30 Monday
June 2025
2025 June 30
1447 Mouharrem 4

ഏകരാവിന്റെ താഴ്‌വരയില്‍

എന്‍ജി. പി മമ്മദ് കോയ


ജബലു റഹ്മയിലെ വെളുത്ത സ്തൂപത്തില്‍ പതിച്ച അവസാനത്തെ സൂര്യകിരണവുമായി അറഫയിലെ പകല്‍ യാത്രയായി. നമീറ മസ്ജിദിന്റെ മിനാരങ്ങളില്‍ നിന്ന് മഗ്‌രിബ് ബാങ്ക് കേള്‍ക്കുന്നു. തമ്പുകളില്‍ നിന്ന് കൂട്ടംകൂട്ടമായി മശാഇര്‍ മെട്രോയുടെ അറഫ സ്റ്റേഷനിലേക്ക് ആളുകള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു.
അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് വിശാലമായ ഒമ്പത് റോഡുകളുണ്ട്. കൂട്ടം കൂട്ടമായ പുരുഷാരങ്ങളും മെല്ലെ പോകുന്ന വാഹനങ്ങളും കൊണ്ട് നിബിഡമാണ് റോഡുകള്‍. ലക്ഷക്കണക്കിന് ഹാജിമാര്‍ അറഫയില്‍ നിന്ന് പോകാനുള്ള തിരക്കിലാണ്. പകല്‍ മായുമ്പോഴാണ് അറഫയില്‍ നിന്ന് യാത്ര തിരിക്കേണ്ടത്. മഗ്‌രിബും ഇശാഉം മുസ്ദലിഫയില്‍ വെച്ച് ജംആ യാണ് നമസ്‌കരിക്കേണ്ടത്.
അറഫ താഴ്‌വരയുടെ അതിര്‍ത്തി കടക്കുമ്പോള്‍ തിരു സവിധത്തില്‍ നിന്ന് അകലുന്നത് പോലെ ഒരു തോന്നല്‍! അറഫയില്‍ അല്ലാഹുവിന്റെ സാമീപ്യം അറിഞ്ഞായിരുന്നു പ്രാര്‍ഥനകള്‍ നടത്തിയിരുന്നത്. പാപങ്ങള്‍ ഏറ്റുപറഞ്ഞു ഹൃദയം നിര്‍മലമാക്കിയിരുന്നു. എല്ലാം കാരുണ്യവാനായ അല്ലാഹു പൊറുത്തു എന്നൊരു തോന്നല്‍!
മശാഇര്‍ ട്രെയിനിന് വേണ്ടിയുള്ള കാത്തിരിപ്പ്, സാധാരണ രീതിയില്‍ ക്ഷമ പരീക്ഷിക്കുന്ന സമയം. അര്‍ധ രാത്രിയോടടുത്താണ് മുസ്ദലിഫയിലെത്തുന്നത്! ചുറ്റുഭാഗത്തും മലകളാലും ചെറിയ കുന്നുകളാലും ചുറ്റപ്പെട്ട വിശാലമായ മറ്റൊരു താഴ്‌വര! ദുല്‍ഹിജ്ജ ഒമ്പതിന് രാത്രി ഹാജിമാര്‍ വിശ്രമിക്കേണ്ട സ്ഥലമാണിത്.
ഇവിടെ ടെന്റുകളോ കാര്‍പ്പറ്റുകളോ ഇല്ല. ജനങ്ങളെല്ലാവരും കിട്ടുന്ന സ്ഥലത്ത് കയ്യില്‍ കരുതിയ വിരിപ്പ് വിരിച്ച് പ്രാര്‍ഥനയില്‍ മുഴുകുകയാണ്. കണ്ണെത്താ ദൂരത്തോളം തൊട്ടുതൊട്ടു വിരിപ്പുകള്‍ വിരിച്ച് ഹാജിമാര്‍ കിടക്കുകയാണ്. പൊതു കുളിമുറി കെട്ടിടത്തിന്റെ ഓരത്തെ സ്ഥലമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ബാങ്കും ഇഖാമത്തും കൊടുത്ത് മഗ്‌രിബ് മൂന്ന് റക്അത്തും ഇശാ രണ്ട് റക്അത്തുമായി ചുരുക്കി നമസ്‌കരിച്ചു. ഇരുകൈകളുമുയര്‍ത്തി കുറേ നേരം പ്രാര്‍ഥിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് തല്‍ബിയത്ത് ചൊല്ലി.
