മുസ്‌ലിം പ്രീണനം: മോദിയുടെ ആഖ്യാനങ്ങള്‍
എന്‍ പി ചെക്കുട്ടി
കഴിഞ്ഞ ലോക്‌സഭാ തിരെഞ്ഞടുപ്പിന്റെ ഒരു പ്രത്യേകത, തുടക്കത്തില്‍ ‘സബ്കാ സാത്ത് സബ്കാ വികാസ്’ തുടങ്ങിയ മുദ്രാവാക്യങ്ങളില്‍ കേന്ദ്രീകരിച്ചു നടന്ന പ്രചാരണം അതിന്റെ അവസാന ഘട്ടങ്ങളില്‍ എത്തിയപ്പോഴേക്കും തികഞ്ഞ വര്‍ഗീയ ഭ്രാന്തിന്റെ നിലയിലെത്തി എന്നതാണ്. ആറും ഏഴും ഘട്ടങ്ങളില്‍ ഉത്തരേന്ത്യയിലെ പശുബെല്‍റ്റ് മണ്ഡലങ്ങളില്‍ വോട്ടെടുപ്പു നടന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിലെ മുഖ്യ വിഷയം കോണ്‍ഗ്രസിന്റെ മുസ്‌ലിം പ്രീണനമായിരുന്നു.
കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ മുസ്‌ലിംകള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നതായും അത് ഡോ. മന്‍മോഹന്‍ സിങിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് പിന്തുടര്‍ന്നുവരുന്ന പ്രീണനനയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. പത്രിക തയ്യാറാക്കിയത് മുസ്‌ലിംലീഗാണോ എന്നുപോലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. പലപ്പോഴും കോമാളിത്തരത്തിന്റെ വക്കത്തെത്തുന്ന പ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ പശുക്കുട്ടികളെ പിടിച്ചെടുത്തു മുസ്‌ലിംകള്‍ക്കു നല്‍കുമെന്നും അവരുടെ സ്ത്രീകളുടെ താലിമാല പോലും കണ്ടുകെട്ടി അവയെല്ലാം മുസ്‌ലിംകള്‍ക്കു കൊടുക്കുമെന്നും അദ്ദേഹം തട്ടിവിടുകയുണ്ടായി. പ്രധാനമന്ത്രി ആയിരിക്കെ മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പൊതുവിഭവങ്ങളുടെ പ്രാഥമിക അവകാശികള്‍ മുസ്‌ലിംകളാണെന്നു പ്രഖ്യാപിക്കുകയുണ്ടായി എന്നും മോദി പറയുകയുണ്ടായി.
ഇതെല്ലാം തികഞ്ഞ കള്ളപ്രചാരണമാണെന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും വ്യക്തമായി കാണാമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് മോദി അത്തരം വ്യാജങ്ങള്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ പ്രചരിപ്പിച്ചു? അതിനു കാരണങ്ങള്‍ പലതുണ്ട്.
ഒന്നാമത്തെ കാര്യം, ഉത്തരേന്ത്യയില്‍ തനിക്കും ബിജെപിക്കും പിന്തുണ നല്‍കുന്ന ജനവിഭാഗങ്ങള്‍ പമ്പരവിഡ്ഢികളാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. എന്ത് അസംബന്ധവും അവിടെ ചെലവാക്കാന്‍ കഴിയും. അതിനാല്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ കണ്ണിമ ചിമ്മാതെ അദ്ദേഹം തട്ടിവിട്ടു.
