22 Sunday
December 2024
2024 December 22
1446 Joumada II 20

മുസ്ലിം പിന്നാക്കാവസ്ഥ കാരണം മുജാഹിദുകളോ?

ഉവൈസ് പുളിശ്ശീരി


മുസ്ലിംകളുടെ പിന്നാക്കാവസ്ഥയുടെ സകല കാരണവും മുജാഹിദുകളാണെന്നും അവരുടെ വിശ്വാസം വെച്ച് അവര്‍ക്ക് കെമിസ്ട്രിയും ബയോളജിയും പഠിക്കാന്‍ പറ്റില്ലെന്നും അവരാണ് മുസ്ലിംകളെ വിദ്യാഭ്യാസപരമായി പിന്നോട്ട് വലിച്ചത് എന്നും പറഞ്ഞുകൊണ്ട് ഒരു അസ്ഹരി നടത്തിയ പ്രഭാഷണം കേള്‍ക്കാനിടയായി. ആരാണ് മുസ്ലിംകളെ സുവര്‍ണ യുഗത്തില്‍ നിന്ന് ഇരുണ്ട യുഗത്തിലേക്ക് വഴി നടത്തിയതെന്ന് നമുക്കന്വേഷിക്കാം.
മുസ്‌ലിം സമൂഹം പിന്നാക്കം പോകാനുണ്ടായ കാരണം സമസ്ത കേരള
ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനയാണ്. അവര്‍ ഇംഗ്ലീഷ് ഹറാമാക്കുകയും പെണ്‍കുട്ടികളെ എഴുത്ത് പഠിപ്പിക്കുന്നത് നിഷിദ്ധമാക്കുകയും സ്ത്രീകളുടെ ശബ്ദം പോലും ഔറത്ത് ആയി പ്രഖ്യാപിച്ച് സ്ത്രീകളെ വെറുമൊരു പ്രസവയന്ത്രമാക്കി മാറ്റി സമൂഹത്തെ ഒന്നടങ്കം പിന്നോട്ട് വലിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരോടുള്ള വിരോധം മൂലമാണ് ഇംഗ്ലീഷ് ഹറാമാക്കിയത് എന്ന് അവര്‍ ന്യായീകരണം പറഞ്ഞു നോക്കുന്നുണ്ടെങ്കിലും ബ്രിട്ടീഷുകാരുടെ വാലാട്ടികളായിരുന്നു സമസ്ത നേതാക്കള്‍ എന്നാണ് സമസ്തയുടെ ചരിത്രം പറയുന്നത്.
ഒരു കാലത്ത് മുസ്ലിം ലോകമായിരുന്നു ലോക വിജ്ഞാന മുന്നേറ്റങ്ങളുടെ പതാകവാഹകര്‍. രാഷ്ട്രീയമായ മുന്നേറ്റം മൂലം പുറംലോകവുമായി, വിശിഷ്യാ ഗ്രീക്ക് ചിന്തകളുമായി ഒരു സങ്കലനം ഇസ്ലാമിക ലോകത്തുണ്ടായി. ചിന്താപരമായ ഈ സങ്കലനത്തിന്റെ ഫലമായി ഇസ്ലാമിക ലോകത്ത് നിന്ന് ഒരുപാട് അതുല്യ ശാസ്ത്ര പ്രതിഭകള്‍ ഉയര്‍ന്നുവന്നു. ഇസ്‌ലാമിനകത്ത് ഈ കാലഘട്ടത്തില്‍ ഉദയം ചെയ്ത മുഅ്ത്തസലിയ്യാ ചിന്താപദ്ധതി ഈ മുന്നേറ്റങ്ങളെ ആശയപരമായി സ്വാധീനിച്ചു. ഭരണാധികാരികളില്‍ നിന്ന് ഉറച്ച പിന്തുണ കിട്ടിയതോടെ ലോകം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിജ്ഞാന വിപ്ലവം ഇസ്ലാമിക ലോകത്ത് ഉണ്ടായി. (മുഅ്ത്തസലികള്‍ എന്ന് അവരെ മറ്റു മുസ്ലിംകള്‍ പരിഹസിച്ച് വിളിക്കുന്നതാണ്. വിഘടിച്ചു പോയവര്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഹസനുല്‍ ബസ്വരി എന്ന സുന്നീ പണ്ഡിതനാണ് അവരെ ഈ പേരിട്ട് വിളിച്ചത്)
