26 Friday
July 2024
2024 July 26
1446 Mouharrem 19

സാമുദായിക പ്രതിബദ്ധതയും മുസ്‌ലിം സ്ഥാപനങ്ങളും

ബഷീര്‍ കൊടിയത്തൂര്‍


വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിം സമുദായം നടത്തിയ മുന്നേറ്റം ശ്ലാഘനീയമാണ്. പ്രീപ്രൈമറി മുതല്‍ പിജി പ്രൊഫഷനല്‍ വിദ്യാലയങ്ങള്‍ വരെ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കു കീഴില്‍ ഇന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ മത-സാമുദായിക സംഘടനകളും അവരുടെ സ്ഥാപനങ്ങളും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഒട്ടുമിക്ക മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമുദായിക സംഘടനകളുടെയോ അവയുടെ നേതാക്കളുടെയോ നേതൃത്വത്തിലുള്ളതാണ്. അനാഥാലയങ്ങളുടെയും സംഘടനകളുടെയും പിന്‍ബലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി. സമുദായ താല്‍പര്യം, ന്യൂനപക്ഷ വിദ്യാഭ്യാസം, നാടിന്റെ പൊതുവായ വിദ്യാഭ്യാസം എന്നിവയെല്ലാമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
കേരളത്തില്‍ വിദ്യാഭ്യാസ നവോത്ഥാനം ലക്ഷ്യം വെച്ച് മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, സുന്നി വിഭാഗങ്ങളും എം ഇ എസ് പോലുള്ള മുസ്‌ലിം സാമൂഹിക സംഘടനകളും സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. എയ്ഡഡ് മേഖലയില്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് വിദ്യാഭ്യാസ പുരോഗതിയെ ഉത്തേജിപ്പിച്ചത്. ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനത്തില്‍ ഇന്ന് മെഡിക്കല്‍, എന്‍ജിനീയറിങ്, ലോ കോളജുകള്‍ വരെ സാധ്യമായിട്ടുമുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുന്‍കാലത്തേക്കാള്‍ മുസ്‌ലിംകള്‍ ജാഗരൂകരാണ്. വിദ്യാഭ്യാസരംഗത്തെ ഉണര്‍വിലൂടെ മാത്രമേ സമൂഹത്തില്‍ സമ്മര്‍ദ ശക്തിയായി മാറാനാവുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമാണിത്. മിക്ക രക്ഷിതാക്കളും തങ്ങളുടെ സന്താനങ്ങള്‍ക്ക് ധാര്‍മികവും സാമൂഹികവുമായ മികച്ച വിദ്യാഭ്യാസം ലഭ്യമാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിദ്യാര്‍ഥികളും വിദ്യാഭ്യാസ വിഷയത്തില്‍ അതീവ ശ്രദ്ധാലുക്കളാണ്. അതിനാല്‍ കേരളത്തിലും പുറത്ത് കേന്ദ്ര-വിദേശ സര്‍വകലാശാലകളിലും ഇതര അക്കാദമിക സ്ഥാപനങ്ങളിലും അവരുടെ സാന്നിധ്യം പ്രകടമാണ്. തികച്ചും പോസിറ്റീവായ ഈ പ്രവണതയ്ക്ക് കൂടുതല്‍ പിന്തുണയും ദിശാബോധവും നല്‍കുക എന്നതാണ് സമുദായത്തിന്റെ താല്‍പര്യവും.