രണ്ടാമത്തെ കാര്യം, തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ പ്രകടമായ ജനങ്ങളുടെ ഉദാസീന മനോഭാവം അദ്ദേഹത്തെ പരിഭ്രാന്തിയിലാക്കി എന്നതാണ്. സാധാരണ ജനങ്ങള്‍ മാത്രമല്ല ഇത്തവണ വോട്ടെടുപ്പില്‍ ഉദാസീന മനോഭാവം പ്രകടിപ്പിച്ചത്. ഇത്രയും കാലം മോദിക്കു വേണ്ടി ശക്തമായി പ്രചാരണരംഗത്തു നിലകൊണ്ട ആര്‍എസ്എസും മറ്റു സംഘപരിവാര ശക്തികളും ഇത്തവണ അതില്‍ നിന്നു പിന്നാക്കം പോവുകയുണ്ടായി. മോദിയും സംഘപരിവാര നേതൃത്വവും തമ്മില്‍ ഗുരുതരമായ ചില അകല്‍ച്ചകള്‍ ഉടലെടുത്തിട്ടുണ്ട് എന്ന വാര്‍ത്തകളില്‍ ചില വസ്തുതകളുണ്ട്. അതിനാല്‍ ഇത്തവണ പ്രചാരണരംഗത്ത് ആര്‍എസ്എസ് സജീവമായിരുന്നില്ല. അവരെ സജീവമായി രംഗത്തുകൊണ്ടുവരാന്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മുസ്‌ലിം വിരോധ അജണ്ട പുറത്തെടുക്കുക എന്ന തന്ത്രമാണ് മോദി പ്രയോഗിച്ചത്.
എന്നാല്‍ ഇതൊന്നും ഉത്തരേന്ത്യയില്‍ പോലും സാധാരണ വോട്ടര്‍മാരെ ഇത്തവണ സ്വാധീനിച്ചില്ല എന്ന് തിരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശ് മുതല്‍ കര്‍ണാടക വരെ മുന്‍കാലങ്ങളില്‍ ബിജെപിയും സഖ്യകക്ഷികളും വമ്പിച്ച നേട്ടങ്ങള്‍ കൈവരിച്ച പ്രദേശങ്ങളില്‍ ഇത്തവണ അവര്‍ പിന്നാക്കം പോയി. അവരുടെ പ്രചാരണത്തിന്റെ മുഖ്യ ഉത്തോലകമായിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും അവര്‍ക്കു പ്രയോജനം ചെയ്തില്ല. അയോധ്യ നില്‍ക്കുന്ന ഫൈസാബാദില്‍ പോലും അവരുടെ സ്ഥാനാര്‍ഥി പരാജയം ഏറ്റുവാങ്ങി. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നുള്ള ഒരു ദലിത് നേതാവാണ് ബിജെപി സ്ഥാനാര്‍ഥിയെ അവിടെ തോല്‍പിച്ചത് എന്ന വസ്തുത സംഘപരിവാര രാഷ്ട്രീയത്തെ ചെറുക്കാനുള്ള ശക്തി ഉയര്‍ന്നുവരുന്നത് എവിടെ നിന്നാണ് എന്ന കാര്യവും വ്യക്തമായി ചൂണ്ടിക്കാണിച്ചു. സംഘപരിവാരത്തിന്റെ കമണ്ഡല്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ മണ്ഡല്‍ രാഷ്ട്രീയം വീണ്ടും കരുത്തു നേടുകയാണ്. ദലിത്-പിന്നാക്ക-ന്യൂനപക്ഷ ശക്തികളുടെ ഐക്യം സംഘപരിവാര ശക്തികളെ ചെറുക്കാന്‍ കെല്‍പുള്ളതാണ് എന്ന വസ്തുതയാണ് വോട്ടെടുപ്പു ഫലങ്ങളിലൂടെ തെളിഞ്ഞുവന്നത്.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഘട്ടത്തില്‍ തന്നെ ഇത്തരമൊരു സാധ്യത സംബന്ധിച്ച സൂചനകള്‍ ലഭ്യമായിരുന്നു. അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും ഉത്തരേന്ത്യയില്‍, വിശേഷിച്ച് ഉത്തര്‍പ്രദേശില്‍ നടത്തിയ റാലികളില്‍ കാണപ്പെട്ട ജനകീയ ഉത്സാഹവും ഊര്‍ജവും അതിന്റെ സൂചനയായിരുന്നു. അനുയായികളുടെ തള്ളിക്കയറ്റം കാരണം റാലികള്‍ പകുതിവെച്ച് ഉപേക്ഷിക്കേണ്ട അവസ്ഥ പോലും സംജാതമായി. അതൊരു വ്യാപകമായ ജനകീയ ഉണര്‍വിന്റെ സൂചനയാണ് എന്നു വോട്ടെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