ജീവിതത്തിന്റെ നശ്വരതയെകുറിച്ച് ബോധ്യപ്പെടുത്തുന്ന സ്ഥലമാണ് മുസ്ദലിഫ. മാര്‍ബിള്‍ പതിച്ച നിലത്ത് പായ വിരിച്ചു കിടന്നാല്‍ പോലും ഉറക്കം വരാത്ത ഞങ്ങളിതാ കൂര്‍ത്ത ചരലുകള്‍ക്ക് മീതെ വിരിച്ച നേരിയ വിരിപ്പില്‍ കിടക്കുന്നു.
സുബ്ഹിയുടെ ആദ്യ സമയത്ത് തന്നെ ഞങ്ങള്‍ ഇരുവരും ജമാഅത്തായി നമസ്‌കരിച്ചു. സ്തുതി കീര്‍ത്തനങ്ങളും തക്ബീറും തഹ്‌ലീലും ചൊല്ലി. ശേഷം ജംറയില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ ശേഖരിച്ച് ചെറിയ തുണിസഞ്ചികളില്‍ നിറച്ചു.
സൂര്യോദയത്തിന് മുമ്പ് മുസ്ദലിഫയില്‍ നിന്ന് മിനായിലേക്ക് പുറപ്പെടണം. തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് ഞങ്ങള്‍ മെട്രൊ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു.
ദുല്‍ഹിജ്ജ 10-ന്റെ പ്രഭാതം! ഇന്ന് ഈദുല്‍ അദ്ഹാ ദിനമാണ്. നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുകയാണ്. പക്ഷെ ഹാജിമാര്‍ക്ക് പെരുന്നാളില്ല. അവര്‍ക്ക് പെരുന്നാള്‍ നമസ്‌കാരവുമില്ല. അവര്‍ ഇഹ്‌റാം വസ്ത്രവുമണിഞ്ഞ് ജംറ ലക്ഷ്യമാക്കി നീങ്ങുകയാണ്. അവരുടെ അധരങ്ങളില്‍ തല്‍ബിയത്തിന്റെ മന്ത്രങ്ങളാണ്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക
മിനായിലെ ജംറക്കടുത്ത സ്റ്റേഷനിലാണ് ഞങ്ങളിറങ്ങിയത്. അവിടെ നിന്ന് നേരെ നടന്നെത്തുന്നത് ജംറയുടെ ഒന്നാമത്തെ നിലയിലാണ്. ഹജ്ജിന്റെ പ്രധാന കര്‍മങ്ങളില്‍ ഒന്നാണ് ജംറയില്‍ കല്ലെറിയല്‍. മൂന്ന് ജംറകളാണുള്ളത്. ജംറത്തുല്‍ സുഗ്‌റാ, ജംറത്തുല്‍ വുസ്ത, ജംറത്തുല്‍ അക്ബര്‍ (ജംറത്തുല്‍ അഖബ). മൂന്നു ജംറകളിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുമ്പ് കിണറിന്റെ ആകൃതിയില്‍ പാരപ്പറ്റ് കെട്ടി നടുവില്‍ ഒരു സ്തൂപമുള്ള നിലയിലായിരുന്നു. ഹാജിമാര്‍ അതിനു ചുറ്റും നിന്ന് ആ സ്തൂപത്തിലേക്ക് കല്ലെറിയുകയായിരുന്നു പതിവ്.