ചില സ്ഥാപനങ്ങള്‍ പഠനത്തിനും ജോലിക്കും കോഴ ഈടാക്കാതെ വിദ്യാഭ്യാസവും തൊഴിലും നല്‍കി മാതൃകയാകുന്നുണ്ട്. എന്നാല്‍ ഈയിടെയായി ചില മുസ്‌ലിം മാനേജ്‌മെന്റിലുള്ള സ്ഥാപനങ്ങള്‍ പഠനത്തിനും ജോലിക്കും വലിയ രീതിയിലുള്ള കോഴ വാങ്ങുന്നു എന്ന പരാതി പൊതുവില്‍ ചര്‍ച്ചയാണ്. സാമൂഹിക പ്രതിബദ്ധതയില്‍ പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട കേന്ദ്രങ്ങളാകുന്നുവെന്ന ആരോപണം ഗൗരവതരമാണ്. ആവശ്യക്കാര്‍ വര്‍ധിച്ചപ്പോള്‍ ഡിമാന്റ് കൂടുന്ന കച്ചവടച്ചരക്കായി പഠനസൗകര്യം മാറുകയാണ്. ബിരുദ പഠനത്തിന് അപേക്ഷിച്ച മിടുക്കിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ലക്ഷത്തിലധികം രൂപ ഡൊണേഷന്‍ നല്‍കേണ്ടിവന്നത് മുസ്‌ലിം പ്രബുദ്ധ സംഘടന നടത്തുന്ന സ്ഥാപനത്തിലാണ്. അതായത് പഠനമെന്നത് പണമുള്ളവര്‍ക്ക് മാത്രമായി മാറുന്ന ദുരവസ്ഥയിലേക്കാണ് സമുദായ സമുദ്ധാരണ സംഘടനകള്‍ നയിക്കുന്ന സ്ഥാപനങ്ങള്‍ നീങ്ങുന്നത്.
ഇത്തരം സ്ഥാപനങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ എത്രത്തോളം സംരക്ഷിക്കുന്നുണ്ട് എന്നത് ചോദ്യമാണ്. വിദ്യാര്‍ഥി പ്രവേശത്തിലും അധ്യാപക നിയമനത്തിലും ഈ താല്‍പര്യം പണത്തിനോടുള്ള ആര്‍ത്തിയില്‍ പൊലിഞ്ഞുപോവുകയാണ്. മെഡിക്കല്‍, എന്‍ജിനീയറിങ് പഠനരംഗത്ത് മിടുക്കരായിട്ടും പണമില്ലാത്തതിന്റെ പേരില്‍ പടിക്കു പുറത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായത് സ്ഥാപനമേധാവികളുടെ പണക്കൊതി മൂലമാണ്. മുസ്‌ലിം വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് ക്രാന്തദര്‍ശികളായ പഴയകാല നേതാക്കള്‍ തുടങ്ങിവെച്ച പല സ്ഥാപനങ്ങളെയും പില്‍ക്കാലത്ത് അവയുടെ തലപ്പത്ത് കയറിക്കൂടിയവര്‍ കച്ചവടസ്ഥാപനങ്ങളാക്കുകയായിരുന്നു. ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളൊഴിച്ചാല്‍ മറ്റെല്ലാം ഇത്തരം കച്ചവടക്കാരുടെ കൈകളിലാണ്. കുടുംബസ്വത്ത് എന്ന നിലയില്‍, സ്വന്തം മക്കളുടെയും മരുമക്കളുടെയും ബന്ധുക്കളുടെയും പേരിലേക്ക് അവയുടെ ഭരണം കൈമാറാനാണ് താല്‍പര്യം. മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അനാഥാലയങ്ങളുടെയുമെല്ലാം ഭരണസമിതികളെക്കുറിച്ച് പരിശോധന നടത്തിയാല്‍ അനന്തരാവകാശി അവകാശം പിന്തുടരുന്നതായി കാണാം. സമുദായത്തിലെ വിദ്യാഭ്യാസ വിചക്ഷണരോ ചിന്തകരോ മതപണ്ഡിതരോ ഇത്തരം സ്ഥാപനങ്ങളുടെ ഭരണസമിതികളില്‍ പലപ്പോഴും എത്താറുമില്ല.
