പ്രവാചകന്റെ മുഅ്ജിസത്തുകള്‍
മുസ്തഫ നിലമ്പൂര്‍
അല്ലാഹുവിന്റെ സന്ദേശവുമായി ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക, അവനിലേക്ക് മാത്രം സഹായര്‍ഥന നടത്തുക എന്നതാണ് എല്ലാ പ്രവാചകന്മാരുടെയും സന്ദേശം. പ്രവാചകന്മാര്‍ക്ക് മാത്രമായി അല്ലാഹു ചില അത്ഭുത കഴിവുകള്‍ നല്കാറുണ്ട്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം പെയ്തിറങ്ങുന്ന നിമിഷമായിരിക്കും അത്. മുഅ്ജിസത്ത് എന്നാണവയെ വിളിക്കുന്നത്. മുഹമ്മദ് നബിക്കും ഒട്ടേറെ മുഅ്ജിസത്തുകള്‍ നല്‍കിയിട്ടുണ്ട്.
പാന സൗകര്യം
പ്രവാചകന്റെ ഹിജ്റ വേള. ഉമ്മുമഅ്ബദിന്റെ ടെന്റിനരികിലൂടെ പോകുമ്പോള്‍ പാനത്തിനായി കറവ വറ്റിയ ദുര്‍ബലയായ ആടിനെ കറന്നെടുത്തത് മുഅ്ജിസത്തുകളില്‍ പെട്ടതാണ്. ഉമ്മുമഅ്ബദിനോട് നബി(സ) ചോദിച്ചു: ആടിനെ പാല്‍ കറക്കാന്‍ നിങ്ങള്‍ അനുവദിക്കുമോ? അവര്‍ പറഞ്ഞു: അത് ദുര്‍ബലയാണ്. അതിനാലാണ് അതിനെ മറ്റു ആടുകളുടെ കൂടെ കൊണ്ട് പോകാതിരുന്നത്. അതിന് പാല്‍ ചുരത്താന്‍ കഴിയില്ല. താങ്കള്‍ക്ക് ആവശ്യമെങ്കില്‍ കറന്നു നോക്കാം.
അങ്ങനെ നബി(സ) അല്ലാഹുവിനെ സ്തുതിച്ചും വാഴ്ത്തിയും അകിടില്‍ തടവി. അകിട് വീര്‍ത്തു വന്നു. നബി(സ)യുടെ പ്രാര്‍ഥനയുടെ ഫലമായി ആടുകള്‍ക്കിടയില്‍ അകിട് നിറഞ്ഞു. അങ്ങനെ അവരെല്ലാം വയറ് നിറയെ കുടിച്ചു. അവര്‍ക്കായി ഒരു പാത്രം നിറയെ പാല്‍ കറന്ന് നല്‍കുകയും ചെയ്തു’ (മസ്തദ്റഖ് 3:543)
ബറാഅ്(റ) പറയുന്നു: ഹുദയ്ബിയാ ദിനം ഞങ്ങള്‍ നബി(സ)യുടെ കൂടെ ആയിരത്തി നാനൂറ് പേര്‍ ഉണ്ടായിരുന്നു. ഹുദയ്ബിയാ എന്നത് ഒരു കിണറാണ്. ഒറ്റ തുള്ളി പോലും അവശേഷിക്കാതെ അതിലെ വെള്ളം മുഴുവന്‍ ഞങ്ങള്‍ കോരിയെടുത്തു. ആ വിവരം നബി(സ)യിലെത്തി. അപ്പോള്‍ അദ്ദേഹം ആ കിണറിന്റെ കരയില്‍ വന്ന് അല്‍പം വെള്ളം ആവശ്യപ്പെട്ടു. ശേഷം വുദു ചെയ്യുകയും കൊപ്ലിക്കുകയും ചെയ്തു. ശേഷം നബി(സ) പ്രാര്‍ഥിക്കുകയും അത് കിണറ്റിലേക്ക് ചൊരിയുകയും ചെയ്തു. ഞങ്ങള്‍ അല്‍പ സമയം കിണറിന്റെ സമീപത്ത് നിന്ന് വിട്ടു നിന്നു. പിന്നെ ഞങ്ങള്‍ അതിന്റെ സമീപമെത്തി. അപ്പോള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ മൃഗങ്ങള്‍ക്കും വേണ്ടത്ര വെള്ളം അതിലുണ്ടായിരുന്നു. (ബുഖാരി 4150)
കൈകള്‍ക്കിടയിലൂടെ ജലപ്രവാഹം