അതിനാല്‍ വീണ്ടും സാമൂഹിക വിഭജനത്തിന്റെ അജണ്ടകള്‍ തന്നെയാണ് മോദിയും സംഘവും എടുത്തു പ്രയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മോദിയുടെ മുസ്‌ലിം വിരുദ്ധ വായ്ത്താരി അതിന്റെ ലക്ഷണമാണ്. മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ കള്ളപ്രചാരണം നടത്തി പിന്നാക്ക-ദലിത് സമൂഹങ്ങളും മുസ്‌ലിംകളും തമ്മില്‍ ഉയര്‍ന്നുവരുന്ന ഐക്യത്തിന്റെ സാധ്യതകള്‍ ഇല്ലായ്മ ചെയ്യുക, മുസ്‌ലിം ഭീഷണിയില്‍ നിന്നു ഹിന്ദു ജനതയെ സംരക്ഷിക്കുന്നത് തങ്ങളാണെന്ന ബോധം ശക്തിപ്പെടുത്തുക, കോണ്‍ഗ്രസ് മുസ്‌ലിം പ്രീണനം നടത്തുന്നതായി ആരോപിച്ച് അവരെ സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്തുക തുടങ്ങിയ ഘടകങ്ങളുള്ള ഒരു ആസൂത്രിത കര്‍മപദ്ധതിയുടെ ഭാഗമായാണ് നിലവിലെ ആരോപണങ്ങളെ കാണേണ്ടത്. എണ്‍പതുകളുടെ അവസാനം മുതല്‍ സംഘപരിവാരം നിരന്തരം പ്രയോഗിച്ചു വിജയം കണ്ട ഒരു തന്ത്രം തന്നെയാണത്. ഇത്തവണയും അതൊരു ട്രമ്പ് കാര്‍ഡ് എന്ന നിലയില്‍ ഉപയോഗിക്കാനാണ് മോദിയും അമിത്ഷായും തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍, ഇത്തവണ അത് എത്രമാത്രം വിജയിക്കും എന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം ബാബരി മസ്ജിദ് ധ്വംസനത്തിന്റെ കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. പത്തു വര്‍ഷം നീണ്ട മോദിഭരണം തങ്ങള്‍ക്കു നല്‍കിയത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണ് എന്നു ജനങ്ങള്‍ക്കു പൂര്‍ണബോധ്യമായിട്ടുണ്ട്. അതിനാല്‍ അവരെ വീണ്ടും വിഭാഗീയതയുടെ മായാവലയത്തില്‍ തളച്ചിട്ടു വഞ്ചിക്കുക എന്നത് എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. അതിനുള്ള തെളിവ് ഇത്തവണത്തെ ജനവിധി തന്നെയാണ്.
അതിനാല്‍ മോദിയുടെ ആരോപണങ്ങള്‍ വീണ്ടും പരിശോധിക്കുന്നത് പ്രയോജനപ്രദമായിരിക്കും. ഗൗരവമുള്ള ഒരു വിഷയവും അദ്ദേഹം യഥാര്‍ഥത്തില്‍ ഉന്നയിച്ചിട്ടില്ല. മറിച്ച് പുകമറ സൃഷ്ടിക്കല്‍ മാത്രമായിരുന്നു ലക്ഷ്യം. ഇത്തരം പുകമറകള്‍ മുന്‍കാലങ്ങളില്‍ അവര്‍ക്കു വലിയ നേട്ടം കൊണ്ടുവന്നിട്ടുണ്ട്. അതിനാല്‍ ഇത്തവണയും ദുരാരോപണങ്ങള്‍ ജനങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുമെന്നും ജനസമൂഹത്തില്‍ അന്തര്‍ലീനമായ മുന്‍വിധികളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ സഹായിക്കും എന്നുമാണ് അദ്ദേഹം കരുതിയത്.