ഏതുകാലത്തും ഹജ്ജില്‍ ഏറ്റവും തിരക്കുണ്ടാകുന്നതും അപകട മരണങ്ങള്‍ക്ക് സാധ്യതയുള്ളതുമാണ് ഈ ജംറകള്‍ നില്‍ക്കുന്ന സ്ഥലം. ഇത് അപകടരഹിതവും സൗകര്യപ്രദവുമാക്കാന്‍ ഇവക്ക് ചുറ്റും ബഹുനില കെട്ടിട സമുച്ചയം നിര്‍മിച്ചിട്ടുണ്ട്. ഓരോ ജംറയും ദീര്‍ഘമായ ഒരു എലിപ്‌സ് (തോണിയുടെ രൂപം) രൂപത്തില്‍ സംവിധാനിച്ചിരിക്കുന്നു. അവയുടെ നടുവില്‍ സ്തൂപത്തിന് പകരം നീളത്തില്‍ ഒരു മതില്‍ നിര്‍മിച്ചിരിക്കുന്നു. തോണിയുടെ എല്ലാഭാഗത്തു നിന്നും ഹാജിമാര്‍ക്ക് എറിയാന്‍ സൗകര്യമുണ്ട്. എറിയുന്ന കല്ലുകള്‍ മതിലില്‍ തട്ടി താഴെ ശേഖരിക്കാന്‍ ബൃഹത്തായ സംവിധാനമൊരുക്കിയിട്ടുണ്ട്. ഒരു തരത്തിലും അപകടമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളുമുണ്ട്.
വ്യത്യസ്ത നിലകളില്‍ ഈ സൗകര്യമൊരുക്കിയതുകൊണ്ട് ലക്ഷക്കണക്കിന് ഹാജിമാര്‍ക്ക് ഒരെ സമയം കല്ലേറു നിര്‍വ്വഹിക്കാം. എല്ലാ നിലകളിലും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളും സെക്യൂരിറ്റി ഉദ്യോഗസ്ഥരുമുണ്ട്.
ആദ്യ ദിവസം ജംറത്തുല്‍ അഖബയിലാണ് ഞങ്ങള്‍ക്ക് കല്ലെറിയേണ്ടത്. ദുല്‍ഹിജ്ജ 10-ന് ഒരു ജംറയിലേ എറിയേണ്ടതുള്ളൂ. മുസ്ദലിഫയില്‍ നിന്ന് ശേഖരിച്ച കല്ലുകളില്‍ നിന്ന് പത്തു കല്ലുകളെടുത്ത് കയ്യില്‍ വെച്ചു. എറിയുന്ന സമയത്ത് ഒന്നോ രണ്ടോ കല്ലുകള്‍ വീണുപോയാല്‍ അധികമുള്ളത് ഉപയോഗിക്കാമല്ലോ. മാത്രമല്ല, താഴെ വീണ കല്ലുകള്‍ എടുക്കാന്‍ കുനിഞ്ഞാല്‍ ഈ തിരക്കിനിടയില്‍ വലിയ അപകട സാധ്യതകളുമുണ്ട്. അതിനാല്‍ ഒന്നുരണ്ടെണ്ണം അധികമെടുക്കുന്നത് നല്ലതാണ്.
തിക്കി തിരക്കി ചേര്‍ന്ന് നിന്നാണ് ഹാജിമാര്‍ മുന്നോട്ടു നീങ്ങുന്നത്. ഒരു ഗ്രൂപ്പിന് ജംറയിലേക്ക് അനുമതി കൊടുത്ത് കുറച്ചു സമയത്തിന് ശേഷമാണ് മറ്റൊരു ഗ്രൂപ്പിന് അനുമതി കൊടുക്കുന്നത്. ജംറത്തുല്‍ അഖബയിലേക്കെത്തുമ്പോഴാണ് സുരക്ഷാ സംവിധാനത്തിന്റെ ഗുണം മനസ്സിലാകുന്നത്! വളരെ സൗകര്യപ്രദമായി കല്ലെറിയാന്‍ പാകത്തിലുളള സുരക്ഷാ ക്രമീകരണങ്ങള്‍! വലിയ ഭയപ്പാടോടെയായിരുന്നു ജംറയിലേക്ക് വന്നത്. ഉന്തും തള്ളും തിക്കും തിരക്കുമുള്ള പരിസരം! ഹാജിമാര്‍ വീഴുന്നതും തിരക്കില്‍ അവരുടെ ശരീരത്തില്‍ അറിയാതെ ചവിട്ടി മറ്റു ഹാജിമാര്‍ പോകുന്നതും, അനേകം ആളുകള്‍ മരിക്കുന്നതുമൊക്കെയായിരിന്നു മനസ്സില്‍! പക്ഷെ ഭരണാധികാരികള്‍ കാലത്തിനനുസരിച്ച് ചെയ്ത ക്രമീകരണങ്ങള്‍ അത്ഭുതകരമാണ്! ഓരോ ഹാജിക്കും ഒരു പ്രയാസവുമില്ലാതെ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഉതകുന്ന വിധത്തിലാണ് എല്ലാം സംവിധാനിച്ചിരിക്കുന്നത്.
