16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

മുസ്‌ലിംകളില്‍ ശിര്‍ക്ക് വരുമോ?

സി പി ഉമര്‍ സുല്ലമി


മുസ്‌ലിംകള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുമോ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. അത് ഒരിക്കലും ഉണ്ടാവുകയില്ല എന്നാണ് ഒരു വിഭാഗം മതപണ്ഡിതന്മാര്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. അക്കാരണത്താല്‍ ഇന്ന് മുസ്‌ലിംകളില്‍ പെട്ട നിരവധി പേര്‍ അല്ലാഹുവില്‍ പങ്കു ചേര്‍ത്ത് കൊണ്ടിരിക്കുന്നുണ്ട്. അത് അവരെ നരകത്തിലെത്തിക്കുമെന്ന കാര്യത്തില്‍ അവര്‍ ബോധവാന്മാരാകുന്നില്ല. ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച് അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് മഹാ പാപമാണെന്ന് പറഞ്ഞ് കൊടുത്താല്‍ അത് മുസ്‌ലിംകളെ കാഫിറാക്കുകയാണെന്ന് മതപണ്ഡിതന്മാര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ കാര്യം നാം വ്യക്തമായി മനസിലാക്കേണ്ടതുണ്ട്.
ആരാണ് മുസ്‌ലിം?
വിശ്വാസ കാര്യങ്ങള്‍ ആറും വിശ്വസിക്കുകയും നിര്‍ബന്ധമായി ചെയ്യേണ്ട അഞ്ചും അംഗീകരിക്കുകയും ചെയ്യുന്നവരെ സാധാരണയായി മുസ്‌ലികളായി പരിഗണിക്കുന്നു. എന്നാല്‍ മുസ്‌ലിംകളുടെ ശത്രുപക്ഷത്ത് നിലകൊണ്ടിരുന്ന ഒരാള്‍ പെട്ടെന്ന് ഞാന്‍ മുസ്‌ലിമായി എന്ന് പ്രഖ്യാപിക്കുകയും ശഹാദത്ത് കലിമ ചൊല്ലുകയും ചെയ്താല്‍ ബാഹ്യതലം പരിഗണിച്ച് മുസ്‌ലിം ആയി ഗണിക്കേണ്ടതാണ്. നബി(സ)യുടെ കാലത്ത് ഉണ്ടായ ഒരു സംഭവം ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്:
ഉസാമ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: രണാങ്കണത്തില്‍ യുദ്ധം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ മുസ്‌ലിംകളെ കൊന്നു കൊണ്ടിരിക്കുന്നു, അപ്പോള്‍ ഉസാമയും മറ്റൊരാളും അവനെ വളയുകയുണ്ടായി. അവന് നേരെ ആയുധം ഏന്തിയപ്പോള്‍ അയാള്‍ ശഹാദത്ത് ചൊല്ലി. പക്ഷേ അത് രക്ഷപ്പെടാന്‍ വേണ്ടിയാണെന്ന് കരുതി ഉസാമ(റ) അദ്ദേഹത്തെ വധിച്ചു. പക്ഷെ ലാഇലാഹ ഇല്ലല്ലാഹ് എന്ന അദ്ദേഹത്തിന്റെ ശബ്ദം ഉസാമ(റ)യുടെ മനസ്സില്‍ തങ്ങി നിന്നു. താന്‍ ചെയ്തത് ശരിയാണോ എന്ന മനസ്സാക്ഷിക്കുത്ത് അനുഭവിക്കുന്നു. നബി(സ)യുടെ സന്നിധിയില്‍ ഈ വാര്‍ത്ത എത്തി. നബി (സ) ചോദിച്ചു: ഉസാമാ നീ അദ്ദേഹത്തെ കൊന്നുവോ? അദ്ദേഹം രക്ഷപെടാന്‍ വേണ്ടിയാണ് അത് പറഞ്ഞത് എന്ന് ഉസാമ പറഞ്ഞപ്പോള്‍ നബി(സ) ചോദിച്ചു: നീ അവന്റെ ഹൃദയത്തെ കീറി നോക്കിയോ? ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞത് നീ എവിടെ വെച്ചു? നബി(സ) അത് ആവര്‍ത്തിച്ച് കൊണ്ടേ ഇരുന്നു. ഉസാമ പറഞ്ഞു: ഞാന്‍ അതിന്റെ മുമ്പ് മുസ്‌ലിം ആവാതിരിക്കുകയും പിന്നീട് മുസ്‌ലിം ആവുകയും ചെയ്താല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയി. അത്രക്ക് ഗൗരവമായിരുന്നു നബി(സ)യുടെ ചോദ്യം. (മുസ്‌ലിം)
നമുക്ക് മറ്റൊരാളുടെ ഉള്ളു വായിക്കാന്‍ കഴിയാത്തതു കൊണ്ടു തന്നെ ഒരുവന്റെ ബാഹ്യമായ പ്രഖ്യാപനങ്ങളെ നാം മുഖവിലക്കെടുക്കണമെന്നാണ് ഈ സംഭവം നമ്മോട് പറയുന്നത്. നബി(സ) പറഞ്ഞതായി അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ലാഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യമൊഴി പറയുകയും നമ്മുടെ ഖിബ്‌ലയെ അംഗീകരിച്ച് നമ്മുടെതായ നമസ്‌കാരം നിര്‍വഹിക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവന്‍ ആരാണോ അവനാണ് മുസ്‌ലിം.” (ബുഖാരി 391, 393)
ഇപ്പോള്‍ ആരാണ് മുസ്‌ലിം എന്നത് നമുക്ക് വ്യക്തമായി. ഇവരെയെല്ലാം നമ്മള്‍ മുസ്‌ലിംകള്‍ ആയി അംഗീകരിക്കുന്നു. മുസ്‌ലിംകളോട് നബി(സ) പറഞ്ഞ ഒരു വചനം ശ്രദ്ധേയമാണ്: ”നിങ്ങള്‍ വിനാശകരമായ ഏഴ് മഹാപാപങ്ങള്‍ വര്‍ജിക്കുവിന്‍. അവര്‍ ചോദിച്ചു: ഏതാണവ? റസൂല്‍ പറഞ്ഞു: അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക, മാരണം ചെയ്യുക, അല്ലാഹു ആദരിച്ച ആത്മാവിനെ വധിക്കുക, പലിശ ഭക്ഷിക്കുക, അനാഥയുടെ മുതല്‍ ഭക്ഷിക്കുക, ധര്‍മ്മയുദ്ധത്തില്‍ നിന്ന് പിരിഞ്ഞിരിഞ്ഞ് ഓടുക, നിഷ്‌കളങ്കരും പതിവ്രതകളുമായ വിശ്വാസിനികളെ പറ്റി ദുരാരോപണം പറയുക” (ബുഖാരി 6857)
മുസ്‌ലിംകള്‍ ഈ മഹാപാപങ്ങള്‍ വര്‍ജിക്കണമെന്നാണ് നബി(സ) ഉപദേശിക്കുന്നത്. എന്നാല്‍ ഈ മഹാപാപങ്ങള്‍ ചെയ്താല്‍ അതിന്റെ പ്രായശ്ചിത്തമെന്താണ്? അതില്‍ നിന്ന് ഖേദിച്ച് മടങ്ങുകയാണ് വേണ്ടത്. ഈ മഹാപാപം ചെയ്തത് കൊണ്ട് മാത്രം അവര്‍ മതത്തില്‍ നിന്ന് പുറത്ത് പോവുകയില്ല. അതില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങിയാല്‍ കാരുണ്യവാനായ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. എന്നാല്‍ പശ്ചാത്താപം ഇല്ലാതെ മരിച്ച് പോവേണ്ടിവന്നാല്‍ അതിന്റെ ശിക്ഷ അവന്‍ അനുഭവിക്കേണ്ടി വരും.