എന്നാല്‍ അതൊന്നും കാര്യമായി ഏശിയില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ പല തരത്തിലുള്ള ഘടകങ്ങള്‍ കണക്കിലെടുക്കണം. അതില്‍ ഏറ്റവും പ്രധാനം ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ജൈവബന്ധങ്ങള്‍ അറ്റുപോയതാണ്. അതിന്റെ ഭാഗമാണ് മോദിയും സംഘപരിവാരത്തിലെ മുഖ്യശക്തികളും തമ്മില്‍ ഇത്തവണ വളര്‍ന്നുവന്ന അസ്വാരസ്യങ്ങള്‍. ആര്‍എസ്എസ് പിന്തുണയില്ലാതെ തന്നെ ബിജെപിക്കു ജയിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ ഭരണകൂടത്തിന് ഉണ്ടായിരുന്നു എന്നു സംശയിക്കണം. അതിനാല്‍ ഇത്തവണ ആര്‍എസ്എസ് മേധാവിത്വം പാര്‍ട്ടി പൂര്‍ണമായും അംഗീകരിക്കുകയുണ്ടായില്ല. ആര്‍എസ്എസാകട്ടെ പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തതുമില്ല. ഭിന്നതകള്‍ സംബന്ധിച്ച ചില സൂചനകള്‍ ‘അധികാരം ആരുടെയും തലയ്ക്കു പിടിക്കരുത്’ എന്ന പ്രസ്താവനയിലൂടെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പൊതുസമൂഹത്തിനു നല്‍കുകയുമുണ്ടായി. സംഘപരിവാര നേതൃത്വവും മോദിയും തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന നല്‍കുന്ന സൂചന. ഒരുപക്ഷേ, ഭാവിയില്‍ അവര്‍ അത് പരിഹരിച്ചു എന്നുവരാം. അല്ലെങ്കില്‍ മോദിയെ നീക്കി തങ്ങള്‍ക്കു കൂടുതല്‍ സ്വീകാര്യനായ ഒരാളെ അധികാരത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചുവെന്നും വരാം. അതെങ്ങനെ പോകുന്നു എന്നത് കാത്തിരുന്നു കാണണം.
രണ്ടാമത്തെ വിഷയം, സവര്‍ണ ഹിന്ദു സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന ചില ആഭ്യന്തര പ്രശ്‌നങ്ങളാണ്. ആര്‍എസ്എസ് എന്നും സവര്‍ണ ഹിന്ദു താല്‍പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അതിനായി പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ പിന്തുണ കൂടി ഉറപ്പിക്കാന്‍ അവര്‍ ഹിന്ദുഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്താറുമുണ്ട്. പക്ഷേ, ഹിന്ദു സമൂഹത്തിലെ ബ്രാഹ്മണാധിപത്യ സംവിധാനത്തെ അവര്‍ ഒരിക്കലും ചോദ്യം ചെയ്യുകയുണ്ടായില്ല. പക്ഷേ, മോദി ഭരണത്തില്‍ ബ്രാഹ്മണ-സവര്‍ണ ആധിപത്യം ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ കര്‍മവുമായി ബന്ധപ്പെട്ടു ശങ്കരപീഠങ്ങള്‍ അടക്കമുള്ള വിഭാഗങ്ങള്‍ ഉന്നയിച്ച പരാതികള്‍ അതിന്റെ ലക്ഷണമാണ്. ഇത് ഇനിയുള്ള നാളുകളില്‍ കൂടുതല്‍ വ്യക്തമായി പുറത്തുവരും എന്നാണ് കാണേണ്ടത്.
