23 Thursday
September 2021
2021 September 23
1443 Safar 15

കൊലപാതകത്തിലെത്തുന്ന ആണധികാര ബോധം

കെ പി ഹാരിസ്‌

അടുത്തിടെയായി ദാരുണമായ കൊലപാതക കഥകളുടെ കുത്തൊഴുക്കാണ് മലയാള നാട്ടില്‍ നിന്നു കേള്‍ക്കുന്നത്. ലഹരിക്കടിപ്പെട്ടും മറ്റുമുള്ള കൊലപാതകങ്ങള്‍ വ്യാപകമാണ്. എന്നാല്‍, തന്റെ പ്രണയാഭ്യര്‍ഥനയ്ക്ക് വശംവദയാകാത്ത പെണ്‍കുട്ടിയെ കൊന്നു കളഞ്ഞ വാര്‍ത്തയും അതിനിടയില്‍ വായിക്കേണ്ടി വന്നു. യഥാര്‍ഥത്തില്‍ ആ വെടിയുണ്ട ഒരു പ്രേമനൈരാശ്യത്തിന്റെ മാത്രം പ്രതിഫലനമല്ല. കീഴടക്കുക എന്ന ആണധികാര ബോധത്തിന്റെ പ്രതിഫലനമായാണ് തോന്നിയത്. ഇത്തരത്തിലുള്ള കൊലപാതകങ്ങളെ ആഘോഷിക്കുന്ന ഒരു വൈകൃത മനോഭാവത്തിന് കേരളീയ സമൂഹം അടിപ്പെട്ട് പോയതായി തുടര്‍ന്ന് വന്ന വാര്‍ത്തകളെ നിരീക്ഷിച്ചാല്‍ മനസ്സിലാവും.
ആഘോഷങ്ങള്‍ക്ക് എരിവും പുളിവും നല്‍കി ഒരു തരത്തിലുള്ള ശവംതീനി മനസ്സ് രൂപപ്പെടുത്താന്‍ ശ്രമിച്ചതിന് മാധ്യമങ്ങളെയാണ് ഒന്നാമത് പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്. അത്രമാത്രം അശ്ലീലമായി മരണത്തെ ആഘോഷിക്കുന്ന വാര്‍ത്തകള്‍ നിരന്തരം പ്രക്ഷേപണം ചെയ്ത് സമൂഹത്തെ ആസുരത ആഘോഷിക്കുന്നവരാക്കി മാറ്റിതീര്‍ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.
ആരോഗ്യത്തിന് പരിക്കുകള്‍ തീര്‍ക്കുന്ന ഇത്തരം വാര്‍ത്താ പ്രസരണ രീതികള്‍ രോഗാതുരമായ ഒരു സമുഹത്തിന്റെ നിര്‍മിതിക്ക് മാത്രമേ സഹായിക്കുകയുള്ളൂ. മാനസയെ വെടിവെച്ച് കൊന്നതിനെ പ്രണയനൈരാശ്യത്തിന്റെ ഇല്ലാകഥകള്‍കൊണ്ട് വിവരിക്കുമ്പോള്‍ അതിക്രമത്തിന് ഇരയാക്കപ്പെട്ട വിദ്യാര്‍ഥിനിയെ ഡീമോറലൈസ് ചെയ്യുന്ന ഒരു പ്രവണതയാണ് കണ്ടത്.
ഇത്തരം കഥകളില്‍ ക്രിമിനലിനെ കാല്പനികവത്കരിക്കുന്നു. അങ്ങനെ പ്രതിക്ക് സഹതാപത്തിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യുന്നു. ഇത് അക്രമം നിറഞ്ഞ ഒരു സമൂഹത്തിന് പിന്തുണയും പ്രോല്‍സാഹനവുമാണ് നല്‍കുക എന്ന് മനസ്സിലാക്കുവാനുള്ള സാമാന്യബോധം നമുക്കില്ലാതെപോയി. ഇവിടെ ദുരന്തത്തിന് ഇരയായ പെണ്‍കുട്ടി പുരുഷന്റെ ഇഷ്ടങ്ങളെ നിരസിക്കാന്‍ അവകാശമില്ലാത്തവളാണെന്ന ഒരു ആണ്‍ബോധത്തെയാണ് അറിഞ്ഞോ അറിയാതെയൊ നാം സ്വാംശീകരിക്കുന്നത്. അഥവാ ഇന്നലെവരെ സൗഹൃദത്തിലായിരുന്ന