7 Saturday
December 2024
2024 December 7
1446 Joumada II 5

മുസ്്‌ലിം സംവരണം; ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല

ബി പി എ ഗഫൂര്‍


കേരളത്തിലെ മുസ്‌ലിം സമൂഹം രാഷ്ട്രീയ പാര്‍ട്ടികളുടെ സ്‌നേഹ പരിലാളനകളാല്‍ വീര്‍പ്പുമുട്ടുകയാണ്. ഇറാഖ്, ഫലസ്തീന്‍, എന്‍ ആര്‍ സി, ഏക സിവില്‍കോഡ് തുടങ്ങി കേരളത്തിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ സകല പ്രശ്‌നങ്ങളിലും പിന്തുണയുമായി രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരിക്കുകയാണ്. കോഴിക്കോട് കടപ്പുറത്തെ റാലികളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ പരിപാടികളിലും ഓടിയെത്താന്‍ പ്രയാസപ്പെടുകയാണ് മുസ്‌ലിം സംഘടനാ നേതാക്കള്‍. സ്‌നേഹിച്ചുകൊല്ലുകയെന്നത് ശരിക്കും അനുഭവിക്കുകയാണ് കേരളത്തിലെ മുസ്‌ലിംകള്‍.
1992 നവംബറില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ഒമ്പതാം ഭരണഘടനാബെഞ്ച് ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ജാതി സെന്‍സസ് നടത്താനും സംവരണതോത് പുനഃക്രമീകരിക്കാനും മുഴുവന്‍ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചു. ഈയിടെ അഡ്വ. വി കെ ബീരാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് കേന്ദ്ര ഗവണ്‍മെന്റിനോടും സംസ്ഥാന സര്‍ക്കാറുകളോടും ജാതി സെന്‍സസ് നടത്തി സംവരണം പുനഃക്രമീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മുസ്‌ലിം സമുദായത്തിന്റെ രക്ഷകരായി മത്സരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളൊക്കെയും പ്രശ്‌നത്തോട് മുഖംതിരിക്കുക മാത്രമല്ല; പണമില്ലാത്തതിനാല്‍ ജാതി സെന്‍സസ് നടത്താന്‍ കഴിയില്ലെന്ന് കേരള സര്‍ക്കാര്‍ കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിച്ചിരിക്കുകയുമാണ്.
1992ലെ സുപ്രീംകോടതി വിധിയെ അവഗണിച്ച കേന്ദ്ര സര്‍ക്കാറുകള്‍ പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2011ല്‍ സെന്‍സസിനൊപ്പം ജാതി തിരിച്ച് സാമൂഹിക സാമ്പത്തിക ഡാറ്റകൂടി ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഡാറ്റ 99%വും കുറ്റമറ്റതാണെന്ന് രജിസ്ട്രാര്‍ ജനറല്‍ പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഡാറ്റകള്‍ കൃത്യമല്ലെന്ന് പറഞ്ഞ് പ്രസിദ്ധപ്പെടുത്താതെ പൂഴ്ത്തിവെക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ജാതി സെന്‍സസ് എന്നത് കേവലം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ കണക്കെടുപ്പല്ല. രാജ്യത്തിന്റെ വിഭവങ്ങളും അധികാരങ്ങളും തൊഴില്‍ വിദ്യാഭ്യാസ മേഖലകളും ഓരോ സമൂഹത്തിന്റെയും വ്യക്തമായ പ്രാതിനിധ്യവും പങ്കാളിത്തവും ശേഖരിക്കുകയെന്നതാണ്. ഈ സ്ഥിതിവിവരക്കണക്ക് വസ്തുനിഷ്ഠമായി പുറത്തുവന്നാല്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ കുടിയിരുന്ന് രാജ്യത്തിന്റെ വിഭവങ്ങളുടെ സിംഹഭാഗവും കയ്യടക്കിവെച്ചിരിക്കുന്നതാരാണെന്ന് വ്യക്തമാവും.
നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 4/2015-16 പ്രകാരം രാജ്യത്തെ ദരിദ്രരില്‍ 84% എസ് സി/എസ് ടി, ഒബിസി വിഭാഗങ്ങളാണ്. 31% മുസ്‌ലിംകളും ദാരിദ്രരേഖക്ക് താഴെയാണ്. (ഒബിസിയിലെ 37% (അഥവാ 983 സമുദായങ്ങള്‍ക്ക്) ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പ്രാതിനിധ്യം 0% ആണെന്നാണ് 2023 ജസ്റ്റിസ് രോഹിണി കമ്മിഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്). ഒബിസിയിലെ 994 സമുദായങ്ങള്‍ക്ക് കേവലം 2.68% മാത്രമാണ് പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം ജോലിയിലും വിദ്യാഭ്യാസത്തിലും പ്രാതിനിധ്യമുള്ളത്.
തുല്യനീതിയും അവസരസമത്വവും അധികാരത്തില്‍ പങ്കാളിത്തവുമെല്ലാം ഉദ്‌ഘോഷിക്കുന്ന ഭരണഘടനയുടെ 124,127, 224 ആര്‍ടിക്കിളുകള്‍ പ്രകാരമാണ് സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നത്. നിയമനത്തില്‍ യാതൊരു വിധ സംവരണവുമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹൈക്കോടതികളില്‍ നടന്ന ജഡ്ജിമാരുടെ നിയമനത്തില്‍ 79%വും സവര്‍ണജാതിയില്‍ പെട്ടവരാണ്. ഇന്ത്യയുടെ ജനസംഖ്യയില്‍ നാല് ശതമാനം മാത്രം വരുന്ന ബ്രാഹ്മണരില്‍ നിന്ന് പതിനാല് പേരാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍. ആകെ ഉണ്ടായ 47 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരില്‍ 14 പേര്‍. അഥവാ അധികാരത്തില്‍ ആരുതന്നെയായാലും സുപ്രീംകോടതിയിലെ ബ്രാഹ്മണ പ്രാതിനിധ്യം 30-40% ശരാശരിയായി നിലനില്‍ക്കും.
രാജ്യത്തെ സവര്‍ണ വിഭാഗമായ 10 ശതമാനത്തിന്റെ കയ്യിലാണ് ഭൂ സ്വത്തിന്റ സിംഹഭാഗവും. ബീഹാറില്‍ ഈയിടെ നടത്തിയ ജാതി സര്‍വെ രാജ്യത്തെ മൊത്തം ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളാണ് പുറത്തുവിട്ടത്. 2020ലെ രാജ്യത്തെ സമ്പത്തിന്റെ വിതരണം സംബന്ധിച്ച ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉന്നത ജാതിക്കാരായ 10% പേര്‍ മൊത്തം സമ്പത്തിന്റെ 74.3% വും കയ്യടക്കിവെച്ചിരിക്കുകയാണ്. ഏറ്റവും താഴെ തട്ടില്‍ ജീവിക്കുന്ന 50% ത്തിന് കേവലം 2.8% മാത്രമാണ് സമ്പത്തിന്റെ മേലുള്ള ഉടമസ്ഥാവകാശം.
2019ലെ കണക്ക് പ്രകാരം ജനസംഖ്യയില്‍ മൂന്ന് ശതമാ നം മാത്രമുള്ള ബ്രാഹ്മണരുടെ കൈകളിലാണ് രാജ്യത്തിന്റെ അധികാരത്തിന്റെ സിംഹഭാഗവും എന്ന് വ്യക്തമാക്കുകയുണ്ടായി. ലോകസഭാംഗങ്ങളില്‍ 40%വും രാജ്യസഭാംഗങ്ങളില്‍ 36%വും ഗവര്‍ണര്‍മാരില്‍ 60%വും കാബിനറ്റ് മന്ത്രിമാരില്‍ 54% വും ബ്രാഹ്മണരാണ്.
