8 Tuesday
July 2025
2025 July 8
1447 Mouharrem 12

ഇടവേളകളിലെ മുനാജാത്ത്‌

ഷാനവാസ് പേരാമ്പ്ര


സത്യവിശ്വാസികള്‍ ഈമാനിന്റെ അടിത്തറയായി സ്വീകരിച്ചത്, പ്രപഞ്ചനാഥനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും മരണാനന്തരം ചെന്നുചേരുന്ന പരലോകത്തെക്കുറിച്ചുള്ള കൃത്യമായ ബോധ്യവുമാണ്. അഭൗതികമായ (ഗൈബിയായ) ഈ അടിത്തറക്ക് പ്രാമാണികമായ പിന്‍ബലം, ഒരു തിരുത്തുമില്ലാതെ അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന വിശുദ്ധ ഖുര്‍ആനാണ്. എന്നാല്‍ ഈ അടിസ്ഥാന വിശ്വാസങ്ങള്‍ കേവലം ചില ധാരണകളിലും ഞാനും മുസ്‌ലിമാണ് എന്ന പറച്ചിലിലും ഒതുക്കേണ്ടതല്ല എന്നാണ് ഖുര്‍ആന്‍ ആമുഖമായി പറയുന്നത്. മറിച്ച് ചില അടയാളങ്ങളും പ്രതിഫലനങ്ങളും വിശ്വാസികളില്‍ നിന്ന് ഉണ്ടാവണം. അവ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാവണം. അതില്‍ പരമപ്രധാനം, തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനുമായുള്ള നിരന്തരമായ ബന്ധം നിലനിര്‍ത്തുക എന്നതാണ്.
ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നമ്മള്‍ നടത്തുന്ന എല്ലാ ഇടപാടുകളും റബ്ബുമായിട്ടായിരിക്കണം. അവനോട് സംസാരിക്കണം, സ്വകാര്യം പറയണം, ആഗ്രഹങ്ങളും പ്രതീക്ഷകളും പങ്കുവെക്കണം, ആശങ്കകള്‍ ചര്‍ച്ചാ വിധേയമാക്കണം, വിഷമങ്ങളും വേദനകളും അറിയിക്കണം, പരാതികള്‍ ബോധിപ്പിക്കണം, അവന് വേണ്ടതൊക്കെയും നല്‍കണം. ഒപ്പം, ഒരു ബന്ധം നഷ്ടപ്പെടാതിരിക്കാനുള്ള അമാനത്തുകള്‍ പാലിക്കണം. വഞ്ചനയും കാപട്യവും അലസതയും മടിയും ഒന്നും ആ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തരുത്. ഇതെല്ലാം ഒരു ആരാധനയില്‍ തന്നെ ഉള്‍ക്കൊള്ളിക്കുന്ന അത്ഭുതമാണ് നമസ്‌കാരത്തില്‍ കാണുന്നത്.
ഈമാനിന് പ്രചോദനമായി നിലകൊള്ളുന്ന സംശയരഹിതമായ വേദഗ്രന്ഥത്തെ പരിചയപ്പെടുത്തിയതിന് ശേഷം, ഗൈബിയായ വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണമായി ഒന്നാമതായി പറയുന്നത് നമസ്‌കാരത്തെക്കുറിച്ചാണ്. അവര്‍ നമസ്‌കാരം നിര്‍വഹിക്കുന്നവരാണെന്നല്ല, നിലനിര്‍ത്തുന്നവരാണ് എന്നതാണ് ഖുര്‍ആനിന്റെ പ്രയോഗം. തോന്നുമ്പോഴും സമയം കിട്ടുമ്പോഴും ആരെങ്കിലും ഓര്‍മിപ്പിക്കുമ്പോഴും മാത്രമല്ല നമസ്‌കാരം നിര്‍വഹിക്കേണ്ടത്. കൃത്യമായ സമയങ്ങളില്‍ അത് നിര്‍വഹിക്കേണ്ടതുണ്ട്. നാഥനുമായുള്ള നേരിട്ടുള്ള ആശയവിനിമയമാണ് നമസ്‌കാരം. അതിനെ മുനാജാത്ത് എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
