അനന്തരസ്വത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായി എഴുതിവെക്കാമോ?
മുറാഖിബ്
പിതാവോ മാതാവോ തന്റെ സ്വത്ത് ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമായി എഴുതിവെക്കുന്നതില്‍ തെറ്റുണ്ടോ?
”സ്വത്ത് എഴുതിവെക്കുക” എന്നതുകൊണ്ട് ചോദ്യകര്‍ത്താവുദ്ദേശിച്ചത് ഒന്നുകില്‍, മരണാനന്തരം തന്റെ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന വസിയ്യത്തി (മരണപത്രം) നെപ്പറ്റിയാകാം. അല്ലെങ്കില്‍, ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വത്തിലുള്ള തന്റെ ഉടമസ്ഥാവകാശം മുക്തമാക്കി മക്കള്‍ക്ക് ഉമടസ്ഥാവകാശം രജിസ്റ്റര്‍ ചെയ്തുകൊടുക്കുന്ന ഇഷ്ടദാനത്തെപ്പറ്റിയാകാം. രണ്ടിലേതെന്നു വ്യക്തതയില്ലാത്തതുകൊണ്ട് രണ്ടു കാര്യത്തിലെ വിധിയെക്കുറിച്ചും പരാമര്‍ശിക്കേണ്ടി വരുന്നു.
മരണാനന്തരം തന്റെ സ്വത്ത് തന്റെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമായിരിക്കുമെന്ന് മരണപത്രത്തില്‍ ഒരാള്‍ വസിയ്യത്തായി എഴുതി വെക്കുന്നത് ഇസ്‌ലാമിലെ വസിയ്യത്തിന്റെയും അനന്തരാവകാശത്തിന്റെയും നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. കാരണങ്ങള്‍ ചുരുക്കിപ്പറയാം.
ഒന്നാമതായി, വസിയ്യത്ത് സംബന്ധമായി ഖുര്‍ആന്‍ നല്‍കുന്ന വിധിവിലക്കുകളോട് മേല്‍പറഞ്ഞ രീതിയിലുള്ള വസിയ്യത്ത് പൊരുത്തപ്പെടുന്നില്ല. സൂറത്തുല്‍ ബഖറയിലെ 180, 181, 182 ആയത്തുകളില്‍ വസിയ്യത്തിലെ കര്‍ക്കശായ നീതിനിഷ്ഠയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്.
രണ്ടാമതായി, സ്വത്ത് മുഴുവനും വസിയ്യത്ത് ചെയ്യുന്നത് നബി(സ) വിരോധിച്ച കാര്യമാണ്. വസിയ്യത്തിന് ആകെ സ്വത്തിന്റെ മൂന്നിലൊന്നു തന്നെ ധാരാളമാണെന്നാണ് തിരുമേനി(സ) പഠിപ്പിച്ചത്. (ബുഖാരി)
മൂന്നാമതായി: ”ലാ വസ്വിയ്യത്ത ലി വാരിഥിന്‍’ ‘അനന്തരാവകാശമനുസരിച്ച് ഓഹരി ലഭിക്കുന്നവനും വേണ്ടി വസിയ്യത്ത് ചെയ്യാവതല്ല” എന്ന് റസൂല്‍ (സ) വിലക്കിയിട്ടുണ്ട് (തിര്‍മിദി). ഓഹരി നിശ്ചയിക്കപ്പെട്ട ബന്ധുക്കളുടെ ഓഹരികള്‍ വസിയ്യത്തു മുഖേന കൂട്ടാനോ കുറയ്ക്കാനോ തടയാനോ ഒരാള്‍ക്കും അവകാശമില്ലെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.
നാലാമതായി, ഇസ്‌ലാമിലെ അനന്തരാവകാശ നിയമമനുസരിച്ച് ആണ്‍ സന്താനത്തിന് രണ്ടു സ്ത്രീവിഹിതത്തിന് തുല്യമായ വിഹിതമാണുള്ളതെന്ന് വിശുദ്ധ ഖുര്‍ആന്‍ 4:11 ല്‍ ഖണ്ഡിതമായി പഠിപ്പിച്ചിട്ടുണ്ട്. അനന്തര സ്വത്ത് ആണ്‍ സന്താനങ്ങള്‍ക്കും പെണ്‍ സന്താനങ്ങള്‍ക്കും തുല്യമായി വീതിക്കണം എന്നു വസിയ്യത്തില്‍ വ്യവസ്ഥ വെക്കുന്നതോടെ മരണാനന്തരമുള്ള ഇസ്‌ലാമിക ദായക്രമം ലംഘിക്കേണ്ടി വരുമെന്ന് വളരെ വ്യക്തം.