മഹാപാപങ്ങളല്ലാത്ത മറ്റെന്തെങ്കിലും ദോഷങ്ങള്‍ മനുഷ്യരില്‍ ഉണ്ടാവുകയാണെങ്കില്‍ അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് പൊറുത്ത് തന്നേക്കാം. അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”നിങ്ങളോട് നിരോധിക്കപ്പെട്ട വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്ന പക്ഷം, നിങ്ങളുടെ തിന്മകളെ നാം മായിച്ച് കളയുകയും മാന്യമായ ഒരു സ്ഥലത്ത് നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്” (വി.ഖു 4:31)
മുസ്‌ലിംകളില്‍ പലരും ഈ മഹാപാപങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇതില്‍ ഒന്നാമതായി പറഞ്ഞത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുക എന്ന പാപം മുസ്‌ലിംകള്‍ ചെയ്യുകയില്ല എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പറ്റുന്നതല്ല. എന്നാല്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന പ്രവൃത്തി പുണ്യകര്‍മമാണെന്ന് മുസ്‌ലിംകളെ പഠിപ്പിക്കുകയാണെങ്കില്‍ അവരില്‍ നിന്ന് പശ്ചാത്താപം ഉണ്ടാവുകയില്ല. മാത്രമല്ല മറ്റു പാപങ്ങള്‍ ചെയ്യാന്‍ അത് പ്രചോദനമാവുകയും അവസാനം അവര്‍ നരകവകാശികളായി തീരുകയും ചെയ്യും. എന്തെല്ലാം പുണ്യകര്‍മങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നുണ്ടെങ്കില്‍ ആ കര്‍മങ്ങള്‍ എല്ലാം നിഷ്ഫലമായി പോവും. ഈ വിവരം എല്ലാ പ്രവാചകന്മാരെയും അല്ലാഹു അറിയിച്ചിട്ടുണ്ട്. ”തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും നാം ഇങ്ങനെ സന്ദേശം നല്‍കിയിട്ടുണ്ട്: നീ അല്ലാഹുവില്‍ പങ്കാളികളെ ചേര്‍ക്കുന്ന പക്ഷം നിന്റെ കര്‍മം നിഷ്ഫലമായി പോവുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആവുകയും ചെയ്യും.” (വി.ഖു. 39:65)
അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക എന്ന പാപം നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതും ഭയപ്പെടേണ്ടതുമാണ്. കാരണം എല്ലാ കര്‍മങ്ങളും നിഷ്ഫലമാക്കി അവസാനം നരകത്തിലെത്താന്‍ അത് കാരണമായി തീരും. അതുകൊണ്ടാണ് പ്രവാചകന്മാരെപ്പോലും അല്ലാഹു താക്കീത് ചെയ്തത്. അവരില്‍ നിന്ന് ശിര്‍ക്ക് ഉണ്ടായതു കൊണ്ടല്ല, മറ്റുള്ളവര്‍ അതിന്റെ ഗൗരവം മസ്സിലാക്കാന്‍ വേണ്ടിയാണ്.
