24 Friday
May 2024
2024 May 24
1445 Dhoul-Qida 16

സ്റ്റേജിലെ മുസ്‌ലിം പെണ്‍കുട്ടി


സമസ്തയിലെ ഒരു പണ്ഡിതന്‍ പത്താം ക്ലാസിലെ ഒരു പെണ്‍കുട്ടിക്ക് പൊതുവേദിയില്‍ വെച്ച് സമ്മാനം നല്‍കുന്നതിനെ വിമര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. പല തലങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു.
ഒന്ന്, ഇസ്‌ലാം മതത്തിന്റെ പേരു പറഞ്ഞ് സമസ്ത പുലര്‍ത്തുന്ന യാഥാസ്ഥിതിക നിലപാടുകള്‍ ഒന്നുകൂടി ശക്തിപ്പെടുത്തുന്നു എന്നാണ് മനസ്സിലാകുന്നത്. സമസ്തയുടെ തീരുമാനമെന്ന് പ്രത്യേകമായി എടുത്തുപറഞ്ഞത് ഒരര്‍ഥത്തില്‍ അഭിനന്ദിക്കേണ്ട കാര്യമാണ്. വരികള്‍ക്കിടയിലെങ്കിലും ഇസ്‌ലാമിന്റെ തീരുമാനമല്ല എന്നു പ്രഖ്യാപിച്ചത് നന്നായി. പക്ഷേ, പൊതുവേദിയില്‍ മുസ്‌ലിം സ്ത്രീക്കുള്ള വിലക്ക് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കാര്യമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍, ഇത് സമസ്തയുടെ മാത്രം വിഷയമാണെന്ന് ആ പണ്ഡിതന്‍ വ്യക്തത വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇസ്‌ലാമിക അധ്യാപനങ്ങളല്ല, മറിച്ച്, സമസ്ത മുശാവറയുടെ തീരുമാനമെന്ന നിലയ്ക്ക് മാത്രം അതിനെ കാണേണ്ടതാണ്. അതേസമയം, സൂക്ഷ്മതയുടെ പേരു പറഞ്ഞുള്ള ഈ മാറ്റിനിര്‍ത്തല്‍ മറ്റേതൊക്കെ രംഗങ്ങളില്‍ പുലര്‍ത്താന്‍ അവര്‍ക്ക് സാധിക്കാറുെണ്ടന്നത് മറുചോദ്യമാണ്. നേര്‍ച്ചകള്‍ മുതല്‍ പണപ്പിരിവ് നടക്കുന്ന എല്ലാ മഹാസംഗമങ്ങളിലും സ്ത്രീകള്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഇവര്‍ ചെയ്യാറുള്ളത്.
ഇനി, സമസ്തയുടെ തീരുമാനം ഇതാണെങ്കില്‍ തന്നെ അതു നടപ്പാക്കിയ വഴിയില്‍ ഇസ്‌ലാമികമായി തെറ്റുണ്ട്. സ്‌നേഹവായ്പുകളും ഗുണകാംക്ഷയും ഒരുവശത്തും പാണ്ഡിത്യത്തിന്റെ പേരിലുള്ള അധികാരവും ധാര്‍ഷ്ട്യവും മറുവശത്തുമാണ് സ്ഥിതി ചെയ്യുന്നത്. സമസ്തക്ക് അത് തെറ്റായി തോന്നുന്നുവെങ്കില്‍ തിരുത്താനുള്ള വഴി ഇതായിരുന്നോ എന്ന് ആലോചിക്കുന്നത് നന്നാകും. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മതസംഘടനകളില്‍ നിന്ന് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുന്നത്, അവരെ ഭാവിയില്‍ മതത്തില്‍ നിന്ന് അകറ്റുന്നതിനും, മതപണ്ഡിതരോടും മുസ്‌ലിം സമൂഹത്തോടും വിരോധം വെച്ചുപുലര്‍ത്തുന്നതിനും കാരണമാകുന്നുണ്ട്. സമീപകാലത്തെ ചില തുറന്നുപറച്ചിലുകളില്‍ നിന്ന് ഇതു വ്യക്തമായതാണ്. മതം വിട്ടുപോയ പലരുടെയും വ്യക്തിപരമായ ദുരനുഭവങ്ങളാണ് അവരെ ഇതിനു പ്രേരിപ്പിച്ചതെന്ന് അവര്‍ സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ മുസ്‌ലിം സമുദായത്തില്‍ നിന്ന് മുസ്‌ലിം പെണ്‍കുട്ടികളെ അകറ്റുന്ന സമീപനം ഒരു മുസ്‌ലിം സംഘടനയില്‍ നിന്ന് ഉണ്ടായിക്കൂടാ.