ഇനി, ജീവിച്ചിരിക്കുമ്പോഴുള്ള ഇഷ്ടദാനത്തെക്കുറിച്ചാണ് ചോദ്യമെങ്കില്‍, ചില ഉപാധികളോടെ മാത്രമേ അത്തരം ഇഷ്ടദാനം അനുവദനീയമാവുകയുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്.
അല്ലാഹുവിന്റെ യഥാര്‍ഥ ദാസന്‍മാരുടെ ശ്രേഷ്ഠ ഗുണങ്ങൡലൊന്നാണ് മിതവ്യയശീലം (25:67) ദൈനംദിന ജീവിത ചെലവുകളില്‍ മാത്രമല്ല, ഈ സൂക്ഷ്മത പുലര്‍ത്തേണ്ടത്. ബന്ധുക്കള്‍ക്കും അഗതികള്‍ക്കും അവകാശങ്ങള്‍ നല്‍കുന്നിടത്തും ഈ സൂക്ഷ്മതയുണ്ടാകണം. എല്ലാം വാരിക്കോരിക്കൊടുത്ത് മുടിയണം എന്നു കല്പനയില്ല. സൂറത്തുല്‍ ഇസ്‌റാഅ് 26 മുതല്‍ 29 വരെയുള്ള ആയത്തുകളില്‍ അക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. ”… എല്ലാം മുഴുവനായങ്ങ് കൈയ്യയച്ച് നല്‍കിയേക്കരുത്. അങ്ങനെയായാല്‍ നീ നിന്ദിതനും കഷ്ടപ്പെടുന്നവനുമായിരിക്കേണ്ടിവരും.” എന്ന് അമിതവ്യയത്തിന്റെ ദോഷഫലത്തെക്കുറിച്ച് അവിടെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ മക്കളില്‍ നിന്ന് അകറ്റപ്പെടുന്നതും വൃദ്ധസദനങ്ങളില്‍ എത്തിക്കപ്പെടുന്നതുമായ ധാരാളം സംഭവങ്ങള്‍ സമകാലിക സമൂഹത്തില്‍ നാം ദിനേന അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഖുര്‍ആനിന്റെ ഈ മുന്നറിയിപ്പിന്റെ പ്രസക്തി വിളിച്ചറിയിക്കുകയാണീ സംഭവങ്ങള്‍. അതിനാല്‍ സ്വത്ത് മുഴുവനും ഇഷ്ടദാനമായി നല്‍കുന്നത് അനാവശ്യവും അനാശാസ്യവുമാണെന്നേ പറയാന്‍ കഴിയൂ.
ഇഷ്ടദാനം നല്‍കുമ്പോള്‍ മക്കള്‍ക്കിടയില്‍ തുല്യത പാലിക്കണമെന്ന് പ്രവാചകന്‍(സ) ഉണര്‍ത്തിയിട്ടുണ്ട്. മക്കളില്‍ ചിലരെ അമിതമായി പരിഗണിക്കുകയും ചിലരെ അന്യായമായി അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള ദാനം നബി(സ) നിരോധിച്ചിട്ടുണ്ട്.
മറ്റൊരു കാര്യം, വലിയ വലിയ കടബാധ്യതകളുള്ള വ്യക്തികള്‍, അത്തരം ബാധ്യതകള്‍ വീട്ടുന്നതിനേക്കാള്‍ കൂടുതല്‍ ഉത്സാഹം നടേ സൂചിപ്പിച്ച ഇഷ്ടദാനത്തിന് കാണിക്കുന്നുണ്ടെങ്കില്‍, അത്തരം നടപടികളും നിരുത്സാഹപ്പെടുത്തേണ്ടതാണ്.
സിഹ്‌റിന് പ്രതിഫലനമുണ്ടോ?
