15 Saturday
June 2024
2024 June 15
1445 Dhoul-Hijja 8

മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി


ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വിഭജനാനന്തരം ഉണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അരക്ഷിതമായ മുസ്‌ലിം സമൂഹത്തിനു മുന്നില്‍ ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്തിയത് മുസ്‌ലിംലീഗാണ്.
അന്നുതൊട്ട് ഇന്ത്യന്‍ മുസ്‌ലിംകളുടെ നിരവധി രാഷ്ട്രീയ- സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരം കാണാനും മുസ്‌ലിംലീഗിന് സാധിച്ചിട്ടുണ്ട്. കാലക്രമേണ പ്രവര്‍ത്തന മണ്ഡലം കേരളത്തിലേക്ക് ചുരുങ്ങിയെങ്കിലും ദേശീയ പ്രശ്‌നങ്ങളില്‍ ഒരു പ്രധാന അഭിപ്രായ സ്രോതസ്സായി നിലകൊള്ളാന്‍ ലീഗിന് ഇപ്പോഴും സാധിക്കുന്നു. വിഭജനാനന്തരം ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിച്ച പ്രധാന വെല്ലുവിളി നിലനില്പിന്റേതായിരുന്നു. പാകിസ്താനില്‍ പോകേണ്ടതില്ല എന്ന് തീരുമാനിച്ച്, ഇന്ത്യ എന്ന മതേതര രാഷ്ട്രത്തില്‍ വിശ്വാസമര്‍പ്പിച്ച ഈ സമുദായത്തിന് തങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്നു തോന്നുന്ന സാഹചര്യമുണ്ടാവരുത്.
അരക്ഷിതാവസ്ഥയും പിന്നാക്കാവസ്ഥയും പരസ്പര ബന്ധിതമാണ്. സമുദായത്തിന് ആത്മാഭിമാന ബോധമുണ്ടായാലേ പുരോഗതിയിലേക്ക് കുതിക്കാനാവൂ. ഇത് തിരിച്ചറിഞ്ഞ നേതാക്കള്‍ ഈ സമുദായത്തിന് ആത്മവിശ്വാസം നല്‍കുന്നതില്‍ അശ്രാന്തം പരിശ്രമിച്ചു. അതിന് ഫലമുണ്ടായി. ഇന്ത്യയുടെ മണ്ണില്‍ ഉറച്ചുനിന്നുകൊണ്ട് രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനം നടത്താനാവുമെന്ന് മുസ്‌ലിംലീഗ് തെളിയിച്ചു. ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനം എന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ ദൗത്യമാണ് ലീഗ് നിര്‍വഹിക്കുന്നത്.
മുസ്‌ലിം സമുദായം അന്നനുഭവിച്ച പ്രശ്‌നങ്ങള്‍ പല തട്ടുകളില്‍ പെടുന്നതായിരുന്നു. സാമൂഹിക അരക്ഷിതാവസ്ഥ, വിദ്യാഭ്യാസം, ഭൂമിയുടെ ഉടമസ്ഥാവകാശം, വഖ്ഫ് സ്വത്തുക്കള്‍, സിവില്‍ നിയമങ്ങളിലെ ശരീഅത്ത് വ്യവസ്ഥകള്‍ തുടങ്ങിയ പല തരത്തിലുള്ള വെല്ലുവിളികളാണ് ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് നേരിടേണ്ടി വന്നത്. ഇതിലെല്ലാം തന്മയത്വത്തോടെ ഇടപെടാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്. ഈ വെല്ലുവിളികളൊക്കെ പല തരത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അഭിപ്രായം പറഞ്ഞ് മാറിനില്‍ക്കുന്നതോടെ തീരുന്നതല്ല മുസ്‌ലിംലീഗിന്റെ ദൗത്യം. നിയമനിര്‍മാണ സഭകളില്‍ ഇടപെട്ട് പരിഹാരം കാണേണ്ട ഉത്തരവാദിത്തം കൂടി അതിനുണ്ട്. അതിന് ജനാധിപത്യ പ്രക്രിയകളില്‍ സജീവമായി പങ്കെടുത്ത് തെരഞ്ഞെടുപ്പുകളെ നേരിടേണ്ടത് മുന്നുപാധിയാണ്.
ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനം എന്ന നിലയില്‍ അതത് സമുദായത്തിലെ വോട്ടുകൊണ്ടുമാത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ടു പോകില്ല. അതിന് പൊതുജന വിശ്വാസമാര്‍ജിക്കണം, വലിയ രാഷ്ട്രീയ പാര്‍ട്ടികളുമായോ ദേശീയ കക്ഷികളുമായോ മുന്നണി ബന്ധം ഉണ്ടാക്കണം, മുന്നണി ബന്ധത്തില്‍ അധിഷ്ഠിതമായി അധികാരത്തിലിരിക്കുമ്പോള്‍ സമുദായ താല് പര്യവും മുന്നണി രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകണം എന്നിങ്ങനെ ഒട്ടേറെ പ്രായോഗിക വെല്ലുവിളികള്‍ക്ക് നടുവിലാണ് ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുപോകുന്നത്. ഈ സ്വാഭാവിക വെല്ലുവിളികളെ നേരിടാന്‍ മുസ്‌ലിംലീഗിന് സാധിച്ചു എന്നതാണ് അതിന്റെ വിജയം.
എന്നാല്‍, ഇപ്പോള്‍ മുസ്‌ലിം ലീഗ് കേരളത്തില്‍ പലവിധ ആഭ്യന്തര പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. വിവിധ മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായി നിലകൊള്ളുന്നതിന് പകരം ലീഗിനെ വരുതിയിലാക്കാന്‍ ചില സമുദായ സംഘടനകള്‍ നടത്തുന്ന പലവിധ ശ്രമങ്ങള്‍, ചരിത്ര നിഷേധവും അതിന്റെ അസ്തിത്വത്തെ തന്നെ തകര്‍ക്കുന്നതുമാണ്. ആധുനിക- ജനാധിപത്യ- മതേതര-രാഷ്ട്രീയ ഘടനയോട്, മതവിശ്വാസം വെടിയാതെ തന്നെ എന്‍ഗേജ് ചെയ്യാനുള്ള മുസ്‌ലിംലീഗിന്റെ താത്വിക അടിത്തറ ഏറെ പ്രധാനപ്പെട്ടതാണ്.
ഈ അടിസ്ഥാന പ്രത്യയശാസ്ത്രത്തെ നിരാകരിക്കുക വഴി മുസ്‌ലിംലീഗിന്റെ ചരിത്രത്തെയാണ് തല്‍പരകക്ഷികള്‍ നിഷേധിക്കുന്നത്. മുസ്‌ലിംലീഗിന് ഇനിയും ഒട്ടേറെ മുന്നോട്ടുപോകാനുണ്ട്. മുസ്‌ലിം സമുദായത്തിന്റെ മതവിശ്വാസവും ആചാരങ്ങളും പല കോണുകളില്‍ നിന്ന് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, അതിന് ഭരണഘടനയുടെ മൗലികാവകാശ പരിരക്ഷ പ്രായോഗികമായി ഉറപ്പുവരുത്താന്‍ സാധിക്കുക മുസ്‌ലിം ലീഗ് പോലെയുള്ള പാര്‍ലമെന്ററി പാര്‍ട്ടികള്‍ക്കാണ്. സമുദായം നേരിടുന്ന വെല്ലുവിളികളെ സധൈര്യം ഏറ്റെടുക്കാന്‍ പൂര്‍വകാലത്ത് മുസ്‌ലിംലീഗിന് സാധിച്ചിട്ടുണ്ട്. ഈ പ്ലാറ്റിനം ജൂബിലി വേളയിലും അത് തുടരാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹ

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x