ലോകത്തെ ആദ്യത്തെ മനുഷ്യന്‍ ഏകദൈവ വിശ്വാസി ആയിരുന്നു. അതു കൊണ്ട് തന്നെ അവരില്‍ നിന്ന് പാപം വന്ന് പോയപ്പോള്‍ അവര്‍ അല്ലാഹുവിനോട് നേരിട്ട് പശ്ചാത്തപിച്ച് മടങ്ങുകയാണ് ചെയ്തത്. അത് അല്ലാഹു തന്നെ അവരെ പഠിപ്പിച്ച് കൊടുത്തതാണ്. ആദം തന്റെ രക്ഷിതാവില്‍ നിന്ന് ഏതാനും വചനങ്ങള്‍ ഏറ്റ് പറയുകയും അത് മുഖേന ആദമിന് പാപമോചനം നല്‍കുകയും ചെയ്തു. ”അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (വി.ഖു 2:37)
പാപം ചെയ്ത ആദ്യത്തെ മനുഷ്യന്‍ പ്രാര്‍ഥിച്ച പ്രാര്‍ഥന എന്താണെന്ന് പരിശുദ്ധ ഖുര്‍ആന്‍ നമുക്ക് പഠിപ്പിച്ച് തന്നു. അവര്‍ രണ്ടു പേരും (ആദമും ഹവ്വയും) ഇങ്ങനെ പ്രാര്‍ഥിച്ചു: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായി തീരും.” (വി.ഖു. 7:23)
ആദ്യ മനുഷ്യരായ നമ്മുടെ മാതാപിതാക്കള്‍ അല്ലാഹുവിന്റെ കല്പന ലംഘിച്ചു കൊണ്ട് തെറ്റ് ചെയ്യുകയും അവര്‍ക്ക് അതില്‍ നിന്ന് മോക്ഷം കിട്ടാന്‍ അല്ലാഹു അവരെ പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു. അതനുസരിച്ച് അവര്‍ പ്രാര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ആദ്യത്തെ മനുഷ്യരില്‍ നിന്നുള്ള പിന്‍തലമുറക്കാര്‍ ക്രമേണ ബഹുദൈവാരാധനയിലേക്ക് പോയി, നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ മുസ്‌ലിം പരമ്പരയില്‍ പെട്ട പിന്‍ഗാമികളെല്ലാം ബഹുദൈവാരാധകന്മാരായിരുന്നു. മുസ്‌ലിംകളില്‍നിന്നാണ് അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്ന മുശിരിക്കുകള്‍ ഉണ്ടായത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞ് നൂഹ് നബി(അ)യുടെ കാലം വന്നപ്പോള്‍ ജനങ്ങള്‍ ബഹുദൈവാരാധകന്മാരായി കഴിഞ്ഞിരുന്നു. അവരെ വീണ്ടും ഏകദൈവ വിശ്വാസത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു നൂഹിനെ(അ) അല്ലാഹു ദൈവദൂതനായി നിയോഗിച്ചത്. പക്ഷെ ആ ഏകദൈവ വിശ്വാസത്തിന്റെ പ്രബോധനം ജനങ്ങളില്‍ യാതൊരു സ്വാധീനവും ചെലുത്തിയില്ല. ജനങ്ങള്‍ നൂഹ് നബിയെ ഭ്രാന്തനായി പരിഹസിച്ച് തള്ളിക്കളയുകയാണ് ഉണ്ടായത്.
950-തോളം വര്‍ഷം നൂഹ്‌നബി അവരെ ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിച്ചു. നൂഹ് നബി(അ) അവരോട് പറഞ്ഞു: ”നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും ഞാന്‍ പറയുന്നത് കേട്ട് അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും. നിങ്ങള്‍ക്ക് നിര്‍ണയിക്കപ്പെട്ട അവധി വരെ ജീവിക്കാന്‍ നിങ്ങളെ നീട്ടിയിടുകയും ചെയ്യും. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ പിന്നെ നീട്ടികൊടുക്കുകയില്ല. നിങ്ങള്‍ ഒന്നറിഞ്ഞിരുന്നുവെങ്കില്‍.” (വി.ഖു. 71:34)
