മുസ്‌ലിം പാര്‍ട്ടികളുടെ രാഷ്ട്രീയ ലക്ഷ്യം തെറ്റിപോകരുത് -ഐ എസ് എം കൊളോക്കിയം

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടാവണം മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ അജണ്ടകള്‍ ആവിഷ്‌കരിക്കേണ്ടതെന്ന് ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കൊളോക്കിയം അഭിപ്രായപ്പെട്ടു. താത്കാലിക അധികാര ലബ്ധിയെന്നതിലുപരി രാജ്യത്തെ മതേതര രാഷ്ട്രീയത്തിന്റെ ഭാവി നിലനിര്‍ത്തുന്നതിനും മുസ്‌ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഉപയുക്തമാകുന്ന രാഷ്ട്രീയ കൂട്ടുകെട്ടുകളാണ് സ്വീകരിക്കേണ്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പരിമിതപ്പെടുന്നുണ്ടോയെന്ന് ഗൗരവതരമായി ആലോചിക്കണം. ജാതി സെന്‍സസ് അടിസ്ഥാന ആവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുസ്‌ലിം രാഷ്ട്രീയ നേതൃത്വം ആര്‍ജവം കാണിക്കണമെന്നും കൊളോക്കിയം അഭിപ്രായപ്പെട്ടു. സമാപന സെഷനില്‍ എം ജി യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് പ്രഫസര്‍ ഡോ. എം എച്ച് ഇല്യാസ് പ്രഭാഷണം നടത്തി. ഐ എസ് എം സം സ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, അയ്യൂബ് എടവനക്കാട്, ശംസുദ്ദീന്‍ പാലക്കോട്, ജിസാര്‍ ഇട്ടോളി, ഇബ്‌റാഹിം മദനി, അദീബ് പൂനൂര്‍, ഡോ. യൂനുസ് ചെങ്ങര, നജീബ് തവനൂര്‍, സഹദ് കൊല്ലം, ഡോ. മന്‍സൂര്‍ അമീന്‍, ടി കെ എന്‍ ഹാരിസ്, ഡോ. അഹ്മദ് സാബിത്ത്, ഫാസില്‍ ആലുക്കല്‍, നസല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
