24 Wednesday
July 2024
2024 July 24
1446 Mouharrem 17

മുമ്പേ പറന്ന ഡോക്ടര്‍

സൈറാബാനു എം നൗഫല്‍


ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുള്ളയാളാണ് ഡോ. കെ അബ്ദുറഹ്മാന്‍. 1989-ല്‍ പഠനത്തിനായി മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റലില്‍ വന്നതു മുതലുള്ള പരിചയമുണ്ടെനിക്ക്. കാണുമ്പോഴെല്ലാം ഡോക്ടര്‍ക്ക് സംസാരിക്കാനുണ്ടായിരുന്നത് അക്കാദമിക കാര്യങ്ങളായിരുന്നു. തന്റെ ജോലിയെ വളരെ ആദരവോടെയാണ് അദ്ദേഹം നോക്കിക്കണ്ടിരുന്നത്. വിഭവ സമ്പാദനത്തിനൊപ്പം ആത്മനിര്‍വൃതി കൂടി നല്കുന്നതാണ് വൈദ്യശാസ്ത്ര മേഖലയിലെ ജോലി എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ഞാന്‍ പഠനത്തിനായെത്തുന്ന സമയത്ത് അദ്ദേഹം ഞങ്ങളെ സംബന്ധിച്ചിടത്തോളം ആകാശത്തുള്ള താരം കണക്കായിരുന്നു. മണിക്കൂറുകള്‍ ചിലവഴിച്ചായിരുന്നു അദ്ദേഹം റൗണ്ട്‌സിനു പോകാറുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഫിസിക്കല്‍ എക്‌സാമിനേഷന്‍ സുദീര്‍ഘവും വളരെ കൃത്യതയുള്ളതുമായിരുന്നു.
തന്റെ മേഖലയിലെ അഡ്വാന്‍സ്ഡ് ടെക്‌നോളജി അദ്ദേഹം കൃത്യമായി ഫോളോ ചെയ്യാറുണ്ടായിരുന്നു. പാശ്ചാത്യ നാടുകളില്‍ മെഡിക്കല്‍ ഫീല്‍ഡില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ മുന്നേറ്റങ്ങളെയും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിക്കും. പഠനവും ശേഷം വന്ന ഇടവേളയും കഴിഞ്ഞ് 1994-ല്‍ ഞാന്‍ തിരികെ ജോയിന്‍ ചെയ്യുമ്പോള്‍ അദ്ദേഹം ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ആനന്ദത്തിലായിരുന്നു. ഏതു പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താനുള്ള വെബ്‌സൈറ്റുകള്‍ പറഞ്ഞു കൊടുക്കാനും താന്‍ അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങള്‍ പങ്കുവെക്കാനും അദ്ദേഹം വലിയ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്വേഷണങ്ങളും ശ്രദ്ധയും തന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ടതു മാത്രമായിരുന്നില്ല, സമകാലിക സംഭവ വികാസങ്ങളെല്ലാം അദ്ദേഹം കൃത്യമായി നിരീക്ഷിക്കുകയും അവ ഞങ്ങളുമായി ചര്‍ച്ച ചെയ്യുകയുമുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനരികിലേക്ക് പത്രം വായിക്കാതെ പോകാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു.
പുതിയ പുതിയ മരുന്നുകള്‍ അവതരിപ്പിക്കുമ്പോഴും ‘പാരസെറ്റാമോളിന് പുതിയ പേരിട്ടു പഠിക്കാന്‍ എനിക്കു വയ്യ. നിങ്ങള്‍ പുതിയ മരുന്നു കൊണ്ടു വാ, പുതിയ മോളിക്യൂള്‍ കൊണ്ടു വാ’ എന്നായിരുന്നു അദ്ദേഹം മെഡിക്കല്‍ റെപ്പുമാരോട് പറയാഞ്ഞിരുന്നത്. എപ്പോഴും രോഗിക്ക് കൃത്യമായ ഡോസില്‍ മരുന്ന് ലഭിക്കണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ തന്നെ ഫസ്റ്റ്/ സെക്കന്റ് മരുന്നുകളല്ലാതെ അദ്ദേഹം പ്രിസ്‌ക്രൈബ് ചെയ്യാറുണ്ടായിരുന്നില്ല. ആരാണോ മരുന്ന് അവതരിപ്പിച്ചത് ആ കമ്പനിയുടെ മരുന്നുകളാണ് അദ്ദേഹം എഴുതുക, സബ്സ്റ്റിറ്റിയൂട്ട് ഒന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.