മൂന്നാമത്, കടുത്ത വിലക്കയറ്റവും തൊഴിലില്ലായ്മയും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളും കാരണം രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഐക്യബോധമാണ്. ഇത്തരം ദുരിതങ്ങള്‍ രാജ്യത്തെ മുഴുവന്‍ സാധാരണക്കാരും നേരിടുന്ന അവസ്ഥയ്ക്ക് കാരണം സര്‍ക്കാരിന്റെ ജനവിരുദ്ധ-കോര്‍പറേറ്റ് അനുകൂല നയങ്ങളാണ് എന്നു ജനങ്ങള്‍ക്ക് ബോധ്യമായി. അതിനാല്‍ അതിന്റെ ദുരിതം നേരിടുന്ന വിഭാഗങ്ങള്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ മത-ജാതിഭേദമില്ലാതെ ഒരു ഐക്യബോധം വളര്‍ന്നിട്ടുണ്ട്. ഇത് മോദിയുടെ പ്രചാരണത്തിന്റെ മുനയൊടിച്ച ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടാണ് നിങ്ങളുടെ താലിമാലയെടുത്ത് കോണ്‍ഗ്രസുകാര്‍ മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നു മോദി അടിച്ചുവിട്ടപ്പോള്‍ ജനങ്ങള്‍ അതിനെ ചിരിച്ചുതള്ളിയത്. താലിമാല പണയം വെച്ച് ജീവിതം തള്ളിനീക്കാന്‍ ശ്രമിക്കുന്ന ജനങ്ങളോട് ഒരാള്‍ ഇങ്ങനെ വീമ്പടിക്കുമ്പോള്‍ അവര്‍ വേറെയെങ്ങനെയാണ് പ്രതികരിക്കുക?
നാലാമത്, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണ് മോദി ഉന്നയിച്ചത്. അദ്ദേഹം അതിനായി കുന്തമുനയില്‍ നിര്‍ത്തിയത് അഭിവന്ദ്യനായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെയാണ്. പ്രധാനമന്ത്രി ആയിരുന്ന സന്ദര്‍ഭത്തില്‍ മന്‍മോഹന്‍ സിങ് ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി സംബന്ധിച്ച പഠനത്തിനായി ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 2006ലാണ് പ്രസ്തുത കമ്മിറ്റി അതിന്റെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്. അതില്‍ കണ്ടെത്തിയ പ്രധാന വസ്തുത ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി ഗുരുതരമായ പ്രതിസന്ധിയിലാണെന്നും മുന്‍കാലങ്ങളില്‍ ഭേദപ്പെട്ട ജീവിതസൗകര്യങ്ങള്‍ അനുഭവിച്ച കൂട്ടര്‍ പോലും പിന്നാക്കം പോയിരിക്കുന്നു എന്നുമാണ്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അവര്‍ക്കു നിഷേധിക്കപ്പെട്ടു. സംവരണത്തിന്റെ ആനുകൂല്യങ്ങളും പലയിടത്തും കിട്ടിയില്ല. അതിനാല്‍ ദലിത് സമൂഹത്തിന്റെ സ്ഥിതിയെക്കാള്‍ പിന്നിലായിപ്പോയി പലയിടത്തും മുസ്‌ലിംകളുടെ സ്ഥിതി എന്നാണ് കമ്മിറ്റിയുടെ നിരീക്ഷണം. അതിനെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുമുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസ്താവന വളച്ചൊടിച്ച് അദ്ദേഹത്തെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കാനാണ് മോദി ശ്രമിച്ചത്. ഇന്ത്യയിലെ വിഭവങ്ങളുടെ ആദ്യത്തെ അവകാശികള്‍ മുസ്‌ലിംകളാണ് എന്ന് അദ്ദേഹം പറഞ്ഞതായി മോദി ആരോപിച്ചു. മന്‍മോഹന്‍ സിങ് അന്ന് പാര്‍ലമെന്റില്‍ പറഞ്ഞത്, രാജ്യത്തെ വിഭവങ്ങളുടെ ആദ്യത്തെ അവകാശികള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളായിരിക്കണം എന്നാണ്. അതായത്, ഇന്ത്യയെ സംബന്ധിച്ച് അതിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന ആദിവാസികളും ദലിതുകളും പിന്നാക്കക്കാരും മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളും ഒക്കെയാണ്. അതില്‍ മുസ്‌ലിംകളെ മാത്രം എടുത്തുപറഞ്ഞ് വര്‍ഗീയ വിഭജനം നടത്താനാണ് മോദി ശ്രമിച്ചത്.
