21 Sunday
July 2024
2024 July 21
1446 Mouharrem 14

സംഗീതവും ഇസ്ലാഹീ പ്രസ്ഥാനവും

മന്‍സൂറലി ചെമ്മാട്‌


മുജാഹിദ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സംസ്ഥാന സമ്മേളനങ്ങള്‍, പ്രസ്ഥാനം പുലര്‍ത്തിപ്പോരുന്ന ആശയാദര്‍ശങ്ങളുടെയും പ്രഖ്യാപിത നയനിലപാടുകളുടെയും പ്രതിബിംബങ്ങളായാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. പ്രസ്ഥാനത്തിന്റെ ആദ്യകാല സമ്മേളനങ്ങളുടെ പ്രോജ്വലമായ ആ ഓര്‍മകളിലേക്ക് പ്രവര്‍ത്തകരെ ബന്ധിപ്പിക്കുന്ന വ്യത്യസ്തമായ ഘടകങ്ങളുണ്ട്. ചില പ്രദേശങ്ങള്‍, ചില മഹാ വ്യക്തിത്വങ്ങള്‍, പ്രമേയങ്ങള്‍, സംഭവങ്ങള്‍… അങ്ങനെ പലതും അക്കൂട്ടത്തിലുണ്ടെങ്കിലും അവയില്‍ ഏറെ സ്വാധീനശക്തിയോടെ ഇന്നും നിലനില്‍ക്കുന്ന ഘടകങ്ങളിലൊന്നാണ് സമ്മേളന ഗാനങ്ങള്‍. അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട സമ്മേളനങ്ങളോട് അനുബന്ധിച്ചെല്ലാം നിരവധി ഗാനങ്ങള്‍ വാദ്യമേളങ്ങളോടെ തന്നെ തയ്യാറാക്കി പുറത്തിറങ്ങിയിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മുജാഹിദ് മനസ്സുകളില്‍ ഇന്നും തത്തിക്കളിക്കുന്ന ആ ഈരടികള്‍ ചേതോഹരമായ ആ ഇന്നലെകളുടെ ഓര്‍മകള്‍ മാത്രമല്ല, ആശയപ്രചാരണരംഗത്ത് കലാസാഹിത്യ മേഖലയ്ക്കുള്ള പങ്കിന്റെ നേര്‍ക്കാഴ്ച കൂടിയാണ്.
പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ കറകളഞ്ഞ ആദര്‍ശത്തിന്റെ മാതൃകകളായി നിലകൊണ്ട പ്രഗത്ഭരും പ്രതിഭകളുമായ മഹാമനീഷികളുടെ അറിവോടെയും ആശീര്‍വാദത്തോടെയും പങ്കാളിത്തത്തോടെയും പുറത്തിറങ്ങിയ ആ ഗാനങ്ങള്‍ ഇസ്‌ലാഹീ പ്രബോധന പ്രയാണത്തിന് നിസ്സാരമല്ലാത്ത പിന്‍ബലമാണ് പകര്‍ന്നേകിയതെന്നത് അനിഷേധ്യ വസ്തുതയാണ്. വിവേകത്തിന്റെയും വിചാരത്തിന്റെയും വെട്ടം തെളിച്ച്, ജനങ്ങളെ പ്രമാണങ്ങള്‍ക്കും കാലത്തിനുമൊപ്പം നയിക്കാന്‍ വിയര്‍പ്പൊഴുക്കിയ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതൊരു സ്വാഭാവിക മുന്നേറ്റം മാത്രമായിരുന്നു. എന്നാല്‍ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെട്ട് ചിലര്‍ ഇതിന്റെ മേല്‍വിലാസവും നെറ്റിയിലൊട്ടിച്ച് പിറകോട്ട് കുതിച്ചത് കേരള മുസ്‌ലിം ചരിത്രത്തിലെ കരിപുരണ്ട അധ്യായമാണ്. പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ആദര്‍ശ നയനിലപാടുകള്‍ അട്ടിമറിക്കാന്‍ ആ കേന്ദ്രത്തില്‍ നിന്നു ശ്രമമുണ്ടായി. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രമാണബദ്ധമായ ത്യാഗോജ്വല പോരാട്ടത്തിലൂടെ മണ്ണടിഞ്ഞ വികല വിശ്വാസങ്ങളും ആചാര വൈകൃതങ്ങളും ജീര്‍ണ സംസ്‌കാരങ്ങളും പുനരാനയിക്കപ്പെട്ടത് ആ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു.
