18 Wednesday
June 2025
2025 June 18
1446 Dhoul-Hijja 22

മുന്‍ഗണന പ്രധാനമാണ്‌

എം കെ ശാക്കിര്‍


നിത്യജീവിതത്തില്‍ നാം സ്വീകരിക്കേണ്ട ഇടപെടലുകള്‍ക്കും നമ്മുടെ അജണ്ടകള്‍ക്കും മുന്‍ഗണനാക്രമം തീര്‍ച്ചയായും ഉണ്ടാകണം. മതപരമായി ജീവിതം നയിക്കുന്നവര്‍ എന്ന നിലയില്‍ മുന്‍ഗണനാക്രമത്തിന് വലിയ പ്രസക്തിയുണ്ട്. മതത്തില്‍ ഏകദൈവ വിശ്വാസത്തോളം പ്രാധാന്യമുള്ള മറ്റൊരു കാര്യവുമില്ല. ‘എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തതില്‍ ഏറ്റവും ശ്രേഷ്ഠമായ കാര്യം ആരാധനക്ക് അര്‍ഹനായി ദൈവമല്ലാതെ മറ്റാരുമില്ല’ എന്നതായിരുന്നുവെന്ന് പ്രവാചകാധ്യാപനങ്ങളില്‍ കാണാം.
കര്‍മങ്ങളില്‍ ശ്രേഷ്ഠമായത് ഏതെന്ന ചോദ്യത്തിന് നമസ്‌കാരം കൃത്യസമയത്ത് നിര്‍വഹിക്കലാണെന്ന് പ്രവാചകന്‍(സ) മറുപടി നല്‍കി. സകാത്തിന്റെ അവകാശികളിലെ മുന്‍ഗണനാക്രമം അല്ലാഹു നിര്‍ദേശിച്ച വിധം നബി(സ) വിശദീകരിച്ചു. നിര്‍ബന്ധമായ കര്‍മത്തേക്കാള്‍ ദൈവത്തിലേക്ക് അടുക്കാന്‍ മറ്റൊന്നുമില്ലെന്ന് പ്രവാചകാധ്യാപനങ്ങളില്‍ നിന്ന് വ്യക്തമാണ്. മുന്‍ഗണനാ ക്രമത്തിന് ജീവിതശൈലിയിലും വലിയ സ്ഥാനമുണ്ട്. തുമ്മുമ്പോള്‍ ഇടതുകൈ കൊണ്ട് മറയ്ക്കാനും മലമൂത്ര വിസര്‍ജനത്തിനു ശേഷം ശുദ്ധീകരിക്കേണ്ടത് ഇടതുകൈ കൊണ്ടാവണമെന്നും, തിന്നുകയും കുടിക്കുകയും ചെയ്യേണ്ടത് വലതുകൈ കൊണ്ടാകണമെന്നുമൊക്കെ ഈ ക്രമത്തില്‍ മനസ്സിലാക്കാവുന്നതാണ്.
ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ ധര്‍മബോധം അഥവാ മതനിഷ്ഠയ്ക്ക് മുന്‍ഗണന നല്‍കണം. ഒരാള്‍ മരിച്ചുപോയാല്‍ അയാളുടെ സ്വത്ത് വീതംവെക്കുമ്പോള്‍ ആദ്യം അയാളുടെ കടബാധ്യതയും രണ്ടാമത് അയാളുടെ വസ്വിയ്യത്തും കഴിഞ്ഞ ശേഷമാണ് അവകാശികള്‍ക്ക് ഓഹരി നല്‍കേണ്ടത്. ദാനധര്‍മാദികളില്‍ ആശ്രിതര്‍ക്കും ബന്ധുജനങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കാന്‍ മതം അര്‍ഥശങ്കക്കിടയില്ലാത്തവിധം പഠിപ്പിക്കുന്നു. മൊത്തത്തില്‍ നാം അശ്രദ്ധമായി കാണുന്നത്ര നിസ്സാരമല്ല, മുന്‍ഗണന പാലിക്കുന്നതിന് മതം കല്‍പിക്കുന്ന പ്രാധാന്യം.
ലോക്ഡൗണില്‍ ആരാധനാ സ്വാതന്ത്ര്യവും പെരുന്നാള്‍ ആഘോഷത്തിനും വസ്ത്രം എടുക്കാനും ഈദ്ഗാഹിനുമൊക്കെയുള്ള സ്വാതന്ത്ര്യവും നിരന്തരമായി നഷ്ടപ്പെട്ടിരുന്നു. മതം പരിഗണന നല്‍കുന്നതില്‍ പ്രധാന സംഗതിയാണ് സാമൂഹിക സുരക്ഷ എന്നത്. രോഗത്തിന്റെ തീക്ഷ്ണതയില്‍ പ്രാണവായുവിനു വേണ്ടി മനുഷ്യന്‍ കേഴുന്ന പ്രത്യേക സാഹചര്യത്തില്‍ ഏത് ആഘോഷത്തേക്കാളും ഇത്തരം പ്രശ്‌നങ്ങള്‍ക്കാണ് പ്രാമുഖ്യമെന്നു തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയണം. മതത്തെ അതിന്റെ സത്തയില്‍ നിന്നുകൊണ്ട് മനസ്സിലാക്കാനും അവയെ കേവല വൈകാരികതയില്‍ അധിഷ്ഠിതമായി പരിഗണിക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇമാം അഹ്മദ് ബ്‌നു ഹമ്പലിന്റെ ഗുരുനാഥന്‍ തന്റെ ഹജ്ജ് യാത്രയില്‍ ചത്ത ജീവിയെ ഭക്ഷിക്കുന്ന ഒരു കുടുംബത്തിന്റെ ദൈന്യത കണ്ടറിയാന്‍ ഇടയായി. തന്റെ കൈയിലുള്ള സംഖ്യ ആ കുടുംബത്തിനു നല്‍കി, തന്റെ ഹജ്ജ് ഇതാണെന്ന് ഭൃത്യനോട് പറഞ്ഞ് യാത്ര അവസാനിപ്പിച്ചു. മതം പ്രാമാണികതയ്‌ക്കൊപ്പം മനുഷ്യപ്പറ്റിനെ കൂടി ഉള്‍ക്കൊള്ളുന്നതായും പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന അര്‍ഹിക്കുന്നതിനോട് അവഗണന പാടില്ലെന്നും തിരിച്ചറിയുക. ഉടുക്കാതെ തലയില്‍ കെട്ടുന്നതുപോലെ ആക്ഷേപകരമായിരിക്കും മുന്‍ഗണന മറികടക്കുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ടാകട്ടെ.

Back to Top