സിഹ്‌റിന് പ്രതിഫലനം ഉണ്ടെന്ന് ഖുര്‍ആന്‍ കൊണ്ടോ ഹദീസു കൊണ്ടോ സ്ഥിരപ്പെട്ടിട്ടുണ്ടോ? ”സഹാബിമാരിലോ താബിഉകളിലോ പെട്ട ആരും തന്നെ സിഹ്‌റിന്റെ അടിസ്ഥാനത്തെ നിഷേധിച്ചിട്ടില്ലെന്നും’ ‘ആരെങ്കിലും സിഹ്‌റിനെ കളവാക്കുന്നുവെങ്കില്‍ അവര്‍ കാഫിറാണ്’ എന്നും ഇമാം ഖുര്‍തുബി തന്റെ തഫ്‌സീര്‍ 2:46 ല്‍ പറഞ്ഞിട്ടുണ്ടെന്നും ചിലര്‍ പറയുന്നു. എന്താണിതിന്റെ വസ്തുത?
ഉത്തരം: കണ്‍കെട്ട്, മായാജാലം, ചെപ്പടി വിദ്യ, വശീകരണം, ആഭിചാരം, മാരണം, കൂടോത്രം എന്നിങ്ങനെയുള്ള അര്‍ഥങ്ങളിലെല്ലാം മൊത്തത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ര്‍. ജാലവിദ്യ, മെസ്മറിസം, ഹിപ്‌നോട്ടിസം തുടങ്ങിയ ഇനങ്ങളെക്കുറിച്ചല്ല ചോദ്യം എന്നു കരുതുന്നതിനാല്‍ ആഭിചാരം, മാരണം, കൂടോത്രം എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന സിഹ്‌റിനെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. ആഭിചാരമാകുന്ന സിഹ്‌റിന് പ്രതിഫലനമുണ്ടെന്ന് ഖുര്‍ആനിലില്ല. ശിര്‍ക്ക് (ബഹുദൈവത്വം) കുഫ്ര്‍ (സത്യനിഷേധം) തുടങ്ങിയ അടിസ്ഥാന രഹിതങ്ങളായ വിശ്വാസങ്ങളി(അഖീദ) ലാണ് ഇസ്‌ലാം ആഭിചാരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിര്‍ക്കിനും കുഫ്‌റിനും ഹഖീഖത്തും തഅ്ഥീറും (യാഥാര്‍ഥ്യവും പ്രതിഫലനവും) ഇല്ലെന്നും തൗഹീദിനാണ് യാഥാര്‍ഥ്യവും പ്രതിഫലനവും ഉള്ളതെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ശത്രുക്കള്‍ക്ക് ദ്രോഹമോ നാശമോ വരുത്താനോ, ആരെയെങ്കിലും വശീകരിക്കാനോ, രോഗങ്ങളെ ശമിപ്പിക്കാനോ, രോഗഹേതുക്കളെന്ന് വിശ്വസിക്കപ്പെടുന്ന പിശാചുക്കളെ ആട്ടിപ്പായിക്കാനോ, ശരീരത്തില്‍ കയറിക്കൂടി എന്നു വിശ്വസിക്കപ്പെടുന്ന ദുഷ്ടാത്മാക്കളെ ബഹിഷ്‌ക്കരിക്കാനോ, സ്‌നേഹബന്ധങ്ങള്‍ തകര്‍ക്കാനോ ഉദ്ദേശിച്ചുകൊണ്ട് അദൃശ്യ സൃഷ്ടികളെ (ജിന്ന്, പിശാച്, ദുഷ്ടാത്മാക്കള്‍..) വണങ്ങിയും ആശ്രയിച്ചും സഹായമര്‍ഥിച്ചും ചെയ്യുന്ന ഹോമ, ജപ, കീര്‍ത്തനങ്ങളടങ്ങിയ ക്ഷൂദ്രകര്‍മ പ്രയോഗങ്ങള്‍ക്കാണ് ആഭിചാരം എന്നു പറയുന്നത്. ഇത് ശിര്‍ക്കും കുഫ്‌റുമാണെന്നുള്ളതില്‍ ഒരു മുസ്‌ലിമും സംശയിക്കുകയില്ല. സൂറത്തുല്‍ ബഖറയിലെ 102-ാം ആയത്തില്‍ അല്ലാഹു അത് വ്യക്തമാക്കിയിട്ടുണ്ട്. ”സുലൈമാന്‍ സത്യനിഷേധം പ്രവര്‍ത്തിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ആഭിചാരം പഠിപ്പിച്ചുകൊണ്ടിരുന്ന പിശാചുക്കളാണ് സത്യനിഷേധം പ്രവര്‍ത്തിച്ചത്…”
