21 Thursday
November 2024
2024 November 21
1446 Joumada I 19

അടഞ്ഞ കാലത്തെ തുറവി ആഘോഷം

മുര്‍ശിദ് പാലത്ത്

അങ്ങനെ നാം അതും അതിജീവിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ലോക്ഡൗണ്‍ റമദാന്‍ നാം പിന്നിട്ടു കഴിഞ്ഞു. പള്ളിയും പണിപ്പുരയും പാഠശാലയുമെല്ലാം കോവിഡിനനുസരിച്ച് നാം മെരുക്കിയെടുത്തു. പുതിയ രൂപത്തിലുള്ള പഠനവും പണിയും വിപണിയുമെല്ലാം നാം പരീക്ഷിച്ചു. കുറച്ചെല്ലാം ജയിച്ചു എന്നത് യാഥാര്‍ഥ്യമാണ്. റമദാന്‍ ആചരണമോ? ഈമാനുള്ള മനസ്സിനോട് ചോദിക്കാം. അന്തിമവിധിക്കായി അന്ത്യദിനം കാത്തിരിക്കാം. പരിമിതികളില്‍ നിന്നുകൊണ്ട് പരമാവധി അധ്വാനിച്ചിട്ടുണ്ട് ഞങ്ങള്‍. റമദാനെന്ന പുണ്യക്കുട്ട നമസ്‌കാരങ്ങളും ഖുര്‍ആനും ദിക്‌റും ദുആയും സകാത്തും സദഖയും നിറച്ച് ഞങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. പ്രതിഫല ദിനത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഞങ്ങളെ നിരാശപ്പെടുത്തരുതേ.
മനുഷ്യകുലത്തിന്റെ ജീവിത ശൈലികളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുകയായിരുന്നല്ലോ ഒരു ചെറിയ വൈറസ്. ജീവിതത്തിന്റെ ആത്മീയവും ഭൗതികവുമായ നിഖിലമേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു കോവിഡ് 19ന്റെ പാഠങ്ങള്‍. കഷ്ടപ്പാടുകളില്‍ ആശ്വാസമേകാന്‍, ലോകം അടിമേല്‍ മറിഞ്ഞാലും ഒന്നും സംഭവിക്കാത്ത സ്രഷ്ടാവായ ഏകദൈവം മാത്രമേ ഉണ്ടാകൂ എന്ന ബോധ്യമായിരുന്നു പ്രധാന പാഠം. സ്വയംഭൂ ഇടത്തട്ടു ഏജന്‍സിദൈവങ്ങളായി ഭക്തരെ ചൂഷണം ചെയ്തു പോന്നവരെല്ലാം കോവിഡിനെ ഭയന്ന് ദര്‍ശന സ്പര്‍ശനങ്ങള്‍ അവസാനിപ്പിച്ച് കാണിക്ക ഭണ്ഡാരങ്ങള്‍ക്കടുത്ത് സാനിറ്റൈസറും വെച്ച് ദേശസാത്കൃത ബാങ്കിന്റെ ഭണ്ഡാര അക്കൗണ്ട് നമ്പറും ഓണ്‍ലൈനയച്ച് സമാധിയിലായി. മനശ്ശാന്തി, രോഗമുക്തി, ശത്രുസംഹാരം, ധനലബ്ധി തുടങ്ങി സകല പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലികളായി വിപണനം ചെയ്തിരുന്ന ഉറുക്ക്, ഏലസ്, ഐക്കല്ല്, പ്രസാദങ്ങളാദി ദിവ്യൗഷധ വസ്തുക്കളുടെ വിതരണങ്ങളും അനിശ്ചിതമായി നിര്‍ത്തിവെച്ചു!
രോഗഭയത്തിന്റെ ഏകാന്ത ഭീകരതകളില്‍ കൂട്ടിരിക്കാനും ഉഴിഞ്ഞു മന്ത്രിക്കാനും അവരാരും വന്നില്ല. സാനിറ്റൈസറും മാസ്‌കും അണുനശീകരണ സംവിധാനങ്ങളുമായി അവശ്യസര്‍വീസുകള്‍ ആരംഭിച്ചപ്പോള്‍, ചുരുങ്ങിയപക്ഷം, ഈ ഭക്തരുടെ ചോരനീരാക്കിയ നാണയത്തുട്ടുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ശതകോടികളുടെ പഞ്ചനക്ഷത്ര സിദ്ധകേന്ദ്രങ്ങള്‍ ക്വാറന്റീന്‍ സെന്ററുകളോ ഐസൊലേഷന്‍ വാര്‍ഡുകളോ ആക്കാനെങ്കിലും പുണ്യാത്മാക്കള്‍ ഔദാര്യം കാണിച്ചില്ല.