ഡോക്ടറുടെ മെഡിക്കല്‍ ജ്ഞാനം വളരെ അപ് റ്റുഡേറ്റ് ആയിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ മെഡിക്കല്‍ കോണ്‍ഫറന്‍സുകളിലും അദ്ദേഹം പങ്കു കൊള്ളും. 1987-ല്‍ മദ്രാസില്‍ ഒരു കോണ്‍ഫറന്‍സിനു പോയി. അവിടെ ഹാര്‍ട്ട്അറ്റാക്കിനുള്ള യൂറോകൈനേസ് എന്ന ഇന്‍ജക്ഷന്‍ അവതരിപ്പിക്കപ്പെട്ടു. ഹാര്‍ട്ട് എന്നാല്‍ ജീവനാണെന്നും കൃത്യസമയത്ത് അതിന് വേണ്ട ചികിത്സ നല്കണമെന്നും അത് എവിടെ നിന്നെങ്കിലും വാങ്ങിക്കൊണ്ടു വരിക എന്നത് റിസ്‌ക് ആണെന്നും മനസിലാക്കി, അത് ഇന്‍ട്രൊഡ്യൂസ് ചെയ്ത് അന്നു തന്നെ അദ്ദേഹം വാങ്ങിക്കൊണ്ടു വരികയുണ്ടായി. അന്ന് അതിന് 5000 രൂപ വിലയുണ്ട്. രോഗീ പരിചരണത്തിലുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥതയുടെ ഒരുദാഹരണമാണീ സംഭവം.
കേരളത്തില്‍ ആദ്യമായി ഈ മരുന്ന് നല്കിത്തുടങ്ങിയവരില്‍ കൊരമ്പയില്‍ ഹോസ്പിറ്റലുമുണ്ട്. അതിന് നേതൃത്വം നല്കിയത് അബ്ദുര്‍റഹ്മാന്‍ ഡോക്ടറും. നമ്മുടെ നാട്ടില്‍ ഇന്ന് ഹൃദ്രോഗികള്‍ക്ക് നല്കി വരുന്ന മിക്ക മരുന്നുകളും ഇവിടേക്ക് ആദ്യം എത്തിച്ചിരുന്നത് അദ്ദേഹമായിരുന്നു. ബ്രെയിന്‍ അറ്റാക്ക് (സ്‌ട്രോക്ക്) സംഭവിച്ച രോഗികള്‍ക്ക് ഇന്ന് വ്യാപകമായി നല്കി വരുന്ന ക്ലോട്ട് അലിയിക്കുന്ന ഇന്‍ജക്ഷനുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ അദ്ദേഹം നിര്‍ദേശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായിട്ടാണ് അത് സാധ്യമായിരുന്നത്.
തന്റെ പ്രൊഫഷനെ വളരെ ക്രിയാത്മകമായി വിലയിരുത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. സി പി ആര്‍ പോലുള്ള സംഗതികള്‍ യഥാവിധി ചെയ്യാന്‍ ആശുപത്രികളില്‍ പോലും പഠിപ്പിക്കുന്നില്ലെന്നും മറ്റു രാജ്യങ്ങളില്‍ അവ സാധാരണ വിദ്യാര്‍ഥികള്‍ക്ക് വരെ അറിയാമെന്നും അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്.
പ്രൊഫഷനില്‍ വരുന്ന തെറ്റുകളോട് ഒട്ടും വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. അത്തരം വീഴ്ചകള്‍ക്ക് അദ്ദേഹം ശിക്ഷ നല്കാറുണ്ടായിരുന്നു. തന്റെ തെറ്റിനെ എങ്ങനെ പരിഹരിക്കാം എന്നത് നോട്ടുബുക്കില്‍ എഴുതിക്കലാണ് ശിക്ഷ. അതുവഴി അത്തരം സന്ദര്‍ഭങ്ങളെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ ആ തെറ്റു കാണിച്ച ആള്‍ക്ക് സാധിക്കുമായിരുന്നു.