കാലം മുന്നോട്ടുപോയപ്പോള്‍ പ്രമാണം വിട്ട് പിറകോട്ട് സഞ്ചരിച്ചവരില്‍ നിന്നു കൗതുകമുണര്‍ത്തുന്ന വിരുദ്ധവാദങ്ങള്‍ക്ക് കേരള മുസ്‌ലിംകള്‍ സാക്ഷിയായി. സംഗീതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഈ അട്ടിമറിയുണ്ടായി. വാദ്യമേളങ്ങളോടെയുള്ള പാട്ടുകള്‍ നന്മയുടെ വഴിയില്‍ ഉപയോഗപ്പെടുത്തി ആദര്‍ശ പ്രബോധനത്തിനു കരുത്തു കൂട്ടിയ ഭൂതകാലത്തെ തിരസ്‌കരിച്ചുകൊണ്ട് ആ കൂട്ടം ഇപ്പോള്‍ അയല്‍ക്കാരന്റെ വീട്ടില്‍ നിന്നാണെങ്കിലും പാട്ട് കേട്ടാല്‍ അവിടെ കയറിച്ചെന്ന് അത് ഓഫ് ചെയ്യാന്‍ ഇളം തലമുറയെ പരിശീലിപ്പിക്കുന്ന തിരക്കിലാണ്.
ലോകത്ത്, പ്രത്യേകിച്ച് ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയയും ഇസ്‌ലാമിനോടുള്ള വിദ്വേഷവും അശാന്തി പരത്തുന്നതിനിടയ്ക്കാണ്, സംഗീതം കേള്‍ക്കുമ്പോള്‍ ചെവി പൊത്താനും അന്യന്റെ വീട്ടില്‍ കയറി ‘അതിക്രമം’ കാണിക്കാനും അനുയായികളെ പരസ്യമായി പ്രചോദിപ്പിച്ച് പുതിയ വിവാദങ്ങളും തെറ്റിദ്ധാരണകളും പടച്ചുവിടുന്നത്. പൊതുസമൂഹത്തില്‍ മുസ്‌ലിംകളെ, വിശിഷ്യാ മുജാഹിദുകളെ ചെളിവാരിയെറിയാന്‍ പല തരത്തിലുള്ള ആയുധങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്ന ഇത്തരക്കാരെ കുറിച്ച് കൃത്യമായി വിശദീകരിക്കപ്പെടേണ്ടതുണ്ട്.
രചന കലാസാഹിതി
പ്രസ്ഥാനത്തിന്റെ ഇന്നലെകളിലേക്കുതന്നെ തിരിഞ്ഞു നടക്കാം. എം എസ് എമ്മിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന രചന കലാസാഹിതി എന്ന കലാസാഹിത്യ വിഭാഗം പ്രസ്ഥാന ചരിത്രത്തിലെ ആവേശമുണര്‍ത്തുന്ന മറ്റൊരു ഓര്‍മയാണ്. കുട്ടികളുടെ സര്‍ഗവാസനകള്‍ ധാര്‍മികതയുടെ വഴിയിലൂടെ പോഷിപ്പിക്കുന്നതിനായി ബഹുമാന്യ നേതാക്കളായ കെ പി മുഹമ്മദ് മൗലവി ഉള്‍പ്പെടെയുള്ളവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായി രൂപീകരിച്ച രചന കലാസാഹിതിയുടെ കീഴില്‍, എണ്‍പതുകളുടെ അവസാനത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വിപുലമായ കലാമേള ചിലരെങ്കിലും സൗകര്യപൂര്‍വം മറക്കാനും മറച്ചുവെക്കാനും ശ്രമിക്കുന്നുണ്ട്. ആദര്‍ശ പ്രബോധനത്തിന് ഗാനമേളയും ചിത്രീകരണങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ശ്രദ്ധേയമായ ആ പരിപാടി ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായിരുന്നു. പാട്ടും കവിതയും ചിത്രീകരണങ്ങളും എല്ലാം ദഅ്‌വത്ത് രംഗത്ത് കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ രചന വഴിയൊരുക്കി. അന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ആ ഗാനമേളക്കും ചിത്രീകരണത്തിനുമൊക്കെ നേതൃത്വം വഹിച്ചവരും ചിത്രീകരണത്തിലെ അഭിനേതാക്കളും ഗാനമേളയിലെ ഗായകരുമായി നിറഞ്ഞുനിന്നവരുമൊക്കെയായ ചിലരും ഇപ്പോള്‍ സംഗീതം കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ പഞ്ഞി വെച്ച് നടക്കുകയാണത്രേ.

