13 Saturday
December 2025
2025 December 13
1447 Joumada II 22

മുസ്‌ലിം നേതാക്കള്‍ ബഹിഷ്‌കരിച്ചു; ബൈഡന്റെ ഇഫ്താര്‍ സംഗമം റദ്ദാക്കി


നിരവധി മുസ്‌ലിം സംഘടനകള്‍ പങ്കെടുക്കാന്‍ വിസമ്മതം അറിയിച്ചതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്താനിരുന്ന ഇഫ്താര്‍ സംഗമം റദ്ദാക്കി. ഗസ്സയില്‍ ഇസ്രായേലിന് യുഎസ് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് മുസ്‌ലിം സംഘടനകള്‍ ഇഫ്താര്‍ സംഗമം ബഹിഷ്‌കരിച്ചത്. വൈറ്റ്ഹൗസിന്റെ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കുന്നതിനെതിരെ നേതാക്കള്‍ മുസ്‌ലിം സംഘടനയിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇഫ്താര്‍ സംഗമത്തിലൂടെ മുസ്‌ലിം നേതാക്കളെ തന്നോടൊപ്പം നിര്‍ത്താനുള്ള ബൈഡന്റെ ശ്രമങ്ങള്‍ക്കാണ് തിരിച്ചടിയായത്. ഗസ്സയിലെ ഇസ്രായേലിന്റെ കൂട്ടക്കുരുതിക്ക് ബൈഡന്‍ പിന്തുണ നല്‍കുന്നതാണ് മുസ്‌ലിം നേതാക്കളെ പ്രകോപിപ്പിച്ചത്.
ഫലസ്തീന്‍ അമേരിക്കന്‍ ഡോക്ടര്‍ തായിര്‍ അഹ്മദും ക്ഷണം നിരസിച്ചവരുടെ കൂട്ടത്തിലുണ്ട്. ഷിക്കാഗോയിലെ എമര്‍ജന്‍സി ഫിസിഷ്യനാണ് തായിര്‍ അഹ്മദ്. ഈ വര്‍ഷാദ്യം അദ്ദേഹം ഗസ്സയിലെത്തി സേവനമനുഷ്ഠിക്കുകയാണ്. ഉടന്‍ തന്നെ അദ്ദേഹം ഗസ്സയില്‍ നിന്ന് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
മുസ്‌ലിം അമേരിക്കന്‍ അഭിഭാഷക ഗ്രൂപ്പായ എംഗേജ് ആക്ഷനും ബൈഡന്റെ ക്ഷണം നിരസിച്ചു. ഇസ്രായേലിന് യുഎസ് നല്‍കുന്ന സൈനിക സഹായം യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്‌കരണം.

Back to Top