ഹുദയ്ബിയാ ദിനം ജനങ്ങള്‍ക്ക് ദാഹിച്ചു. കുടിക്കാന്‍ വെള്ളം കിട്ടിയില്ല. നബി(സ)യുടെ മുമ്പില്‍ ചെറിയ തോല്‍പാത്രത്തില്‍ അല്‍പം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. നബി(സ) അതില്‍ നിന്ന് വുദു എടുത്തു. ജനങ്ങളെല്ലാം പാത്രത്തിനടുത്തേക്ക് വന്നു. നബി(സ) അവരോട് ചോദിച്ചു: എന്ത് വേണം നിങ്ങള്‍ക്ക്? ഞാന്‍ പറഞ്ഞു: അങ്ങയുടെ മുമ്പിലുള്ള ഈ വെള്ളമല്ലാതെ കുടിക്കാനോ വുദു എടുക്കാനോ ഞങ്ങള്‍ക്കാര്‍ക്കും വെള്ളമേയില്ല. അപ്പോള്‍ അദ്ദേഹം തന്റെ കൈ ആ തോല്‍പാത്രത്തില്‍ വെച്ചു. അദ്ദേഹത്തിന്റെ വിരലുകള്‍ക്കിടയിലൂടെ നീര്‍ച്ചാലുകള്‍ പോലെ വെള്ളം പൊട്ടി ഒഴുകാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാവരും കുടിക്കുകയും വുദു എടുക്കുകയും ചെയ്തു. (ബുഖാരി 3576, മുസ്ലിം 1856)
നെയ്യിലുണ്ടായ
അനുഗ്രഹം
ജാബിര്‍(റ) പറയുന്നു: ഉമ്മു മാലിക്(റ) നബി(സ)ക്ക് ഒരു പാത്രത്തില്‍ നെയ്യ് സമ്മാനമായി നല്‍കാറുണ്ടായിരുന്നു. തന്റെ പക്കല്‍ ഒന്നുമില്ലാത്ത സന്ദര്‍ഭത്തില്‍ അവരുടെ കുട്ടികള്‍ വന്ന് അവരോട് കറി ചോദിക്കും. അപ്പോള്‍ ഉമ്മു മാലിക് നബി(സ)ക്ക് സമ്മാനം നല്‍കാറുള്ള പാത്രത്തിന്റെ സമീപത്ത് വരും. അവര്‍ക്കതില്‍ നിന്ന് നെയ്യ് ലഭിക്കും. അത് തൃപ്തിപ്പെടുത്തുവോളം ഇത് തുടര്‍ന്നു. ശേഷം അവര്‍ നബി(സ)യുടെ സന്നിധിയില്‍ വന്നപ്പോള്‍, നബി(സ) അവരോട് ചോദിച്ചു: നിങ്ങളത് പിഴിഞ്ഞെടുത്തുവോ? അവര്‍ പറഞ്ഞു: അതേ. നബി(സ) പറഞ്ഞു: നിങ്ങളത് പിഴിഞ്ഞെടുത്തിട്ടില്ലായിരുന്നെങ്കില്‍ അത് ഇപ്പോഴുമുണ്ടാകുമായിരുന്നു. (മുസ്ലിം 2280)
ഖബര്‍ ശിക്ഷ
കേട്ട സംഭവം
ഒരു ദിവസം സൂര്യാസ്തമയ ശേഷം നബി(സ) പുറത്തിറങ്ങി. അപ്പോള്‍ ഒരു ശബ്ദം കേട്ടു. നബി(സ) പറഞ്ഞു: യഹൂദികള്‍ ഖബറില്‍ ശിക്ഷിക്കപ്പെടുകയാണത്. (ബുഖാരി 1375, മുസ്ലിം 2869)
ഒരിക്കല്‍ നബി(സ) ബനൂനജ്ജാര്‍ ഗോത്രക്കാരുടെ തോട്ടത്തില്‍ കോവര്‍ കഴുതപ്പുറത്ത് സഞ്ചരിക്കുകയാണ്. പെട്ടെന്ന് അവിടുന്ന് സഞ്ചരിച്ചിരുന്ന കോവര്‍ കഴുത വിറളി എടുത്തു. അവിടെ നാലോ അഞ്ചോ ആറോ ഖബ്‌റുകള്‍ ഉണ്ടായിരുന്നു. ആ ഖബ്റാളികളെ കുറിച്ച് അറിയുന്നവരാരാണെന്ന് ചോദിക്കപ്പെട്ടു. ഖബ്‌റാളികളെക്കുറിച്ചും അവര്‍ ഏത് അവസ്ഥയിലാണ് മരണ മടഞ്ഞത് എന്നും അറിയിക്കപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: നിശ്ചയം ഈ സമുദായം തങ്ങളുടെ ഖബ്‌റുകളില്‍ ശിക്ഷിക്കപ്പെടുന്നു. നിങ്ങള്‍ പരസ്പരം മാറമാടുകയില്ലായിരുന്നെങ്കില്‍ ഞാന്‍ കേള്‍ക്കുന്ന ഖബ്‌റിലെ ശിക്ഷ നിങ്ങളെയും കേള്‍പ്പിക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുമായിരുന്നു.” (മുസ്ലിം 2867)
മരങ്ങളും കല്ലുകളും അഭിവാദ്യം ചെയ്യുന്നു