എന്നാല്‍ ഈ മുന്നേറ്റങ്ങള്‍ ഇസ്‌ലാമിനെ തകര്‍ക്കുമെന്ന് വിശ്വസിച്ച ചില ഇസ്ലാമിക പണ്ഡിതന്മാര്‍ ഇതിനെതിരെ കുതൂഹുലം കൂട്ടി. ഗസ്സാലിയും അശ്അരിയുമായിരുന്നു ഇതില്‍ പ്രമുഖര്‍. ഇസ്ലാമിന്റെ മൂലപ്രമാണങ്ങളും മൂല സിദ്ധാന്തങ്ങളുമുയര്‍ത്തിപ്പിടിച്ച് അവര്‍ ഈ മുന്നേറ്റങ്ങളെ നേരിട്ടു. നിസാമുല്‍ മുല്‍ക്കിനെപ്പോലുള്ള ഭരണാധികാരികളില്‍ നിന്ന് രാഷ്ട്രീയമായ പിന്തുണ കൂടി കിട്ടിയതോടെ ഈ കുതൂഹുലങ്ങള്‍ വിജയം കണ്ടു. കാരണം അത് ഭരണാധികാരികള്‍ക്ക് വളരെ പ്രിയപ്പെട്ട ഇസ്ലാം ആയിരുന്നു. ഭരണാധികാരികളെ എതിര്‍ക്കല്‍ ഇവര്‍ സ്ഥാപിച്ച ഇസ്ലാമില്‍ മതവിരോധമായിരുന്നു. അങ്ങനെ രാഷ്ട്രീയമായും ചിന്താപരമായും സമ്പൂര്‍ണമായും ഷണ്ഡീകരിക്കപ്പെട്ട, ആചാരങ്ങളാല്‍ മനുഷ്യജീവിതത്തെ സമ്പൂര്‍ണമായും വരിഞ്ഞുമുറുക്കുന്ന ഒരുതരം മതം സ്ഥാപിതമായി. (ഇവര്‍ സ്ഥാപിച്ച ഇസ്ലാമിന്റെ പിന്മുറക്കാരായതുകൊണ്ടാണ് കേരളത്തിലെ സമസ്ത സുന്നികള്‍ ബ്രിട്ടീഷുകാര്‍ക്കനുകൂലമായി നിന്നത്) ഇവര്‍ എത്രത്തോളം അറുപിന്തിരിപ്പനായിരുന്നു എന്നതിന് ഒരുദാഹരണം പറയാം: സുന്നികളായിരുന്ന ഓട്ടോമന്‍ തുര്‍ക്കിയില്‍ അച്ചടി പോലും നിരോധിക്കപ്പെട്ടിരുന്നു. ഇവരുടെ പിന്മുറക്കാരാണ് കേരളത്തിലെ സമസ്തക്കാര്‍. ഇവരാണ് കേരള മുസ്ലിംകളെ പിന്നില്‍നിന്ന് കുത്തിയത്.
പെണ്‍കുട്ടികളെ എഴുത്ത് പഠിപ്പിക്കുന്നതിനെതിരെ സമസ്ത 1930 മാര്‍ച്ച് 16-ന് മണ്ണാര്‍ക്കാട് വെച്ച് നടന്ന സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. വെള്ളാനിക്കര മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്തയുടെ നാലാം വാര്‍ഷിക മഹാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ പ്രധാനമായതായിരുന്നു മുസ്ലിം സ്ത്രീകള്‍ക്ക് കൈയ്യെഴുത്ത് പഠിപ്പിക്കല്‍ നിഷിദ്ധമാക്കിയ പ്രമേയം. ”സ്ത്രീകള്‍ക്ക് കൈയെഴുത്ത് പഠിപ്പിക്കല്‍ ശറഇല്‍ മക്‌റൂഹ് ആണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കള്‍ മുമ്പുതന്നെ തീരുമാനിച്ചിട്ടുള്ളതാകയാല്‍ അവര്‍ക്ക് കയ്യെഴുത്ത് പഠിപ്പിക്കല്‍ പ്രത്യേകം പാടില്ലാത്തതാണ് എന്ന് ഈ യോഗം തീരുമാനിക്കുന്നു. സി കെ മുഹമ്മദ് മൗലവി അവതരിപ്പിച്ചു. എ പി അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി.” (അല്‍ബയാന്‍ അറബി മലയാള മാസിക, 1930 മാര്‍ച്ച്, പുസ്തകം 1 ലക്കം 4,5 പേജ് 28)
ഇക്കാര്യ സംബന്ധിയായി പി മമ്മദ് എന്നയാളുടെ ചോദ്യത്തിന് സമസ്തയുടെ മുഫ്ത്തി എഴുതിയ മറുപടിയില്‍ പറയുന്നു: ”ഇക്കാലത്തുള്ള സ്ത്രീ അക്ഷരവിദ്യ അധികവും ദീനിയായ വിഷയത്തിലോ ശറഅ് അനുസരിച്ച തോതിലോ, കാര്യമായ ആവശ്യത്തിനോ അല്ലാത്തതോടുകൂടി, അതിനാല്‍ കണക്കില്ലാത്ത പാപങ്ങള്‍ വന്നു വശാകുന്നതും പാപങ്ങള്‍ക്കുള്ള ഉപകരണമാവുന്നതും ദൃഷ്ടിയാല്‍ അറിയപ്പെടുന്നതായും അനുഭവപ്പെട്ടതായും വരുന്നതു കൊണ്ട് സ്ത്രീ അക്ഷരവിദ്യ ശറഅ് അനുസരിച്ച വിധത്തിലും വിഷയത്തിലും ആയാല്‍ അത് അസ്വ്‌ലില്‍ മക്ക്‌റൂഹ് മാത്രമാണെങ്കിലും ഇക്കാലത്തുള്ള സ്ത്രീകള്‍ക്ക് അക്ഷരവിദ്യ തീര്‍ച്ചയായും ഹറാമാവാന്‍ മാത്രമേ വഴി കാണുന്നുള്ളൂ.” (അല്‍ബയാന്‍, പുസ്തകം 1 ലക്കം 3)
