മുസ്ലിംലീഗില്‍ പെണ്‍ത്രയങ്ങളുടെ വിജയക്കൊടി
ഖാദര്‍ പാലാഴി

കെ എസ് ഹംസ നമ്മുടെ മുന്നിലുണ്ട്. അദ്ദേഹം കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലൊന്ന് മുസ്ലിംലീഗിനെ കുഞ്ഞാപ്പ സി പി എമ്മിന്റെ ആലയില്‍ കൊണ്ട് പോയി കെട്ടാന്‍ നോക്കുന്നു എന്നായിരുന്നു. ഈ ആരോപണമുന്നയിച്ച് 24 മണിക്കൂര്‍ തികയും മുമ്പ് കെ എസ് ഹംസയെ നാം കാണുന്നത് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായാണ്, അതും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് ചോദിച്ചുകൊണ്ട്. മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അത്ര ഡിമാന്റാണ് സി പി എം വിപണിയില്‍. പി ടി എ റഹീം, കാരാട്ട് റസാഖ്, കെ ടി ജലീല്‍, കെ പി എം മുസ്തഫ അങ്ങനെ പോകുന്നു ആ പേരുകള്‍.
ഹരിത വിവാദമുയര്‍ത്തിയ ഫാത്തിമ തഹ്‌ലിയ, നജ്മ തബ്ഷീറ, മുഫീദ തസ്‌നി എന്നിവരെ സി പി എം ആഘോഷപൂര്‍വം സ്വീകരിക്കാതിരിക്കാന്‍ അവര്‍ക്ക് ഒരേയൊരു അയോഗ്യതയേ ഉണ്ടായിരുന്നുള്ളൂ. പൂത്ത പണം സ്വന്തം കയ്യിലോ കുടുംബത്തിന്റെ കയ്യിലോ ഇല്ല എന്നത്. എന്നാല്‍ പണത്തെ വെല്ലുന്ന ഇന്റലെക്ച്വല്‍ ക്യാപിറ്റല്‍ ഉള്ളവരായിരുന്നു ഇപ്പറഞ്ഞ മൂന്ന് പെണ്‍കുട്ടികളും. മാത്രമല്ല ഹരിതയില്‍ ഇവരുയര്‍ത്തിയ പ്രശ്‌ന വിഷയം ജനങ്ങള്‍ക്കിടയില്‍ ഏറെ വിശ്വാസ്യതയും സ്വീകാര്യതയും ലഭിക്കുന്നതുമായിരുന്നു.
എന്നാല്‍ അച്ചടക്ക നടപടിക്കു ശേഷവും നാം ഇവരെ കാണുന്നത് അത്യധികം തെളിമയുള്ള ലീഗ് രാഷ്ട്രീയം പറയുന്നവരായാണ്. ലീഗ് രാഷ്ട്രീയം മാത്രമല്ല സമൂഹം ഒരു ദിവസം എന്തൊക്കെ ചര്‍ച്ച ചെയ്യുന്നുവോ അതിലെല്ലാം ഇടപെട്ട് പാര്‍ട്ടിക്കും ജനാധിപത്യ ചേരിക്കും സമുദായത്തിനും സുശക്തമായ പ്രതിരോധം തീര്‍ക്കാനും ഇവര്‍ക്ക് കഴിഞ്ഞു. സംസ്ഥാനത്തെങ്ങുമുള്ള ലീഗ് – യു ഡി എഫ് വേദികളില്‍ മാത്രമല്ല സാമൂഹിക സാംസ്‌കാരിക വേദികളിലും ഇവര്‍ സ്ഥിരം ക്ഷണിതാക്കളായി. ഇവരുടേത് വിലമതിക്കപ്പെടുന്ന ശബ്ദമായി. കേരളത്തില്‍ മാത്രമല്ല രാജ്യത്തിനപ്പുറവും ഭൂഖണ്ഡങ്ങള്‍ താണ്ടിയും ഇവരുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ടായി.