ഇങ്ങനെയെങ്കിലും ആ ദിവ്യ സാന്നിധ്യവും സുഗന്ധവുമാസ്വദിച്ച് ഏകാന്തവാസത്തിന് ഇത്തിരി ആശ്വാസം കണ്ടെത്താന്‍ ആരാധകന്മാരോട് വിശാലതകാണിക്കാത്ത ഇവരാണത്രേ ‘കടുംപിടുത്തക്കാരനായ’ ദൈവത്തില്‍ നിന്നും കാരുണ്യം പിടിച്ചുവാങ്ങി ഭക്തര്‍ക്കു നല്കുന്ന കരുണാമൂര്‍ത്തികള്‍! ജീവിതത്തിന് അവശ്യമെന്നു മനസ്സിലാക്കിയ പല സേവനങ്ങളും ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കാന്‍ മനുഷ്യര്‍ സമരങ്ങളിലാണ്.
എന്നാല്‍ ഇത്തരം ദിവ്യകേന്ദ്രത്തിലേക്കെത്താന്‍ ആരും സമരം ചെയ്തില്ല, ലോക്ഡൗണ്‍ ലംഘിച്ചതുമില്ല. ഖുര്‍ആന്‍ പറഞ്ഞതെത്ര ശരി, നിങ്ങള്‍ക്ക് ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവരെ നിങ്ങള്‍ ആരാധിക്കുന്നു(25:55), അപേക്ഷകനും അപേക്ഷിതനും എത്ര ദുര്‍ബലര്‍(22:73), ആരാധ്യന്മാര്‍ക്ക് കാവലിരിക്കേണ്ട ആരാധകന്മാര്‍(36:75). എന്നാല്‍ മനുഷ്യ പ്രകൃതിയില്‍ ഊട്ടപ്പെട്ട പ്രപഞ്ചനാഥനെയാണ് ഇവരും ശാസ്ത്രത്തെ ദൈവമാക്കിയ ദൈവനിഷേധികളുമടക്കം ഈ സന്ദര്‍ഭത്തില്‍ പരസ്യവും രഹസ്യവുമായി ആരാധിച്ചത്. ദയാലുവായ പരമകാരുണികന്‍ മാത്രമേ എന്നുമെപ്പോഴുമെവിടെയുമുണ്ടാകൂ എന്ന തിരിച്ചറിവ് ബുദ്ധിമാന്മാര്‍ക്ക് അനുഭവ പാഠമായി നല്കുകയായിരുന്നു ഈ ചെറു വൈറസ്.

അതുപോലെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലുള്ള ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ എല്ലാവര്‍ക്കും നിശ്ചിത അളവില്‍ മതി എന്നത് മറ്റൊരു പ്രധാന പാഠമായിരുന്നു. മുളകുചമ്മന്തി ചിക്കന്‍ കടായിയായും ചക്കക്കുരു ബഹുഫലമായുമെല്ലാം രുചിക്കൂട്ടു തീര്‍ത്തു. ഇറക്കുമതി വസ്ത്രങ്ങളില്‍ വൈറസ് ഒളിഞ്ഞിരിപ്പുണ്ടാകാമെന്നു വന്നപ്പോള്‍ ചെറുവിലയുടെ നാടന്‍വസ്ത്രങ്ങള്‍ ധരിച്ചാലും പുതുവസ്ത്ര സുന്നത്ത് ലഭിക്കുമെന്നായി. മരിച്ചാല്‍ ആറടി മതിയെന്നത് അറിഞ്ഞെങ്കിലും ജീവിക്കുമ്പോള്‍ നരിയായി നടക്കണമെന്ന് അഹങ്കരിച്ച് 45000 അടി നേടിയെടുത്തിട്ടും ഐസൊലേഷനില്‍ പൂജ്യങ്ങള്‍ക്ക് വിലയില്ലെന്നു മനസ്സിലായി. ധൂര്‍ത്തിന്റെ താന്‍പോരിമ പ്രകടിപ്പിക്കാറുണ്ടായിരുന്ന കല്യാണവും സല്‍ക്കാരവും വിനോദയാത്രകളുമെല്ലാം സഡന്‍ ബ്രെയ്ക്കിട്ടു നിന്നു. സ്വേഛകളെ ദൈവമാക്കി, ദൈവം നിഷിദ്ധമാക്കിയ പലിശയും മദ്യവും മദിരയുമെല്ലാം അനുവദനീയവും അനിവാര്യവുമാക്കിയ വ്യക്തികളും ഭരണകൂടങ്ങളുമെല്ലാം ഇവയൊക്കെ അപകടകരമാണെന്ന് തിരിച്ചറിഞ്ഞു. തെറ്റെങ്കിലും നന്മയാണ് കൂടുതലെന്നും ഇതൊന്നും ഒഴിവാക്കിയ ജീവിതം സാധ്യമല്ലെന്നും ന്യായം പറഞ്ഞവരെല്ലാം മറിച്ചാണ് സത്യമെന്ന് കണ്ടറിഞ്ഞു.