ഇബ്‌നുഹജറുല്‍ ഹൈതമി എന്ന സുന്നി പണ്ഡിതന്‍ പെണ്‍കുട്ടികള്‍ക്ക് എഴുത്ത് പഠിപ്പിക്കല്‍ കറാഹത്ത് ആണ് എന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ മറപിടിച്ചാണ്
സമുദായത്തെ വഞ്ചിച്ചത്. ഈയടുത്ത കാലം വരെ സമസ്തയുടെ മദ്‌റസകളില്‍ പെണ്‍കുട്ടികള്‍ക്ക് കയ്യെഴുത്ത് പഠിപ്പിച്ചിരുന്നില്ല. പരീക്ഷാ വേളയില്‍ പെണ്‍കുട്ടികളെ സ്വകാര്യമായി കൊണ്ടുപോയി ചോദ്യോത്തരം നടത്തുകയായിരുന്നു പതിവ്.
ഈ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട്, 1985-ല്‍ ഇറക്കിയ സമസ്തയുടെ അറുപതാം വാര്‍ഷിക സുവനീര്‍ പറയുന്നത് ഇതാണ്: ”1930 മാര്‍ച്ച് 16-ന് മണ്ണാര്‍ക്കാട് വെച്ച് ചേര്‍ന്ന സമസ്തയുടെ നാലാം സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരു പ്രമേയം പുത്തന്‍വാദികളുടെയും പാശ്ചാത്യ പരിഷ്‌കരണ വാദികളുടെയും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കുന്നത് സംബന്ധിച്ചാണ് പ്രസ്തുത പ്രമേയം. എല്ലാ വിഷയങ്ങളിലും പുരുഷന്മാരോട് സ്വീകരിക്കുന്ന സമീപനമല്ല സ്ത്രീകളോട് ഇസ്ലാം സ്വീകരിച്ചിരിക്കുന്നത്. ഈ വ്യത്യസ്തത ഏത് വിഷയത്തില്‍ നാം വിലയിരുത്തിയാലും അന്തിമ വിശകലനത്തില്‍ സ്ത്രീയുടെ മാനവും ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താനുള്ളതായി നമുക്ക് കാണാവുന്നതാണ്. എഴുത്തു പഠിപ്പിക്കുന്ന കാര്യവും ഇതില്‍ പെടുന്നു. ഈ വിഷയത്തിലും പുരുഷന്മാരോട് സ്വീകരിച്ച സമീപനം സ്ത്രീകളോട് ഇസ്ലാം സ്വീകരിച്ചിട്ടില്ല. ……. സ്ത്രീ കയ്യെഴുത്ത് പഠിക്കുന്നതിന് ഭൗതികവുമായ വല്ല ഗുണവും ഉണ്ടോ ഇല്ലേ എന്ന് ഇവിടെ പറയേണ്ടതില്ല. ഭൗതികമായ വല്ല ഗുണവും ഉണ്ടായാലും അക്കാര്യം നിരോധിക്കുന്നതിനു ശറഇല്‍ തടസ്സമില്ല. കള്ളില്‍ ധാരാളം ഗുണങ്ങള്‍ ഉണ്ട് എന്നു പറഞ്ഞ ഇസ്ലാം തന്നെ അടുത്ത നിമിഷത്തില്‍ അക്കാര്യം ഹറാമാക്കിയല്ലോ. ….. കള്ള് തന്നെ വിരോധിച്ച സംസ്ഥാനങ്ങളും രാഷ്ട്രങ്ങളും ഉണ്ടല്ലോ. …. എന്നാല്‍ ഈ നിരോധനം പിന്തിരിപ്പന്‍ ആണെന്നും കള്ളുകുടിയില്‍ അനേകം ഗുണങ്ങള്‍ ഉണ്ടെന്നും പറയുന്നവര്‍ ഉണ്ടല്ലോ. ചുരുക്കത്തില്‍, ഒരുകാര്യം ഇസ്ലാമികമായി അനുവദനീയമോ തെറ്റോ ആകുന്നത് അതില്‍ വല്ല ഗുണവും ഉണ്ടോ, ഭൗതികമായി അത് വളരെ ആവശ്യമാണോ എന്ന നില മാത്രം പരിശോധിച്ചല്ല. ജനങ്ങളുടെ ഭൗതികമായ ആവശ്യം മാത്രം പരിഗണിക്കുകയാണെങ്കില്‍ പലിശ ഇവിടെ ഹലാല്‍ ആക്കേണ്ടി വരും. അങ്ങനെ എന്തെല്ലാം ….”

