24 Wednesday
July 2024
2024 July 24
1446 Mouharrem 17

മുസ്‌ലിം സ്വത്വം ഇന്ത്യന്‍ ഭൂമികയില്‍

ഗസ്‌ല വഹാബ്‌

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ‘ദ സ്വാഡിലി’ന്റെ ‘ടെല്‍ മി മോര്‍’ എന്ന അഭിമുഖ പരമ്പരയില്‍ ഗസ്‌ല വഹാബുമായി നടത്തിയ സംഭാഷണം. ഫോഴ്‌സ് മാഗസിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററാണ് ഗസ്‌ല. ദേശസുരക്ഷ, തീവ്രവാദം, ജമ്മു ആന്റ് കശ്മീര്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായി നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ബോണ്‍ എ മുസ്‌ലിം, ഡ്രാഗണ്‍ ഓണ്‍ അവര്‍ ഡോര്‍ സ്റ്റെപ്, മാനേജിംഗ് ചൈന ത്രൂ മിലിറ്ററി പവര്‍ തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക എന്ന നിലയില്‍ ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മുസ്‌ലിംകളുടെ സ്വത്വ പ്രതിസന്ധി, വര്‍ധിച്ചു വരുന്ന സാമുദായിക സംഘര്‍ഷങ്ങള്‍, വിവേചനപൂര്‍ണമായ നിയമ നിര്‍മാണങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

‘ബോണ്‍ എ മുസ്‌ലിം’ എന്ന പേരിലുള്ള പുസ്തകത്തിന്റെ ഒരു ഭാഗത്ത് ലതര്‍ നിര്‍മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന താഴ്ന്ന വിഭാഗത്തില്‍ പെട്ട തന്റെ പേര് ഹിന്ദു നാമമായി മാറ്റേണ്ടിവന്ന ഒരു മുസ്‌ലിം വ്യക്തിയെക്കുറിച്ച് താങ്കള്‍ എഴുതുന്നുണ്ട്. അതോടൊപ്പം തന്നെ ശഹീന്‍ബാഗ് ഉള്‍പ്പെടെ മുന്‍നിര്‍ത്തി മുസ്‌ലിംകള്‍ നേരിടുന്ന സ്വത്വ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്ന മധ്യവര്‍ഗത്തില്‍ പെട്ട ഒരു മുസ്‌ലിം സ്ത്രീയെക്കുറിച്ചും എഴുതുന്നുണ്ട്. മുസ്‌ലിം സ്വത്വം പ്രകടിപ്പിക്കുന്നതിലുള്ള പ്രതിസന്ധി കാലങ്ങളായി തുടരുന്ന ഒരു സമസ്യയാണോ? അതല്ല സമീപകാലത്തായി രൂപപ്പെട്ടതാണോ?
ഈ സ്വത്വ പ്രതിസന്ധി സമീപകാലത്തായി രൂപപ്പെട്ട ഒരു വിഷയമാണ്. സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകള്‍ക്ക് അവരുടെ സ്വത്വബോധത്തിന്റെ അടയാളങ്ങള്‍ കൊണ്ടുനടക്കുന്നതില്‍ വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഈ സ്വത്വത്തെ മുന്‍നിര്‍ത്തി മുസ്‌ലിംകള്‍ വേട്ടയാടപ്പെടാന്‍ തുടങ്ങി. മുമ്പൊന്നും പൂര്‍ണമായും ബുര്‍ഖ ധരിച്ചു നടക്കുന്ന മുസ്‌ലിം സ്ത്രീകളെക്കുറിച്ചോ ഷര്‍വാണിയോ കുര്‍ത്തയോ ധരിക്കുന്ന മുസ്‌ലിം പുരുഷനെക്കുറിച്ചോ ആരും ആശങ്ക പ്രകടിപ്പിച്ചിരുന്നില്ല. അവരുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ചായിരുന്നു മുസ്‌ലിംകള്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഈ സ്വത്വം തന്നെയാണ് അവരുടെ സുരക്ഷയ്ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. യാത്രയ്ക്കിടയില്‍ പോലും മുസ്‌ലിംകള്‍ വിവേചനത്തിന് വിധേയമാവുകയും തീവ്രവാദ മുദ്ര ചാര്‍ത്തപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളുമൊക്കെ നിരന്തരമായി നടക്കുന്നു. ഇത് കാരണം വിദ്യാസമ്പന്നരും മധ്യവര്‍ത്തികളുമായ മുസ്‌ലിംകള്‍ തങ്ങളുടെ സ്വത്വം പ്രകടിപ്പിക്കാന്‍ പലപ്പോഴും മടി കാണിക്കുന്നു. പൊതു സ്ഥലങ്ങളില്‍ ചില മുസ്‌ലിംകള്‍ ‘അസ്സലാമു അലൈകും’ എന്ന് പറയുന്നതിനു പകരം നമസ്‌തെ എന്ന് പറയുന്നതിലേക്ക് വരെ കാര്യങ്ങല്‍ എത്തിനില്ക്കുകയാണ്.