മുസ്ലിം ലീഗില്‍ നാമിതുവരെ കണ്ടു ശീലിച്ച വനിതാ പ്രതിനിധാനത്തില്‍ ഇത്തരം കാഴ്ച്ചകളൊക്കെ അത്യപൂര്‍വമായിരുന്നു. വനിതാ ലീഗ് നേതാക്കള്‍ ടി വി സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ടത് ശരീഅത്ത്, മുസ്ലിം പെണ്‍കുട്ടി, ഹിജാബ് തുടങ്ങിയ മുസ്ലിം സ്ത്രീകളുമായി ബന്ധമുള്ള വിഷയങ്ങളില്‍ മാത്രം ഇടപെട്ട് സംസാരിക്കാനായിരുന്നു. പക്ഷേ ഈ സ്ത്രീത്രയങ്ങളെ നാം കണ്ടത് അഴിമതി, പൊലീസ് അതിക്രമം, വികസനം, പരിസ്ഥിതി തുടങ്ങി ആകാശത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളിലും സംസാരിക്കുന്നവരായാണ്.
ആണ്‍ നേതൃത്വത്തിന് പോലും അസൂയയുണ്ടാവുന്ന പെര്‍ഫോമന്‍സ്. അപ്പോള്‍ പിന്നെ പെണ്‍നേതൃത്വം വെറുതെയിരിക്കുമോ? നജ്മക്കും തഹ്ലിയക്കും മുഫീദക്കും പുതിയ പാര്‍ട്ടി പദവികള്‍ ലഭിച്ചതിനെതുടര്‍ന്നുണ്ടായ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ‘മാപ്പ് പറഞ്ഞു, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഹരിതയിലെ മുന്‍പദവികള്‍ തുടര്‍ന്നും വഹിക്കാം.’ എന്ന വാര്‍ത്തക്കായി കാത്തിരുന്നവര്‍ക്ക് മസ്തിഷ്‌ക്കാഘാതമുണ്ടാവുന്ന വാര്‍ത്തയാണ് പാണക്കാട് നിന്ന് പുറത്ത് വന്നത്. നജ്മ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി, മുഫീദ ദേശീയ വൈസ് പ്രസിഡണ്ട്, തഹ്ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി.

45 വയസ്സാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലെ പ്രായപരിധി, സംസ്ഥാന യൂത്ത് ലീഗില്‍ 40 വയസ്സും. അതായത് ഇവര്‍ ഈ പദവികളില്‍ വര്‍ഷങ്ങളോളം തുടരും. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെയും യുവതികളേയും പരിഗണിച്ചാല്‍ ദേശീയ -സംസ്ഥാന നേതൃപദവികളിലുള്ള ഇവരുടെ പേരും ഉയര്‍ന്നേക്കും. ഇനി മത്സരിക്കാന്‍ പരിഗണിച്ചില്ലെങ്കിലും യു ഡി എഫ് സര്‍ക്കാര്‍ വന്നാലുണ്ടാവുന്ന വിവിധ പദവികളില്‍ ആദ്യം പരിഗണിക്കുക ഇത്തരം ആളുകളെ ആയിരിക്കും. ഇസ്ലാമിക ഫെമിനിസമാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടു വരുന്ന ഒരാരോപണം. അതെന്താണെന്ന് ആ കുറിപ്പില്‍ വിശദീകരിച്ചും കണ്ടില്ല. എങ്കിലും ഇനിയും വിശദീകരിക്കാന്‍ അവസരമുണ്ട്.