ഗസ്സാലിയുടെ സമീപനം
ഇസ്ലാമിന്റെ സുവര്‍ണകാലത്താണ് മുഅത്ത്‌സലിയ്യാ ചിന്താധാര ശക്തിപ്രാപിച്ചതും വിവിധ വിജ്ഞാന ശാഖകള്‍ക്ക് അസ്ഥിവാരമിട്ട അതുല്യ ശാസ്ത്ര പ്രതിഭകള്‍ ഉണ്ടായി വന്നതും എന്ന് നാം പറഞ്ഞുവല്ലോ. ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്ന പേരിന് അര്‍ഹനായ ഇബ്‌നു ഹൈസം പോലും ഈ മുന്നേറ്റങ്ങളുടെ സൃഷ്ടിയാണ്. എന്നാല്‍ ഈ മുന്നേറ്റങ്ങള്‍ ഇസ്ലാമിനെ തകര്‍ക്കുമെന്ന് ഗസ്സാലി ഭയപ്പെട്ടു. ഖുര്‍ആനും ഹദീസും വായിച്ച് ഇമാം ഗസ്സാലി മനസ്സിലാക്കിയ പല കാര്യങ്ങള്‍ക്കും എതിരായിരുന്നു ശാസ്ത്രലോകത്തിന്റെ നിലപാടുകള്‍. ഇമാം ഗസ്സാലി ഭൂമി പരന്നതാണെന്നും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിക്ക് ചുറ്റും കറങ്ങുകയാണെന്നും വിശ്വസിച്ചിരുന്നു. വളരെ വേഗതയേറിയതിനാലാണ് അവ 24 മണിക്കൂര്‍ കൊണ്ട് ഇത്ര ദൂരം താണ്ടി ഭൂമിയെ കറങ്ങി തീര്‍ക്കുന്നത് എന്ന് ഗസ്സാലി തന്റെ ‘അല്‍ ഹിക്ക്മാത്തു ഫീ മഖ്‌ലൂഖാത്തില്ലാഹി’ എന്ന കൃതിയില്‍ പറയുന്നുണ്ട്. ഇദ്ദേഹത്തിനും സഹസ്രാബ്ദങ്ങള്‍ക്ക് മുന്നേതന്നെ ചിന്തകര്‍ ഭൂമി ഗോളമാണ് എന്നും ഭൂമി സൂര്യനു ചുറ്റും കറങ്ങുകയാണ് എന്ന് സിദ്ധാന്തിച്ചിട്ടുണ്ട്. ഗണിതം ആയിരുന്നു അവരുടെ ആശ്രയം എന്നതുകൊണ്ട് ഗണിതം പിഴച്ച വിജ്ഞാനീയങ്ങളിലേക്കുള്ള പ്രവേശികയാണ്, അതിനാല്‍ അതില്‍ വ്യാപൃതരാകുന്നവരെ അതില്‍ നിന്ന് തടയണമെന്ന് ഗസ്സാലി ‘അല്‍ മുന്‍ഖിദു മിനള്ളിലാല്‍’ എന്ന തന്റെ കൃതിയിലൂടെ സിദ്ധാന്തിച്ചു. അനന്തരാവകാശം പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കാനും അത്യാവശ്യം കച്ചവടം കൈകാര്യം ചെയ്യാനുമായി ഗണിതത്തില്‍ നിന്ന് അത്യാവശ്യമുള്ള കാര്യങ്ങള്‍ പഠിക്കല്‍ ഫര്‍ദ് കിഫായ ആണ് എന്നും എന്നാല്‍ അതില്‍ വൈദഗ്ധ്യം നേടല്‍ അങ്ങനെയല്ല എന്നുമാണ് ഗസ്സാലി തന്റെ മാസ്റ്റര്‍പീസ് ആയ ‘ഇഹിയാഉലൂമുദ്ധീന്‍’ എന്ന