മധ്യവര്‍ഗ മുസ്‌ലിംകള്‍ നിത്യജീവിതത്തില്‍ ഇത്തരം പ്രതിസന്ധിയിലൂടെയാണോ കടന്നുപോകുന്നത്?
മധ്യവര്‍ഗ മുസ്‌ലിംകള്‍ പലപ്പോഴും വളര്‍ന്നുവരുന്നത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ്. ഇത് ഗല്ലികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ബോംബെയിലെ മുഹമ്മദലി റോഡ്, ബിന്ദി ബസാര്‍ എന്നീ സ്ഥലങ്ങള്‍. അതി സമ്പന്ന മുസ്‌ലിംകള്‍ പോലും ഇത്തരം പ്രദേശങ്ങളെയാണ് ജീവിക്കാന്‍ തെരഞ്ഞെടുക്കുന്നത്. കാരണം ഈ പ്രദേശങ്ങളിലെ അന്തരീക്ഷത്തില്‍ പോലും സ്വാഭാവികമായ ഒരു സുരക്ഷിതത്വബോധം നിലനില്ക്കുന്നുണ്ട്. അവിടങ്ങളില്‍ താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങളും ഉപജീവന മാര്‍ഗം പോലും ആ പ്രദേശത്തിന്റെ അകത്തായിരിക്കും. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ആളുകളുമായി ഇടപെടാനുള്ള സാഹചര്യം പോലും ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുറവാണ്. വിവേചനം നേരിടേണ്ടിവരുന്നത് കുടിയേറ്റക്കാര്‍ക്കും താഴ്ന്ന ജീവിത നിലവാരത്തിലൂടെ കടന്നു പോകുന്നവര്‍ക്കുമാണ്. ഇത്തരം സാധാരണ ജനവിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്ക് താമസസ്ഥലം കണ്ടെത്താനും മറ്റും ആന്തരികവും ബാഹ്യവുമായ സാമൂഹിക സമ്മര്‍ദങ്ങളും മതപരമായ വിവേചനവുമെല്ലാം നേരിടേണ്ടി വരുന്നു. ജോലി കണ്ടെത്തുന്നതിനും ചിലപ്പോള്‍ മറ്റ് മതസമുദായങ്ങള്‍ക്ക് ലഭിക്കുന്ന കൂലി ലഭ്യമാവുന്നതില്‍ പോലും മുസ്‌ലിംകള്‍ വിവേചനം നേരിടുന്നു. ഇത്തരമൊരു സാഹചര്യം നിരാശയും സാമൂഹിക സംവിധാനങ്ങളിലുള്ള വിശ്വാസ രാഹിത്യവും സൃഷ്ടിക്കുന്നു. അങ്ങനെ ജീവിതത്തിന്റെ താളം തെറ്റുകയും തങ്ങളോട് നീതി കാണിക്കാത്ത സാമൂഹ്യ സംവിധാനങ്ങളോട് തങ്ങളെന്തിന് നീതി പുലര്‍ത്തണമെന്ന ചിന്ത ഉടലെടുക്കുകയും അത് സാമൂഹികമായ കലഹങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നു.