ഇതുപോലെയാണ് നിയമന കോഴയും. ഈയടുത്ത് ഒരു അനാഥശാലയുടെ പേരിലുള്ള സ്‌കൂളില്‍ നടന്ന സംഭവം ഇതിന് ഉദാഹരണമാണ്. പ്രധാനാധ്യാപകന്‍ മരിച്ചപ്പോള്‍ ആശ്രിത നിയമനത്തിന് വഴിതെളിയുകയും അതിനായി മകള്‍ ബി എഡ് പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ നിയമന സമയമായപ്പോള്‍ നിലവിലെ നിരക്കിലുള്ള ലക്ഷങ്ങള്‍ നല്‍കിയാല്‍ മാത്രമേ നിയമനം തരൂ എന്നാണ് പറഞ്ഞത്. ഇത് ഒരു സ്ഥലത്തെ മാത്രം പ്രശ്‌നമല്ല. പല സ്ഥാപനങ്ങളും പണത്തിനു പിന്നാലെ ഓടുന്നതിനാല്‍ സമുദായമേതെന്ന നോട്ടം പോലുമില്ല. നോട്ടിന്റെ ബലത്തില്‍ ആരെയും നിയമിക്കാമെന്നായി. ന്യൂനപക്ഷ പദവിയില്‍ ലഭിച്ച സ്ഥാപനത്തില്‍ ന്യൂനപക്ഷക്കാരന്‍ പുറത്താവുന്ന അവസ്ഥ. അതിനാല്‍ മുസ്‌ലിം മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ മറ്റു സമുദായക്കാരാണ് മുന്നിലുള്ളത്. എന്നാല്‍ അവരുടെ സ്ഥാപനത്തില്‍ മുസ്‌ലിംകള്‍ക്ക് സ്ഥാനവുമില്ല. ഒരു പൈസയും കോഴ വാങ്ങാതെ അര്‍ഹരായവര്‍ക്ക് വിദ്യാഭ്യാസവും ജോലിയും നല്‍കുന്ന മുസ്‌ലിം സ്ഥാപനങ്ങളുണ്ട് എന്നത് മറക്കുന്നില്ല. അവരുടെ സേവനവും മാതൃകയും മറ്റുള്ളവര്‍ സ്വീകരിക്കുകയാണ് വേണ്ടത്.
ഇതുപോലെ തന്നെയാണ് മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളുടെ നിലവാരത്തിന്റെ കാര്യവും. എയ്ഡഡ്/അണ്‍എയ്ഡഡ് മേഖലകളില്‍ സ്വകാര്യ ട്രസ്റ്റുകള്‍ക്കും അനാഥശാലകള്‍ക്കും സാമുദായിക സംഘടനകള്‍ക്കും മറ്റും ധാരാളം സ്ഥാപനങ്ങളുണ്ടെങ്കിലും പലപ്പോഴും അധ്യാപകരെ നിയമിക്കുന്നതിലും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലുമൊന്നും മിക്ക സ്ഥാപനങ്ങളും ഗുണമേന്മാ മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. പ്രഫഷനല്‍ വിദ്യാഭ്യാസരംഗത്താണ് ഇത് കൂടുതല്‍ പ്രകടമാവുന്നത്. അതിനാല്‍ തന്നെ പല സ്ഥാപനങ്ങളിലും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഇതും ആക്ഷേപത്തിന് കാരണമാവുന്നു.
ഇവയെ പ്രതിരോധിക്കണമെങ്കില്‍ ലക്ഷത്തില്‍ നിന്നു ലക്ഷ്യത്തിലേക്ക് ചുവടുമാറ്റണം. ന്യൂനപക്ഷ ശാക്തീകരണത്തിനായി ഭരണകൂടം അനുവദിച്ച സൗകര്യം അതിന്റെ ലക്ഷ്യം നിറവേറ്റണം. മുസ്‌ലിം മാനേജ്‌മെന്റുകളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥിക്കും ഉദ്യോഗാര്‍ഥികള്‍ക്കുമാവണം പ്രാമുഖ്യം. ഇതിന് മറ്റൊന്നും ന്യായമാക്കരുത്.
ഇപ്പോള്‍ എയ്ഡഡ് മേഖലയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് വളരെ കുറച്ച് സ്ഥാപനങ്ങള്‍ മാത്രമേയുള്ളൂ. മുസ്‌ലിംകള്‍ അനര്‍ഹമായ പലതും നേടുന്നുവെന്ന ആരോപണമുള്ള സമയത്തും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സംവരണം വഴി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യ മേഖലയില്‍ പല രംഗത്തും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് ആ മേഖലയിലെ ഉണര്‍വിന്റെ ലക്ഷണമാണ്. എന്നാല്‍ ജനസംഖ്യാനുപാതികമായി അവകാശങ്ങള്‍ ലഭിച്ചിട്ടില്ല. 2011ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 26.56 ശതമാനമാണ് മുസ്‌ലിംകള്‍. പുതിയ തലമുറയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയത് 14.81 ശതമാനമാണ്. അതായത് ജനസംഖ്യാനുപാതികമായി പകുതി പ്രാതിനിധ്യത്തിലെത്താനേ പ്രൊഷഫണല്‍ മേഖലയില്‍ മുസ്‌ലിം സമുദായത്തിന് കഴിഞ്ഞിട്ടുള്ളൂ. ജനസംഖ്യയില്‍ 18.5 ശതമാനം വരുന്ന ക്രൈസ്തവര്‍ ഈ മേഖലയില്‍ നേടിയത് 56 ശതമാനമാണ്. ബിരുദാനന്തര പഠനരംഗത്ത് മുസ്‌ലിം പ്രാതിനിധ്യം 3.13 ശതമാനം മാത്രമാണ്. എന്നാല്‍ ക്രൈസ്തവര്‍ നേടിയത് 60 ശതമാനമാണ്. ബിരുദതലം പൂര്‍ത്തിയാക്കിയത് 18.30 ശതമാനമാണ് മുസ്‌ലിംകള്‍ എങ്കില്‍ ക്രൈസ്തവര്‍ 33 ശതമാനവും മറ്റു പിന്നോക്കക്കാര്‍ 22 ശതമാനവും നേടിയിട്ടുണ്ട്. പൊതുവിലെ കണക്കനുസരിച്ച് സമുദായത്തിലെ ഭൂരിഭാഗം പേരും ഹയര്‍ സെക്കന്‍ഡറിയോ അതിനു താഴയോ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ മാത്രമാണ്.