കൃതിയില്‍ പറയുന്നത്. വിജ്ഞാനങ്ങളെ ഇദ്ദേഹം ഗുണമുള്ളതും, ഗുണമില്ലാത്തതും, പ്രത്യേക നിലപാടില്ലാത്തതും, എന്ന രീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ട്. മതപരമായ വിജ്ഞാനീയങ്ങളിലാണ് വൈദഗ്ധ്യം നേടേണ്ടത് എന്നും സിദ്ധാന്തിച്ചു. ‘അല്ലാഹു ഒരാള്‍ക്ക് നന്മ ഉദ്ദേശിച്ചാല്‍ അല്ലാഹു അവനെ ഇസ്ലാം മതത്തിന്റെ ഫിഖ്ഹില്‍ വലിയ പണ്ഡിതനാക്കും’ എന്ന ഹദീസ് ഈ വാദങ്ങള്‍ക്ക് ബലമേകി. ഗുണമുള്ള വിജ്ഞാനമെന്നാല്‍ അത് ഇസ്ലാമിക മത കര്‍മ്മങ്ങളിലുള്ള വിജ്ഞാനങ്ങളാണ് എന്ന നിലവന്നു. ഈ ഇസ്ലാമിന് രാഷ്ട്രീയമായ പിന്തുണ കൂടെ കിട്ടി. ഇന്ന് നാം കാണുന്ന മദ്രസകള്‍ പോലെ ചെറിയ കുട്ടികളെ മത പാഠശാലകളില്‍ ആക്കി ജനതയെ മൊത്തം ഈ മതത്തില്‍ മാത്രം തളച്ചിടുന്ന ഒരു നില വന്നു. ഈ കലഹങ്ങള്‍ക്ക് ശേഷം ഇസ്ലാമിക ലോകത്ത് നിന്ന് ഒരു ശാസ്ത്രജ്ഞനും ഉണ്ടായി വന്നില്ല. വൈജ്ഞാനിക മുന്നേറ്റങ്ങള്‍ നടത്തിയ മഹാ പ്രതിഭകളെ വഴിപിഴച്ചവരും മതത്തില്‍ നിന്ന് പുറത്ത് പോയവരുമായി ചിത്രീകരിക്കാനും ഇവര്‍ മടിച്ചില്ല. അല്‍ മുന്‍ഖിദു മിനലിലാല്‍ എന്ന കൃതിയില്‍ ഗസ്സാലി പറയുന്നു: ‘അരിസ്റ്റോട്ടില്‍, പ്ലേറ്റോ തുടങ്ങിയവരെ ഒന്നടങ്കം കാഫിറുകളായി ഗണിക്കാനേ തരമുള്ളൂ. അവരെ പിന്തുടര്‍ന്ന ഇബ്‌നു സീനയും ഫാറാബിയും വഴി പിഴച്ചു. മൊത്തം ഇരുപതു അബദ്ധങ്ങള്‍ ഇബ്‌നു സീനക്ക് സംഭവിച്ചു. അതില്‍ പതിനേഴെണ്ണം മത നിഷേധപരവും മൂന്നെണ്ണം മതത്തില്‍ കൃത്രിമമായി കടത്തിക്കൂട്ടുന്നവയുമാണ്.’ വൈദ്യ ശാസ്ത്ര ചരിത്രത്തിലെ മഹത്തായ ഒരു നാഴികക്കല്ലാണ് ഇബ്‌നു സീനയുടെ ഠവല ഇമിീി ീള ങലറശരശില എന്ന ഗ്രന്ഥം. ഇബ്‌നു സീനയുടെ ആയിരാം ജന്മദിനം യൂറോപ്പ് ആദരപൂര്‍വം സ്മരിച്ചപ്പോള്‍ ഇസ്ലാമിക ലോകം തികഞ്ഞ മൗനത്തില്‍ ആയിരുന്നു. വിജ്ഞാന മുന്നേറ്റങ്ങളോട് ഗസ്സാലിയുടെ മുസ്ലിം ലോകം പുലര്‍ത്തുന്ന അനാദരവിന്റെ ആഴമാണിത് കാണിക്കുന്നത്.