ഇതിന്റെ ഇസ്‌ലാമിക വശം പരിശോധിച്ചാല്‍, ഇസ്‌ലാമിക കല്‍പന പ്രകാരമുള്ള വസ്ത്രം ധരിച്ചുകൊണ്ട് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന് യാതൊരു വിലക്കുമിെല്ലന്ന് നമുക്ക് മനസ്സിലാവുന്നതാണ്. പ്രവാചക ചരിത്രത്തില്‍ നിന്നും ഹദീസുകളില്‍ നിന്നും അത് മനസ്സിലാക്കി പ്രവര്‍ത്തിച്ച പൂര്‍വികരുടെ ചരിത്രത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. ചരിത്രത്തില്‍ ഭരണയന്ത്രം തിരിച്ച നിരവധി മഹതികളെയും വൈജ്ഞാനിക മേഖലയില്‍ ശോഭിച്ച പണ്ഡിത വനിതകളെയും നമുക്ക് കാണാന്‍ സാധിക്കും. ഇസ്‌ലാമിക അധ്യാപനങ്ങളെ ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കി സ്ത്രീസമൂഹത്തെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ നയനിലപാടുകള്‍ തിരുത്താന്‍ ഈ സംഭവം ഒരു നിമിത്തമാകട്ടെയെന്ന് പ്രത്യാശിക്കാം.
മറ്റൊരു കാര്യം, മാധ്യമങ്ങള്‍ ഈ സംഭവത്തെ കൈകാര്യം ചെയ്ത രീതിയാണ്. ഇസ്‌ലാമോഫോബിക് ആയ മുന്‍വിധികള്‍ മാധ്യമ ചര്‍ച്ചകളിലുടനീളം വ്യക്തമാണ്. പൊതുസമൂഹത്തിന്റെ ചില വാര്‍പ്പുമാതൃകകള്‍ ഈ സംഭവത്തിന്റെ ചര്‍ച്ചയെ അനാവശ്യമായി നീട്ടിവലിക്കുന്നതിനു കാരണമായിട്ടുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അധിക്ഷേപിക്കാനുള്ള ഒരവസരമായി ഇതിനെ കണ്ട പലരെയും ചാനല്‍ ചര്‍ച്ചകളില്‍ നമുക്ക് കാണാവുന്നതാണ്. ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്ന് അഭിപ്രായപ്പെട്ടിരുന്ന ചില വിഷയ വിദഗ്ധരൊക്കെ സ്റ്റേജിലെ മുസ്‌ലിം സ്ത്രീയെക്കുറിച്ച് വാചാലരാവുകയായിരുന്നു.
അതേസമയം, ഗുജറാത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു പറഞ്ഞ് 600-ഓളം മുസ്‌ലിം കുടുംബങ്ങള്‍ നല്‍കിയ ദയാവധ ഹരജിയും മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരധ്യാപകന്റെ പതിറ്റാണ്ടുകള്‍ നീണ്ട ബാലപീഡനവും ഇതുപോലെ ചര്‍ച്ച ചെയ്യാന്‍ പലരും സന്നദ്ധരായതുമില്ല. പരിഷ്‌കരണവും ആന്തരിക വിമര്‍ശനവും ഒരുവശത്ത് നടക്കുമ്പോള്‍ തന്നെ അതിന്റെ പേരില്‍ സമുദായത്തിനെതിരെ വെറുപ്പ് ഉല്‍പാദിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുെണ്ടന്ന് ഇതിലെ വിമര്‍ശകരും പ്രായോജകരും ഒരുപോലെ തിരിച്ചറിയേണ്ടതാണ്.

3.3 3 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x