10 Tuesday
December 2024
2024 December 10
1446 Joumada II 8

മുനമ്പത്ത് പുകയുന്ന കലഹം


എറണാകുളം ജില്ലയിലെ ചെറായി മുനമ്പം പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് ഭൂമി സംബന്ധിച്ചുള്ള തര്‍ക്കം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ചെറായിലെ 404 ഏക്കറോളം വരുന്ന ഭൂമി വഖഫ് സ്വത്താണെന്നും അത് കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും കണ്ടെത്തിയത് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ ആണ്. 1950-കളില്‍ ഫാറൂഖ് കോളജിന് വേണ്ടി സിദ്ദീഖ് സേട്ട് വഖഫ് ചെയ്തതാണ് പ്രസ്തുത ഭൂമി എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. 2009 ലാണ് ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഒട്ടേറെ നിയമവ്യവഹാരങ്ങളുടെ ഫലമായി ഇടക്കാലത്ത് ഈ ഭൂമിയിലെ താമസക്കാര്‍ക്ക് നികുതി അടക്കാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കുകയുണ്ടായി. എന്നാല്‍, പ്രദേശത്തെ വഖഫ് സംരക്ഷണ സമിതി എന്ന കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ ഭൂമിയില്‍ പോക്കുവരവ് നടത്താനോ നികുതി അടക്കാനോ ഉള്ള അവകാശം സ്റ്റേ ചെയ്തിരിക്കുകയാണ്. ഭൂമിയുടെ ആധാരവും മറ്റ് രേഖകളും പരിശോധിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്. വര്‍ഷങ്ങളായി ഭൂമിയില്‍ താമസിക്കുന്ന ആളുകളെ സംബന്ധിച്ചേടത്തോളം ഈ ഹൈക്കോടതി വിധി അങ്ങേയറ്റം പ്രയാസം സൃഷ്ടിക്കുന്നതാണ്. ഭൂമിയുടെ കൈവശാവകാശം നഷ്ടപ്പെടുന്നതോടെ അതുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും നിലച്ചിരിക്കുകയാണ്.
യഥാര്‍ഥത്തില്‍ ഇത് വഖഫ് ഭൂമിയാണോ അല്ലയോ എന്ന തര്‍ക്കം ഹൈക്കോടതിയുടെ മുമ്പിലുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന കോടതി ഉത്തരവ് പ്രകാരം ഈ ഭൂമി വഖഫായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ ഭൂമിക്ക് മേല്‍ അവകാശവാദമുന്നയിക്കാന്‍ ഫാറൂഖ് കോളജ് തയ്യാറായിട്ടുമില്ല. ഈ ഭൂതര്‍ക്കം ഒരു നിയമവ്യവഹാരമായി തുടരുന്ന കാലത്തോളം ഭൂമി ആര്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം.
ചെറായിലെ ഈ ഭൂമിയില്‍ സാധാരണക്കാരായ താമസക്കാര്‍ മാത്രമല്ല, വന്‍കിട റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഭൂമിയും ഈ തര്‍ക്ക പ്രദേശത്തുണ്ട്. 28-ഓളം ഏക്കര്‍ ഭൂമി കടലെടുത്തുപോയിട്ടുണ്ട് എന്നും പറയപ്പെടുന്നു. ഇക്കാര്യത്തിലൊക്കെ കൃത്യമായ ഡാറ്റ ലഭ്യമാകുവാന്‍ ഭൂമി സംബന്ധിച്ച നിയമവ്യവഹാരം തീര്‍പ്പാകേണ്ടതുണ്ട്. സാധാരണ നിവാസികളില്‍ പലരും പണം കൊടുത്തു വാങ്ങിയ ഭൂമിയാണിത്. വര്‍ഷങ്ങളായി അവിടെ താമസിക്കുകയും ചെയ്യുന്നവരാണ്. സാധാരണക്കാര്‍ എന്ന നിലയില്‍ പണം കൊടുത്ത് ഭൂമി വാങ്ങുന്ന വേളയില്‍ അവര്‍ വഞ്ചിക്കപ്പെട്ടോ എന്നത് അന്വേഷിക്കേണ്ടതാണ്.
മുനമ്പം ചെറായിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരം പല കാരണങ്ങളാലും ദിശമാറിയാണ് സഞ്ചരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീതിയിലുള്ള സാധാരണക്കാരുടെ വികാരത്തെ മുതലെടുക്കാനാണ് സംഘപരിവാര്‍ ശക്തികളും വന്‍കിട റിസോര്‍ട്ട് മാഫിയകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രശ്‌നം രമ്യമായി പരിഹരിക്കണം എന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ലിന് ജനപിന്തുണ ഉണ്ടാക്കാനുമുള്ള ശ്രമം തടയണം എന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യഥാര്‍ഥത്തില്‍, കേന്ദ്ര വഖഫ് നിയമത്തിലെ ഭേദഗതി കൊണ്ടു ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല. ഇവിടെ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാറാണ്. ഇത് രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ല എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കണം. സാമുദായിക ധ്രുവീകരണത്തിലൂടെയുള്ള വോട്ട് ഏകീകരണത്തിന് ഈ പ്രശ്‌നത്തെ ഉപയോഗപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്. ഹൈക്കോടതിയുടെ മുമ്പാകെയുള്ള സിവില്‍ വ്യവഹാരം എന്ന നിലയില്‍ കേസിലെ മുഴുവന്‍ കക്ഷികളുമായും സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രശ്‌ന പരിഹാരത്തിന് സാധ്യമായ എല്ലാ പിന്തുണയും മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പു നല്‍കിയിട്ടുണ്ട്.
കക്ഷികളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരത്തിന് ഫോര്‍മുലയുണ്ടാക്കണം. നിലവില്‍ ഭൂമിയിലെ താമസക്കാരായ ഒരാളും ഭൂരഹിതനാകുന്ന സാഹചര്യമുണ്ടാവരുത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവില്‍ വ്യവഹാരം കോടതിക്ക് പുറത്തുള്ള ചര്‍ച്ചകളിലുടെ പരിഹരിക്കുവാനും ആവശ്യമെങ്കില്‍ പുനരധിവാസം ഏര്‍പ്പെടുത്താനും ഒരു സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തണം. മുനമ്പത്ത് പുകയുന്ന കലഹത്തെ വര്‍ഗീയ ശക്തികള്‍ക്ക് ഇന്ധനമൊഴിക്കാന്‍ വിട്ടുനല്‍കരുത്.

Back to Top