ഈയൊരു സാഹചര്യത്തിലായിരുന്നു നാം റമദാനിലേക്ക് കടന്നത്. അല്ലാഹു ഏല്‍പിക്കുന്ന ഏതു നിര്‍ദേശവും എത്ര ത്യാഗം സഹിച്ചും നിര്‍വഹിക്കാന്‍ പാകമായ മണ്ണായിരുന്നു ഇത്. റമദാനിനെ പോസിറ്റീവാക്കാന്‍ പറ്റിയ കോവിഡ് കാലം. ദുര്‍ബോധനങ്ങള്‍ കൊണ്ട് മനസ്സ് നിറയ്ക്കുകയും അതുവഴി ശരീരത്തെ മലിനമാക്കുകയും ചെയ്യുന്ന പിശാചിനെ നിയന്ത്രിക്കാനുള്ള കഠിനശ്രമമാണല്ലോ റമദാന്‍. വൈറസ് കയറിയ മനസ്സിനെ ഖുര്‍ആനെന്ന സാനിറ്റൈസര്‍ കൊണ്ട് വമലീകരിക്കാന്‍ കിട്ടിയ സന്ദര്‍ഭം.

ഇനിയിതാ തുറവിയുടെ മഹാഘോഷത്തിലേക്ക് കടക്കുകയാണ്. ഏഴും പതിനാലും ഇരുപത്തെട്ടും കഴിഞ്ഞ് ക്വാറന്റീനും ഐസൊലേഷനും ലോക്ഡൗണും പിന്നിട്ട് സാധാരണ ജീവിത്തിന്റെ അങ്ങാടികളിലേക്ക്, ആരാധനാലയങ്ങളിലേക്ക്, പാഠശാലകളിലേക്ക്, പണിപ്പുരകളിലേക്ക് ജീവിതം തുറന്നുവെക്കുകയാണ്. അതെ, സൗം എന്ന പിടിച്ചുവെക്കലില്‍ നിന്നും ഫിത്വ്ര്‍ എന്ന തുറവിയിലേക്കാണ് നാം ഇറങ്ങുന്നത്. പള്ളിത്തറാവീഹുകളും ഇഅ്തികാഫുകളുമില്ലാത്ത റമദാനിന് ഈദ്ഗാഹും കൂട്ട തക്ബീറുമില്ലാതെ ഇനിയെന്തു പെരുന്നാള്‍ എന്നാണ് പലരും വേദനയോടെ ചോദിക്കുന്നത്.
ശരിയാണ്, ഇതൊക്കെ നോമ്പിന്റെയും പെരുന്നാളാഘോഷത്തിന്റെയും പ്രഥമ പരിഗണനകള്‍ തന്നെയാണ്. പക്ഷേ അനൗചിത്യങ്ങളിലും അധാര്‍മികതകളിലും അതിരുകളില്ലാതെ ആടിത്തിമിര്‍ത്ത് കഴിഞ്ഞുപോയ കുറെ പെരുന്നാളുകളുണ്ട് നമ്മില്‍ പലര്‍ക്കും. അവര്‍ക്കാര്‍ക്കും അന്നിത് മനസ്സിലായില്ല. ഇന്നെങ്കിലും തിരിച്ചറിവുണ്ടായെങ്കില്‍ സമാധാനിക്കുക. അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫു അന്നാ.