ചീഫ് സെക്രട്ടറിമാരില്‍ 54 ശതമാനവും അഡീഷണല്‍ സെക്രട്ടറിമാരില്‍ 62 ശതമാനവും മന്ത്രിമാരുടെ പി എ കളില്‍ 70 ശതമാനവും ബ്രാഹ്മണരുടെ കൈകളിലാണെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കാനാവില്ല. ഈയൊരു സാഹചര്യത്തെ മുന്നില്‍ നിറുത്തിവേണം ജാതി സെന്‍സസിന്റെ അനിവാര്യത ചര്‍ച്ച ചെയ്യാന്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റതോടെ അറിഞ്ഞോ അറിയാതെയോ വിപ്ലവാത്മകമായ ഒരു രാഷ്ട്രീയ ഉണര്‍വിലേക്കാണ് രാജ്യത്തെ പിന്നാക്ക അധിസ്ഥിത വിഭാഗങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഖാര്‍ഗെയുടെ നിലപാടുകള്‍ കോണ്‍ഗ്രസില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് തന്നെ വേണം അനുമാനിക്കാന്‍.
എ ഐ സി സിയുടെ കഴിഞ്ഞ പ്ലീനറി സമ്മേളനം ചരിത്രപ്രസിദ്ധമായ ഒരു തീരുമാനത്തിന് സാക്ഷ്യംവഹിച്ചു. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനമെടുത്തുവെന്ന് മാത്രമല്ല വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ രൂപപ്പെട്ട ഇന്ത്യ മുന്നണിയുടെ ഔദ്യോഗിക മുദ്രാവാക്യമായി ജാതിസെന്‍സസ് ഉയര്‍ത്തിക്കൊണ്ടു വരിക കൂടി ചെയ്തു. പിന്നാക്ക അധസ്ഥിത ജനവിഭാഗങ്ങളോടുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആത്മാര്‍ഥമായ പ്രതിബദ്ധതയ്ക്ക് മുമ്പില്‍ എല്ലാ കക്ഷികളും ഐക്യപ്പെട്ടു എന്നത് ചരിത്രത്തില്‍ അത്ര നിസ്സാരമല്ല.
ഇന്ത്യാ മുന്നണിയുടെ ജാതി സെന്‍സസ് എന്ന ആവശ്യം പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ഭരണകക്ഷികളും പ്രതിപക്ഷ പാര്‍ട്ടികളും ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്നതിനാല്‍ ഒട്ടും ആശയക്കുഴപ്പത്തിനിടമില്ല. ദൗര്‍ഭാഗ്യവശാല്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. അഡ്വ. വി കെ ബീരാന്റെ ഹരജിയില്‍ ജാതി സെന്‍സസ് നടത്താന്‍ സുപ്രീംകോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍ തടസ്സം പറഞ്ഞ് ആദ്യമായി കോടതിയെ സമീപിച്ചത് കേരള സര്‍ക്കാറാണെന്നത് എന്തുമാത്രം വിരോധാഭാസമാണ്. ധൂര്‍ത്തും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഒരു സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്താതിരിക്കാന്‍ കോടതിയെ ബോധിപ്പിച്ച കാരണം പണമില്ലെന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഈ ധിക്കാരത്തെ ചോദ്യം ചെയ്യാന്‍ ജാതി സെന്‍സസ് പ്രഖ്യാപനവുമായി രംഗത്തുവന്ന ഇന്ത്യാ മുന്നണിയുടെ നേതൃത്വം വഹിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകം മുന്നോട്ടുവന്നിട്ടില്ലെന്നത് അതിലേറെ വിചിത്രം. എന്തിനേറെ മുസ്‌ലിം സമുദായത്തിന്റെ സ്വന്തമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതൃത്വം പോലും ജാതി സെന്‍സസ് വിഷയത്തില്‍ മൗനത്തിലാണ്.