ഈ പാത പിന്തുടര്‍ന്ന് ഭൂമിയുടെ ചലനത്തെ നിഷേധിച്ചു കൊണ്ടും ഭൂമി ചലിക്കുന്നുണ്ട് എന്ന വാദം ഖുര്‍ആനിനും ഹദീസിനും വിരുദ്ധമാണ് എന്നും പറഞ്ഞു കൊണ്ട് ഇരുപതാം നൂറ്റാണ്ടില്‍ പോലും ഗസ്സാലി സ്ഥാപിച്ച മുസ്ലിം ലോകത്ത് ഗ്രന്ഥങ്ങള്‍ പിറന്നു. ഇക്കാലത്തും ഇത്തരം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതില്‍ സ്മരണീയമായ ഒരു നാമമാണ് സമസ്തയുടെ പതാകവാഹകനായ അഹമ്മദ് രളാ ഖാന്‍. ഉത്തരേന്ത്യന്‍ ബറേല്‍വികളുടെ പരമോന്നത ആത്മീയ ആചാര്യന്‍. അഅലാ ഹസ്രത്ത് എന്ന ഓമനപ്പേരില്‍ ബറേല്‍വികളും സമസ്ത സുന്നികളും ആദരപൂര്‍വം വിളിക്കുന്നയാള്‍. എമൗ്വലാൗയലി റമൃ ൃമററലവമൃസമല്വേമാാശി എന്നാണ് ഭൂമിയെ നിശ്ചലമാക്കാന്‍ അദ്ദേഹം രചിച്ച ഗ്രന്ഥത്തിന്റെ പേര്. ഈ ക്ഷുദ്ര കൃതി വെച്ച് ഇപ്പോഴും ഉത്തരേന്ത്യന്‍ മക്തബുകളിലെ മുല്ലമാര്‍ ഭൂമി ചലിക്കുന്നില്ല എന്ന് കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇവരുടെ പാത പിന്തുടര്‍ന്ന് കൊണ്ട് ഭൗതികമായ വിജ്ഞാനീയങ്ങള്‍ നേടുന്നതില്‍ പ്രത്യേക ഗുണമില്ല എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് മുസ്ലിംകള്‍ ഇവിടെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്നോട്ടു പോയത്. അല്ലാതെ അധിനിവേശത്തിനെതിരായുള്ള വികാരം കൊണ്ടല്ല. അധിനിവേശത്തിനെതിരായ വികാരം കൊണ്ടായിരുന്നുവെങ്കില്‍ ടിപ്പു മലബാറിനെ ആക്രമിച്ചപ്പോഴും ഇത് കാണണമായിരുന്നു.

ഇംഗ്ലീഷ് ഹറാമാക്കിയത്
ബ്രിട്ടീഷ് വിരോധം മൂലമോ?

ബ്രിട്ടീഷുകാര്‍ക്ക് ദാസ്യവേല ചെയ്യലായിരുന്നു സമസ്ത നേതാക്കന്മാരുടെ ജോലി എന്ന് സമസ്തയുടെ ചരിത്രം പറയുന്നു. സമസ്തയുടെ അക്കാലത്തെ നേതാക്കളില്‍ പ്രധാനികളില്‍ പലരും ബ്രിട്ടീഷുകാരില്‍ നിന്ന് ഖാന്‍ ബഹദൂര്‍ പട്ടം സ്വീകരിച്ച അവരുടെ ഇഷ്ടക്കാര്‍ ആയിരുന്നു. ഖിലാഫത്ത് സമരം കൊടുമ്പിരിക്കൊണ്ടപ്പോള്‍ സമസ്തക്കാരില്‍ പലരും ഖിലാഫത്തിനും കോണ്‍ഗ്രസിനുമെതിരെ ഫത്വ പ്രസിദ്ധീകരിക്കുകയുണ്ടായി. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെതിരൈ കുഫ്‌റ് ഫത്വ നല്‍കിയത് സമസ്തയുടെ സ്ഥാപക നേതാവായ പാങ്ങില്‍ എ പി അഹമ്മദ് കുട്ടി മുസ്ലിയാര്‍ ആണ്. സമസ്തയുടെ ആറാം വാര്‍ഷിക സമ്മേളനത്തിലെ പന്ത്രണ്ടാം പ്രമേയത്തിലെ പ്രസക്തഭാഗം: ‘സാധുക്കളും നിരപരാധികളുമായ കേരള മുസ്ലിംകളെ കോണ്‍ഗ്രസ് കക്ഷിക്കാര്‍ അവരുടെ ഉദ്ദേശ്യ നിര്‍വഹണത്തിനായി ഖിലാഫത്ത് കമ്മിറ്റി എന്ന പേരും പരസ്യം ചെയ്തു അവരുടെ മായാവലയില്‍ പെടുത്തുകയും അവിവേകികളും