ഒരു വിശ്വാസി നമസ്‌കാരത്തില്‍ അവന്റെ രക്ഷിതാവുമായുള്ള സംഭാഷണത്തിലാണ്. ഇങ്ങനെ സ്വകാര്യം പറയാനും അടക്കം പറയാനും ആ രക്ഷിതാവ് അത്രയും അടുത്താണുള്ളതെന്ന് കൂടി നബി(സ) പറയുന്നു. ‘നിങ്ങളിലൊരാള്‍ നമസ്‌കാരത്തിലായാല്‍ അവന്‍ റബ്ബിനോട്, തന്റെയും ഖിബ്‌ലയുടെയും ഇടയില്‍ അവനുണ്ടെന്ന നിലയില്‍ സംഭാഷണം നടത്തുകയാണ്’. നബി(സ) പറഞ്ഞു: ഒരു അടിമ തന്റെ യജമാനനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് അവന്‍ സാഷ്ടാംഗം പ്രണമിക്കുമ്പോഴാണ്. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥനകള്‍ അധികരിപ്പിക്കുക.’
ഏതൊരു സംസാരവും സംഭാഷണമാവുന്നത് കേള്‍ക്കുന്ന ആള്‍ അതിനോട് പ്രതികരിക്കുമ്പോഴാണ്. അല്ലാഹുവുമായുള്ള നമ്മുടെ ആശയ വിനിമയം കേവലം സംസാരങ്ങളല്ല, സംഭാഷണങ്ങള്‍ കൂടിയാണ്. നമ്മുടെ വര്‍ത്തമാനങ്ങള്‍ക്ക് പ്രതികരണം ഉണ്ട്. ഈ സംഭാഷണം മുറിഞ്ഞ് പോകാതെ നിലനില്‍ക്കണം. അതിനാണ് നിത്യജീവിതത്തില്‍ അഞ്ച് നേരം നിര്‍ബന്ധമായും മുമ്പും ശേഷവും പൂര്‍വാഹ്നങ്ങളിലും രാത്രിയിലും അന്ത്യയാമങ്ങളിലും ഐഛികമായും നാം ഇത് നിര്‍വഹിക്കുന്നത്. ഇസ്‌ലാമിലെ മറ്റ് ആരാധനകള്‍ ഇത്രമേല്‍ നിത്യജീവിതവുമായി ബന്ധപ്പെട്ടതല്ല. മറ്റുള്ളവയൊക്കെയും ചില നിബന്ധനകള്‍ക്ക് വിധേയമായവരില്‍ മാത്രം പല അളവുകളില്‍ നിര്‍ബന്ധമായ കാര്യമാണ്.
അശ്ലീലതകളില്‍ നിന്നും തിന്മകളില്‍ നിന്നും മനസിനെ നിയന്ത്രിക്കാനും നന്മകള്‍ക്ക് പ്രേരകമാവാനും നമ്മുടെ നമസ്‌കാരം കാരണമാവാറുണ്ടോ എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്. വിശ്വാസി നിരന്തരമായി തന്റെ റബ്ബിനോട് സംവദിക്കുകയും ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ തിന്മകളിലേക്ക് നടക്കാന്‍ കഴിയില്ല. ചിട്ടയായി നിര്‍വഹിക്കുന്ന നമസ്‌കാരങ്ങള്‍ക്കും ആരാധന കര്‍മങ്ങള്‍ക്കും ഇടര്‍ച്ച വരുമ്പോള്‍ നാം ആശങ്കാകുലരാവണം. ഇത്തരം ആത്മീയ ബന്ധങ്ങള്‍ മുറിക്കപ്പെട്ടാല്‍ ദൈവ നിരാസത്തിലേക്കും, ലഹരിയുടെയും തിന്മയുടെയും അശ്ലീലതയുടെയും ലോകത്തേക്ക് എത്തിക്കാന്‍ എളുപ്പമാണ്. അതിനുള്ള കെണികള്‍ ഇപ്പോഴും നമുക്ക് ചുറ്റിലുമുണ്ട് എന്ന കാര്യത്തെ പറ്റി നാം ബോധവാന്മാരാവണം.

Back to Top