2 Monday
December 2024
2024 December 2
1446 Joumada II 0

കേരളത്തിലെ മുസ്‌ലിം സംഘടനകളോട് സ്‌നേഹപൂര്‍വം

ടി കെ എ ഗഫൂര്‍, അരൂര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമസ്തയുടെ ‘ഉള്ളിന്റെയുള്ളിലെ’ ഇരുവിഭാഗം നേതാക്കന്‍മാര്‍ ചാനലുകളോട് നടത്തിയ ചില പ്രതികരണങ്ങളാണ് ഈ കുറിപ്പിന്നാധാരം. കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പണ്ഡിതസഭ രൂപീകരിക്കുന്നത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദിമരൂപമായ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ധൈഷണിക നേതൃത്വത്തിലാണ്. 1921ല്‍ രൂപീകൃതമായ പ്രസ്തുത സംഘടനയുടെ പേര് ‘കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ’ എന്നായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞാണ് പ്രസ്തുത സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഒരു വിഭാഗം പണ്ഡിതന്‍മാര്‍ ‘സമസ്ത’ എന്ന വാക്ക് കൂട്ടിച്ചേര്‍ത്ത് പുത്തന്‍ സംഘടന അഥവാ ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ’ രൂപീകരിക്കുന്നത്.
കേരള മുസ്‌ലിംകളുടെ ആധികാരിക പരമോന്നത പണ്ഡിതസഭ എന്നാണ് അവര്‍ സ്വയം അവകാശപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ ഈ അവകാശവാദത്തില്‍ വലിയ കഴമ്പൊന്നുമില്ല. ഏതെങ്കിലും ആധികാരികമായ പഠന റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലൊന്നുമല്ല ഈ സ്വയം വലുതാവല്‍. പുതിയ തലമുറയില്‍പ്പെട്ട മത-ഭൗതിക വിദ്യാഭ്യാസം നേടിയവരില്‍ അംഗുലീപരിമിതമായ ചില ആളുകള്‍ മാത്രമാണ് ഇന്ന് മതപരമായ കാര്യങ്ങളില്‍ സമസ്തയെ കാതോര്‍ക്കുന്നത്. ഇത്തരം ഗ്രൗണ്ട് റിയാലിറ്റി ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇന്ന് കേരളത്തിലെ ഓരോ മുസ്‌ലിം വീട്ടിലും സമസ്തയെ ഉള്‍ക്കൊള്ളാത്ത മുജ-ജമകളെ ആദര്‍ശതലത്തില്‍ ചേര്‍ത്തുപിടിച്ച പുതുതലമുറയെ നമുക്ക് കാണാം. ഒരുപക്ഷേ സംഘടനാ അംഗത്വം സ്വീകരിച്ചവരും അല്ലാത്തവരും അക്കൂട്ടത്തില്‍ ഉണ്ടാകും. ഇത്തരത്തിലുള്ള ആശയധാരയിലുള്ള അനേകം ആളുകള്‍ സുന്നി പള്ളികളുടെയും സ്ഥാപനങ്ങളുടെയും നേതൃസ്ഥാനത്തു പോലുമുണ്ട്.
‘ഞമ്മളാണ് എണ്ണവും വണ്ണവും’ ഉള്ളവര്‍ എന്ന് മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തെ ഭീഷണിപ്പെടുത്താന്‍ സമസ്തയിലെ ചെറിയൊരു വിഭാഗം പലപ്പോഴും ശ്രമിക്കാറുണ്ട്. ഇവന്‍മാരുടെ ‘വലുപ്പമില്ലായ്മ’ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനം നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