മരണവും ദുഃഖവുമുണ്ടാകുമ്പോള്‍ ചില മതസമൂഹങ്ങള്‍ ആഘോഷങ്ങള്‍ മാറ്റി വെക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ സങ്കടങ്ങളില്‍ മാറ്റി വെക്കേണ്ടതല്ല ഇസ്‌ലാമിലെ ഈദുകള്‍. അസ്സലാമു അലൈകും എന്ന അഭിവാദ്യ വാക്യം പോലെ ഏതു സന്ദര്‍ഭത്തിനും പെരുന്നാളും ഇണങ്ങും. അതിനാല്‍ തന്നെ സൗകര്യപ്പെടുമെങ്കില്‍ പുതുവസ്ത്രം ധരിക്കുന്ന, സുഗന്ധം ഉപയോഗിക്കുന്ന, വിശിഷ്ട വിഭവം ആഹരിക്കുന്ന, വിനോദങ്ങളുപയോഗിക്കുന്ന തിരുചര്യകളൊന്നും ഈ പെരുന്നാളിനും മാറ്റിവെക്കേണ്ടതില്ല.
എന്നും പാടുള്ളത് ഇന്നും അനുവദനീയമാണ്. അതിരുവിടരുതെന്നത് എല്ലാ കാലാത്തേക്കുമുള്ള ഖുര്‍ആനികാധ്യാപനമാണ്. അത് കൊറോണ പഠിപ്പിക്കേണ്ടതോ ലോക്ഡൗണിന് പ്രത്യേകമായുള്ളതോ അല്ല. ഒരുപാട് സഹോദരങ്ങളും സഹജീവികളുമെല്ലാം ഇത്തരം സുഖാസ്വാദനങ്ങളില്‍ നിന്ന് തടയപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്നിന്റെ പ്രത്യേകത. അവരെ ഓര്‍ത്തുകൊണ്ടാവണം ഈ ദൈവിക ഉദാരതകള്‍ ഉപയോഗിക്കേണ്ടത്.
അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചും തനിക്കു ലഭിച്ചതില്‍ പരമകാരുണികനോട് നന്ദി പറഞ്ഞുമാകണം ആഘോഷം. തനിക്ക് മിച്ചമായതില്‍ നിന്ന് സാധാരണ കൊടുക്കുന്ന ഫിതര്‍ അരിക്കു പുറമെ കുറച്ചുകൂടി ഉയര്‍ന്ന് തടയപ്പെട്ടവര്‍ക്ക് പങ്കുവെക്കാന്‍ ശ്രമിക്കുക. അവര്‍ക്കും പുതുവസ്ത്രവും വിശിഷ്ട ഭോജ്യവും കളിതമാശകളും ഓഹരിവെച്ചു നല്കുക.
വിശുദ്ധ ഖുര്‍ആന്‍ പഠിച്ചെടുത്ത് പകര്‍ത്തി ശീലിച്ച് അതുമായി പിശാചിനെതിരെ വലിയ ജിഹാദിനായി ഗോഥയിലിറങ്ങുന്ന കാഹളധ്വനിയാണ് അല്ലാഹു അക്ബര്‍ എന്ന പെരുന്നാള്‍ ദിക്ര്‍. കഴിഞ്ഞ ഒരു മാസക്കാലമായി താന്‍ കണ്ടറിഞ്ഞ യാഥാര്‍ഥ്യത്തിന്റെ, അഥവാ എല്ലാറ്റിനും മേലെ അല്ലാഹു മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവിന്റെ പ്രഖ്യാപനമാണത്. അതിന് ഈദ്ഗാഹ് തന്നെ വേണമെന്നില്ല. പെരുന്നാള്‍ നമസ്‌കാരത്തിലെ ഏഴും അഞ്ചും എണ്ണിക്കൂട്ടുന്ന ദിക്‌റുമല്ല അത്.
എന്നും എപ്പോഴും എവിടെയും പറഞ്ഞ് ഈമാനിക മനസ്സുറപ്പ് നേടാനുള്ള തക്ബീറിന് അടഞ്ഞ പള്ളിയും ഒഴിഞ്ഞ ഈദ്ഗാഹും തടസ്സമല്ല. ആള്‍ക്കൂട്ടവും ആരവവും അനിവാര്യവുമല്ല. പെരുന്നാള്‍ നമസ്‌കാരം ഗൃഹനാഥന്റെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രത ചോരാതെ വീട്ടില്‍ നടക്കട്ടെ, അവിടെ തക്ബീര്‍ സംഗീതമാകട്ടെ.