കൈകളുയര്‍ത്തി തക്ബീര്‍ മുഴക്കി ഏഴു തവണ ജംറത്തുല്‍ അഖ്ബയില്‍ കല്ലെറിഞ്ഞു. ഓരോ തവണ കല്ലെറിയുമ്പോഴും മനസ്സിലെ ദുഷ്ട ചിന്തകളെയും പൈശാചികതയെയും എറിഞ്ഞോടിക്കുകയാണ്. മനസ്സും ശരീരവും പരിശുദ്ധമാക്കാന്‍ ഓരോ ഹാജിയെയും പ്രചോദിപ്പിക്കുന്നതാണ് ഈ പ്രതീകാത്മക കര്‍മം.
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള പുഷ്‌കലമായ ഒരു ധന്യ ജീവിതത്തിന്റെ സ്മരണാഞ്ജലി കൂടിയാണ് ഈ കല്ലെറിയല്‍. അല്ലാഹുവിന്റെ സ്‌നേഹിതനെന്ന് വിശേഷിപ്പിച്ച ഇബ്‌റാഹീം(അ) അരുമ സന്താനത്തെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോകുന്നു. നൊന്തുപെറ്റ മാതാവിന്റെ-ഹാജറയുടെ കണ്ണെത്താത്ത ദൂരത്ത് മീനായുടെ വിജനതയിലേക്ക് വിങ്ങുന്ന ഹൃദയത്തോടെ പിഞ്ചുമകന്റെ കൈ പിടിച്ചു നടക്കുന്ന പിതാവായ ഇബ്‌റാഹീം(അ). അല്ലാഹുവിന്റെ കല്പന ശിരസ്സാവഹിച്ച് ഏതു ത്യാഗത്തിനും തയ്യാറാകുന്ന ആ പ്രവാചകവര്യനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന പിശാച്! ആ പിതൃ സ്‌നേഹത്തിന്റെ ദൗര്‍ബല്യത്തില്‍ പിടിച്ച് ദുര്‍ബോധനം നടത്തുന്ന ശപിക്കപ്പെട്ട പിശാചിനെ എറിഞ്ഞോടിക്കുകയാണ് ആ പിതാവും പുത്രനും. ആ അനുകരണീയമായ ആത്മത്യാഗത്തിന്റെ സ്മരണയാണ് ഓരോ ഹാജിയും ജംറയില്‍ കല്ലെറിയുന്നതിലൂടെ അയവിറക്കുന്നത്.
ആത്മസമര്‍പ്പണത്തിന്റെ ആ വികാര നിമിഷങ്ങള്‍ ഹൃദയങ്ങളിലേക്കാവാഹിച്ചായിരിക്കണം നാം കല്ലെറിയേണ്ടത്. ‘ബിസ്മില്ലാഹി അല്ലാഹു അക്ബര്‍’ മഹാനായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ എന്റെ ഉള്ളിലെ പൈശാചികതയെ എറിഞ്ഞോടിക്കുന്നു. ഏഴു തവണയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് മനസ്സില്‍ നിന്ന് എല്ലാ ദുഷ്ചിന്തകളെയും ഒഴിവാക്കാം! നിര്‍മലമായ മനസ്സും സംശുദ്ധമായ ചിന്തകളുമായി ജംറയില്‍ നിന്ന് ഞങ്ങള്‍ മെല്ലെ മുന്നോട്ട് നീങ്ങി.

Back to Top