പെണ്ണവകാശങ്ങള്‍ സാധ്യമാക്കിയ ഇസ്‌ലാം
എ ജമീല ടീച്ചര്‍
ഇസ്‌ലാം പുരുഷനെയും സ്ത്രീയെയും ഒരുപോലെ കാണുന്നു. പ്രകൃതിപരമായ അന്തരം പരിഗണിച്ച് ചില വ്യത്യാസങ്ങള്‍ അംഗീകരിച്ചതല്ലാതെ സൃഷ്ടിപ്പില്‍ യാതൊരു വ്യത്യാസവും സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഇസ്‌ലാമിലില്ല. അവരുടെ ചുമതലകളിലും ബാധ്യതകളിലും ചില വ്യത്യാസങ്ങള്‍ അംഗീകരിച്ചതല്ലാതെ അല്ലാഹുവിനു മുമ്പില്‍ സ്ത്രീപുരുഷ വിവേചനമില്ല.
എക്കാലത്തെയും വിശ്വാസികള്‍ക്ക് മാതൃകയായി അല്ലാഹു അവതരിപ്പിച്ചത് ഫിര്‍ഔനിന്റെ ഭാര്യയെയും ഇംറാന്റെ പുത്രി മര്‍യമിനെയുമാണ്, ഒരു പുരുഷനെയല്ല എന്നതുതന്നെ സ്ത്രീത്വത്തിന് ഇസ്‌ലാം നല്‍കിയ മുന്തിയ പരിഗണനയുടെ ശാശ്വത തെളിവാണ്. ‘സ്വര്‍ഗം മാതാക്കളുടെ കാലടിക്കീഴിലാണ്’ എന്നു പഠിപ്പിച്ച പ്രവാചകന്‍(സ) അക്ഷരാര്‍ഥത്തില്‍ സ്ത്രീകളുടെ വിമോചകന്‍ കൂടിയാണ്.
എനിക്ക് ഏറ്റവും കടപ്പാടുള്ളത് ആരോടാണ് നബിയേ എന്നു ചോദിച്ച ശിഷ്യനോട് ‘നിന്റെ മാതാവിനോട്’ എന്നു മൂന്നുവട്ടം വ്യക്തമാക്കിയ ശേഷം അവസാനമാണ് ‘നിന്റെ പിതാവിനോട്’ എന്ന് പ്രവാചകന്‍ കൂട്ടിച്ചേര്‍ത്തത്. വിടവാങ്ങല്‍ ഹജ്ജ് വേളയിലെ ചരിത്രപ്രധാനമായ പ്രസംഗത്തില്‍ അവസാനമായി ആ മഹാത്മാവ് പറഞ്ഞു: സ്ത്രീകളോട് നന്നായി വര്‍ത്തിക്കുക എന്ന എന്റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക.
സ്ത്രീപുരുഷ തുല്യനീതിയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ അസന്ദിഗ്ധമാണ്. ആണാവട്ടെ പെണ്ണാവട്ടെ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെയും കര്‍മഫലം ഞാന്‍ നഷ്ടപ്പെടുത്തുകയില്ല എന്ന് അവരുടെ നാഥന്‍ അവര്‍ക്ക് ഉത്തരം നല്‍കി (3:195). ”ആണായാലും പെണ്ണായാലും വിശ്വാസിയായിരിക്കെ സത്കര്‍മങ്ങള്‍ ആര് ചെയ്താലും ഉത്തമമായൊരു ജീവിതം അയാള്‍ക്ക് പ്രദാനം ചെയ്യും. അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉല്‍കൃഷ്ടമായതിന്റെ പേരില്‍ അവരുടെ പ്രതിഫലവും നാം അവര്‍ക്ക് നല്‍കും” (16:97).
