6 Saturday
December 2025
2025 December 6
1447 Joumada II 15

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പുതിയൊരു ഇടം സമ്മാനിച്ച് യു എസ് സര്‍വകലാശാല


രാജ്യത്തെ മുസ്‌ലിം അനുഭവങ്ങള്‍ക്കും സംഭാവനകള്‍ക്കും പുതിയൊരു ഇടം സമ്മാനിച്ച് യു എസ് സ്റ്റേറ്റായ അരിസോണയിലെ സര്‍വകലാശാല. ‘മുസ്‌ലിം എക്‌സ്പീരിയന്‍സ് സെന്റര്‍’ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സഹായമൊരുക്കുകയും, രാജ്യത്തുടനീളമുള്ള മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ പ്രയോജനകരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. ലോക ചരിത്രത്തിനും സംസ്‌കാരത്തിനും മുസ്‌ലിംകള്‍ നല്‍കിയ സംഭാവന അടയാളപ്പെടുത്തുന്നത് പ്രയാസകരമാണ്. അമേരിക്കയിലെ മുസ്‌ലിം അനുഭവം രാജ്യത്തെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചു- ഹ്യൂമാനിറ്റീസ് മേധാവി ജെഫ്രി കൊഹീന്‍ പറഞ്ഞു. 70,000ലധികം പേര്‍ രജിസ്റ്റര്‍ ചെയ്ത സര്‍വകലാശാലയില്‍, മുസ്‌ലിം വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ 8000ലധികം പേരുണ്ട്.

കവിതാലാപനം, സംഗീതാവിഷ്‌കാരം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ക്ക് സെന്റര്‍ വേദിയൊരുക്കും. അതുപോലെ, എ എസ് യുവിന്റെ പൊതുപരിപാടിയിലേക്ക് എഴുത്തുകാരുടെയും വിദ്യാര്‍ഥികളുടെ ശേഷി പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളുടെയും സാന്നിധ്യമുണ്ടാകും. മുസ്‌ലിംകളും അല്ലാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുള്ള വേദിയാണിത്. പരസ്പരം അറിയുന്നതിനും, പ്രാദേശികമായി പുരോഗമിച്ച കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിന് പ്രയോജനകരമായ സാമൂഹിക-സാംസ്‌കാരിക വൈജാത്യങ്ങളെ അംഗീകരിക്കുന്നതിനും സംവിധാനമൊരുക്കുമെന്ന് പുതിയ സെന്ററിന്റെ കോ-ഡയറക്ടര്‍ ചാഡ് ഹെയ്‌സന്‍സ് പറഞ്ഞു. മുസ്‌ലിം സ്ത്രീകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അടയാളപ്പെടുത്തുന്നതും പുതിയ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് മറ്റൊരു കോ-ഡയറക്ടര്‍ യാസ്മീന്‍ സൈകിയ പറഞ്ഞു.

Back to Top