മുസ്ലിം ലീഗില്‍ സ്ത്രീ നേതൃത്വം അതിന്റെ ഒന്നാം തിയ്യതി മുതല്‍ തന്നെയുണ്ട്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് സര്‍വേന്ത്യാ മുസ്ലിം ലീഗിന്റെ ഭാഗമല്ലെങ്കിലും അതിന്റെ തുടര്‍ച്ച തന്നെയാണത്. അന്ന് ഇന്നത്തെ പോലെ ത്രിതല പഞ്ചായത്തില്ല. എന്നാല്‍ പ്രാദേശിക സഭകളുണ്ടായിരുന്നു. പ്രവിശ്യാ നിയമസഭകളും ദേശീയ അസംബ്ലിയുമുണ്ടായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് സംവരണമില്ലായിരുന്നു.
എന്നാല്‍ അക്കാലത്ത് പോലും മുസ്ലിം ലീഗില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചവരാണ് മുസ്ലിം സ്ത്രീകള്‍. ബീഗം അഹ്സാസ് റസൂല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമായിരുന്നു, യു പി വിധാന്‍ സഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു അവര്‍. ബീഗം ഹബീബുല്ല ലീഗ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു, അവിഭക്ത ഇന്ത്യയിലെ ലീഗ് നേതാവായിരുന്ന ബീഗം റാണ പിന്നീട് വിവിധ രാജ്യങ്ങളില്‍ പാക്കിസ്താന്റെ അംബാസഡറായി. ബീഗം ഷാനവാസ് 1937 ല്‍ പഞ്ചാബ് വിദ്യാഭ്യാസ – പൊതുജനാരോഗ്യ മന്ത്രിയായിരുന്നു. ലണ്ടനില്‍ നടന്ന വട്ടമേശാ സമ്മേളനത്തില്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ബീഗം ഷാനവാസായിരുന്നു. വിദേശ രാജ്യങ്ങളില്‍ ലീഗിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അന്ന് ജിന്ന നിയോഗിച്ചത് ബീഗം ഷായിസ്തയെ ആയിരുന്നു. എം സി വടകര എഴുതിയ മുസ്ലിം ലീഗ് ചരിത്ര പുസ്തകങ്ങളില്‍ ഇക്കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ലോക രാഷ്ട്രീയം ശ്രദ്ധിച്ചാലും ഇക്കാര്യം വ്യക്തമാകും. ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ് വനിതാ ഭരണാധികാരിയേ ഉണ്ടായിരുന്നുള്ളൂ. അതും താല്‍ക്കാലികമായി മൂന്നര വര്‍ഷം മാത്രം യുഗോസ്ലാവ്യയില്‍. എന്നാല്‍ മുപ്പതോളം മുസ്ലിം വനിതകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഭരണാധികാരികളായിട്ടുണ്ട്. ഇപ്പോഴും തുടരുന്നുണ്ട്. ഇവരെല്ലാം ഭരണം നടത്തിയത് സുന്നി രാജ്യങ്ങളിലായിരുന്നുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍ മത സംഘടനകള്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ സ്ത്രീകളെ വോട്ട് ചെയ്യാന്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ വനിതാ സംവരണം വന്നതോടെ സമസ്ത പോലുള്ള മത സംഘടനകളുടെ ഉത്തരവുകള്‍ക്ക് ശക്തിയില്ലാതായി. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകള്‍ പൊതുരംഗത്ത് വന്നു. അവര്‍ ആണുങ്ങളോട് സംസാരിച്ചു. അവരെ ഭരിച്ചു. ശാസിച്ചു. ആണുങ്ങളേക്കാള്‍ നല്ല മാതൃകാ ഭരണം കാഴ്ച്ച വെച്ചു. സമൂഹത്തിന്റെ എല്ലാ തുറകളിലും അവര്‍ സജീവമായി. കാമ്പസുകളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ കരുത്തുറ്റ രാഷ്ട്രീയം പറഞ്ഞു. എസ് എഫ് ഐക്കാര്‍ അന്തം വിട്ടു നിന്നു. മാര്‍ക്‌സിസം പറഞ്ഞാല്‍ ആളെക്കിട്ടാതായപ്പോള്‍ അവര്‍ ലൈംഗികത പറഞ്ഞ് ആളെക്കൂട്ടാന്‍ നോക്കി. എതിര്‍ രാഷ്ട്രീയം പറയുന്ന മുസ്ലിം പെണ്‍കുട്ടികളെ അവര്‍ തീവ്രവാദികളാക്കി.
