കോവിഡ് കാലത്തെ ബലി
മുര്‍ശിദ് പാലത്ത്
കടുത്ത പരീക്ഷണത്തിന്റെ തുടിക്കുന്ന ഓര്‍മ പുതുക്കലാണ് ബലി പെരുന്നാളും ബലി കര്‍മവും. അല്ലാഹുവിന്റെയും ഇസ്‌ലാം ദീനിന്റെയും ചിഹ്നമാണത്. `ആദര്‍ശത്തിനായി ജീവന്‍ നല്‌കാനും തയ്യാറാണ്’ എന്ന പറച്ചില്‍ വെറും ക്ലീഷേയായി മാറിയ സമകാലിക സാഹചര്യത്തില്‍, എന്നെ തരാം, പക്ഷേ മകനെ തരാന്‍ പറ്റില്ലെന്നേ പറയൂ. ഇവിടെ ഇബ്‌റാഹീമെന്ന പ്രവാചകനെ നമുക്ക് അളക്കാന്‍ കഴിയില്ല. ഹൃദയശൂന്യനായ ഒരു ക്രൂരനായി മാത്രമേ ഭൗതിക മാപിനികളില്‍ അദ്ദേഹത്തെ വിലയിരുത്തൂ. നിരന്തര പ്രാര്‍ഥനക്കും നിതാന്ത കാത്തിരിപ്പിനുമൊടുവില്‍ ജീവിത സായാഹ്നത്തില്‍ തനിക്ക് കിട്ടിയ പൊന്‍കനിയെ ഒരു പിതാവെന്ന നിലയില്‍ അത്രമേല്‍ സ്‌നേഹിക്കുമ്പോഴും അവനെ നല്‌കിയ സ്രഷ്ടാവിനോടുള്ള അകൈതവമായ നന്ദി സൂക്ഷിക്കുന്ന ഇബ്‌റാഹീമിന് അതേ കഴിയൂ. ആ സ്രഷ്ടാവിന്റെ കല്ലുരുക്കുന്ന കല്‌പനയും നിറവേറ്റുക തന്നെ. അല്ല, ഇബ്‌റാഹീമിനേ അത് കഴിയൂ. അതിനാല്‍ തന്നെ അദ്ദേഹം നമ്മുടെ മനുഷ്യത്വത്തിന്റെയും പിതൃത്വത്തിന്റെയുമൊന്നും അളവുകോലുകള്‍ക്ക് വഴങ്ങില്ല.
ഒരു മാഹമാരി ജീവിതത്തില്‍ ചില നിയന്ത്രണങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും സമ്പത്തിലും സൗകര്യത്തിലുമെല്ലാം ചെറിയ ചെറിയ കുറവുകള്‍ വരുത്തുകയും ചെയ്‌ത കാലത്ത് ഇബ്‌റാഹീമിന്റെ ബലിക്ക് ഏറെ പ്രസക്തിയുണ്ട്. ഇബ്‌റാഹീമീ ബലിസ്‌മരണ ത്രസിക്കുന്ന ഉദുഹിയ്യത്തിന് അര്‍ഥവ്യാപ്‌തി വര്‍ധിക്കുന്നുമുണ്ട്. തനിക്ക് ലഭിച്ച ഏക സന്തതിയെയാണ് ഇബ്‌റാഹീം നല്‌കിയത്. വരവ് ഇത്തിരി കുറഞ്ഞപ്പോഴാണ് ആവശ്യത്തിലേറെ ഉണ്ടായിട്ടും അതില്‍ കെട്ടിപ്പിടിച്ച്, ബലി അത്രയൊന്നും നിര്‍ബന്ധമുള്ളതല്ലല്ലോ എന്ന ഫത്‌വയും തേടി നാം കിതാബ് പരതുന്നത്. ഈ ഇരു ബലിമനസ്സുകള്‍ക്കുമിടയില്‍ അജഗജാന്തരമുണ്ട്.