എന്നാല്‍ ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ അതിനെ കണ്ടത് മറ്റൊരു രീതിയിലാണ്. ഇത്തവണ 400 സീറ്റു വേണം എന്ന ബിജെപിയുടെ ആവശ്യവുമായി ചേര്‍ത്താണ് അവര്‍ അതിനെ കണ്ടത്. അത് സംവരണം അട്ടിമറിക്കാനുള്ള സവര്‍ണ വിഭാഗങ്ങളുടെ ദീര്‍ഘകാല പദ്ധതിയുടെ ലക്ഷണമായാണ് അവര്‍ മനസ്സിലാക്കിയത്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക-സാമ്പത്തിക സര്‍വേ വേണമെന്ന അവരുടെ ആവശ്യത്തിന് കാലങ്ങളായി പ്രതിബന്ധമായി നില്‍ക്കുന്നതും ബിജെപിയാണ്. അതിനാല്‍ ഇത്തവണ ബിജെപി കൂടുതല്‍ ശക്തി നേടിയാല്‍ തങ്ങളുടെ ഒരേയൊരു സംരക്ഷണ കവചമായ സംവരണവും അട്ടിമറിക്കപ്പെടും എന്ന നിഗമനത്തില്‍ ഈ വിഭാഗങ്ങള്‍ എത്തിച്ചേര്‍ന്നു. അവരുടെ നിഗമനം ശരിയാണെന്ന് മുന്‍കാലങ്ങളിലെ ബിജെപി-ആര്‍എസ്എസ് നിലപാടുകള്‍ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് 1990ല്‍ പ്രധാനമന്ത്രി വി പി സിങ് പ്രഖ്യാപിച്ചപ്പോള്‍ കമണ്ഡലുവുമായി അതിനെ പ്രതിരോധിക്കാന്‍ ചാടിയിറങ്ങിയത് ആരാണെന്ന് അവര്‍ക്കു നന്നായി അറിയാമല്ലോ.
മോദിയുടെ ആരോപണങ്ങളിലെ ഭയാനകമായ ഇരട്ടത്താപ്പ് നമുക്ക് ബോധ്യമാകുന്നത്, അദ്ദേഹം രൂപീകരിച്ച മന്ത്രിസഭയില്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തില്‍ നിന്ന് ഒരു അംഗത്തെ പോലും ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതിലാണ്. മുസ്‌ലിംകള്‍ ഇന്ന് ഇന്ത്യയില്‍ രണ്ടാംകിട പൗരന്മാരാണ് എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് അവരെ ‘പെറ്റുകൂട്ടുന്നവര്‍’ എന്നും ‘അനധികൃത കുടിയേറ്റക്കാര്‍’ എന്നുമൊക്കെ വിളിച്ച് ആക്ഷേപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച മനോവൈകൃതം ഒരു ഒഴിയാബാധയായി നമ്മുടെ പ്രധാനമന്ത്രിയുടെ അന്തഃരംഗത്തില്‍ നിലനില്‍ക്കുന്നു എന്നു കാണുമ്പോള്‍ രാജ്യസ്‌നേഹികളായ മുഴുവന്‍ പേര്‍ക്കും സങ്കടവും നിരാശയും അനുഭവപ്പെടും എന്നുറപ്പാണ്. ഒരു ദശകക്കാലം ഈ രാജ്യത്തെ നയിച്ച ഒരു വ്യക്തിക്ക് രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും ഒരുപോലെ കാണാന്‍ കഴിയുന്നില്ല എന്നത് രാജ്യത്തിന്റെ ദുരന്തംതന്നെയാണ്.