നമ്മുടെ മുസ്ലിം പെണ്‍കുട്ടികള്‍ കാമ്പസുകളെ ഞെട്ടിച്ചത് തട്ടം അഴിച്ചുമാറ്റിക്കൊണ്ടല്ല. നേരത്തിന് നമസ്‌ക്കരിച്ചും നോമ്പുകാരിയാണെന്ന് ഉറക്കെ പറഞ്ഞുമാണ്. കേരള രാഷ്ട്രീയം മാത്രമല്ല മോദി വിരുദ്ധ രാഷ്ട്രീയവും അവര്‍ സംസാരിച്ചു. ഫലസ്തീനികള്‍ക്ക് വേണ്ടി അവര്‍ ഐക്യപ്പെട്ടു. ഇങ്ങനെയുള്ള പെണ്‍കൂട്ടങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പിന്‍ബലം നല്‍കിയവരായിരുന്നു നജ്മയും തഹ്‌ലിയയും മുഫീദയും. ഇതാണോ വിമര്‍ശകര്‍ ഉദ്ദേശിച്ച ഇസ്ലാമിക ഫെമിനിസം.
ഏതായാലും ഒരു കാര്യം നാം ഭയപ്പെടണം. മുസ്ലിം ലീഗിലും യൂത്ത് ലീഗിലും എം എസ് എഫിലും വനിതകള്‍ നേതൃപദവിയിലെത്തുമ്പോള്‍ അതിനെ തല്ലിത്തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാരും അസൂയാലുക്കളും മതസംഘടനകളെ ഉപയോഗപ്പെടുത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പുതിയ പദവികള്‍ നല്‍കിയുള്ള പ്രഖ്യാപനം നടത്താന്‍ ലീഗ് നേതൃത്വം വോട്ടെടുപ്പ് കഴിയുന്നത് വരെ കാത്തിരുന്നത് പോലും ഈ മത സംഘടനകളെ പേടിച്ചിട്ടായിരിക്കാം.
അതേസമയം ഇതേ മത സംഘടനകള്‍ സി പി എം മുന്നണി നിര്‍ത്തുന്ന മുസ്ലിം വനിതാ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മൗനികളാണെന്ന് മാത്രമല്ല അവരെ വിജയിപ്പിക്കാന്‍ ബൂത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നവരുമാണ്.
എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ഇനി വല്ലാതെ ക്ലച്ച് പിടിച്ചുകൊള്ളണമെന്നില്ല. സുപ്രഭാതത്തിലും സിറാജിലുമൊക്കെ ഇപ്പോള്‍ ജേണലിസ്റ്റ് – നോണ്‍ ജേണലിസ്റ്റ് പെണ്‍കുട്ടികളെക്കൊണ്ട് വഴി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ഇസ്ലാമിക ശരീഅത്ത് പ്രകാരം പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്ത പരസ്യങ്ങള്‍ അതില്‍ അച്ചടിച്ചു വരുന്നു. മുക്കം ഫൈസിമാര്‍ സി പി എം സെക്രട്ടറിയെപ്പോലെ സംസാരിക്കുന്നു.
മുസ്ലിം സമുദായത്തിലെ ആണും പെണ്ണും ഇന്ന് പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് തിരിച്ചറിയുന്നവരാണ്. മുസ്ലിം രാഷ്ട്രീയ നേതൃത്വവും മതനേതൃത്വവും ഇക്കാര്യം ഉള്‍ക്കൊണ്ട് നീങ്ങുന്നതാണ് ഇരു കൂട്ടരുടേയും ആരോഗ്യത്തിന്നല്ലത്.