കഴിവുള്ളവരെല്ലാം നിര്‍വഹിച്ചിരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്ന ബലി ചില പ്രത്യേക സാഹചര്യങ്ങളില്‍ വേണ്ടതുണ്ടോ എന്നും സാമ്പ്രദായിക രീതി, നാം അറുത്ത് നമ്മളും ചുറ്റുവട്ടത്തുള്ളവരും മാത്രം ഉപയോഗിക്കുന്ന സംവിധാനം,, മാറ്റാമോ എന്നുമെല്ലാമാണ് ഇപ്പോള്‍ ചര്‍ച്ചകളായി കേരളീയ മുസ്‌ലിം സമൂഹത്തില്‍ രൂപപ്പെട്ടത്. ഏതെങ്കിലും സമ്പന്നന്മാര്‍ അവരുടെ വീടങ്കണങ്ങളില്‍ അപൂര്‍മായി നിര്‍വഹിക്കാറുണ്ടായിരുന്ന ഈ കര്‍മം, സാമ്പത്തിക ശേഷിയും മതബോധവും വര്‍ധിച്ച പുതിയ സാഹചര്യത്തില്‍ വളരെ വിപുലമായി നടത്തപ്പെട്ടു തുടങ്ങിയതാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്.
ബലിമാംസം മഹല്ലിനു (അറുക്കുന്നവന്‍ താമസിക്കുന്ന പ്രദേശം) പുറത്ത് നല്‌കാമോ. സകാത്, ഫിത്‌ര്‍ സകാത്, ബലി എന്നിവയെല്ലാം ചില കര്‍മശാസ്‌ത്ര പണ്ഡിതരുടെ വീക്ഷണത്തില്‍ ഇങ്ങനെ പുറത്തു നല്‌കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ ഇത് സാധൂകരിക്കുന്നില്ല. പാടില്ലെന്നു പറഞ്ഞവരുടെ വിധിയുടെ പശ്ചാത്തലം പരിശോധിക്കുമ്പോഴും ഇത് തെറ്റാകുമെന്ന് അവര്‍ പറഞ്ഞത് ചില പ്രത്യേക സാഹചര്യങ്ങളിലാണെന്ന് മനസ്സിലാകും. അഥവാ, തന്റെ ചുറ്റുവട്ടത്തില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ ഉണ്ടായിരിക്കെ അത് പുറത്തു നല്‌കുന്നത് ശരിയല്ല. ബന്ധുക്കളും അയല്‌ക്കാരുമാണ് നമ്മുടെ ദാനധര്‍മങ്ങളുടെ പ്രഥമ പരിഗണനക്കാര്‍. ചുറ്റുമുള്ള സമുദായം ഏറെ ദരിദ്രമാവുകയും അവര്‍ക്ക് തന്നെ ആവശ്യനിര്‍വഹണത്തിന് ഇത്തരം സമ്പത്ത് തികയാതെ വരികയും ചെയ്‌ത ഘട്ടത്തിലാണ് നാം ഈ വസ്‌തുക്കളെല്ലാം ഇവിടെ മാത്രം വിനിയോഗിച്ചത്. എന്നാല്‍, ഇന്ന് നാം നമുക്കായി വരച്ച മഹല്ല് അതിരുകള്‍ക്ക് പുറത്ത് അന്താരാഷ്ട്ര തലത്തില്‍ വരെ നമ്മെക്കാള്‍ ഏറെ ദരിദ്രരും കഷ്ടപ്പെടുന്നവരുമായ ഒരു വലിയ സമൂഹമുണ്ടെന്ന് മനസ്സിലാക്കുന്നു.