എന്റെ ക്ലാസുകള്‍ക്ക് കരുത്തായിട്ടുള്ളതെല്ലാം അദ്ദേഹത്തില്‍ നിന്നു പഠിച്ച കാര്യങ്ങളാണ്. അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു: നീ അക്കാദമിക കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനേക്കാളധികം, ഈ ജോലിയുടെ ആഴമെത്രയാണെന്ന് പറഞ്ഞു മനസിലാക്കണം എന്ന്. മാനവിക മൂല്യം അവരില്‍ ഉണ്ടാക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. അത്തരമൊരു മാനവിക ബോധം മനസില്‍ ഉറച്ചാല്‍ ബാക്കിയൊക്കെ താനേ സംഭവിക്കും, അവര്‍ പഠിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
അദ്ദേഹത്തിന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു എല്ലാ സൗകര്യങ്ങളോടും കൂടിയ മൊബൈല്‍ ഐ സി യു എന്നത്. അദ്ദേഹം മിംസില്‍ എത്തിയതിനു ശേഷമാണ് മിംസില്‍ അത്തരമൊരു സംവിധാനം രൂപപ്പെട്ടത് എന്നാണ് മനസിലാക്കുന്നത്.
വിക്ഷോഭത്തിനടിമകളായ രോഗീ ബന്ധുക്കളെ അദ്ദേഹം മനോധൈര്യത്തോടെ നിന്ന് കൈകാര്യം ചെയ്യുമായിരുന്നു. പടച്ചവനെയല്ലാതെ ഭൂമിയില്‍ മറ്റൊന്നിനെയും പേടിക്കേണ്ടതില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എത്ര പേര്‍ ഇളകി വന്നാലും അദ്ദേഹം നേരിട്ടു തന്നെ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമായിരുന്നു. തനിക്കു നേരെ മാത്രമല്ല, ഏതൊരു സ്റ്റാഫിനു നേരെ വരുന്ന വിക്ഷോഭ പ്രകടനങ്ങളെയും അദ്ദേഹം വേണ്ട രീതിയില്‍ തന്നെ കൈകാര്യം ചെയ്തിരുന്നു.
മനുഷ്യകുലത്തോട് തന്നെ അദ്ദേഹം കാണിക്കുന്ന കരുതല്‍ വളരെ വലുതായിരുന്നു. താനുമായി ഇടപെടുന്ന ഏതൊരാളെയും അദ്ദേഹം കൃത്യമായി മനസിലാക്കിയിരുന്നു. ഓരോരുത്തരുടേയും കഴിവ് ഏതുവിധത്തിലാണെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് രോഗാവസ്ഥയ്ക്കു ശേഷം ഹാന്‍ഡികാപ്ഡ് ആയി ഞാന്‍ തിരികെ വന്നപ്പോള്‍ അവള്‍ക്ക് ഐ സി യു കൊടുത്താല്‍ മതി, അതവള്‍ കൈകാര്യം ചെയ്തുകൊള്ളും എന്ന് അദ്ദേഹം പറഞ്ഞത്. എനിക്ക് എന്നില്‍ ഇല്ലാതിരുന്ന ആത്മവിശ്വാസം അദ്ദേഹത്തിന് എന്റെ മേല്‍ ഉണ്ടായിരുന്നു എന്നതാണത് വ്യക്തമാക്കുന്നത്. അത്തരത്തില്‍ താനിടപഴകുന്ന ഓരോ മനുഷ്യനെയും അദ്ദേഹം മനസിലാക്കിയിരുന്നു.
ഐ സി യു ജോലികള്‍ക്കിടയില്‍ രോഗീ പരിചാരകര്‍ കോപം കൊണ്ട് നില്ക്കുമ്പോള്‍ അവരുടെ അടുത്ത് ചെന്ന് കാര്യങ്ങള്‍ പറയാനുള്ള ധൈര്യം ഇന്നെനിക്കുള്ളത് അബ്ദുറഹ്മാന്‍ ഡോക്ടറില്‍ നിന്ന് കിട്ടിയിട്ടുള്ളതാണ്.
മനുഷ്യകുലത്തിന് അദ്ദേഹം കൈമാറിയ വലിയ സംഭാവനയാണ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റികള്‍. അദ്ദേഹം വിതച്ച വിത്തില്‍ നിന്ന് മുളച്ചുപൊന്തിയ വൃക്ഷങ്ങള്‍ ഇന്ന് എത്രത്തോളം വളര്‍ന്നിരിക്കുന്നു എന്നതിന് നമ്മുടെ സമൂഹം സാക്ഷിയാണ്. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സമൂഹത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത്.
(മഞ്ചേരി കെ.എച്ച്.ഡി.സിയിലെ
സി.സി.യു ഇന്‍ചാര്‍ജ് ആണ് ലേഖിക)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x