തുല്യനീതി
തുല്യനീതിയുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാം അതിന്റെ വിധിവിലക്കുകള്‍ ക്രമപ്പെടുത്തി. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ ആരാധനകളിലും പ്രതിഫലാര്‍ഹമായ എല്ലാ സത്പ്രവൃത്തികളിലും വിലക്കുകളിലും നിരോധനങ്ങളിലും ഇസ്‌ലാമില്‍ സ്ത്രീപുരുഷ വിവേചനമില്ല. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ ലൗകിക ഇടപാടുകളിലും ഇസ്‌ലാം തുല്യനീതി ഉറപ്പുവരുത്തി. ചില കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഇളവുകളും അനുവദിച്ചു. യഥാര്‍ഥത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന വിവേചനങ്ങള്‍ ഇതു മാത്രമാണ്. ഉദാഹരണത്തിന് സ്ത്രീക്ക് യുദ്ധത്തിനു പോകല്‍ നിര്‍ബന്ധമില്ല. അവള്‍ക്കു പട്ടുവസ്ത്രം ധരിക്കാം. സ്വര്‍ണാഭരണങ്ങള്‍ അണിയാം. എത്ര സമ്പന്നയാണെങ്കിലും ഭര്‍ത്താവിന് അങ്ങോട്ടു ജീവനാംശം നല്‍കല്‍ ബാധ്യതയില്ല. സ്ത്രീക്ക് ഇസ്‌ലാം സ്വത്തവകാശം പകുതിയാക്കിയതും മഹ്‌റിന്റെയും ജീവനാംശത്തിന്റെയും ബാധ്യതകള്‍ പുരുഷനാണ് എന്ന കാരണത്താലാണ്. സ്ത്രീ പുറത്തിറങ്ങുമ്പോള്‍ ഹിജാബ് ധരിക്കണമെന്ന് ഇസ്‌ലാം കല്‍പിച്ചത് അവരുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു.
”അല്ലയോ പ്രവാചകരേ, താങ്കളുടെ ഭാര്യമാരോടും മക്കളോടും സത്യവിശ്വാസികളായ സ്ത്രീകളോടും പറയുക: അവര്‍ അവരുടെ ജില്‍ബാബുകളെ ശരീരത്തില്‍ പുതച്ചുകൊള്ളട്ടെ. അത് അവരെ തിരിച്ചറിയാനും അവര്‍ക്ക് ഉപദ്രവം ഏല്‍ക്കാതിരിക്കാനും പറ്റിയതാണ്. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (അഹ്സാബ് 59).
ജാഹിലിയ്യാ കാലഘട്ടം
സ്ത്രീ ശരിക്കും അവമതിക്കുകയും ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്തിരുന്ന ഒരു കാലഘട്ടം ഇവിടെ കഴിഞ്ഞുപോയിരുന്നു. ജാഹിലിയ്യത്തില്‍ പെണ്‍കുഞ്ഞ് പിറക്കുന്നതു തന്നെ അപമാനമായാണ് അവര്‍ മനസ്സിലാക്കിയത്: ”അവരിലൊരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന ശുഭവാര്‍ത്തയറിഞ്ഞാല്‍ മുഖം കരുവാളിച്ച് കഠിന ദുഃഖം കടിച്ചിറക്കുന്നു” (16:68).
ജാഹിലിയ്യാ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു യുദ്ധവും സംഘട്ടനവും. തൊഴില്‍ കാലികളെ മേക്കലും കച്ചവടവുമായിരുന്നു. ഇതിനൊന്നും സ്ത്രീകള്‍ക്ക് സാധ്യതയില്ല. അതുകൊണ്ടുതന്നെ പെണ്‍ജന്മം ഒരു പാപജന്മമായി അവശേഷിച്ചു. അപമാന ഭാരം ചുമന്നുകൊണ്ട് അവളെ വളര്‍ത്തണോ അതോ പിറന്നപടി മണ്ണില്‍ കുഴിച്ചുമൂടി നാണക്കേടില്‍ നിന്ന് രക്ഷപ്പെടണോ എന്നാണ് അവര്‍ ആലോചിക്കുന്നത്.