പക്ഷേ ഈ പ്രബോധനം ഒന്നും അവരെ യാതൊരു സ്വാധീനവും ചെലുത്തിയില്ല. അത്രമാത്രം അവര്‍ ബഹുദൈവാരാധനയില്‍ മുഴുകി കഴിഞ്ഞിരുന്നു. അങ്ങനെ ദീര്‍ഘകാലം നൂഹ് നബി(അ) പ്രബോധനം ചെയ്തിട്ടും തന്റെ കൂടെ നില്‍ക്കാന്‍ ആളുണ്ടായില്ല. സ്വന്തം ഭാര്യയും മകനും തന്റെ ആദര്‍ശം സ്വീകരിക്കാന്‍ തയ്യാറായില്ല. അവര്‍ നൂഹ് നബിയെ എതിര്‍ക്കാന്‍ വേണ്ടി പല തന്ത്രങ്ങളും പ്രയോഗിച്ചു. അവര്‍ ഒന്നിച്ചു പറഞ്ഞു: ”ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുതേ. അഥവാ ഊഥ്, സുആഇ, യഗൂദ്, യഊക്ക്, നസര്‍ എന്നിവരെ നിങ്ങള്‍ കൈവിടരുതേ.” (വി.ഖു. 71:22,23)
ആരായിരുന്നു ഈ പറഞ്ഞ ദൈവങ്ങള്‍? സ്വഹീഹുല്‍ ബുഖാരി അത് രേഖപ്പെടുത്തിയിട്ടുണ്ട്: ”മരിച്ചു പോയ മനുഷ്യന്മാരായിരുന്നു അവര്‍. സല്‍കര്‍മകാരികളായ ഏകദൈവ വിശ്വാസികളായ മനുഷ്യര്‍.” (ബുഖാരി 4920). അവരെയായിരുന്നു ആ ജനങ്ങള്‍ ആരാധിച്ചിരുന്നത്. ഇവര്‍ മരിച്ചതിന് ശേഷം സ്മരണക്ക് വേണ്ടി ചില പ്രതിമകള്‍ വെച്ചു. പ്രതിമക്ക് എല്ലാം ഇവരുടെ പേരുകളാണ് നല്‍കിയത്. അന്നവര്‍ ആരാധിക്കപ്പെട്ടില്ല, അവയെല്ലാം ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത മനുഷ്യന്മാരുടെ രൂപങ്ങളാണെന്ന് അത് സ്ഥാപിച്ചവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ പ്രതിമകളെ പ്രതിഷ്ഠിച്ചവരുടെ കാലം കഴിഞ്ഞപ്പോള്‍ പിന്‍ഗാമികള്‍ അവരെ തന്നെ ആരാധിക്കാന്‍ തുടങ്ങി. സാക്ഷാല്‍ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള ഇടയാളന്മാരായ ദൈവങ്ങളായി അവരെ സങ്കല്‍പ്പിച്ചു. നൂഹ് എന്ത് പറഞ്ഞാലും ‘അവരെ കൈഴൊഴിയരുതേ’ എന്നവര്‍ പരസ്പരം പറഞ്ഞു.
അവസാനം നൂഹ്‌നബി(അ) നിരാശപ്പെട്ടു. എന്ത് പറഞ്ഞാലും ഈ ജനത ഏകദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയില്ലാ എന്ന് അദ്ദേഹത്തിന് ബോധ്യമായി. നിരാശപെട്ട നൂഹ് നബി അല്ലാഹുവിനോട് തേടി: ”നാഥാ ഭൂമുഖത്ത് സത്യനിഷേധികളില്‍ പെട്ട ഒരാളെയും നീ വിട്ടേക്കരുതേ. തീര്‍ച്ചയായും നീ വിട്ടയക്കുകയാണെങ്കില്‍ നിന്റെ ദാസന്മാരെ അവര്‍ വഴി പിഴപ്പിച്ച് കളയും. ദുര്‍വൃത്തരും സത്യനിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്മം നല്‍കുകയില്ല.” (വി.ഖു. 71:26,27)
നിരാശപ്പെട്ട നൂഹ് നബി(അ)യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. ഒരു വെള്ളപൊക്കത്തിലൂടെ ആ ജനതയെ അല്ലാഹു നശിപ്പിച്ചു. അല്ലാഹുവിന്റ നിര്‍ദേശപ്രകാരം നൂഹ് നബി പണി തീര്‍ത്ത ഒരു കപ്പലില്‍ നൂഹ് നബി(അ)യെയും കൂടെയുള്ള ഏതാനും ഏകദൈവ വിശ്വാസികളേയും അല്ലാഹു രക്ഷപെടുത്തി. അവരായിരുന്നു അന്നത്തെ മുസ്‌ലിംകള്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x