പാമരന്മാരുമായ മുസ്ലിമീങ്ങളെ മുമ്പിലേക്ക് തള്ളി കക്ഷി വഴക്കുകളും ബഹളങ്ങളും ഉണ്ടാക്കി കേരളത്തിലെ മിക്കവാറും സ്ഥലങ്ങളില്‍ വമ്പിച്ച ലഹള നടന്നത് ഫലമായി എത്രയോ അനവധി മുസ്ലിം സഹോദരങ്ങള്‍ തോക്കിന് ഇരയാവുകയും ജയില്‍ ശിക്ഷക്ക് കാരണ ഭൂതരായിത്തീരുകയും ചെയ്തുവല്ലോ. ഭരണകര്‍ത്താക്കളോട് എതിര്‍ക്കലും അവരുടെ കല്പന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോണ്‍ഗ്രസ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും യഥാര്‍ഥ മുസ്ലിംകള്‍ക്ക് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും ആകുന്നു.” (അവതാരകന്‍: കെ മമ്മൂട്ടി സാഹിബ് ബഹദൂര്‍, ഏറനാട് താലൂക്ക് ബോര്‍ഡ് മെമ്പര്‍. അനുവാദകന്മാന്‍ 1. പി കെ മുഹമ്മദ് മീരാന്‍ മൗലവി 2. എ പി അഹമ്മദ് കുട്ടി മൗലവി. സമസ്തയുടെ ആറാം വാര്‍ഷിക റിപ്പോര്‍ട്ട് പേജ് 34,35)
അതേ സമ്മേളനത്തില്‍ പാസാക്കിയ പതിനഞ്ചാം പ്രമേയത്തിലെ രണ്ടാം ഖണ്ഡിക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംഘങ്ങളില്‍ അംഗങ്ങളായി ചേരുന്ന മുസ്ലിയാക്കന്മാര്‍ എല്ലാവരും കോണ്‍ഗ്രസുകാര്‍ അല്ലാത്തവരും ഗവണ്‍മെന്റ് കക്ഷിയും ആയിരിക്കണമെന്നും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസ നടപടികളെയും അതിനുള്ള ഉപകരണങ്ങളെയും പൊതു സമാധാന പാലനത്തെയും പുനരുജ്ജീവിപ്പിക്കല്‍ മേപ്പടി സംഘത്തിന്റെ മൂല സിദ്ധാന്തങ്ങളില്‍ പെട്ടതാണെന്നുമുള്ള മുന്‍ നിശ്ചയത്തെ ഈ യോഗം പുനരാവര്‍ത്തിച്ചു ശക്തിപ്പെടുത്തുകയും ചെയ്യുന്നു.” (സമസ്തയുടെ ആറാം വാര്‍ഷിക റിപ്പോര്‍ട്ട്)
ഇന്ത്യന്‍ വൈസ്രോയി ഇര്‍വിന്‍ പ്രഭുവും പത്‌നിയും ദേശീയ വിപ്ലവകാരികളില്‍ ചിലരുടെ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് മണ്ണാര്‍ക്കാട് വെച്ച് നടന്ന നാലാം വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച എട്ടാം പ്രമേയത്തില്‍ നിന്ന്: ”നമ്മുടെ ഇന്ത്യന്‍ വൈസ്രോയി ഐര്‍വിന്‍ പ്രഭു അവര്‍കളും പത്‌നിയും സര്‍ക്കീട്ടില്‍ നിന്നും മടങ്ങി ദല്‍ഹി പട്ടണത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍ ഏതോ ദുഷ്ടന്മാര്‍ ബോംബ് പ്രയോഗിച്ചതില്‍ ഈ യോഗം വ്യസനിക്കുകയും ഭാഗ്യവശാല്‍ യാതൊന്നും ഫലിക്കാതെ പോയതില്‍ അളവറ്റ സന്തോഷത്തെ വെളിവാക്കുകയും ചെയ്യുന്നു.” ഖാന്‍ ബഹദൂര്‍ കല്ലടി മൊയ്തുട്ടി സാഹിബ് അവതരിപ്പിച്ചു. എ പി അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി. (അല്‍ ബയാന്‍ പുസ്തകം 1 ലക്കം നാല് അഞ്ച് പേജ് 29.)
