‍ മുസ്‌ലിംകളെ, ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ഹിന്ദുക്കളുടെ പിന്‍തലമുറക്കാരായിട്ട് പോലും സംശയിക്കപ്പെടേണ്ട വിദേശികളായാണ് കാണുന്നത്. മുസ്്‌ലിംകളുടെ വിശ്വാസവഞ്ചനക്കുള്ള ഏറ്റവും വലിയ ഉദാഹരണമായി ഹിന്ദു ദേശീയവാദികള്‍ വിഭജനത്തെയും പാകിസ്ഥാന്‍ രൂപീകരണത്തെയും കാണുന്നു.
1980 കളില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഇന്ത്യയുടെ മതേതര മാതൃകക്ക് വെല്ലുവിളി ഉയര്‍ത്തി തുടങ്ങി. 1977 ല്‍ നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രധാനമന്ത്രി ഇന്ദിരഗാന്ധി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്താനായി, നിലനിന്നിരുന്ന മതപരമായ വിഭാഗീയതയെ ഉപയോഗിച്ചു. 1984ല്‍ സിഖ്കാരായ സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെട്ട ഇന്ദിരഗാന്ധിക്ക് ശേഷം അധികാരത്തിലെത്തിയ മകന്‍ രാജീവ്ഗാന്ധി ഹിന്ദുക്കളെ കൂടുതല്‍ പിന്തുണച്ചു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഹിന്ദു ഭൂരിപക്ഷവാദത്തിന് അനുകൂലമായി നീങ്ങിയത് ബി ജെ പിയുടെ കൂടുതല്‍ തീവ്രമായ പ്രത്യയ ശാസ്ത്രത്തിന് വളക്കൂറായി മാറി എന്ന് ഫോറിന്‍ അഫയെഴ്‌സില്‍ കാഞ്ചന്‍ ചന്ദ്ര എഴുതുന്നു.
1980 ല്‍ സ്ഥാപിക്കപ്പെട്ട ബി ജെ പിയുടെ വേരുകള്‍ അര്‍ധ സൈനിക സ്വഭാവമുള്ള സന്നദ്ധ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രാഷ്ട്രീയ വിഭാഗത്തിലാണ്. 1998ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തിലെത്തിയെങ്കിലും അതിന്റെ കൂടുതല്‍ വിപ്ലവകരമായ ലക്ഷ്യങ്ങള്‍ കൂട്ടുകക്ഷി ഭരണം നിലനിര്‍ത്തുന്നതിനായി, പിന്നീട് 2004-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുന്നതുവരെ തല്കാലത്തേക്ക് മാറ്റിവെച്ചു. ഈ ലക്ഷ്യങ്ങളില്‍ വിവാദകേന്ദ്രമായ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുക, ഉത്തരേന്ത്യന്‍ നഗരമായ അയോധ്യയില്‍ ഹിന്ദു ക്ഷേത്രം നിര്‍മിക്കുക, എല്ലാ പൗരന്മാര്‍ക്കും ഒരേ വ്യക്തിനിയമം ഉണ്ടാക്കുന്നതിനായി ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുക (നിലവില്‍ വിവാഹം, പാരമ്പര്യ സ്വത്തവകാശം എന്നിവയെ സംബന്ധിക്കുന്ന മുസ്‌ലിം വ്യക്തി നിയമം പ്രത്യേകമായുണ്ട്) എന്നിവ ഉള്‍പ്പെടും.

2014 ല്‍ ബി ജെ പി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോസഭയും സുപ്രധാനമായ രാഷ്ട്രീയ സംവിധാനവുമായ ലോക്‌സഭയില്‍ ആദ്യമായി ഒറ്റക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയും നരേന്ദ്രമോഡി പ്രധാനമന്ത്രി ആവുകയും ചെയ്തു. മുസ്‌ലിം വിരുദ്ധമായ സന്ദേശങ്ങളോടെയുള്ള വിഭാഗീയത വളര്‍ത്തുന്ന പ്രചാരണങ്ങള്‍ക്ക് ശേഷം 2019 ല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തി. മോഡി ഗവണ്മെന്റ് 2024 വരെയുള്ള കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുസ്‌ലിംകളെ തങ്ങള്‍ അഭിസംബോധന ചെയ്യാന്‍ പോകുന്നില്ല എന്ന് മോഡി ഭരണകൂടംവ്യക്തമാക്കി. മുഖത്തടിച്ചതു പോലെ വ്യക്തമായിരുന്നു ഒഴിവാക്കല്‍ എന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഗസാല ജമില്‍ പറയുന്നു. എല്ലാത്തരം സ്ഥാപനങ്ങളിലും മുസ്‌ലിം വിരുദ്ധതകൃത്യമായും കൂടിവന്നു.
മുസ്്‌ലിംകള്‍ നേരിടുന്ന
വിവേചനം

തൊഴില്‍, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം മുസ്‌ലിംകള്‍ വിവേചനം നേരിട്ടിട്ടുണ്ട്. പലരും അധികാരവും സമ്പത്തും നേടുന്നതിനു തടസങ്ങള്‍ നേരിടുന്നു, വൈദ്യ സഹായം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്നു. മാത്രമല്ലവിവേചനം നേരിട്ടതിന്നു ശേഷം നീതി ഉറപ്പാക്കാന്‍ ഭരണഘടനാ സംവിധാനങ്ങളുണ്ടായിട്ടും അവര്‍ പലപ്പോഴും ബുദ്ധിമുട്ടുന്നു.
