നീതിനിര്‍വഹണ രംഗത്തെ മുസ്ലിം പ്രാതിനിധ്യം
അബ്ദുറഷീദ്
സംവരണ ചര്‍ച്ചകളാണ് എല്ലായിടത്തും. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണ് മിക്കവരുടേയും വിഷയം. അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ വ്യാപകമാണ്. എല്ലാ മേഖലകളും പരിശോധിക്കപ്പെടുമ്പോള്‍ നീതി നിര്‍വഹണ ഭരണ നിര്‍വഹണ സംവിധാനങ്ങളിലേക്കും കണ്ണെത്തേണ്ടതുണ്ട്. വളരെ പരിതാപകരമാണ് അവിടുത്തെ അവസ്ഥ.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ജഡ്ജിയായി നിയമിതരാകാതിരിക്കാനുള്ള തരത്തിലുള്ള പ്രത്യേക തരം മനസ്ഥിതി നിലനില്ക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ പറഞ്ഞത് ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇന്ത്യന്‍ സുപ്രീം കോടതിയുടെ അനുവദിക്കപ്പെട്ട അംഗബലം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ 34 ജഡ്ജിമാരാണ്. എന്നാല്‍ നിലവില്‍ സുപ്രീം കോടതിയില്‍ വനിത, മുസ്‌ലിം, പാര്‍സി, ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങളില്‍ നിന്ന് ഓരോ ജഡ്ജിമാര്‍ വീതമാണുള്ളത്. മാത്രമല്ല, സിഖ്, ബുദ്ധ, ജൈന മതവിഭാഗങ്ങളില്‍ നിന്നും ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള ഒരു ജഡ്ജി പോലും ഇന്ന് സുപ്രീം കോടതിയിലില്ല താനും. രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ ഭീഷണമായ അവസ്ഥയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കാന്‍ കഴിയുന്ന സമഗ്രവും വൈവിധ്യപൂര്‍ണവുമായൊരു ബെഞ്ചാണ് സുപ്രീംകോടതിയില്‍ ഉണ്ടായിരിക്കേണ്ടതെന്ന പൊതുവായൊരു വിശ്വാസം നമ്മുടെ സമൂഹത്തിലുണ്ട്.
ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ പതിനഞ്ചു ശതമാനവും മുസ്‌ലിംകളാണെന്നത് എടുത്തുപറയേണ്ടൊരു വസ്തുതയാണ്. എന്നാല്‍ ഉയര്‍ന്ന ജുഡീഷ്യറി തസ്തികളിലെ മുസ്ലിം പ്രാതിനിധ്യമാകട്ടെ തുലോം തുച്ഛവുമാണ്. മുസ്‌ലിം ജനവിഭാഗത്തിന്റെ രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയും മതേതര ബോധവും കണക്കിലെടുത്താല്‍ ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നമുക്ക് ബോധ്യമാകും. നിലവിലെ കണക്കനുസരിച്ച് സുപ്രീം കോടതിയില്‍ ഒരു മുസ്‌ലീം ജഡ്ജിയും, ഹൈക്കോടതികളില്‍ രണ്ട് മുസ്‌ലിം ചീഫ് ജസ്റ്റിസുമാരും മാത്രമാണുള്ളത്. ഇനി രാജ്യത്തുടനീളമുള്ള ഹൈക്കോടതികളിലെ ആകെ മുസ്‌ലിം ജഡ്ജിമാരുടെ എണ്ണമാണേല്‍ ഒരു ഡസനിലും കുറവുമാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ രാജ്യത്തിന്റെ സുപ്രധാനമായ വിധികള്‍ നിര്‍ണയിക്കുന്ന ഉയര്‍ന്ന ജുഡീഷ്യറി പദത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാന്‍ ആവശ്യമായ നടപടികള്‍ നമ്മുടെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നവര്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിന്റെ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒരു ഗുരുതര പ്രശ്‌നം തന്നെയാണിത്. നിലവിലെ അവസ്ഥയുടെ പേരില്‍ സര്‍ക്കാരിനെ പഴിക്കാനും കൊളീജിയത്തിന് സാധ്യമല്ല. എന്തെന്നാല്‍, ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുമ്പോള്‍ എല്ലാ വിഭാഗക്കാര്‍ക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിന്റെ ഉത്തരവാദിത്തം കൊളീജിയം തന്നെ ഏറ്റെടുക്കേണ്ടതാണ്. ഗവണ്മെന്റിന്റെ ഊഴം കൊളീജിയത്തിന് ശേഷമാണ് വരുന്നതും. അതുകൊണ്ട് തന്നെ ജുഡീഷ്യറിയെ സമഗ്രവും വൈവിധ്യപൂര്‍ണവുമാക്കാനുള്ള ശക്തമായ ഇച്ഛാശക്തിയും തന്റേടവും കൊളീജിയത്തിനുണ്ടെങ്കില്‍, അതിനെ എതിര്‍ക്കുകയെന്നത് ഗവണ്മെന്റിന് അപ്രാപ്യമാകും. ആയതിനാല്‍ ആദ്യം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും സുപ്രീം കോടതി ജഡ്ജിമാരെ നിയമിച്ചുകൊണ്ടാണ് കൊളീജിയം അതിന്റെ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സമര്‍ത്ഥരായ അഭിഭാഷകര്‍ക്ക് യാതൊരു പഞ്ഞവുമില്ല. മാത്രമല്ല, ഇക്കൂട്ടത്തില്‍ ചിലരെ ഉയര്‍ന്ന ഭരണഘടനാ കോടതികളിലെ ജുഡീഷ്യല്‍ സ്ഥാനങ്ങള്‍ക്കും പരിഗണിക്കാവുന്നതാണ്.
കൊളീജിയത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കുകയും പുതിയ നിയമനങ്ങള്‍ നടത്തി വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുകയും വേണ്ടതുണ്ട്.