ഏഴു മഹാപാപങ്ങള്‍ വര്‍ജിക്കാന്‍ പ്രവാചകന്‍(സ) പറഞ്ഞതും പ്രസിദ്ധമാണ്. അവയില്‍ ആദ്യത്തെ രണ്ടെണ്ണം വിനാശകരങ്ങളായ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അഥവാ ശിര്‍ക്കിനെപ്പറ്റിയും ആഭിചാരത്തെപ്പറ്റിയുമാണ്. ശിര്‍ക്കിനോട് ചേര്‍ത്തു തന്നെയാണ് മാരണവും മുന്നറിയിപ്പ് നല്‍കപ്പെട്ടിരിക്കുന്നത്. ആഭിചാരവും ശിര്‍ക്കിന്റെ വകഭേദം തന്നെയായതുകൊണ്ടാണത്.
ശിര്‍ക്കും കുഫ്‌റും യാഥാര്‍ഥ്യമല്ല; അതുകൊണ്ടുതന്നെ ഇസ്‌ലാം അവയംഗീകരിക്കുന്നുമില്ല. ഒരു വശത്ത്, അവ രണ്ടിനും യാഥാര്‍ഥ്യമുണ്ടെന്നും ഫലസിദ്ധിയുണ്ടെന്നും പഠിപ്പിച്ച് അവയിലുള്ള വിശ്വാസത്തെ ഇസ്‌ലാമികാധ്യാപനമായി സ്ഥിരപ്പെടുത്തുക! മറുവശത്ത് അതേ വിശ്വാസാടിസ്ഥാനത്തില്‍ ചെയ്യുന്ന കര്‍മം (ആഭിചാര കര്‍മം) നിരോധിക്കുക! വിചിത്രം തന്നെ!! ഇങ്ങനെയൊരു വിചിത്ര നിലപാട് ഇസ്‌ലാമിനില്ല. മറിച്ച് ശിര്‍ക്കിനും കുഫ്‌റിനും യാഥാര്‍ഥ്യമില്ലെന്നും ഫലസിദ്ധിയില്ലെന്നും അസന്ദിഗ്ധമായി പഠിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ”… അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതെല്ലാം ‘ബാത്വിലാകുന്നു.” (31:30)
അത്ഭുത ഫലസിദ്ധികള്‍ വിശ്വസിക്കപ്പെടുന്ന മന്ത്രങ്ങളും തമീമത്ത്, തിവലത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഏലസ്സുകളും രക്ഷാതകിടുകളും ശിര്‍ക്കാകുന്നുവെന്നു റസൂല്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. ദുരിതങ്ങള്‍ തടുക്കുവാനും ഭര്‍ത്താക്കന്മാരുടെ സ്‌നേഹം വശീകരിക്കുവാനും ജാഹിലിയ്യാ മുശ്‌രിക്കുകള്‍ ശരീരഭാഗങ്ങളില്‍ ബന്ധിച്ചിരുന്ന ഇത്തരം രക്ഷായന്ത്രങ്ങളൊക്കെ ആഭിചാര ക്രിയകളുടെ ഭാഗമായിരുന്നു. ശിര്‍ക്കിലും കുഫ്‌റിലും അധിഷ്ഠിതമായ ആ ജാഹിലിയ്യത്ത് ഉപേക്ഷിച്ച്, യാഥാര്‍ഥ്യത്തിന്റെയും നിര്‍ഭയത്വത്തിന്റെയും തൗഹീദിലേക്ക് കടന്നുവന്നതാണ് സ്വഹാബിമാര്‍. ആ സഹാബിമാര്‍ ആഭിചാരത്തിന് അടിസ്ഥാനമുണ്ടെന്ന് വിശ്വസിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല.