ജാബിറുബ്നു സമുറത്(റ) പറയുന്നു: റസൂല്‍ (സ) പറഞ്ഞു: പ്രവാചകനായി നിയോഗിക്കുന്നതിന് മുമ്പ് എന്നോട് സലാം പറഞ്ഞിരുന്ന മക്കയിലെ ഒരു കല്ലിനെ എനിക്കറിയാം. നിശ്ചയം ഇപ്പോഴും അതിനെ എനിക്കറിയാം. (മുസ്ലിം 2277)
നബി(സ) വിളിച്ചപ്പോള്‍ മരം വന്നത്
ഇബ്നു ഉമര്‍(റ) പറയുന്നു: ജനങ്ങള്‍ തന്നെ അവിശ്വസിക്കുന്നതില്‍ മനം നൊന്ത് നബി(സ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ജനങ്ങള്‍ക്ക് വിശ്വസിക്കാനാവശ്യമായ പ്രത്യേക ദൃഷ്ടാന്തം ആവശ്യപ്പെട്ടു. ജിബ്രീല്‍(അ) നബി(സ)യോട് ചോദിച്ചു: ദൃഷ്ടാന്തം കാണുന്നതിനായി താങ്കള്‍ ഇഷ്ടപ്പെടുന്നുവോ? അദ്ദേഹം പറഞ്ഞു: അതെ. എന്നിട്ട് നബി(സ) താഴ്വരയുടെ പിന്‍ഭാഗത്തേക്ക് നോക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ആ വൃക്ഷത്തെ വിളിക്കുക. അങ്ങനെ അത് വന്നു നബി(സ)യുടെ മുമ്പില്‍ നിന്നു. അദ്ദേഹം (ജിബ്രീല്‍) പറഞ്ഞു: മടങ്ങി പോകാന്‍ അതിനോട് കല്‍പിക്കുക. അങ്ങനെ അത് അതിന്റെ സ്ഥാനത്തേക്ക് തിരിച്ച് പോയി. (ഇബ്നുമാജ 4028, 3270)
ഖബീബ് കിണറ്റിലേക്കിട്ട മൃതശരീരത്തോടുള്ള സംസാരം
ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ ബദ്ര്‍ യുദ്ധത്തില്‍ ഒട്ടേറെ സഹായങ്ങള്‍ മുസ്ലിംകള്‍ക്ക് കരഗതമാകുകയും റസൂലിന്റെ(സ) പല മുഅ്ജിസത്തുകളും പ്രകടമാകുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മുസ്ലിംകള്‍ വിജയം നേടി. ഏതൊരു സൈനിക നടപടിക്ക് ശേഷവും മൂന്ന് ദിവസം അവിടെ തന്നെ താമസിക്കല്‍ നബി(സ) സാധാരണ പതിവാണ്. ബദ്‌റിന്റെ മൂന്നാം ദിനം നബി(സ) അനുചരരോടൊപ്പം ഖുറൈശി പ്രധാനികളായ 24 പേരുടെ മൃതശരീരം അടക്കം ചെയ്ത ഖബീബ് കിണറിന്റെ വക്കില്‍ വന്നു. അവരില്‍ ഓരോരുത്തരുടേയും പേരുകള്‍ പിതാവിന്റെ പേരോട് ചേര്‍ത്ത് വിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷകരമായിരുന്നില്ലേ? എന്നാല്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് വാഗ്ദത്തം ചെയ്തത് ഞങ്ങള്‍ക്ക് സത്യമായി പുലര്‍ന്നിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദത്തം ചെയ്തത് നിങ്ങള്‍ക്കും സത്യമായി പുലര്‍ന്നോ? ഇത് കേട്ട് ഉമര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ജീവനില്ലാത്ത ശവശരീരങ്ങളോടാണല്ലോ സംസാരിക്കുന്നത്. (മറ്റൊരു റിപ്പോര്‍ട്ടില്‍ ചീഞ്ഞളിഞ്ഞ മൃതശരീരങ്ങളോടാണോ സംസാരിക്കുന്നത്?) നബി(സ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. ഞാന്‍ പറയുന്നത് അവരേക്കാള്‍ നിങ്ങളല്ല കേള്‍ക്കുന്നത്.