”തനിക്ക് ലഭിച്ച ശുഭവാര്‍ത്തയുടെ നാണക്കേടിനാല്‍ അവന്‍ ജനത്തില്‍ നിന്ന് ഒളിച്ചുനടക്കുന്നു. അപമാനത്തോടെ കുട്ടിയെ വളര്‍ത്തണോ മണ്ണില്‍ കുഴിച്ചുമൂടിയാലോ എന്നാലോചിക്കുന്നു. നോക്കുക: എത്ര നികൃഷ്ടമായാണവന്‍ വിധിക്കുന്നത്?” (16:58). വഅ്ദ് നടത്തുക എന്നതായിരുന്നു അവര്‍ അതിനു നല്‍കിയ പേര്. ഇതേക്കുറിച്ച് സൂറതുത്തക്‌വീറില്‍ പറയുന്നു: ”ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് ചോദിക്കപ്പെടുമ്പോള്‍, അതെന്ത് കുറ്റത്തിനു കൊല്ലപ്പെട്ടുവെന്ന്.”
ഇസ്‌ലാം അതിന്റെ ആദ്യഘട്ടത്തില്‍ തന്നെ വഅ്ദ് പൂര്‍ണമായി നിരോധിച്ചു. പെണ്‍കുട്ടികളെ പോറ്റിവളര്‍ത്തുന്നതിനെ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രവാചകന്‍ പ്രസ്താവിച്ചതായി ആയിശ(റ) പറയുന്നു: ”വല്ലവനും പെണ്‍കുട്ടികളാല്‍ പരീക്ഷിക്കപ്പെടുകയും അവരെ നല്ല രീതിയില്‍ വളര്‍ത്തുകയും ചെയ്താല്‍ അവള്‍ അവന് നരകത്തില്‍ നിന്ന് മറയായിത്തീരുന്നതാണ്.” അനസുബ്‌നു മാലികില്‍ നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നു. രണ്ടു പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയായതുവരെ വളര്‍ത്തിയവനും ഞാനും അന്ത്യനാളില്‍ ഇപ്രകാരം ചേര്‍ന്നുവരുന്നതാണ്. രണ്ട് വിരലുകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് നബി(സ) ഇപ്രകാരം പ്രസ്താവിച്ചത്.
കര്‍മത്തിലൂടെയാണ് മനുഷ്യന്‍ ഉല്‍കൃഷ്ടനാവുന്നത്. വംശമോ വര്‍ണമോ ദേശമോ ഭാഷയോ ഒന്നും ആരെയും ഉന്നതനോ നീചനോ ആക്കുന്നില്ല. ”നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഏറ്റവും ധര്‍മനിഷ്ഠയുള്ളവനാകുന്നു” (49:13). സ്ത്രീയും ഇതില്‍ നിന്ന് ഒട്ടും ഒഴിവല്ല. ”അവരുടെ നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: പുരുഷനാവട്ടെ സ്ത്രീയാവട്ടെ, നിങ്ങളില്‍ ആരുടെയും പ്രവര്‍ത്തനഫലം നാം നിഷ്ഫലമാക്കുന്നില്ല.”
സ്ത്രീയും പള്ളികളും
ആയിശ(റ) പറഞ്ഞു: സത്യവിശ്വാസിനികളായ സ്ത്രീകള്‍ റസൂലി(സ)ന്റെ കൂടെ പ്രഭാത നമസ്‌കാരത്തില്‍ ഹാജരാകാറുണ്ടായിരുന്നു. അവര്‍ പുതപ്പുകള്‍ പുതച്ചിരിക്കും. നമസ്‌കാരം കഴിഞ്ഞാല്‍ അവര്‍ വീടുകളിലേക്ക് മടങ്ങും. ഇരുട്ടു കാരണം അവരെ ആരും അറിയില്ല. പള്ളികളില്‍ നിന്ന് നബി(സ) സ്ത്രീകളെ തടയാറുണ്ടായിരുന്നില്ല. ഫര്‍ദ് നമസ്‌കാരങ്ങള്‍ക്കും റമദാനിലെ ഇഅ്തികാഫ് വരെ അവര്‍ പള്ളികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ആയിശ(റ) പറഞ്ഞു: റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കണമെന്ന് നബി(സ) പറഞ്ഞു. നബി(സ) നിര്യാതനാകുന്നതുവരെ റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യമാരും ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.