എന്നിരിക്കെ നാം തന്നെ സമയാസമയങ്ങളില്‍ കുറുക്കിക്കുറുക്കി വരച്ച ഏതാനും മീറ്റര്‍ ചുറ്റളവുള്ള മഹല്ലതിര്‍ത്തിയില്‍ ഇത് ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്നതിനെക്കാള്‍ പുണ്യകരമാവുക അല്ലാഹുവിന്റെ അതിര്‍ത്തിയില്‍ പെടുന്ന മറ്റു പ്രദേശക്കാരും രാജ്യക്കാരുമൊക്കെ ഉപയോഗിക്കുമ്പോഴല്ലേ. വയറും പുറവും നിറച്ച് നാം വെയ്‌സ്റ്റ് കൂട്ടുമ്പോള്‍ ഇവരൊന്നും അയല്‍ക്കാരല്ലെന്നു വിധിക്കാന്‍ എന്താണ് പ്രമാണം. ഹജ്ജിന്റെ ബലിമാംസം വര്‍ഷങ്ങളായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വരെ നല്‌കി വരുന്നുണ്ട്.(നമ്മുടെ ചില ഉസ്‌താദുമാര്‍ ഇത് പാടില്ലെന്നു പറഞ്ഞ് ഹാജിമാരുടെ ബലി പണം വാങ്ങി അവരെ പറ്റിക്കാറുണ്ടെന്നത് മറക്കുന്നില്ല) സ്ഥലകാല ബോധമുള്ള പണ്ഡിതരാരും ഇതിനെ എതിര്‍ത്തതായി കേട്ടിട്ടില്ല. മറ്റു ദാനങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി, ബലി മാംസം ദാതാവിനും ഉപയോഗിക്കാമെന്ന ഇളവില്‍ തൂങ്ങി, ഒരു കന്നിനെ മുഴുവനായി എടുത്തുവെച്ചാലും നിറയാത്ത ശീതീകരണി നിറയ്‌ക്കാന്‍ കഷ്ടപ്പെടുകയാണ് നമ്മള്‍, ഇതിന്റെ ശരിയായ ഗുണഭോക്താക്കളായി ഖുര്‍ആന്‍ എണ്ണിയ `ഖാനിഉം മുഅ്‌ത്വര്‍റു’മായ വന്‍ സംഘം ചുറ്റുവട്ടത്തുമുണ്ടായിരിക്കെ നമ്മുടെ മഹല്ലതിര് തിരിക്കുന്ന റോഡിന്റെ അപ്പുറത്താണവര്‍ എന്നു പറയുന്നതിലെ ബലി മനസ്സ് ഉള്‍ക്കൊള്ളാനാകുന്നില്ല.
സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് അന്യസംസ്ഥാനങ്ങളിലേക്ക് അയക്കുന്നത് അപകടമാണെന്നു നിരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാലിമാംസം വലിയ കലാപ സാധ്യതയാണെങ്കിലും അങ്ങനെയൊന്നും പ്രശ്‌നങ്ങളില്ലാത്ത, ഏറെ ആവശ്യക്കാരായ ജനങ്ങളുള്ള പ്രദേശങ്ങളുമുണ്ട്. വര്‍ഷങ്ങളായി പ്രയാസമില്ലാതെ അവിടങ്ങളില്‍ അവര്‍ ബലി നടത്തുകയും മാംസം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടില്‍ നിന്ന് വ്യവസ്ഥാപിതമായി അത് നിര്‍വഹിക്കുന്ന സംഘടനകളുമുണ്ട്. അതിനാല്‍ ഉത്തരേന്ത്യയിലേക്ക് ബലി മാംസം കൊടുക്കുകയേ വേണ്ട, മതഭീകരര്‍ക്ക് അവരെ അരിഞ്ഞു തള്ളാന്‍ അവസരമൊരുക്കേണ്ട. അവര്‍ക്ക് വല്ല അരിയും പച്ചക്കറിയും സ്‌കൂളുമെല്ലാം നല്‌കുന്നതാണ് നല്ലത് എന്ന വിധത്തിലുള്ള കാഴ്‌ചപ്പാട് പൂര്‍ണമായും ശരിയാകുമെന്ന് തോന്നുന്നില്ല.