ഖത്താദ(റ) (റിപ്പോര്‍ട്ടര്‍) പറഞ്ഞു: നബി(സ)യുടെ സംസാരം ഭീഷണിയും നിസ്സാരപ്പെടുത്തലും ശിക്ഷയും ഖേദവുമൊക്കെയായി ഭവിക്കാന്‍ വേണ്ടി അവരെ അല്ലാഹു അപ്പോള്‍ ജീവിപ്പിച്ചു. (ബുഖാരി 3976 കിതാബുല്‍ മഗാസി, ഫത്ഹുല്‍ ബാരി 7:351)
ഈ സംഭവത്തെ മരിച്ചവര്‍ കേള്‍ക്കുമെന്നതിന് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. മേല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന ഖത്താദ(റ) തന്നെ പറഞ്ഞത് നബി(സ)യുടെ സംസാരത്തെ അവര്‍ക്ക് ഖേദവും നഷ്ടവുമായി കൂടുതല്‍ അനുഭവപ്പെടാന്‍ അപ്പോള്‍ അവര്‍ക്ക് ജീവന്‍ നല്‍കി എന്നാണ്. അങ്ങനെയാകുമ്പോള്‍ അത് മുഅ്ജിസത്താണ്. ഇമാം ഖത്തീബ് തബ്രീശി(റ) തന്റെ മിശ്കാതില്‍ മുഅ്ജിസത്തിന്റെ അധ്യായത്തിലാണ് ഇത് ഉദ്ധരിക്കുന്നത്. അത് മുഅ്ജിസത്താണെന്ന് ഓര്‍മപ്പെടുത്താനാണ് ആ അധ്യായത്തില്‍ തന്നെ അത് കൊണ്ടുവരുന്നതെന്ന് മിശ്കാതിന്റെ വ്യാഖ്യാന ഗ്രന്ഥമായ ലംഹാതില്‍ വിശദീകരിച്ചിട്ടുണ്ട്.
ഈ സംഭവത്തെ ആയിശ (റ) പറയുന്നത് ബുഖാരി ഉദ്ധരിക്കുന്നു: ഞാന്‍ അവരോട് പറഞ്ഞുകൊണ്ടിരുന്നത് സത്യമായിരുന്നുവെന്ന് ഇപ്പോള്‍ അവര്‍ അറിയുന്നു എന്നതാണ് നബി(സ) പറഞ്ഞത്. അതിന് തെളിവായി (വി.ഖു. 27:80, 35:22) വചനങ്ങള്‍ ഓതുകയുണ്ടായി.