വിശ്വാസ ജീര്‍ണതകള്‍ക്കും സാമൂഹിക ദുരാചാരങ്ങള്‍ക്കുമെതിരെയും തൗഹീദീ പ്രചാരണത്തിനും സദാചാര ബോധവത്കരണത്തിനുമെല്ലാം വളരെ പ്രയോജനകരമായ വിധത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ലേബലില്‍ ഔദ്യോഗികമായിത്തന്നെ എത്രയെത്ര പാട്ടുകളാണ് ഇറങ്ങിയത്. അവയെല്ലാം എന്ത് തിന്മകളിലേക്കാണ് ആളുകളെ നയിച്ചതെന്ന് ഈ വിമര്‍ശകര്‍ പറയേണ്ടതുണ്ട്.
മുജാഹിദ് മനസ്സുകളില്‍ ഇന്നും തുളുമ്പിനില്‍ക്കുന്ന കുറേ മനോഹരമായ ഗാനങ്ങളുടെ രചയിതാവും പണ്ഡിതനും വിചിന്തനം വാരികയുടെ പത്രാധിപരുമായ ഇ കെ എം പന്നൂര്‍ പണ്ട് എഴുതിയ വരികള്‍ ഒരിക്കല്‍ കൂടിയൊന്ന് വായിക്കാം: ”എതിരാളി പ്രയോഗിക്കുന്ന ആയുധം പിടിച്ചെടുത്ത് അതുകൊണ്ടുതന്നെ തിരിച്ചടിക്കുക എന്നത് നല്ലൊരു യുദ്ധതന്ത്രമാണ്. ഗാനങ്ങളും കഥാപ്രസംഗങ്ങളുമാണ് ഇന്ന് നമ്മുടെ ആദര്‍ശത്തിനു നേരെ പ്രയോഗിക്കപ്പെടുന്ന ആയുധം. ആ ആയുധം നാം കൈയടക്കണം. അതേ ആയുധം കൊണ്ട് തിരിച്ചടിക്കണം. നബിചര്യയില്‍ നമുക്ക് അതിനു മാതൃകയുണ്ട്. ഇസ്‌ലാമിന്റെ വിമര്‍ശകര്‍ക്ക് കവിതയിലൂടെ മറുപടി കൊടുക്കാന്‍ ഹസ്സാനെ(റ) നബി(സ) പ്രോല്‍സാഹിപ്പിച്ചിരുന്നല്ലോ. ഈ രംഗത്ത് നാം അലംഭാവം കാണിച്ചാല്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയാത്തവിധം രംഗം വഷളാവും. ഗാനങ്ങള്‍ക്ക് തബല കൊണ്ട് താളം കൊട്ടാമോ, ഹാര്‍മോണിയവും വയലിനും ഗിറ്റാറും വായിക്കാമോ എന്നീ ചോദ്യങ്ങളാണ് അപ്പോള്‍ ഉയര്‍ന്നുവരുക. ഇതിനു മറുപടി കണ്ടെത്തിയിട്ട് നമുക്കൊന്നും ചെയ്യാനാവില്ല. എല്ലാ നിലയ്ക്കുമുള്ള താളമേളങ്ങളോടും കൂടി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് മാര്‍ക്കറ്റില്‍ ഇറക്കുകയാണ് വേണ്ടത്. അതിനേ ഇഫക്ടുണ്ടാക്കാന്‍ കഴിയൂ. ‘അഖിലാണ്ഡ നാഥനല്ലാഹുവാണെന്നാത്മാവില്‍ വിശ്വസിപ്പോരേ, ആരാധ്യനായി അല്ലാഹു മാത്രം, അല്ലാഹു മാത്രമത് പോരേ, നിങ്ങള്‍ക്കൊരല്ലാഹു പോരേ’ എന്ന എസ് എ ജമീലിന്റെ വരികള്‍ ഏത് വിശ്വാസിയെയാണ് പുളകം കൊള്ളിക്കാത്തത്? ഏതു ഹൃദയത്തിലാണ് അത് ചാട്ടുളി പോലെ തറയ്ക്കാത്തത്? നാലു മണിക്കൂര്‍ നീണ്ട ഒരു പ്രസംഗത്തിനു ചെലുത്താന്‍ കഴിയാത്ത സ്വാധീനം ഏഴ് മിനിറ്റ് കൊണ്ട് അവസാനിക്കുന്ന ഈ ഗാനം