മുസ്‌ലിംകള്‍ക്കെതിരായി ഉടലെടുക്കുന്ന വിവേചന ചിന്തയുടെ അടിസ്ഥാന വേര് എന്താണ്?
മുന്‍വിധികളോടെ കാര്യങ്ങളെ സമീപിക്കുന്നതില്‍ അര്‍ഥമില്ല. ഇന്ത്യയില്‍ ഇത്തരം വെറുപ്പ് ഉല്പാദിപ്പിക്കപ്പെടുന്നത് ഊഹങ്ങളുടെയും കല്പിത കഥകളുടെയും അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് മുമ്പ് കാലങ്ങളില്‍ നടത്തിയിരുന്ന വ്യാജപ്രചാരണം മുസ്‌ലിംകള്‍ എപ്പോഴും പാക്കിസ്ഥാന്റെ കൂടെയാണ് എന്നതാണ്. ഇതിന് തെളിവായി ഉദ്ധരിക്കുന്ന കല്പിത കഥ, ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ അവര്‍ പാക്കിസ്താനു വേണ്ടി കയ്യടിക്കുന്നു എന്നതാണ്. ശക്തവും വ്യക്തവുമായി തെളിവുകള്‍ ഇല്ലാത്ത ഇത്തരം സംഭവങ്ങളാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരു വിധത്തിലുള്ള വ്യാജ പ്രചരണത്തിന് അടിസ്ഥാനമാക്കുന്നത് ചരിത്രത്തെയാണ്. മുസ്‌ലിംകള്‍ കാലങ്ങളോളം ഇന്ത്യയെ കൊള്ളയടിച്ചവരാണെന്നും ആരാധനാലയങ്ങള്‍ തകര്‍ത്തവരാണന്നും നമ്മുടെ പൂര്‍വ പിതാക്കളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയവരാണെന്നും ഒക്കെയാണ്. മറ്റൊരു പ്രചാരണം ഇന്ത്യയില്‍ വ്യാപകമായി സര്‍ക്കാറുകള്‍ മുസ്‌ലിം പ്രീണന നയം പിന്തുടരുന്നു എന്നതാണ്. ഗവ. പദ്ധതികളുടെ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ക്കാണ് കൂടുതല്‍ ലഭ്യമാവുന്നത് എന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.
ഏറ്റവും പുതിയതായി നടന്നുവരുന്ന പ്രചരണം ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യ ക്രമാതീതമായ തോതില്‍ വര്‍ധിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ ജനസംഖ്യാപരമായി അവര്‍ ഹിന്ദു വിഭാഗത്തിനെ മറികടക്കും എന്നുമാണ്. യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം കാര്യങ്ങളാണ് വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം കല്പിത പ്രചാരണങ്ങള്‍ വ്യാപകമാവുകയും ജനങ്ങള്‍ ഇതിനെ ചോദ്യം ചെയ്യാതെ ഇത് സത്യമാണെന്ന ധാരണയില്‍ മുമ്പോട്ട് പോവുകയുമാണ് പലപ്പോഴും ചെയ്യുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് യാതൊരടിസ്ഥാനവുമില്ല എന്ന് നിങ്ങള്‍ തെളിവ് സഹിതം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ പോലും അത് അംഗീകരിക്കാതെ അതെല്ലാം ഇടതുപക്ഷ അനുഭാവമുള്ള ചരിത്രകാരന്മാര്‍ നിരത്തുന്ന തെളിവുകളാണെന്ന് ആരോപിച്ച് തള്ളുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ഒരു അഭിമുഖത്തില്‍ താങ്കള്‍ മുസ്‌ലിം വോട്ടുബാങ്കിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഒന്നുകൂടെ വ്യക്തമായി പറയാമോ?
ഏറ്റവും പുതിയ കണക്കു പ്രകാരം ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 14 ശതമാനമാണ്. എന്നാല്‍ നിയമനിര്‍മാണ സഭയുടെ രണ്ട് തലങ്ങളിലും മുസ്‌ലിം പ്രാതിനിധ്യം 8 ശതമാനം മാത്രമാണ്. പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം 1980ല്‍ ഒഴികെ ഒരിക്കലും 10 ശതമാനത്തില്‍ കൂടുതല്‍ ആയിട്ടില്ല. അന്ന് ഇത് 12 ശതമാനം വരെ ആയിട്ടുണ്ട്. തുടര്‍ന്ന് ഇത് ക്രമമായി കുറഞ്ഞുവരികയാണ് ചെയ്തത്. വളരെ ചുരുക്കം പാര്‍ട്ടികള്‍ മാത്രമാണ് മുസ്‌ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നത്. പലപ്പോഴും ഇടതുപക്ഷവും കോണ്‍ഗ്രസുമാണ് കുറഞ്ഞ രൂപത്തിലെങ്കിലും മുസ്‌ലിംകളെ പരിഗണിക്കുന്നത്. മുസ്‌ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാവുന്ന രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ ഒന്ന ലക്ഷദ്വീപും മറ്റൊന്ന് ജമ്മു കശ്മീരുമാണ്. കാരണം ഈ രണ്ട് പ്രദേശങ്ങളിലും മുസ്‌ലിംജനസംഖ്യ വളരെകൂടുതലാണ്.
അവസാനം നടന്ന തെരഞ്ഞെടുപ്പിലെ ഒരു സംഭവം ഇപ്രകാരമാണ്. ഉത്തര്‍പ്രദേശിലെ ദയൂബന്ദ് എന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ഇതര സമുദായത്തില്‍ പെട്ട ഒരു ബി ജെ പി സ്ഥാനാര്‍ഥി വിജയിച്ചു.
കുറഞ്ഞത് എട്ടോളം മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. അങ്ങനെ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുകയും ഹിന്ദു സമുദായ വോട്ടുകള്‍ ബി ജെ പി സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഏകീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ബി ജെ പി സ്ഥാനാര്‍ഥി എളുപ്പത്തില്‍ ജയിച്ചുകയറി. മുസ്‌ലിം വോട്ടുകള്‍ മുഴുവന്‍ അപ്രസക്തമായി. മുസ്‌ലിം വോട്ടുകള്‍ക്ക് തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരവധി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തിറങ്ങുകയും അതിനുപുറമെ ബി ജെ പി മുസ്‌ലിം ഡമ്മി സ്ഥാനാര്‍ഥികളെ രംഗത്തിറക്കുകയും ചെയ്യുന്നു. അങ്ങനെ മുസ്‌ലിം വോട്ടുകള്‍ ഛിന്നഭിന്നമാവുന്നു. അതുകൊണ്ടാണ് പലപ്പോഴും മുസ്‌ലിം വോട്ടുബാങ്ക് നിലവിലില്ലാത്ത കാര്യമാണെന്ന് ഞാന്‍ അഭിപ്രായപ്പെടാന്‍ കാരണം.