ഒട്ടകത്തിന്റെ സങ്കടം
ഒരിക്കല്‍ നബി(സ) ഒരു അന്‍സ്വാരിയുടെ തോട്ടത്തില്‍ പ്രവേശിച്ചു. അവിടെ ഒരു ഒട്ടകം നബി(സ)യെ കണ്ടപ്പോള്‍ കരയുകയും കണ്ണുനീര്‍ പൊഴിക്കുകയും ചെയ്തു. നബി(സ) അതിന്റെ പൂഞ്ഞയും ചെവികളും തടവി. അങ്ങനെ അത് ശാന്തമായി. നബി(സ) ചോദിച്ചു: ആരാണ് ഈ ഒട്ടകത്തിന്റെ ഉടമ? അന്‍സ്വാരിയായ യുവാവ് പറഞ്ഞു: നബിയേ, ഞാനാണ്. നബി(സ) അദ്ദേഹത്തോട് ചോദിച്ചു: അല്ലാഹു നിനക്ക് ഉടമപ്പെടുത്തിയതിനെ ഈ മൃഗത്തിന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നീ അതിനെ പട്ടിണിക്കിടുകയാണെന്നും ക്ഷീണിപ്പിക്കുകയാണെന്നും അത് എന്നോട് ആവലാതി പറയുന്നു. (അബൂദാവൂദ് 2549)
ഉഹ്ദ് മലയുടെ
കുലുക്കം
അനസ് (റ) പറയുന്നു: നബി(സ) ഉഹ്ദില്‍ കയറി. അദ്ദേഹത്തിന്റെ കൂടെ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുമുണ്ടായിരുന്നു. അങ്ങനെ അത് (ഉഹ്ദ്) അവരെയുമായി കുലുങ്ങി. അപ്പോള്‍ നബി(സ) തന്റെ കാലുകൊണ്ട് ചവിട്ടിയിട്ട് പറഞ്ഞു: ഉഹ്ദേ ഉറച്ചു നില്‍ക്കൂ. നിന്റെ മേല്‍ ഉള്ളത് ഒരു നബിയും ഒരു സത്യസന്ധനും രണ്ട് രക്തസാക്ഷികളുമാണ്. (ബുഖാരി 3675)
ഉഹ്ദിന്റെ കുലുക്കം നബി(സ)യുടെയും അനുചരരെയും അപായപ്പെടുത്താനായിരുന്നില്ല. അവരുടെ ആഗമനത്തിലുള്ള സന്തോഷമാണ്. ഇത് നബി(സ)യുടെ മുഅ്ജിസത്തില്‍ പെട്ടതാണ്.
രോഗ ശമനം
മുഅ്ജിസത്തിലൂടെ
ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം നബി(സ) രോഗശമനത്തിനായി പ്രാര്‍ഥിക്കുകയും അതിന്റെ ഫലം കാണുകയും ചെയ്തിട്ടുണ്ട്. ഖൈബര്‍ യുദ്ധ വേളയില്‍ നബി(സ) പറഞ്ഞു: അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുകയും അല്ലാഹുവും അവന്റെ റസൂലും സ്നേഹിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ഞാന്‍ നാളെ ഈ കൊടി നല്‍കും. അദ്ദേഹത്തിന്റെ കരങ്ങളാല്‍ അല്ലാഹു വിജയം തരും.’
ആര്‍ക്കായിരിക്കും അത് നല്‍കപ്പെടുക എന്ന ചിന്തയോടെ ജനങ്ങള്‍ രാത്രി കഴിച്ചുകൂട്ടി. പ്രഭാതമായപ്പോള്‍ ജനങ്ങള്‍ അത് കാണണമെന്നാഗ്രഹിച്ചുകൊണ്ട് റസൂലിന്റെ(സ) സമീപത്തെത്തി. അപ്പോള്‍ നബി(സ) ചോദിച്ചു: അലിയ്യിബ്നു അബീത്വാലിബ് എവിടെ.’ (അവര്‍ പറഞ്ഞു:) അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നു. നബി(സ) പറഞ്ഞു: അദ്ദേഹത്തിലേക്ക് ആളെ വിടൂ. അദ്ദേഹത്തെ കൊണ്ടുവന്നു. നബി(സ) അദ്ദേഹത്തിന്റെ കണ്ണില്‍ ഉമിനീരിനാല്‍ തടവി. എന്നിട്ടദ്ദേഹത്തിനായി പ്രാര്‍ഥിച്ചു. രോഗമേ ബാധിക്കാത്ത പോലെ ശമന രക്ഷയായി. (ബുഖാരി 4210)
നബി(സ)ക്കു ലഭിച്ച സന്ദേശമനുസരിച്ചാണ് മേല്‍ സംഭവം അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന വ്യക്തിയുടെ കയ്യാല്‍ വിജയം വരിക്കുമെന്ന പ്രവചനം നബി(സ) നിര്‍വഹിക്കുന്നു. മുമ്പില്‍ ഹാജരില്ലാഞ്ഞിട്ടും അലി(റ)യെ വരുത്തുന്നു. എന്നിട്ട് നബി(സ) ഉമിനീരിനാല്‍ കണ്ണില്‍ തടവി രോഗശമനത്തിനായി പ്രാര്‍ഥിക്കുന്നു. അങ്ങനെ രോഗമേ ഇല്ലാതിരുന്നപോലെ കണ്ണുകളുടെ രോഗം ശമനമാകുന്നു. ഇതെല്ലാം മുഅ്ജിസത്ത് എന്ന നിലയില്‍ ദൈവിക സന്ദേശ പ്രകാരമാണ്.