അമുസ്‌ലിമിന് ഇവ നല്‌കാമോ എന്ന ചോദ്യത്തിന്റെ ഉത്തരവും മേലെ പറഞ്ഞതിലുണ്ട്. വിശപ്പിനും മാനുഷികാവശ്യങ്ങള്‍ക്കും മതഭേദമില്ലെന്നിരിക്കെ ഭക്ഷണത്തിലും മറ്റു ദാനങ്ങളിലും ആ അതിര്‍ത്തിവെക്കുന്നതെങ്ങനെ ഇസ്‌ലാമിക നീതിക്ക് ചേരും!. ആദ്യ പരിഗണന തൊട്ടടുത്ത വാതിലുകാരന് എന്ന് ആഇശ(റ)ക്ക് റസൂല്‍ നല്‌കിയ നിര്‍ദേശം ഇവിടെയും പാലിക്കുന്നതല്ലേ ഉത്തമം. ഇസ്‌ലാമിന്റെ പേരില്‍ ശേഖരിച്ച സ്വത്തിന്റെ പ്രഥമാവകാശം മുസ്‌ലിമിന് തന്നെ എന്ന് അംഗീകരിച്ചുകൊണ്ടു തന്നെ മറ്റുള്ളവരെയും പരിഗണിക്കാമല്ലോ. സകാതും ബലിമാംസവുമൊന്നും അവര്‍ക്ക് നല്‌കാന്‍ പാടില്ല, മറ്റു ദാനങ്ങളേ പറ്റൂ എന്നു പറയുന്നതിന് പ്രത്യേക പ്രമാണങ്ങളൊന്നുമില്ല.
കോവിഡ് പശ്ചാത്തലത്തില്‍ വിലയേറിയ മാംസത്തിനെക്കാള്‍ നല്ലത് അതിലേറെ വില കുറഞ്ഞതും അത്യാവശ്യമായതുമായ വസ്‌തുക്കളല്ലേ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ നിര്‍ണിതമായ ആരാധനകളില്‍ സ്വയംകൃത മാറ്റങ്ങള്‍ നമുക്ക് അനുവദനീയമല്ല, അങ്ങനെ തുറന്ന മാതൃക റസൂലില്‍ നിന്ന് കണ്ടാലല്ലാതെ. നിന്നു നമസ്‌കരിക്കാന്‍ കഴിയാത്തവന് സാധ്യമായ രൂപത്തില്‍ നമസ്‌കരിക്കാമെന്നത് തുറന്ന രൂപമാണ്. എന്നാല്‍ കാരക്ക ലഭിക്കാതിരിക്കുകയോ വിലകൂടുകയോ ചെയ്‌താല്‍ നോമ്പു തുറക്കാന്‍ തേങ്ങ ഉപയോഗിക്കുന്നത് സുന്നത്തായി പരിഗണക്കപ്പെടില്ലല്ലോ. നാട്ടിലാരും മാംസം കഴിക്കുന്നവരില്ലെങ്കില്‍, മറ്റെവിടെയും മാറ്റി നല്‌കാനും കഴിയില്ലെങ്കില്‍ ബലി വേണ്ടെന്നു വെക്കുകയേ നിര്‍വാഹമുള്ളൂ. അപ്പോഴും മൃഗത്തിന് പകരം പക്ഷിയും പച്ചക്കറിയുമൊന്നും നിര്‍ദേശിക്കാവുന്നതല്ല. ആ പണം ദാനം ചെയ്‌താല്‍ ദാനത്തിന്റെ പുണ്യം കിട്ടുമെന്നതില്‍ സംശയമില്ല. ബലിയുടെതിനെക്കാള്‍ പുണ്യം കിട്ടാനും സാധ്യതയുണ്ട്. ബലിയുടെ പുണ്യം കിട്ടുമോ?! അല്ലാഹുവാണ് ഏറ്റവും അറിവുള്ളവന്‍. എന്നാല്‍ ബലിക്ക് അവസരമുണ്ടായിട്ടും നാം അതിനന്മ ഗവേഷണം ചെയ്‌താല്‍ ഈ പരിധിയില്‍ വരില്ല തന്നെ.
പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ ബലി ഒഴിവാക്കി മറ്റെന്തെങ്കിലും ചെയ്‌താല്‍ പോരേ എന്ന രീതിയിലുള്ള ചില ചര്‍ച്ചകളും കാണുന്നു. നിര്‍ബന്ധ ആരാധനകളില്‍ പോലും സാധിക്കാത്തത് ഇസ്‌ലാം ആവശ്യപ്പെടുന്നില്ലെന്നും സാധ്യമാവുന്ന കാര്യങ്ങളേ ചെയ്യേണ്ടതുള്ളൂ എന്നതും ഇസ്‌ലാമിക നിയമസംഹിതയുടെ പ്രഥമാധ്യാപനമാണ്. ഇതാണ് നമ്മെ ഇത്തരം ചിന്തകള്‍ക്ക് പ്രചോദിപ്പിക്കുന്നത്. ബലി അത്തരം സാഹചര്യങ്ങളില്‍ ഒഴിവാക്കണം എന്നതു തന്നെയാണ് ശരി. പക്ഷേ, ഇത്തിരി പ്രയാസം സഹിച്ചാല്‍ സാഹചര്യം അനുകൂലമാക്കാന്‍ കഴിയുമെങ്കില്‍, സാധ്യമാകുന്ന ഇടങ്ങളില്‍ അനുകൂല സാഹചര്യമുണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുക തന്നെയാണ് വേണ്ടത്. കല്ലു കണ്ടിടത്ത് കൈക്കോട്ടുവെച്ച് നിസ്സഹായത അഭിനയിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്തോടുള്ള നന്ദികേടാണ്. കോവിഡ് കാരണം ഇതിലും പ്രധാനമായ പലതും നാം മാറ്റിവെച്ചില്ലേ എന്നാണ് ന്യായമെങ്കില്‍ നമുക്ക് പ്രാധാന്യം തോന്നിയ പല ഭൗതിക കാര്യങ്ങള്‍ക്കും നാം ഇളവ് ഉപയോഗപ്പെടുത്തിയില്ലേ എന്നും ചിന്തിക്കേണ്ടതുണ്ട്. (ഇത് അങ്ങാടി തുറന്നതും പള്ളി അടച്ചതും തമ്മില്‍ താരതമ്യം ചെയ്യാനല്ല. അതു താരതമ്യം അര്‍ഹിക്കുന്നതുമല്ല.)
സംഘടിതമായി പള്ളി കേന്ദ്രീകരിച്ചും മറ്റും കുറെ ആളുകള്‍ ചേര്‍ന്ന് ധാരാളം മൃഗങ്ങളെ അറുക്കാന്‍ സൗകര്യമില്ലെന്നതിലേക്ക്, തൊഴില്‍ രഹിതരും ആലംബഹീനരും ഏറെയുള്ളതിനാല്‍ അവര്‍ക്ക് വല്ല ഉപജീവനമാര്‍ഗത്തിനും ഉപയോഗിക്കാമെന്ന സദുദ്ദേശ്യവും ചേര്‍ത്ത് ഇത്രയും പുണ്യകരമായ കാര്യത്തെ നാം ലഘൂകരിക്കേണ്ടതുണ്ടോ. രണ്ടും രണ്ടായി കാണുന്നതല്ലേ നല്ലത്. കൂട്ടമായി സാധ്യമല്ലെങ്കില്‍, ബലി ഇത്രയൊക്കെ വ്യാപകമാകുന്നതിന് മുമ്പ് നിര്‍വഹിച്ചതു പോലെ തനിച്ച് സ്വന്തം വീട്ടിലോ മറ്റോ അറുത്ത് അവകാശികള്‍ക്ക് നല്‌കുന്നതല്ലേ നന്ദിയുടെ ചിഹ്നം. ഇത്തിരി ത്യാഗമില്ലെങ്കില്‍ പിന്നെന്തു ബലി.
പിന്നെ, മറ്റാവശ്യങ്ങള്‍ ഏറെയുണ്ടെന്നത്, വലിയ വിലയുള്ള മൃഗങ്ങളെ ഒഴിവാക്കി ആടുകളിലോ മാടുകളുടെ ഏഴിലൊരു ഓഹരിയിലോ പങ്കുചേര്‍ന്ന് സുന്നത്തെടുക്കുകയും ബാക്കി ധനം മറ്റു മാര്‍ഗത്തിലേക്ക് തിരിക്കുന്നതുമല്ലേ ഉചിതം. ഇത് ദുരന്തകാലത്ത് മാത്രമല്ല മറ്റു കാലത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാരണം ഇപ്പോള്‍ കുറെ കാലമായി ബലിയെകുറിച്ച് ജനം കൂടുതല്‍ ഉദ്‌ബുദ്ധരായിരിക്കെ മിനിമം അളവില്‍ ബലിയറുക്കുന്നതു തന്നെ ധാരാളമാണ്, സമൂഹത്തിനാകട്ടെ മറ്റാവശ്യങ്ങള്‍ ഏറെയുണ്ട് താനും