മുകളില്‍ സൂചിപ്പിച്ച ഹദീസിനെക്കുറിച്ച് ഫത്ഹുല്‍ബാരിയില്‍ ഇബ്‌നുഹജറുല്‍ അസ്ഖലാനി ചര്‍ച്ച ചെയ്തിട്ടുണ്ട്. തമീമത്തും തിവലത്തും ശിര്‍ക്കായിത്തീരുന്നത് എങ്ങനെയെന്ന് അവിടെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. തിവലത്ത് ആഭിചാരത്തിലെ ഒരിനമാണെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. വിപത്തുകള്‍ പ്രതിരോധിക്കാന്‍ ‘തമീമത്തും’ ഭര്‍ത്താക്കന്മാരുടെ സ്‌നേഹം പിടിച്ചെടുക്കാന്‍ ‘തിവലത്തും’ ജാഹിലിയ്യാ മുശ്‌രിക്കുകള്‍ ശരീരഭാഗത്തില്‍ ബന്ധിച്ചിരുന്നു എന്നും ഇത്തരം പ്രവൃത്തികളിലൂടെ ഐശ്വര്യങ്ങള്‍ കൈവരാനും ദുരിതങ്ങളില്‍ നിന്ന് രക്ഷ നേടാനും അല്ലാഹു അല്ലാത്ത കേന്ദ്രങ്ങളെ ആശ്രയിച്ചതും പ്രതീക്ഷയര്‍പ്പിച്ചതുമാണ് അതെല്ലാം ശിര്‍ക്കായിത്തീരാന്‍ കാരണമായതെന്നും ഇബ്‌നു ഹജര്‍ അവിടെ വ്യക്തമാക്കുന്നുണ്ട്. ആഭിചാരത്തിന് അടിസ്ഥാനമുണ്ടെന്ന് താബിഉകള്‍ നിഷേധിച്ചിരുന്നില്ല എന്ന പ്രസ്താവനയും വാസ്തവ വിരുദ്ധമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
ശിര്‍ക്കിനും കുഫ്‌റിനും യാഥാര്‍ഥ്യമുണ്ടെന്നും പ്രതിഫലനമുണ്ടെന്നും വാദിച്ചിരുന്ന സത്യനിഷേധികളെ അല്ലാഹു വെല്ലുവിളിച്ചതും പ്രവാചകനെക്കൊണ്ടു വെല്ലു വിളിപ്പിച്ചതുമാണ് ഖുര്‍ആനില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. സൂറത്തുല്‍ അഅ്‌റാഫ് 144 മുതല്‍ 197 കൂടിയ ആയത്തുകള്‍ നോക്കുക.
”തീര്‍ച്ചയായും അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്. എന്നാല്‍ നിങ്ങളവരെ വിളിച്ചു പ്രാര്‍ഥിക്കൂ. അവര്‍ നിങ്ങള്‍ക്കുത്തരം നല്‍കട്ടെ. നിങ്ങള്‍ സത്യവാദികളാണെങ്കില്‍.” ”നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചുകൊള്ളുവിന്‍. എന്നിട്ട് എനിക്കെതിരില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പ്രയോഗിച്ചുകൊള്ളുക. എനിക്ക് നിങ്ങള്‍ ഒട്ടും ഇടം തരേണ്ടതില്ല.” ”അവനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്കു തന്നെയും അവര്‍ സഹായം ചെയ്യുകയില്ല.”