മുസ്‌ലിംകള്‍ക്കിടയില്‍ അധികാര ശ്രേണി നിലവിലില്ലാത്തതാണ്. കാരണം, ജാതീയമായ വിവേചനത്തിന് മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്പില്ലല്ലോ. എന്നാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം ജാതീയമായ ഉച്ചനീചത്വങ്ങള്‍ നിലനില്ക്കുകയും ഇത് പാര്‍ശ്വവത്ക്കരണത്തിന് കാരണമാവുകയും ചെയ്യുന്നുണ്ടോ?
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ മൂന്ന് രൂപത്തിലുള്ള സാമൂഹ്യശ്രേണി നിലനില്ക്കുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന പദവിയിലുള്ളവര്‍ അറേബ്യയില്‍ നിന്നും ഇറാനില്‍നിന്നും തുര്‍ക്കിയില്‍ നിന്നുമൊക്കെ കുടിയേറിയവരാണ്. ഉന്നത ഹിന്ദുകുടുംബങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരെയും പ്രത്യേക പരിഗണനയോടെ കാണാറുണ്ട്. മറ്റൊരു വിഭാഗം ജനങ്ങള്‍ തൊഴിലാളികളാണ്. കൂലിപ്പണിക്കാരും നെയ്ത്തുകാരുമെല്ലാം ഇതില്‍ പെടുന്നു. മൂന്നാമത്തെ വിഭാഗം താഴ്ന്ന് ജാതിയില്‍പെട്ട ഹിന്ദുക്കളില്‍ നിന്ന് മതപരിവര്‍ ത്തനം നടത്തിയവരാണ്. എന്നാല്‍ ഇവര്‍ക്കിടയില്‍നിന്ന് തൊട്ടുകൂടായ്മയോ സാമൂഹിക ഉച്ചനീചത്വമോ നിലവിലില്ല എന്നതാണ്.

സാധാരണ മുസ്‌ലിംകളാണോ സാമുദായിക അക്രമങ്ങള്‍ക്ക് കൂടുതല്‍ വിധേയരാവുന്നത്?
തീര്‍ച്ചയായും സാധാരണ മുസ്‌ലിംകളാണ് സാമുദായിക വിവേചനത്തിന്റെ ഇരകള്‍. ഇവര്‍ പലപ്പോഴും ദരിദ്രരാണ് എന്നതാണ് കാരണം. എന്നാല്‍ സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് നല്ല വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള സാഹചര്യം സാധ്യമാവുകയും അങ്ങനെ സമൂഹത്തില്‍ മാന്യതയും അംഗീകാരവും നേടിയെടുക്കാന്‍ കഴിയുകയും ചെയ്യുന്നു. വ്യത്യസ്ത ഭാഷകള്‍ സ്വായത്തമാക്കാന്‍ സാഹചര്യം ലഭ്യമാവുന്നതിലൂടെ തന്നെ അവര്‍ക്ക് ജീവിതത്തില്‍ നിരവധി അവസരങ്ങളുടെ വാതിലുകള്‍ തുറക്കപ്പെടുന്നു.

