മുസ്‌ലിംലീഗും മൂന്നാംസീറ്റും
അബ്ദുറഹ്മാന്‍ കോഴിക്കോട്
മുസ്‌ലിം ലീഗ് ഇന്ന് പ്രതിപക്ഷ നിരയിലെ കരുത്തുറ്റ സാന്നിധ്യമാണ്. കോണ്‍ഗ്രസിന് 21 സീറ്റ് മാത്രമുള്ളപ്പോള്‍ 15 സീറ്റ് മുസ്‌ലിം ലീഗിനുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ചുരുങ്ങിയത് ആറു സീറ്റിനെങ്കിലും ലീഗിന് അര്‍ഹതയുണ്ട്. എന്നാല്‍ രണ്ടു സീറ്റില്‍ മാത്രമാണ് ലീഗ് ഇക്കുറിയും മത്സരിക്കുന്നത്. മൂന്നാമതായി അവര്‍ ആവശ്യപ്പെട്ട സീറ്റിന്റെ പേരില്‍ പോലും അവര്‍ അവഹേളിക്കപ്പെടുകയാണുണ്ടായത്.
മലപ്പുറം ജില്ലയില്‍ മാത്രം ശക്തിയുള്ള പാര്‍ട്ടി എന്ന രീതിയിലേക്ക് ലീഗിനെ മുദ്രകുത്തുന്നതില്‍ രാ്രഷ്ടീയവും അരാ്രഷ്ടീയവുമായ ഘടകങ്ങളുണ്ട്. അതിലൂടെ മലബാറില്‍ തന്നെ ലീഗിന് അര്‍ഹമായ സീറ്റുകള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യം വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വരവോടെ അപ്രസക്തമായി മാറുകയായിരുന്നു. പക്ഷേ, അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതേ ആവശ്യവുമായി ലീഗ് ചര്‍ച്ച നടത്തേണ്ടിവരുന്നത് ദൗര്‍ഭാഗ്യകരമാണ്. ലീഗ് ചോദിക്കാതെത്തന്നെ കോണ്‍ഗ്രസ് സീറ്റുകള്‍ നല്‍കേണ്ടത് ചരിത്രപരമായ ബാധ്യതയാണ്. 1962ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സി എച്ച് മുഹമ്മദ് കോയയെ പാര്‍ലമെന്റിലേക്ക് അയച്ച ചരിത്രമുള്ള ലീഗ് അന്ന് മല്‍സരിച്ച രണ്ട് സീറ്റിലാണ് 60 വര്‍ഷങ്ങള്‍ക്കു ശേഷവും മല്‍സരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റ് മല്‍സരിക്കുന്ന ലീഗിന് ആനുപാതികമായ 17 ശതമാനം സീറ്റ് പോലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്നില്ല. നിയമസഭാ സീറ്റുകളില്‍ ക്രമേണ നേരിയ വര്‍ധനവ് ഉണ്ടായെങ്കിലും ലോക്‌സഭയില്‍ 1962ലെ രണ്ട് സീറ്റില്‍ നിന്ന് മൂന്നിലേക്കു പോലും എത്തിയിട്ടില്ല. മലബാറിലെ കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള എട്ട് മണ്ഡലങ്ങളില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സ്വാധീനം പരിശോധിച്ചാല്‍ മലപ്പുറത്തിനു പുറത്ത് യുഡിഎഫ് വിജയത്തില്‍ ലീഗിന്റെ പങ്കിന്റെ വ്യാപ്തി അത് സ്ഥിരീകരിക്കും. യുഡിഎഫിനെ വിജയിപ്പിക്കുന്ന ബാധ്യത മാത്രം ഏറ്റെടുത്ത് അരികുവത്കരിക്കപ്പെട്ട ലീഗിന് കൂടുതല്‍ സീറ്റുകള്‍ എന്ന അണികളുടെ ആഗ്രഹം എന്നു പൂവണിയുമെന്നത് പ്രസക്തമായ ചോദ്യമാണ്.