എത്ര കൃത്യവും വ്യക്തവും ശക്തവുമാണ് വചനങ്ങള്‍! ശിഷ്ടമോ ദുഷ്ടമോ ആയ ആഗ്രഹങ്ങളുടെ സഫലീകരണത്തിനുവേണ്ടി മനുഷ്യര്‍ അവന്റെ സ്രഷ്ടാവിനെ വിട്ടു ആശ്രയിക്കുകയും സഹായമര്‍ഥിക്കുകയും ചെയ്യുന്ന മലക്കുകളോ ജിന്നുകളോ, പിശാചുക്കളോ, പ്രവാചകന്‍മാരോ, പുണ്യപുരുഷന്‍മാരോ, ശുഹദാക്കളോ, ബീവിമാരോ, ബാബമാരോ ആരു തന്നെയായാലും അവയെല്ലാം അല്ലാഹുവിന്റെ അടിമകള്‍ തന്നെയാണെന്നും അവരെ ആശ്രയിക്കുന്ന ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ അവര്‍ക്കു സാധ്യമല്ലെന്നും അവരെത്തന്നെയും സഹായിക്കാന്‍ കഴിയാത്തവിധം അവര്‍ അശക്തരാണെന്നും ബോധ്യപ്പെടാന്‍ ഇനിയെന്തു പ്രമാണമാണ് മുസ്‌ലിമിനു വേണ്ടത്? ഇതിവിടെ മാത്രമല്ല, സമാനമായൊരു വെല്ലുവിളി 11-ാം അധ്യായത്തില്‍ 54, 55, 56 ആയത്തുകളിലും കാണാം. ഹൂദ് നബി(അ) യോട് അദ്ദേഹത്തിന്റെ ജനത പറഞ്ഞു: ”നിനക്ക് ഞങ്ങളുടെ ദൈവങ്ങളിലാരുടെയോ ശാപകോപദോഷങ്ങള്‍ ബാധിച്ചിരിക്കുന്നുവെന്നേ ഞങ്ങള്‍ക്കു പറയാനുള്ളൂ. ഹൂദ് പറഞ്ഞു: അല്ലാഹുവിനു പുറമെ നിങ്ങള്‍ പങ്കാളികളായി കരുതുന്ന യാതൊന്നുമായും എനിക്കു ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവിനെ സാക്ഷി നിര്‍ത്തുന്നു. നിങ്ങളും അതിനു സാക്ഷികളായിരിക്കുക. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ചുകൊള്ളുക. (രക്ഷപ്പെടാന്‍) എനിക്കിത്തിരി പോലും സാവകാശം തരേണ്ട (11:54 – 56). ”എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവില്‍ ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു…”
ഞാനെന്റെ രക്ഷിതാവിനെ മാത്രം ഭയപ്പെടുന്നു, അവനില്‍ മാത്രം ഞാന്‍ സര്‍വസ്വവും ഭരമേല്പിക്കുന്നു, അവന്റെ സൃഷ്ടികളില്‍ യാതൊന്നിന്റെയും ശാപകോപങ്ങളോ കുരുത്തക്കേടുകളോ ഞാനശേഷം ഭയപ്പെടുന്നില്ല എന്നെല്ലാം ധീരമായി പ്രഖ്യാപിച്ച പ്രവാചകന്‍മാരുടെ മാതൃകയാണ് ഏകദൈവ വിശ്വാസികള്‍ സ്വീകരിക്കേണ്ടത്.
ചില വിഭാഗങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ലെന്ന് റസൂല്‍(സ) മുന്നറിയിപ്പു നല്‍കിയവരില്‍ ‘ആഭിചാരത്തില്‍ വിശ്വസിക്കുന്നവര്‍’ ആണ് ഒരു വിഭാഗം. ചില റിപ്പോര്‍ട്ടുകളില്‍ ‘ആഭിചാരത്തെ സത്യപ്പെടുത്തുന്നവര്‍’ എന്നാണുള്ളത്. (ഇബ്‌നു ഹിബ്ബാന്‍, അഹ്മദ്, ഹാകിം)
”…അല്ലാഹുവോട് ആരെങ്കിലും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവനു സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസ സ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.” എന്ന ആയത്തിന്റെ ആശയം തന്നെയാണ് പ്രസ്തുത ഹദീസിന്റെയും ഉള്ളടക്കം. ആഭിചാരത്തെ സത്യപ്പെടുന്നത് വിരോധിക്കുന്ന ഹദീസുകള്‍ മുസ്‌ലിംലോകത്ത് പ്രസിദ്ധമായിരിക്കെ, ഇതിനെല്ലാം വിപരീതമായി ‘ആഭിചാരത്തെ കളവാക്കിയവന്‍ കാഫിറാണെന്ന് ഒരു മുഫസ്സിറും പറയില്ല. ഖുര്‍തുബി ഇമാം തന്റെ തഫ്‌സീറിലും അങ്ങനെ പറഞ്ഞിട്ടില്ല.