മുസ്‌ലിം വനിതകളുടെ ജീവിത സാഹചര്യത്തെ മുത്തലാഖ് നിയമത്തെയും ശഹീന്‍ബാഗ് സമരത്തെയുമൊക്കെ മുന്‍നിര്‍ത്തി എപ്രകാരമാണ് നോക്കിക്കാണുന്നത്?
മുസ്‌ലിം സ്ത്രീകളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് ധാരാളം മുന്‍വിധികള്‍ നിലനില്ക്കുന്നുണ്ട്. മുത്തലാഖ് വിവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ മുസ്‌ലിം വനിതകള്‍ സാമൂഹികമായ വിവേചനം നേരിടുന്നു എന്ന ചിത്രമാണ് സമൂഹ മനസ്സില്‍ വരയ്ക്കപ്പെടുന്നത്. മാത്രമല്ല, പുരുഷന്റെ ദയാവായ്പിന് വിധേയമായി കഴിയുന്നവളാണ് മുസ്‌ലിം സ്ത്രീ എന്ന പേരിലും പ്രചാരണം വ്യാപകമാണ്. എന്നാല്‍ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളില്‍ പെട്ട സ്ത്രീകളും സാമൂഹികമായ വിവേചനങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. വിദ്യാസമ്പന്നരായ കുറഞ്ഞ വിഭാഗം സ്ത്രീകള്‍ മാത്രമേ ഉയര്‍ന്ന സാമൂഹിക നിലവാരത്തില്‍ ജീവിതം നയിക്കുന്നവരായുള്ളൂ. ഇവരാകട്ടെ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുമല്ല. ബഹുഭൂരിപക്ഷ സ്ത്രീകളും സാമൂഹിക അസമത്വത്തിന്റെ ഭാഗമാണ്. സ്ത്രീകളെ അവഗണിക്കുക എന്നത് ഒരു മതപരമായ വിഷയമല്ല. എല്ലാ മത വിഭാഗത്തിലും പെട്ട സ്ത്രീകള്‍ സാമൂഹികമായ അവഗണനയുടെ ഭാഗമാണ്. എന്നാല്‍ മുത്തലാഖ് വിവാദം നിരന്തരമായി ചര്‍ച്ചയ്ക്ക് വരികയും മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി അവഗണിക്കപ്പെടുന്നവരാണ് എന്ന ചിത്രം മാധ്യമങ്ങള്‍ സമൂഹമധ്യത്തില്‍ പ്രചരിപ്പിക്കുകയുമാണ്. അങ്ങനെ മുസ്‌ലിം സമുദായത്തെക്കുറിച്ച് കൂടുതല്‍ മോശമായ ധാരണ സമൂഹത്തില്‍ വ്യാപിക്കുകയും ചെയ്യുന്നു.

എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു മുസ്‌ലിമായിരിക്കുക എന്നത് ഇന്ത്യയില്‍ അങ്ങേയറ്റം അപകടകരമാവുന്നു എന്ന സാഹചര്യം വളര്‍ന്നുവരികയാണോ? ഇത്തരം ഒരു സാഹചര്യം മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തെ എപ്രകാരമാണ് ബാധിക്കുന്നത് ?
മുന്‍ധാരണകളെ മുന്‍നിര്‍ത്തിയുള്ള പാര്‍ശ്വവത്ക്കരണമാണ് മുസ്‌ലിംകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് കാരണം സാധാരണ മുസ്‌ലിംകള്‍ക്ക് കൃത്യമായ ജോലി സമ്പാദിക്കാന്‍ കഴിയാത്ത, അര്‍ഹമായ വേതനം ലഭിക്കാത്ത സാഹചര്യവും നിരവധിയാണ്. നിയമ സംവിധാനങ്ങളിലും രഹസ്യാന്വേഷണ വിഭാഗത്തിന് ഇടയിലുമെല്ലാം മുസ്‌ലിംകള്‍ക്ക് എതിരായ മുന്‍വിധികള്‍ ധാരാളമാണ്. മുസ്‌ലിം ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതു പോലും ഇവര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാറുണ്ട്. ഇത് സാമൂഹ്യമായി വ്യാപിക്കുകയും തന്റെ പരിസരത്ത് ഒരു മുസ്‌ലിം ഇല്ലെങ്കില്‍ കൂടുതല്‍ സുരക്ഷിതനാണ് എന്ന രൂപത്തില്‍ ചിന്തിക്കാന്‍ പോലും കാരണമാവുകയും ചെയ്യുന്നു. ഇത്തരം യുക്തിരഹിതമായ അന്ധവിശ്വാസങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ജീവിക്കേണ്ടിവന്നാല്‍ നിങ്ങളുടെ ദൈനംദിന ജീവിതം അങ്ങേയറ്റം ദുസ്സഹമായിരിക്കും.
വിവ. ഷാകിര്‍ എടച്ചേരി

3 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x