ഖിലാഫത്ത് പ്രസ്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനുമെതിരെ പ്രഥമ പരിഗണനീയരായ സമസ്ത നേതാക്കള്‍ (തട്ടാങ്കര കുട്ട്യാമു മുസ്ലിയാര്‍, കുഞ്ഞന്‍ ബാവ മുസ്ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ പോലുള്ളവര്‍) ശക്തമായി രംഗത്ത് വന്നു. ഇവ്വിഷയത്തില്‍ അവര്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. അതില്‍ ഏറെ ശ്രദ്ധേയമായ കൃതിയാണ് ‘മഹഖുല്‍ കലാഫ അലാ ഇസ്മില്‍ ഖിലാഫ’. ആ പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്: ‘ഗാന്ധി മുതലായവരുടെ ഏഷണി ഫലിച്ചു ചില മുസ്ലിംകളും ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കേരള മുതലായ ഭാഷകളില്‍ ആയത്ത് ഹദീസുകള്‍ ചേര്‍ത്തു പല പുസ്തകങ്ങള്‍ ഉണ്ടാക്കിയും പ്രസംഗങ്ങള്‍ ചെയ്തും ഇസ്ലാം ഗോത്രത്തിന് മനസ്സിനെ പല പ്രകാരത്തിലും സാരാംശം മനസ്സിലാവാതെ അന്ധാളത്തില്‍ അകപ്പെടുത്തി നമ്മള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റുമായി തര്‍ക്കുല്‍ മുവാലാത്ത് എന്ന് സമരത്യാഗം ചെയ്യല്‍ ഇപ്പോള്‍ എല്ലാവരുടെയും ആവശ്യം ആണെന്നുള്ള നിലയില്‍ രാജ്യങ്ങളില്‍ കോശ കൂട്ടി നടക്കുന്നതിനെ പറ്റി നമ്മള്‍ നേരായ ഇസ്ലാം മാര്‍ഗ സംബന്ധമായി ഖുര്‍ആന്‍ ഹദീസ് ഉലമാക്കളുടെ ഇബാറത്ത് ഇതുകള്‍ കൊണ്ട് ദൃഷ്ടാന്തം കാണിച്ചു താഴെപ്പറയുന്ന നല്ല മനസ്സോടുകൂടി സാരമായി ആലോചിക്കുക എന്ന് ഇസ്ലാമായ എല്ലാവരോടും താക്കീതായി താഴെ എഴുതുന്നു:….’ ഒറ്റപ്പെട്ട ചില സുന്നി പണ്ഡിതന്മാര്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ പിന്തുണച്ചിരുന്നു എങ്കിലും ഇരുത്തം വന്ന സമസ്ത പണ്ഡിതര്‍ ആയി പരിഗണിക്കപ്പെടുന്ന ഒരാള്‍ പോലും അതിനെ പിന്തുണച്ചതായും അതിനുവേണ്ടി ആഹ്വാനം ചെയ്തതായും കാണുന്നില്ല.
സമസ്ത ബ്രിട്ടീഷ് ഗവണ്‍മെന്റിനെ എപ്പോഴെങ്കിലും എതിര്‍ത്തിട്ടുണ്ടോ?
സമസ്ത ബ്രിട്ടീഷ് ഗവണ്‍മെന്റ് എടുക്കുന്ന ഒരു തീരുമാനവും എതിര്‍ത്തിട്ടില്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല. ശൈശവ വിവാഹ നിരോധന നിയമത്തിനെതിരെ സമസ്ത ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. പെണ്‍കുട്ടികളെ കെട്ടിക്കാനുള്ള പ്രായം 12 വയസ്സെങ്കിലും ആക്കാന്‍ വേണ്ടി 1929-ല്‍ കൊണ്ടുവന്ന ശാരദ ആക്ടിനെതിരെ ഈ പുരോഹിതന്മാര്‍ ഒന്നടങ്കം ഇളകി. അതിനെതിരെ പ്രചാരവേലകള്‍ നടത്തുകയും സമരങ്ങളാവിഷ്‌കരിക്കുകയും ചെയ്തു.

റഫറന്‍സ്

1) സമസ്ത ചരിത്രം – എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.
2) തര്‍ക്കുല്‍ മുവാലാത്ത് – എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
3) സമസ്ത: വരക്കല്‍ മുതല്‍ കാന്തപുരം വരെ – എ കെ ഇസ്മായില്‍ വഫ
4) അറിവില്ലായ്മയില്‍ നിന്ന് മോചനം (ഇമാം ഗസ്സാലിയുടെ അല്‍ മുന്‍ഖിദു മിനള്ളിലാല്‍ പരിഭാഷ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചത്)
5) ദൈവാസ്തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍ (ഇമാം ഗസ്സാലിയുടെ അല്‍ഹിക്ക്മാത്തു ഫീ മഖ്‌ലൂഖാത്തില്ലാഹി പരിഭാഷ, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചത്)
6) ഇമാം ഗസ്സാലിയുടെ ഇഹ്യാ ഉലൂമുദ്ദീന്‍ പരിഭാഷ
7) സമസ്ത അറുപതാം വാര്‍ഷിക സമ്മേളന സുവനീര്‍
8) മഹഖുല്‍ കലാഫ അലാ ഇസ്മില്‍ ഖിലാഫ – സമസ്ത മുസ്‌ലിയാക്കന്മാര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ചത്
9) സമസ്ത പ്രമേയങ്ങള്‍ ഒരു നിരൂപണം – കെ കെ മുഹമ്മദ് അബ്ദുല്‍കരീം.
11) സമസ്ത 85-ാം വാര്‍ഷിക സമ്മേളന ഉപഹാരം
12) ശറഹുല്‍ അഖാഇദ്‌

Back to Top