ആരെയാണ്
ഭയക്കുന്നത്?

കേരള ജനസംഖ്യയുടെ 14% മാത്രം വരുന്ന നായര്‍ സമുദായത്തിന്റെ തന്നെ 50 ശതമാനത്തില്‍ താഴെ മാത്രം പിന്തുണയുള്ള എന്‍ എസ് എസിനെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഭയപ്പെടുന്നു എന്ന് വ്യക്തം. കേരള ജനസംഖ്യയുടെ 26.56 ശതമാനം മുസ്‌ലിംകളും 23 ശതമാനം ഈഴവരുമാണ്. 9.8 ശതമാനം എസ് സി വിഭാഗവും 1.14 ശതമാനം എസ് ടി വിഭാഗവുമാണ്. ധീരവര്‍ 3 ശതമാനവും ക്രിസ്ത്യാനികള്‍ 18.38 ശതമാനവുമാണ്. ഇവരെല്ലാം കൂടിയ അധസ്ഥിത പിന്നാക്കവിഭാഗങ്ങള്‍ ജനസംഖ്യയുടെ 75 ശതമാനത്തിലധികം വരുമെന്നിരിക്കെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന ജാതി സെന്‍സസിനെ എന്‍ എസ് എസിന്റെ കോപം ഭയന്ന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ മാറ്റിവെക്കുന്നു.
ജാതി സെന്‍സസ് കേവലം പട്ടിക ജാതി പട്ടികവര്‍ഗ കണക്കെടുപ്പല്ലെന്ന് മറ്റാരെക്കാളും അറിയുന്നത് സവര്‍ണര്‍ക്കാണ്. ബ്രാഹ്മണര്‍ അടക്കം സകല ജാതികളിലും പെട്ടവര്‍ എന്തൊക്കെ, എവിടെയെല്ലാം എത്രയെല്ലാം നേടി എന്നതിന്റെ വ്യക്തമായ സ്ഥിതി വിവര ശേഖരണമാണ് ജാതി സെന്‍സസ്. അധസ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ സംവരണത്തിലൂടെ അനര്‍ഹമായത് നേടിയെടുത്തു എന്ന് ദുഷ്പ്രചാരണം നടത്തി പൊതുഖജനാവ് കൊള്ളയടിക്കുന്ന സവര്‍ണരുടെ യഥാര്‍ഥ മുഖം പൊളിച്ചെഴുതപ്പെടുമെന്നതുകൊണ്ട് തന്നെയാണ് ജാതി സെന്‍സസിനെ ഏതു വിധേനയും ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കുന്നത്.
ജാതി സെന്‍സസ് പ്രാതിനിധ്യ ജനാധിപത്യത്തിലേക്കുള്ള ശക്തമായ കാല്‍വെപ്പാണ്. ഇന്ത്യാ മുന്നണി ഉയര്‍ത്തുന്ന ജാതി സെന്‍സസ് എന്ന മുദ്രാവാക്യം നെഞ്ചിലേറ്റാന്‍ മറ്റാരെക്കാളും ബാധ്യതപ്പെട്ടവരാണ് പിന്നാക്ക അധസ്ഥിത ജനവിഭാഗങ്ങള്‍. രാജ്യത്തിന്റെ അധികാരവും സമ്പത്തും കയ്യടക്കിവെച്ചിരിക്കുന്ന സവര്‍ണാധിപത്യത്തിന്റെ ഉരുക്കുകോട്ടകള്‍ തകര്‍ത്തെറിഞ്ഞ് പൊതുഖജനാവിന്റെ നീതി പൂര്‍വകമായ പങ്കുവെപ്പിനും തുല്യനീതിക്കും അവസരസമത്വത്തിനുള്ള ഉജ്വലമായ പോരാട്ടത്തിന്റെ അകക്കാമ്പാണ് ജാതി സെന്‍സസ്. ജാതി സെന്‍സസ് ഔദാര്യമല്ല. സുപ്രീംകോടതിപോലും വകവെച്ചുതന്ന അവകാശമാണെന്ന ബോധ്യം പിന്നാക്ക അധഃസ്ഥിത ജനവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളണം. നടേ സൂചിപ്പിച്ചതുപോലെ കേരളത്തിലെ മുസ്‌ലിം സമുദായം രാഷ്ട്രീയ നേതൃത്വങ്ങളുടെ പരിലാളനകളില്‍ വീര്‍പ്പുമുട്ടുകയാണെങ്കിലും രക്ഷകരായി ചുറ്റും കൂടുന്നവര്‍ അവരുടെ പോക്കറ്റിലുള്ളതുകൂടി കൊള്ളയടിക്കുന്ന സ്ഥിതിവിശേഷമാണ്.