പാണക്കാട്ടെ നേതൃത്വത്തെ കേരളത്തിലെ ഏറക്കുറെ എല്ലാ വിഭാഗം മുസ്‌ലിംകളും സമുദായത്തിന്റെ പൊതു രാഷ്ട്രീയ നേതൃത്വമായാണ് കരുതിപ്പോരുന്നത്. ഇത് ആരുടെയും ബലഹീനതയല്ല. പാണക്കാട്ടെ നേതൃത്വം കേരളത്തിലെ എല്ലാ മുഖ്യധാരാ പ്രസ്ഥാനങ്ങളോടും ഒരു പരിധി വരെ സമദൂരം സ്വീകരിക്കാറുണ്ട്. ഇടക്കാലത്ത് ചിലര്‍ വഴിയില്‍ കയറി വഴിതടയാന്‍ ശ്രമിച്ചത് വിസ്മരിക്കുന്നില്ല. വഴിമുടക്കികളെ വകഞ്ഞുമാറ്റി അവര്‍ യാത്ര തുടരുകയും ചെയ്തു. പാണക്കാട്ടെ രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കുന്നവര്‍ കേരളത്തിലെ എല്ലാ ‘സ്‌കൂള്‍ ഓഫ് തോട്ടി’ലും ഉണ്ടെന്ന കാര്യം എല്ലാ കാലത്തും മുസ്‌ലിം ലീഗ് നേതൃത്വത്തിന് നന്നായി അറിയാമായിരുന്നു.
മുസ്‌ലിം ലീഗ് എന്നത് ഒരു പൊതു കുടയാണെന്നും ഒരു പൊതു പ്ലാറ്റ്‌ഫോമാണെന്നതും മറന്നുപോകുന്നുവോ അന്ന് അത് ഇല്ലാതാവും. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന് ധൈഷണിക നേതൃത്വം നല്‍കിയവരില്‍ സി എച്ച്, സീതി സാഹിബ്, വക്കം മൗലവി, ബാഫഖി തങ്ങള്‍, കെ എം മൗലവി, കെ സി അബൂബക്കര്‍ മൗലവി, മങ്കട അസീസ് മൗലവി, എ വി ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കണ്ണിയത്ത് ഉസ്താദ്, നാട്ടിക വി മൂസ മുസ്‌ലിയാര്‍ തുടങ്ങിയ വലിയൊരു നീണ്ട നിരയുണ്ടായിരുന്നു. ഇവരെല്ലാവരും മതപരമായി ഒരേ സ്‌കൂള്‍ ഓഫ് തോട്ട് ഉള്‍ക്കൊണ്ടവരല്ല. സംഘടിത രാഷ്ട്രീയ പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചവരാണിവരെല്ലാം.
വിരലിലെണ്ണാവുന്ന ഏതാനും ആളുകള്‍ ഒരു ചെറിയ റൂമില്‍ കയറി വാതിലടച്ചാല്‍ മുസ്‌ലിം മത-രാഷ്ട്രീയ നേതൃത്വം മുഴുവന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് റൂമില്‍ കയറുമെന്നു കരുതരുത്. ഈ പൊതു കുടയെ വലിച്ചുകീറാന്‍ പൊന്നാനി, മലപ്പുറം ലോക്‌സഭാ ഇലക്ഷന്റെ മറവില്‍ മതനേതാക്കള്‍ ശ്രമിച്ചത് നന്നായില്ല. ‘തലയിരിക്കുമ്പോള്‍ വാലാടാതിരിക്കാന്‍’ എല്ലാവരും ശ്രമിക്കണം.
മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനം എന്ന വാഹനം പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ തന്നെ ഓടിക്കട്ടെ. വാഹനത്തിനെ താങ്ങിനിര്‍ത്തുന്ന ടയറുകളെ പിന്‍സീറ്റില്‍ നിന്ന് ആരും വിപരീത ദിശയിലേക്ക് വലിക്കരുത്. എങ്കില്‍ മാത്രമേ അതിലെ വിവിധ ചിന്താധാരകളുള്ള യാത്രക്കാര്‍ സുരക്ഷിതരായിരിക്കുകയുള്ളൂ. ഇതിനൊന്നും തയ്യാറാവാതെ ഈ കുട്ടി എന്റേത് മാത്രമാണ്, അതിനെ മുഴുവനായി എനിക്ക് തരണം, അല്ലെങ്കില്‍ അതിനെ മുറിച്ച് ഒരു കഷണം എനിക്ക് വേണമെന്ന പഴയ കഥയിലെ ‘ഡ്യൂപ്ലിക്കേറ്റ്’ ഉമ്മയുടെ നിലപാട് ആരും സ്വീകരിക്കരുത്.

Back to Top