കൊണ്ട് സാധിക്കും. പക്ഷേ ഇത്തരം മാധ്യമങ്ങളെ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ നാം ഇപ്പോഴും മുന്നോട്ടു വന്നിട്ടില്ല. നമ്മുടെ സമ്മേളനങ്ങളില്‍ ഇതിനായി പ്രത്യേക സമയം കണ്ടെത്തുക തന്നെ വേണം” (കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളജ് സില്‍വര്‍ ജൂബിലി സുവനീര്‍ 1986).
എത്ര വ്യക്തവും കൃത്യവുമായ വിലയിരുത്തലാണ് ഇവിടെ ലേഖകന്‍ അവതരിപ്പിച്ചിട്ടുള്ളത്! ഈ ലേഖനം ഇറങ്ങിയ കാലയളവില്‍ മുജാഹിദ് പ്രസ്ഥാനത്തിലെ പണ്ഡിതര്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊക്കെ ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്ന ഈ നിലപാട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞാണ് ചിലര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇല്ലാത്ത ആദര്‍ശവ്യതിയാനത്തിന്റെ നിറം പിടിപ്പിച്ച കഥകളുമായി രംഗത്തിറങ്ങി പ്രസ്ഥാനത്തെ പരിക്കേല്‍പിച്ചവരുടെ ലക്ഷ്യം ഇതിന്റെ ആദര്‍ശ-നയനിലപാടുകള്‍ ആര്‍ക്കൊക്കെയോ വേണ്ടി പൊളിച്ചെഴുതാന്‍ ആവശ്യമായ പുകമറ സൃഷ്ടിക്കലായിരുന്നുവെന്ന് പില്‍ക്കാലത്ത് ഒരു അവ്യക്തതയുമില്ലാതെ തെളിഞ്ഞതാണല്ലോ.
അത്തരമൊരു പൊളിച്ചെഴുത്താണ് ഈ വിഷയത്തിലും ഉണ്ടായത്. ഏതെങ്കിലും രാജ്യത്തെയോ ഏതെങ്കിലും മദ്ഹബിനെയോ ഏതെങ്കിലും പണ്ഡിതരോ ഭരണാധികാരികളോ ആയ വ്യക്തികളെയോ അന്ധമായി പിന്‍പറ്റി രൂപീകരിച്ചതല്ല കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നിലപാടുകള്‍. പ്രാമാണികതയും പ്രായോഗികതയും കണിശതയോടെ പഠിച്ചും ചര്‍ച്ച ചെയ്തും എതിരഭിപ്രായങ്ങളെ പഠനവിധേയമാക്കിയുമൊക്കെ കണ്ടെത്തിയ കറകളഞ്ഞ ആദര്‍ശത്തെ പുല്‍കാനും ചങ്കുറപ്പോടെ ആ ആദര്‍ശം പ്രബോധനം ചെയ്യാനുമുള്ള ആര്‍ജവമാണ് ഈ പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നിരിക്കെ വിശുദ്ധ പ്രമാണങ്ങളില്‍ വ്യക്തമായി നിഷിദ്ധമെന്നു വിധിക്കാത്തവയെ നിഷിദ്ധമാക്കാനോ നിഷിദ്ധമായതിനെ വിശുദ്ധമാക്കാനോ യഥാര്‍ഥ മുജാഹിദുകള്‍ തയ്യാറാവില്ലല്ലോ. ഹദീസ് നിഷേധമെന്നും യുക്തിവാദമെന്നുമൊക്കെയുള്ള ആക്ഷേപശരങ്ങള്‍ക്കു മുന്നില്‍ തളരുന്നതല്ല ആദര്‍ശവിഷയത്തിലെ മുജാഹിദുകളുടെ നെഞ്ചൂക്ക്.