സമൂഹസല്‍ക്കാരവും ഗൃഹസന്ദര്‍ശനവുമായി ചേര്‍ത്തു പിടിച്ച കുടുംബ സൗഹൃദ ബന്ധങ്ങള്‍ പെരുന്നാള്‍ പുണ്യമായി നേടിയെടുക്കാന്‍ കോവിഡ് കാലത്ത് ബദലുകളുണ്ട്. ഖുര്‍ആന്‍ പഠിക്കാനും ദാനം ചെയ്യാനും നമ്മെ സഹായിച്ച സാങ്കേതിക വിദ്യകള്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇവിടെയും നമുക്ക് ഉപയോഗിക്കാം. ചുരുക്കത്തില്‍ കോവിഡും ലോക്ഡൗണുമൊന്നും നമുക്ക് പെരുന്നാളിന്റെ ഒരു നന്മയും സന്തോഷവും തടയുന്നില്ല. പൊതു ജീവിതം തന്നെ കോവിഡാനന്തരം എന്ന നിലയില്‍ മാറ്റി രചിക്കപ്പെടുമ്പോള്‍, കഴിയുന്ന രൂപത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക 46:16 എന്ന വിശുദ്ധ ഖുര്‍ആനിന്റെ വിശാലതയില്‍ നിന്ന് നിയ്യത്തോടെ പെരുന്നാളിന്റെ ആഘോഷത്തിലേക്കിറങ്ങുക, റമദാനിന്റെ നല്ലെരിക്കയിലേക്കും.
റമദാന്‍ നല്കിയ സഹനവും ഇഛാനിയന്ത്രണ പാടവവും അച്ചടക്കവും വൃത്തി ശീലവും സാമൂഹ്യ ബോധവും പെരുമാറ്റ രീതിയുമായാണ് നാം ശവ്വാല്‍ പിറക്ക് സാക്ഷ്യം വഹിക്കേണ്ടത്. റമദാനെന്ന കര്‍ശന ലോക്ഡൗണില്‍ നിന്ന് ഇളവുകളുള്ള ലോക്ഡൗണിലേക്കാണ് ഓരോ ഈദുല്‍ ഫിത്‌റും വാതില്‍ തുറക്കുന്നത്.
അഥവാ മുസ്‌ലിമിന്റെ ജീവിതത്തില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കപ്പെടുന്ന സാഹചര്യമില്ല. കോവിഡ് ഉടനടി പിന്‍വാങ്ങുകയില്ലെന്നും അതിനോടൊപ്പം ജീവിക്കാന്‍ ശീലിക്കുകയാണ് വേണ്ടതെന്നും ഓരോരുത്തരും മാസ്‌കും സാനിറ്റൈസറുമടങ്ങുന്ന ശുചിത്വ ശീലവും ശാരീരിക അകലത്തിന്റെ ക്വാറന്റൈനും സ്വയമേവ സ്വീകരിച്ച് ജീവിക്കാനാണ് തയ്യാറാവേണ്ടതെന്നും ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും ആവര്‍ത്തിച്ചുണര്‍ത്തുമ്പോള്‍ വിശുദ്ധ വചനത്തിലേക്ക് തിരിച്ചു വരിക. ‘ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പോലെ നിങ്ങള്‍ ആകരുത്.’ (16:92)
വീടും പരിസരവും വൃത്തിയാക്കി കാത്തിരുന്ന് സ്വീകരിച്ച റമദാനില്‍ പിന്നീട് ഒരുമാസം മുഴുവന്‍ മനസ്സ് വൃത്തിയാക്കാനുള്ള ഭഗീരഥ പ്രയത്‌നമായിരുന്നു. അതില്‍ നാം ജയിച്ചുവെങ്കില്‍ പെരുന്നാളും പെരുന്നാളാനന്തരവും മുസ്‌ലിം ഉമ്മത്ത് നിയന്ത്രണങ്ങള്‍ ലംഘിക്കില്ലെന്നതിന് ആര്‍ക്കുമുമ്പിലും ഉറപ്പു നല്കാന്‍ നമുക്ക് കഴിയേണ്ടതല്ലേ. അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.

Back to Top