സംവരണം ഔദാര്യമല്ല
കേരള ജനസംഖ്യയുടെ 26 ശതമാനത്തിലധികം വരുന്ന മുസ്‌ലിം സമുദായം ഉദ്യോഗവിദ്യാഭ്യാസ രംഗങ്ങളില്‍ ഏറെ പിന്നാക്കമാണ്. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനായി നടത്തിയ നിരന്തരമായ പോരാട്ടങ്ങളിലൂടെ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 10 ശതമാനവും മറ്റു സര്‍വീസുകളില്‍ 12 ശതമാനവും സംവരണം നേടിയെടുത്തു. എന്നാല്‍ കാലാകാലങ്ങളായി ഈ സംവരണാവകാശത്തെ അട്ടിമറിച്ചതിലൂടെ ഇന്നുവരെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം നേടിയെടുക്കാന്‍ മുസ്‌ലിം സമുദായത്തിന്നായിട്ടില്ല.
പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്നും 20 പേര്‍ ഉള്‍ക്കൊള്ളുന്ന യൂനിറ്റുകളാക്കി തിരിച്ച് നിയമനം നടത്തുന്നതിലൂടെ സംവരണം ആസൂത്രിതമായി അട്ടിമറിക്കുകയാണ് സവര്‍ണലോബി. ഒഴിവുള്ള മുഴുവന്‍ സീറ്റുകളും ഒറ്റയൂണിറ്റാക്കി പരിഗണിച്ച് നിയമനം നടത്തിയെങ്കില്‍ മാത്രമേ മുസ്‌ലിം സമുദായത്തിന് സംവരണത്തിന്റെ പൂര്‍ണഗുണം സാധ്യമാവുകയുള്ളൂ. 20 വീതമുള്ള ക്ലസ്റ്ററാക്കി തിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും സവര്‍ണ അധികാരികളുടെ ബധിര കര്‍ണങ്ങളില്‍ അത് ചലനമുണ്ടാക്കുന്നില്ല. ഒന്നുകില്‍ റൊട്ടേഷന്‍ സമ്പ്രദായത്തിലെ അപാകത പരിഹരിക്കുയോ അല്ലെങ്കില്‍ നിയമന നഷ്ടം നികത്തുകയോ വേണം.
ഈയൊരു സാഹചര്യത്തിലാണ് ഭിന്നശേഷി സംവരണത്തിന്റെ മറപിടിച്ച് മുസ്‌ലിം സമുദായത്തിന്റെ ലഭ്യമായ സംവരണാനുകൂല്യം കൂടി തട്ടിയെടുക്കാന്‍ ബോധപൂര്‍വമായ ശ്രമ ങ്ങള്‍ നടക്കുന്നത്. സാമൂഹിക നീതിവകുപ്പ് 2019ല്‍ ഇറക്കിയ ഉത്തരവ് പ്രകാരം ഭിന്നശേഷിക്കാരുടെ സംവരണം 3 ശതമാനത്തില്‍ നിന്ന് 4 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ മുസ്‌ലിം സംവരണം രണ്ട് ശതമാനം വെട്ടിക്കുറക്കുന്ന വിധത്തിലായിരിക്കും.