അയല്‍പക്കത്തു നിന്നു പാട്ട് കേള്‍ക്കുമ്പോഴേക്ക് അങ്ങോട്ട് കയറിച്ചെന്ന് അത് ഓഫ് ചെയ്യാന്‍ പണ്ഡിതന്‍മാര്‍ ഫത്‌വ നല്‍കിയിട്ടുണ്ടെന്ന് പഠിപ്പിക്കപ്പെടുന്ന കുട്ടികള്‍ ഇനി, ഹോണടിച്ച് പായുന്ന ബസില്‍ കയറി ചാവി വലിച്ചൂരാനും തൊട്ടടുത്തുള്ളയാളുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുമ്പോഴേക്ക് അത് തട്ടിപ്പറിക്കാനും പോയേക്കാം. ഒരപേക്ഷയേയുള്ളൂ: ഒന്നിലേക്കും മഹത്തായ ഈ ആദര്‍ശ പ്രസ്ഥാനത്തിന്റെ പേര് വലിച്ചിഴക്കാതിരിക്കുക. കളകളാരവം പൊഴിക്കുന്ന നീരുറവകളും കിളികളും അടക്കം സംഗീതാത്മകമായ പ്രകൃതിയിലെ തനതു ശബ്ദങ്ങള്‍ പോലും കേട്ടാല്‍ ഭ്രാന്തു പിടിക്കുന്ന ഒരു തലമുറയ്ക്ക് തറക്കല്ലിടുകയാണ് ഈ പ്രചാരകര്‍ ചെയ്യുന്നത്.

ഖുര്‍ആന്‍ സൂറഃ ലുഖ്മാനില്‍ പരാമര്‍ശിച്ചിട്ടുള്ള ‘ലഹ്‌വുല്‍ ഹദീസ്’ എന്നതിന്റെ വിവക്ഷ സംഗീതമാണെന്ന വ്യാഖ്യാനമാണ് സംഗീതവിരോധികളുടെ മുഖ്യ ആയുധം. വിനോദ വാര്‍ത്തകള്‍ എന്ന വിശേഷണത്തിന്റെ പരിധിയില്‍ സംഗീതം മാത്രം എങ്ങനെ ഉള്‍പ്പെട്ടുവെന്നു ചിന്തിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. കഥകളും ചിത്രീകരണങ്ങളും കഥാപ്രസംഗങ്ങളും എന്തിന്, പ്രസംഗങ്ങള്‍ വരെ ലഹ്‌വുല്‍ ഹദീസിന്റെ അതിര്‍ത്തിവലയം വിട്ട് രക്ഷപ്പെട്ടതിന്റെ ഗുട്ടന്‍സ് അറിയാന്‍ അല്‍പം ബുദ്ധി ഉപയോഗിച്ചാല്‍ മതി. ബുദ്ധിക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല എന്ന് പഠിപ്പിക്കപ്പെട്ടവര്‍ക്ക് അതും സാധ്യമല്ലല്ലോ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ വഴിതെറ്റിക്കാന്‍ വേണ്ടി ലഹ്‌വുല്‍ ഹദീസ് വാങ്ങുകയെന്നതാണ് ഖുര്‍ആന്‍ ആക്ഷേപിക്കുകയും വേദനാജനകമായ ശിക്ഷയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുകയും ചെയ്ത ഗൗരവമേറിയ കാര്യം. സോപാധികമായി പറഞ്ഞ ഇക്കാര്യം വെച്ച് സംഗീതത്തെ മാത്രമാണ് ഇക്കൂട്ടര്‍ നിരുപാധികമായി നിഷിദ്ധമെന്ന് വിധി പറഞ്ഞത്.