നബി(സ) ഇച്ഛിക്കുമ്പോള്‍ ഇപ്രകാരം ചെയ്യാന്‍ കഴിയില്ല. നബി(സ)ക്ക് തന്നെ ഉഹ്ദില്‍ പറ്റിയ മുറിവില്‍ രക്തം നിലക്കാത്ത വിധം സ്വഹാബികള്‍ വിഷമിച്ചപ്പോള്‍ ഈത്തപ്പന ഓല കത്തിച്ച ഭസ്മം വെച്ചുകൊണ്ടാണ് നിയന്ത്രിച്ചത്. ഇതില്‍ നിന്നും ഇത് നബി(സ)ക്കുള്ള മുഅ്ജിസത് കൊണ്ടാണ് എന്ന് വ്യക്തം.
അബ്ദുല്ലാഹിബ്നു
അതീഖിന്റെ കാല്‍
മുറിഞ്ഞത്
അബീറാഫിഅ് എന്ന ജൂതനെ വധിക്കാനായി നബി(സ) ഒരു സംഘത്തെ നിയോഗിച്ചിരുന്നു. അതിലുള്‍പ്പെട്ട അബ്ദുല്ലാഹിബ്നു അതീഖിന്റെ(റ) കാല് പൊട്ടി. നബി(സ) അദ്ദേഹത്തോട് പറഞ്ഞു: നീ നിന്റെ കാല് നീട്ടുക. ഞാന്‍ എന്റെ കാല്‍ നീട്ടി. എന്നിട്ട് നബി(സ) അതിന്മേല്‍ തടവി. അതിന് ഒരിക്കലും രോഗമില്ലാത്ത അവസ്ഥയായി. (ബുഖാരി 3022, 4039)
സലമത്തിന്റെ(റ)
കാലിലെ പരിക്ക്
യസീദുബ്നു അബീ ഉബൈദ് (റ) പറയുന്നു: ഞാന്‍ സലമത്തിന്റെ കണങ്കാലില്‍ വെട്ടിന്റെ അടയാളം കണ്ടു. ഞാനദ്ദേഹത്തോട് ചോദിച്ചു: എന്താണ് ഈ വെട്ട്? അദ്ദേഹം പറഞ്ഞു: ഇത് ഖൈബര്‍ ദിനം എനിക്ക് സംഭവിച്ചതാണ്. അപ്പോള്‍ ജനങ്ങള്‍ സലമതിന് പരിക്കു പറ്റി എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അദ്ദേഹം അതില്‍ മൂന്ന് ഊത്ത് ഊതി. പിന്നീട് ഈ സമയം വരെയും അതിന് രോഗം ബാധിച്ചിട്ടില്ല. (ബുഖാരി 3969, 4206)
അബൂ ഹുറയ്‌റയുടെ
മറവി മാറിയത്
അബൂഹുറയ്‌റ (റ) പറയുന്നു: ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ താങ്കളില്‍ നിന്നു ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. അത് മറന്നു പോകുന്നു. നബി(സ) പറഞ്ഞു: നിന്റെ തട്ടം നീ നിവര്‍ത്തുക. ഞാന്‍ അത് നിവര്‍ത്തി. അദ്ദേഹം തന്റെ ഇരു കൈകളും കൊണ്ട് അത് കോരിയെടുത്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: അത് ചേര്‍ത്തു പിടിക്കുക. അപ്പോള്‍ അത് ചേര്‍ത്ത് പിടിച്ചു. അതിനു ശേഷം ഞാന്‍ (അനാവശ്യമായി) ഒന്നും മറന്നിട്ടില്ല. (ബുഖാരി 2047, മുസ്ലിം 2492).
ഈ സംഭവങ്ങളെല്ലാം മുഅ്ജിസത്തുകളാണ്. ദൈവീക സന്ദേശമല്ലാത്തവയില്‍ നബി(സ)ക്ക് പോലും മറവി സംഭവിച്ചിട്ടുണ്ട്.