വിദ്യാഭ്യാസ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വഴി മാറ്റമുണ്ടായില്ല എന്ന് ഇതിന് അര്‍ഥമില്ല. പകരം അര്‍ഹതപ്പെട്ടത് നേടേണ്ടിടത്ത് ഇനിയും എത്തിയില്ല എന്നതാണ് സൂചന. അതേസമയം സംസ്ഥാനത്തെ നിലവിലുള്ള തലമുറയില്‍ 61.08 ശതമാനം പേരും തങ്ങളുടെ രക്ഷിതാക്കളെക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരാണ്. ഇക്കാര്യത്തില്‍ ക്രൈസ്തവര്‍ 63 ശതമാനവും ഒബിസി വിഭാഗം 61 ശതമാനവുമാണ് വളര്‍ച്ച നേടിയത്.
മുസ്‌ലിം പിന്നാക്കാവസ്ഥ മാറ്റാനുള്ള വിദ്യാഭ്യാസനീക്കത്തിന് ശക്തി പകരേണ്ട കാലം കൂടിയാണിത്. ഇക്കാര്യത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തം ഉണ്ടാകേണ്ടതുണ്ട്. ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇതര സമുദായങ്ങളെ ആക്ഷേപിച്ചതുകൊണ്ട് കാര്യമില്ല. ക്രിയാത്മകമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ പഠനത്തിന് അധിക സൗകര്യമൊരുക്കണം.
ഇക്കാര്യത്തില്‍ മുസ്‌ലിം രാഷ്ട്രീയ നേതൃത്വം അലംഭാവം വെടിയണം. സംസ്ഥാനത്തിന്റെ രൂപവത്കരണത്തിനു ശേഷം ഏറ്റവുമധികം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുസ്‌ലിംലീഗായിരുന്നു. രാഷ്ട്രീയ സങ്കുചിതത്വത്തിനപ്പുറമുള്ള വിശാലവും കൃത്യവുമായ വിദ്യാഭ്യാസ നിലപാട് സ്വീകരിക്കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞോ എന്നത് ഇന്നും ചര്‍ച്ചാവിഷയമാണ്. മുസ്‌ലിം ഭൂരിപക്ഷമുള്ള മലബാറിലാണ് വിദ്യാഭ്യാസ സൗകര്യത്തിന്റെയും ലഭ്യതയുടെയും കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത്.
സംവരണം നാം മറന്ന മട്ടാണ്. പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള ഭരണഘടനയുടെ താല്‍ക്കാലിക സംവിധാനമാണ് സംവരണം. സംവരണത്തിലൂടെ വിദ്യാഭ്യാസം നേടുന്നതില്‍ അടുത്ത കാലത്തുള്ള ഉണര്‍വ് മാറ്റിനിര്‍ത്തിയാല്‍ അശ്രദ്ധരായിരുന്നു. സംവരണത്തിനെതിരെ വരുന്ന സമ്മര്‍ദങ്ങള്‍ക്ക് കീഴ്‌പെടാതെ മറുതന്ത്രങ്ങള്‍ പ്രയോഗിച്ച് വിദ്യാഭ്യാസരംഗങ്ങളില്‍ സജീവ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് സമുദായം ചെയ്യേണ്ടത്.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x