മറ്റു കാര്യങ്ങളില്‍
അബ്ദുല്ലയുടെ ഭാര്യ സൈനബ് പറഞ്ഞു: ഞാന്‍ പള്ളിയിലായിരുന്നു നബി(സ)യെ ഞാന്‍ കണ്ടു. അദ്ദേഹം അരുള്‍ ചെയ്തു: നിങ്ങള്‍ ആഭരണങ്ങളില്‍ നിന്ന് ദാനം ചെയ്യുക. ആയിശ(റ) പറഞ്ഞു: അറബികളുടെ ഒരു നേതാവിന് ഒരു അടിമപ്പെണ്ണ് ഉണ്ടായിരുന്നു. അവര്‍ അവളെ മോചിപ്പിച്ചു. അവര്‍ക്ക് പള്ളിയില്‍ രോമത്തിന്റെ ഒരു തമ്പ് ഉണ്ടായിരുന്നു. അവര്‍ റസൂലിന്റെ അടുക്കല്‍ വന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നു. അവര്‍ എന്റെ അടുക്കല്‍ വന്ന് വര്‍ത്തമാനം പറയാറുണ്ടായിരുന്നു.
ഇസ്‌ലാം പെണ്ണിനു നല്‍കിയ അവകാശങ്ങള്‍ക്ക് കൈയും കണക്കുമില്ല. സ്ത്രീയെ ജീവിക്കാന്‍ അനുവദിച്ചതു മുതല്‍ അവള്‍ക്ക് സ്വത്തവകാശം നല്‍കിയതും അല്ലാഹുവിന്റെ ഭവനമായ പള്ളികളില്‍ ഒരു ഓഹരി നല്‍കിയതുമെല്ലാം ഇസ്‌ലാം തന്നെ. രാത്രി നമസ്‌കാരങ്ങളിലും ഗ്രഹണ നമസ്‌കാരത്തിലും വരെ സ്ത്രീകള്‍ പള്ളിയില്‍ പങ്കെടുത്തു. സ്ത്രീയുടെ ആര്‍ത്തവം, പ്രസവം, ഗാര്‍ഹിക കാര്യങ്ങള്‍ എന്നിവ പരിഗണിച്ച് സ്ത്രീക്ക് നബി(സ) ഇളവ് നല്‍കുകയാണുണ്ടായത്. അല്ലാതെ ഒരിക്കലും വിലക്കുകയല്ല.
പക്ഷേ, ഇക്കാലത്തുള്ള പൗരോഹിത്യം സ്ത്രീയെ പള്ളികളില്‍ നിന്ന് വിലക്കുകയും അതിനു വഴിയൊരുക്കാന്‍ ബോധപൂര്‍വം അവര്‍ ഖുര്‍ആനും ഹദീസും ജനങ്ങളെ പഠിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. അര്‍ഥമോ ആശയമോ അറിയാതെ പാരായണം ചെയ്യപ്പെടുന്ന ഏക ഗ്രന്ഥം ഒരുപക്ഷേ ഖുര്‍ആനായിരിക്കും. ഖുര്‍ആനിന് പൗരോഹിത്യം നല്‍കിയ മുഅ്ജിസത്താണത്.
ഇസ്‌ലാമിനെ കാലത്തിനൊപ്പം ചലിക്കാന്‍ പ്രാപ്തമാക്കുന്ന ഇജ്തിഹാദിനെ അവര്‍ നിഷേധിച്ചു. പൗരോഹിത്യം കല്‍പിക്കുന്നതെന്തോ അതാണ് ഇന്ന് പെണ്ണിന് മതം. കേരളത്തില്‍ തന്നെ ബഹുഭൂരിഭാഗം സ്ത്രീകളുടെയും അവസ്ഥ ഇതാണ്. ഇതില്‍ നിന്ന് മാറിച്ചിന്തിച്ച് ഇസ്‌ലാമിലെ പെണ്ണവകാശങ്ങള്‍ എന്താണെന്നറിയണമെങ്കില്‍ ഖുര്‍ആനും സുന്നത്തും പഠിക്കുക.