സംഗീതം നിഷിദ്ധമല്ല
പണ്ടാരമുക്കിലെ ഹൈദറുവിന്റെ കഥാപരമ്പരകള്‍ ഹലാലായ പോലെത്തന്നെ ആലിന്‍ചോട്ടിലെ അലിയുടെ വീട്ടിലൊരു ഔലിയ വന്ന കഥ പറയുന്ന പാട്ടും മുജാഹിദുകള്‍ ഹലാലായി കണ്ടു. ‘അന്ത്യപ്രവാചകന്‍ യാത്ര പറഞ്ഞപ്പോള്‍’, ‘ചുവരില്‍ ഒരു ഘടികാരം തന്‍’, ‘പൂജാമുറിയിലോ’ തുടങ്ങിയ നൂറുകണക്കിന് പാട്ടുകള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ വഴിതെറ്റിക്കുന്നതാണെന്ന് ബുദ്ധി പണയം വെക്കാത്തവര്‍ക്ക് പറയാനാവില്ല. ‘അസ്സുവിന്റെ ലോക’വും ‘സജ്ജാദ് മോന്‍ നല്ല കുട്ടി’യും ‘മരമണ്ടനു’മൊക്കെ പഴയകാല സമ്മേളന ബുക്സ്റ്റാളുകളില്‍ തൂങ്ങിക്കിടന്നിരുന്നത് അവയെല്ലാം ഹലാലായതിനാലാണ്. ദുര്‍മാര്‍ഗത്തിലേക്ക് വഴി തുറക്കുന്ന സാഹിത്യങ്ങള്‍ക്ക് നമ്മുടെ വേദികളില്‍ അയിത്തം കല്‍പിച്ചത് അവ നിഷിദ്ധമായതിനാലും. ഇതേ മാനദണ്ഡമേ സംഗീതത്തിന്റെ കാര്യത്തിലുമുള്ളൂ. നന്മയിലേക്കും സദാചാരത്തിലേക്കും നയിക്കുന്നവ ഹലാലും, തിന്മയിലേക്കും ദുരാചാരത്തിലേക്കും നയിക്കുന്നവ നിഷിദ്ധവും. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചത് അത്രയേ ഉള്ളൂ.
എങ്കിലും തെളിവുകള്‍ പരതിപ്പിടിക്കുകയാണ് ആ മൗലവിമാര്‍. സംഗീതത്തോട് നബി(സ) കാണിച്ച അനുകൂല സമീപനങ്ങളുടെ വര്‍ത്തമാനങ്ങളൊന്നും ഈ ഗവേഷണത്തെ തടസ്സപ്പെടുത്തുന്നില്ല. കാരണം, ഇക്കൂട്ടരുടെ മാനദണ്ഡങ്ങളും നിലപാടുകളുമെല്ലാം തലകുത്തനെയാണിപ്പോള്‍. പിശാചിന്റെ വീണയെന്ന് അബൂബക്കര്‍(റ) ആശങ്കിച്ച സംഗീതത്തിന് സ്വന്തം വീട്ടില്‍ അനുമതി നല്‍കിയ പ്രവാചകന്‍, ഗോത്രവിഭാഗത്തിലെ ഒരു ഗായികയെ കൊണ്ട് ഉപകരണം നല്‍കി പാട്ടു പാടിച്ച പ്രവാചകന്‍, ദഫ് മുട്ടി പാടാനുള്ള നേര്‍ച്ച നിറവേറ്റാന്‍ അനുമതി നല്‍കിയ പ്രവാചകന്‍, കല്യാണപ്പെണ്ണിനൊപ്പം പാട്ടുകാരികളെ അയച്ചുകൂടായിരുന്നോ എന്നു ചോദിച്ച പ്രവാചകന്‍, അബൂമൂസല്‍ അശ്അരി(റ)യുടെ സ്വരമാധുര്യത്തോടെയുള്ള ഖുര്‍ആന്‍ പാരായണത്തെ, ‘ദാവൂദ് കുടുംബത്തിന് നല്‍കപ്പെട്ട പുല്ലാങ്കുഴലില്‍ നിന്ന് താങ്കള്‍ക്കും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന് സന്തോഷത്തോടെ ഉപമിച്ച് അഭിനന്ദിച്ച പ്രവാചകന്‍… പണ്ഡിതന്മാരുടെ ഫത്‌വകളെ പുണരുമ്പോള്‍ ഈ പ്രവാചക നിലപാടുകള്‍ക്ക് ഒരു പരിഗണനയും നല്‍കാതിരിക്കുന്നത് പ്രമാണങ്ങളുടെ ദുര്‍വായനയും ആരുടെയൊക്കെയോ ചിന്തകളോടുള്ള ‘അനുരാഗാത്മക ഭ്രമവും’ കാരണമാണ്.