ഈ ഉത്തരവ് ഉണ്ടാക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് ടി വി ഇബ്‌റാഹീം എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മുസ്‌ലിം സമുദായത്തിന് അവസര നഷ്ടം വരുത്താതെ മാത്രമേ ഭിന്നശേഷി സംവരണം വര്‍ധിപ്പിക്കുകയുള്ളൂ എന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയതാണ്.
എന്നാല്‍ സാമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം വര്‍ധിപ്പിച്ച ഭിന്നശേഷി സംവരണം പി എസ് സി നിയമനത്തിലെ 21,26 റൊട്ടേഷനുകളിലാണ് ഉള്‍പ്പെടുത്തിയത്. ഇത് രണ്ടും മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ടതാണ്. ഈ രണ്ട് റോസ്റ്ററുകളും നഷ്ടപ്പെടുത്തിയതിലൂടെ പ്രതിവര്‍ഷം ശരാശരി 700ഓളം നിയമനങ്ങളാണ് മുസ്‌ലിം സമുദായത്തിന് നഷ്ടമാവുന്നത്. പൊതുവെ ദുര്‍ബല, പിന്നെ ഗര്‍ഭിണി എന്ന അവസ്ഥയിലാണ് മുസ്‌ലിം സമുദായമിപ്പോഴുള്ളത്. ഇപ്പോള്‍ തന്നെ ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ല. ഇയൊരു ഘട്ടത്തിലാണ് ഉള്ള പ്രാതിനിധ്യവും സര്‍ക്കാര്‍ ബോധപൂര്‍വം അപഹരിക്കുന്നത്.
ഇത് മാത്രമല്ല, മുന്നാക്ക സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ പറഞ്ഞത് സംവരണ വിഭാഗങ്ങള്‍ക്ക് യാതൊരു നഷ്ടവും അതുണ്ടാക്കില്ലെന്നായിരുന്നു. എന്നാല്‍ ഉദ്യോഗ വിദ്യാഭ്യാസരംഗത്ത് ഉന്നത റാങ്കുള്ള മുസ്‌ലിം കാന്‍ഡിഡേറ്റിനെ മറികടന്നാണ് താഴ്ന്ന റാങ്കുള്ള നായരും മുന്നാക്ക ക്രിസ്ത്യാനിയുമൊക്കെ നിയമനവും പ്രവേശനവും നേടുന്നത് എന്നത് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ പിന്നാക്ക വിഭാഗങ്ങള്‍ ജാതി സെന്‍സസെന്ന ഇരുതലമൂര്‍ച്ചയുള്ള സമരായുധം കയ്യിലെടുക്കണം. ജാതി സെന്‍സസിലൂടെ ഇന്ത്യ എങ്ങനെ ജീവിക്കുന്നു, ആരാണ് അധിക വിഭവങ്ങള്‍ കയ്യടക്കി വെച്ചിരിക്കുന്നത് എന്നത് പുറത്തുവരട്ടെ. ജോലികള്‍ മുഴുവന്‍ സംവരണത്തിലൂടെ എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങള്‍ കയ്യടക്കിവെച്ചിരിക്കുകയാണെന്ന ദുഷ്പ്രചാരണത്തിന്റെ യാഥാര്‍ഥ്യം പുറത്തുവരണം. തങ്ങളുടെ അധിക പ്രിവിലേജ് മൂടിവെക്കാന്‍ ജാതി സെന്‍സസിനെ തള്ളിപ്പറയുന്ന സവര്‍ണ തമ്പുരാക്കന്മാരെ രാജ്യത്തിന് മുമ്പില്‍ തുറന്നുകാണിക്കുന്ന നല്ലൊരു നാളേക്ക് വേണ്ടിയാവട്ടെ ജാതിസെന്‍സസ്.

Back to Top