കോമണ്‍ കോസ് എന്ന എന്‍ ജി ഒയുടെ 2019 ലെ റിപ്പോര്‍ട്ട് കണ്ടെത്തിയത് സര്‍വേ ചെയ്ത പോലീസുകാരില്‍ പകുതിയും മുസ്്‌ലിം വിരുദ്ധ മുന്‍വിധി പുലര്‍ത്തുന്നവരാണെന്നും അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇടപെടാന്‍ സാധ്യത കുറവാണ് എന്നുമാണ്. മുസ്്‌ലിംകളെ ആക്രമിക്കുന്നവര്‍ക്ക് വ്യാപകമായി സ്വീകാര്യത ലഭിക്കുന്നതായും ഇക്കഴിഞ്ഞ കൊല്ലങ്ങളില്‍ കോടതികളും ഗവണ്മെന്റ് സംവിധാനങ്ങളും ഹിന്ദുക്കള്‍ പ്രതികളായുള്ള മുസ്‌ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ചിലപ്പോഴൊക്കെ ശിക്ഷാവിധികള്‍ മാറ്റിമറിക്കുകയോകേസ് പിന്‍വലിക്കുകയോ ചെയ്യുന്നതായും നിരീക്ഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നയിച്ച മുന്‍ ഗവണ്മെന്റ് ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെക്കുറിച്ച് 2006 ല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന പേരില്‍ നിര്‍ണായകമായ ഒരു പഠനം നടത്തുകയുണ്ടായി. പല പ്രശ്‌നങ്ങളും കണ്ടെത്തുകയുണ്ടായെങ്കിലും കമ്മിറ്റിയുടെ മിക്കവാറും ശുപാര്‍ശകളും നടപ്പിലാക്കുന്നതില്‍ പിന്നീട് പരാജയപ്പെട്ടു.
ഹിന്ദു, സിഖ്, ബുദ്ധ, ജൈന പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ട അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് 2019 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കി. മുസ്‌ലിംകളെ ഒഴിവാക്കുന്നതിനാലും പൗരത്വ പ്രശ്‌നത്തിന് ആദ്യമായി മതപരമായ നിബന്ധന ഏര്‍പ്പെടുത്തിയതിനാലും ഈ നിയമം വിവേചനപരമാണ് എന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അതേ സമയം ബിജെപി 2019-ല്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ദേശീയ പൗരത്വ പട്ടിക (NRC) പൂര്‍ത്തിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇന്നത്തെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണോ അതോ ഇന്ത്യന്‍ പൗരന്മാരാണോ അസമിലെ നിവാസികള്‍ എന്ന് നിശ്ചയിക്കുന്നതിനായി അസമിന് പ്രത്യേകമായി 1950 കളില്‍ ഉണ്ടാക്കിയതാണ് പൗരത്വ പട്ടിക. 2019 ല്‍ അസം ഗവണ്മെന്റ് ഈ പട്ടിക പുതുക്കിയപ്പോള്‍ രണ്ടു മില്യന്‍ ആളുകള്‍ അതിന് പുറത്തായി. രാജ്യമൊന്നാകെ ഇത് നടപ്പാക്കുന്ന പക്ഷം എല്ലാ ഇന്ത്യക്കാരും തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടതായി വരും. അതനുസരിച്ചു പല മുസ്‌ലിംകളും ആവശ്യമായ രേഖകള്‍ കൈയിലില്ലാത്തതിന്റെ പേരില്‍ രാജ്യമില്ലാത്തവരായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കാരണം അവര്‍ പുതിയ പൗരത്വ നിയമ പ്രകാരം ദ്രുത ഗതിയില്‍ പൗരത്വം നേടാന്‍ അര്‍ഹരല്ല. മ്യാന്മറില്‍ പീഡനം നേരിടുന്ന അഭയാര്‍ഥികളായ റോഹിങ്ക്യന്‍ മുസ്‌ലിംകളെയും ഗവണ്മെന്റ് തിരിച്ചയക്കുകയുണ്ടായി.
ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി മോഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞു. 2019 ഓഗസ്റ്റില്‍ ഗവണ്മെന്റ് പാകിസ്താനുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പര്‍വത പ്രദേശമായ ഈ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചു അതിന്റെ ഭരണഘടനപരമായ സ്വയം ഭരണാധികാരം എടുത്തുമാറ്റി. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ ഈ മേഖലയില്‍ മാസങ്ങളോളം നിര്‍ത്തലാക്കുകയും മുഖ്യ രാഷ്ട്രീയ കക്ഷി നേതാക്കളും കാശ്മീര്‍ അനുകൂല പ്രവര്‍ത്തകരുമുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ തടങ്കലിലോ വീട്ടുതടങ്കലിലോ വെക്കുകയും ചെയ്തു.
ഹിന്ദു ദേശീയ വാദികള്‍ അധികാരത്തില്‍ എത്രകാലം തുടരുന്നോ അത്രയുമധികം മുസ്‌ലിംകളുടെ പദവിയില്‍ മാറ്റം വരുമെന്നും അത് തിരിച്ചുകൊണ്ടുപോകാന്‍ ഏറെ പ്രയാസമാകുമെന്നും ഇന്ത്യയിലെ സമുദായിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ വിദഗ്ധനായ ബ്രൗണ്‍ സര്‍വകലാശാലയിലെ ആശുതോഷ് വാര്‍ഷ്‌ണേയ് പറയുന്നുണ്ട്.
വിവ. ഡോ. സൗമ്യ പി എന്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x