വിശുദ്ധ ഖുര്‍ആനിലോ തിരുചര്യയിലോ സംഗീതത്തെ നിരുപാധികം നിഷിദ്ധമാക്കിയതിനു തെളിവുകളൊന്നും കാണാനാവില്ല. എന്നിരിക്കെ, പണ്ഡിതാഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ഉയര്‍ത്തിപ്പിടിച്ച് പടച്ചവന്റെയും പ്രവാചകന്റെയും പേരില്‍ ഒരു കാര്യം പറയുമ്പോള്‍ തികഞ്ഞ സൂക്ഷ്മത ഉണ്ടാവേണ്ടതുണ്ട്. സംഗീതത്തെ മഹാപാതകമായി അവതരിപ്പിക്കാന്‍ കൊണ്ടുവരുന്ന തെളിവുകളില്‍ പോലും അവ മതാനുശാസനകള്‍ക്കു വിധേയമായി അനുവദനീയമാണെന്ന സൂചനകളാണ് നല്‍കുന്നത്. മുകളില്‍ പരാമര്‍ശിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ കാര്യത്തില്‍ തന്നെ അത് വ്യക്തമാണല്ലോ. ”സ്ത്രീയുടെ നഗ്‌നത, പട്ട്, മദ്യം, വാദ്യോപകരണങ്ങള്‍ എന്നിവയൊക്കെ ഹലാലായി ഗണിക്കുന്ന ഒരു കൂട്ടര്‍ എന്റെ ഉമ്മത്തില്‍ ഉണ്ടാകും” എന്ന പ്രവാചക വചനത്തിന്റെ കാര്യവും തഥൈവ. വാദ്യോപകരണങ്ങള്‍ നിരുപാധികം നിഷിദ്ധമാക്കാന്‍ ഈ തെളിവ് മതിയെങ്കില്‍ സ്ത്രീകളുടെ നഗ്‌നത അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും പട്ട് സ്ത്രീകള്‍ക്കും ഹറാമാവണം. മദ്യത്തെക്കുറിച്ചും പട്ടിനെക്കുറിച്ചും സ്ത്രീകളുടെ നഗ്‌നതയെക്കുറിച്ചുമൊക്കെയുള്ള മതനിയമങ്ങള്‍ ഈ വചനത്തില്‍ നിന്നല്ല ഗ്രഹിക്കേണ്ടത് എന്നപോലെ സംഗീതത്തെക്കുറിച്ചുള്ള വിധിയല്ല ഇതില്‍ പരാമര്‍ശിക്കുന്നതെന്നു വ്യക്തം. ഇതിനൊക്കെ പുറമേ സംഗീതം ഹറാമാണെന്ന് വ്യക്തമായ പരാമര്‍ശമുള്ള പ്രമാണമായി അവതരിപ്പിക്കുന്ന ഉദ്ധരണികള്‍ നിദാനശാസ്ത്ര പ്രകാരം സ്വീകാര്യമോ ആധികാരികമോ അല്ലെന്നതാണ് വസ്തുത. ഫോട്ടോക്കും വീഡിയോക്കുമുള്ള മതവിധിയും ഇതേ അളവുകോലില്‍ കാണാതെ ഇളവ് കല്‍പിക്കുന്നവരാണ് സംഗീതത്തിന്റെ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് എന്നതാണ് മറ്റൊരു തമാശ.