ഒരു പെണ്‍കുട്ടിക്ക് അവളുടെ സുരക്ഷിതബോധത്തിന് സംശയം അനുഭവപ്പെട്ടാല്‍ അത് ഉപേക്ഷിക്കാന്‍ അവള്‍ക്ക് അവകാശമില്ലെന്നും ഇത്തരം തിരസ്‌കാരങ്ങളെ ആണിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നുമുള്ള ഒരു പൊതുബോധം (ആണ്‍ബോധം) നിലനില്‍ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.
സത്യത്തില്‍ ഇത്തരത്തിലുള്ള ആണ്‍ബോധത്തെ തുറന്ന്കാട്ടാതെ അതിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം വൃഥാവിലാവും. കാരണം ആണ്‍ബോധം ഉല്‍പാദിപ്പിച്ച മൂല്യങ്ങളില്‍ മാത്രമെ സ്ത്രീ മുന്നോട്ട് പോവാന്‍ പാടുള്ളൂ എന്നും എന്റെ നിരാസങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിക്കാന്‍ അവള്‍ ബാധ്യസ്തയാണെന്നുള്ള പാഠവുമാണ് ഈ പൊതുബോധം പ്രസരണം ചെയ്യുന്നത്.
ഇതുപോലുള്ള അതിക്രമങ്ങളും കൊലപാതങ്ങളും ഇതിന് മുമ്പ് നടന്നിട്ടുണ്ടെങ്കിലും മാനസയുടെ കൊലപാതകത്തെ വ്യത്യസ്തമാക്കുന്നത് ഇതൊരു ഗണ്‍ വയലന്‍സായി വികസിച്ചു എന്നത് കൂടിയാണ്. ആഴ്ചകള്‍ക്ക് മുമ്പേ റിവോള്‍വര്‍ വാങ്ങി പരിശീലനം നടത്തി പ്ലാന്‍ ചെയ്ത കൊലപാതകമാണ് ഇതെന്ന് നാം മനസ്സിലാക്കണം. ഇവിടെ ഇരകളാക്കപ്പെടുന്ന സ്ത്രീ സമൂഹത്തോട് നിയമപാലകര്‍ ചെയ്യുന്നത് ഉപദേശങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന കലാപരിപാടിയാണ്. സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ സൂക്ഷിക്കണമെന്നും ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലക്ക് തന്നെയാണ് കോട്ടം എന്നിങ്ങനെയൊക്കെയുള്ള സാരോപദേശ കഥകളാണ് പൊലീസ് മേധാവികള്‍ നല്‍കുന്നത്. ആണിനെയും പെണ്ണിനെയും മുള്ള്, ഇല എന്നീ ദ്വന്ദ്വങ്ങളിലൂടെ ഉദാഹരിച്ച് സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ എന്നും സംഭവിക്കാം എന്ന ബോധനിര്‍മിതിയാണ് ഇതിലൂടെ നടക്കുന്നത്. അക്രമികള്‍ക്ക് രക്ഷപ്പെടുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന പരിപാടികള്‍ അവസാനിപ്പിച്ച് നിയമപാലകര്‍ കൃത്യമായ നിയമനടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. മറിച്ച് ഇരകളാക്കപ്പെടുന്നവരോട് സാരോപദേശ കഥകള്‍ പറഞ്ഞ് തിരിച്ചയക്കുകയല്ല വേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x