”സകല നാശവും നമസ്‌കാരക്കാര്‍ക്കാണ്. തങ്ങളുടെ നമസ്‌കാരത്തെ സംബന്ധിച്ച് അശ്രദ്ധരാണവര്‍” എന്ന ഖുര്‍ആനിക വചനത്തില്‍ എല്ലാ നമസ്‌കാരക്കാരെയുമല്ല, നമസ്‌കാരത്തില്‍ അശ്രദ്ധ കാണിക്കുന്ന നമസ്‌കാരക്കാരെയാണ് ശപിക്കുന്നത് എന്നപോലെ, വിശുദ്ധ ഖുര്‍ആന്‍ 31:6ല്‍ ”യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കാനും വേണ്ടി വിനോദ വാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്നവര്‍ക്കാണ് അപമാനകരമായ ശിക്ഷയുണ്ടെ”ന്ന് അല്ലാഹു താക്കീത് നല്‍കുന്നത് എന്ന് മനസ്സിലാക്കിയാല്‍ തീരുന്നതേയുള്ളൂ ഈ വിഷയകരമായ തെറ്റിദ്ധാരണകള്‍.
നിഷിദ്ധത്തിലേക്ക് നയിക്കുന്നതോ മറ്റ് നിഷിദ്ധങ്ങളോട് ചേരുന്നതോ നിഷിദ്ധങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതോ ആയ സംഗീതങ്ങള്‍ നിഷിദ്ധം തന്നെയെന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ല. അത് ഏത് വസ്തുവിനുമുള്ള പൊതുവായ നിയമമാണ്. ആണുങ്ങള്‍ക്ക് പ്രേമലേഖനം നല്‍കുമെന്ന ആശങ്കയില്‍ സ്ത്രീകള്‍ക്ക് കയ്യക്ഷരം പഠിക്കല്‍ നിഷിദ്ധമായി ഫത്‌വ നല്‍കിയ പൗരോഹിത്യത്തിനെതിരില്‍ പോരാടിയവരാണ് കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം. കയ്യക്ഷരം പഠിക്കാനും അത് തിന്മയുടെ വഴിയില്‍ വിനിയോഗിക്കാതിരിക്കാനും ഒരുപോലെ പഠിപ്പിക്കുക എന്നല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതി ഇസ്‌ലാമിനില്ല എന്നായിരുന്നു നമ്മള്‍ അന്ന് അവരെ പഠിപ്പിച്ചത്. സംഗീതത്തിന്റെ വിഷയത്തിലും ഇസ്‌ലാഹീ പ്രസ്ഥാനം പുലര്‍ത്തിപ്പോന്ന നിലപാട് ഇതുതന്നെയാണ്. ശിര്‍ക്കും അധാര്‍മികതകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന ഒട്ടനവധി ഗാനങ്ങള്‍ പ്രചാരത്തിലുണ്ടെന്നതിന്റെ പേരില്‍ തൗഹീദും ധാര്‍മിക മൂല്യങ്ങളും നേര്‍മാര്‍ഗവും വിശ്വാസ-കര്‍മപാഠങ്ങളും പകരുന്ന ഗാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് മൗഢ്യമാണ്. കേരളത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്ക് ഇറങ്ങിയ നൂറുകണക്കിന് ഇസ്‌ലാഹീ ഗാനങ്ങള്‍ക്ക് ഒരു വിപരീത ഫലവുമുണ്ടായിട്ടില്ലെന്നും മറിച്ച് അവയുടെ സദ്ഫലങ്ങള്‍ പറഞ്ഞാലൊടുങ്ങാത്തതാണെന്നുമുള്ള അനുഭവമെങ്കിലും ഈ വിഷയത്തിലുള്ള ഒരു തിരിച്ചറിവിനു പ്രേരകമാവട്ടെ.

5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x