20 Saturday
April 2024
2024 April 20
1445 Chawwâl 11

ഹൈന്ദവ ദേവന്മാര്‍ പ്രവാചകരായിരുന്നോ?

മുഫീദ്‌


ഹൈന്ദവ വിശ്വാസികള്‍ ദൈവാവതാരങ്ങളായി കാണുന്ന ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രവാചകന്‍മാരായിരുന്നോ? ഒരു ലക്ഷത്തിലധികം പ്രവാചകന്മാര്‍ വന്നിട്ടുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഈ പ്രവാചകന്മാര്‍ എല്ലാം പ്രബോധനം ചെയ്തിരുന്നത് ഇസ്ലാമാണോ?
അബ്ദുല്‍കലാം അരീക്കോട്

മുന്നറിയിപ്പ് നല്‍കുന്നവര്‍ വന്നിട്ടില്ലാത്ത ഒരു സമൂഹവും കഴിഞ്ഞുപോയിട്ടില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത് (ഫാത്വിര്‍ 24). ഖുര്‍ആനില്‍ പരാമര്‍ശിച്ചവര്‍ക്ക് പുറമെ വേറെയും പ്രവാചകന്‍മാരെ അല്ലാഹു നിയോഗിച്ചിട്ടുമുണ്ട് (4:164). അവരെല്ലാം പ്രബോധനം ചെയ്തത് അടിസ്ഥാനപരമായി ഇസ്ലാം തന്നെയാണ്. കാലികമായ വ്യത്യാസങ്ങള്‍ പ്രായോഗിക തലത്തില്‍ ഉണ്ടായേക്കാമെന്ന് മാത്രം. വിവിധ മത സംസ്‌കാരങ്ങളില്‍ പ്രത്യക്ഷപ്പെട്ട പുണ്യവാളന്‍മാര്‍ ഈ പ്രവാചക ശൃംഖലയിലുള്ളവരായിരിക്കാം. എന്നാല്‍ അതിന് ഖണ്ഡിതമായ തെളിവ് ഖുര്‍ആനില്‍ ഇല്ല. ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞവര്‍ക്ക് മാത്രമേ പ്രവാചക സ്ഥാന ബഹുമതി കല്‍പിക്കേണ്ടതുള്ളൂ.

അന്ത്യനാളിന്റെ ഭയാനകത
വിവരിക്കുന്നതെന്തിന്?

അന്ത്യനാളിന്റെ ഭയാനകതയും നടക്കാനിരിക്കുന്ന സംഭവങ്ങളും ഖുര്‍ആനിലും ഹദീസിലും ധാരാളമായി വിവരിച്ചിട്ടുണ്ടല്ലോ. ഇതില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത്?
ഷംസീര്‍ ആലത്തിയൂര്‍

അന്ത്യനാളിന്റെ ഭയാനകത വിവരിക്കുന്ന സന്ദര്‍ഭങ്ങള്‍ ഖുര്‍ആനില്‍ ധാരാളമുണ്ട്. തക്‌വീര്‍, ഇന്‍ഫിത്വാര്‍, ഇന്‍ശിഖാഖ് തുടങ്ങിയ അധ്യായങ്ങളുടെ ആദ്യ ഭാഗം ഇത്തരം വിവരണങ്ങളാണ്. എന്നാല്‍ ഇത് മാത്രമല്ല ഖുര്‍ആനിലും ഹദീസിലും വന്നിരിക്കുന്നത്. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ്, ഘടന, നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ഖുര്‍ആനില്‍ ആവര്‍ത്തിച്ചു വിവരിക്കുന്നുണ്ട്. അതിന്റെ സ്വാഭാവികമായ ഒരു ഭാഗമാണ് പ്രപഞ്ചത്തിന്റെ അന്ത്യവും. അന്ത്യനാളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഈ തലത്തിലും പഠിക്കാവുന്നതാണ്. ഭൗതികാര്‍ജിത ശാസ്ത്ര സാങ്കേതിക മികവ് എത്രയുണ്ടായിരുന്നാലും അന്ത്യനാളിനെ അഭിമുഖീകരിക്കാന്‍ അത് മതിയാവില്ലെന്നും, ധര്‍മനിഷ്ഠയുള്ള ജീവിതം കൊണ്ട് മാത്രമേ രക്ഷയുള്ളൂ എന്നുമാണ് ഇത്തരം പരാമര്‍ശങ്ങള്‍ നല്‍കുന്ന മുഖ്യ സന്ദേശം.

ദുര്‍ഗന്ധമുള്ള വെള്ളം കൊണ്ട് വുദ്വൂവെടുക്കാമോ?
കിണറ്റിലെ വെള്ളത്തില്‍ കിടന്ന് മത്സ്യം ചാവുകയും തുടര്‍ന്ന് വെള്ളത്തിന്ന് ദുര്‍ഗന്ധമനുഭവപ്പെടുകയും ചെയ്താല്‍ ആ വെള്ളം കൊണ്ട് വുദ്വൂ എടുക്കാമോ?
ഇഹ്‌സാന്‍ അലി

കേവല അംഗശുദ്ധി മാത്രമല്ല വുദ്വൂ. നമസ്‌ക്കാരത്തിന്റ മുന്നൊരുക്കമായിട്ടാണ് ഖുര്‍ആന്‍ അത് വിവരിക്കുന്നത് (5:06). ആ നിലക്കുള്ള ആരാധനാ സ്വഭാവം പരിഗണിച്ച് കൊണ്ടാണ് വുദ്വൂവിന് നിശ്ചിത നിബന്ധനകള്‍ മതം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ പ്രധാനമാണ് വുദ്വൂവിനുള്ള വെള്ളത്തിന്റെ ശുദ്ധിയും വൃത്തിയും. കിണറിലെ മല്‍സ്യം ചത്തു എന്നത് കൊണ്ട് മാത്രം അതിലെ ജലം വുദ്വൂവിന് അയോഗ്യമാകുന്നില്ല. എന്നാല്‍ അതിന് ദുര്‍ഗന്ധമുണ്ടെങ്കില്‍ ശുദ്ധ ജലത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു എന്നാണല്ലോ അത് സൂചിപ്പിക്കുന്നത്. അതിനാല്‍ ആ വെള്ളം വുദ്വൂവിന് ഉപയോഗിക്കാവതല്ല.

വിവാഹവേളയില്‍ പാട്ട്
അനുവദനീയമോ?

നികാഹിന് ശേഷം പാട്ട് പാടുന്ന ചില വീഡിയോകള്‍ കാണുകയുണ്ടായി. ഇസ്‌ലാമിക ചരിത്രത്തില്‍ വിവാഹത്തോടനുബന്ധിച്ച് വരനെയും വധുവിനെയും അനുമോദിക്കുന്ന പാട്ടുകള്‍ പാടാറുണ്ട് എന്നാണ് അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം. ഇത് ശരിയാണോ?
അബൂ മുനവ്വിര്‍ ദമ്മാം

നബിയുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചില വിനോദ കലകള്‍ വിവാഹ സന്ദര്‍ഭങ്ങളിലും അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് ഇന്ന് കാണുന്നത് പോലെയുള്ള ഗാനമേള ആരവങ്ങള്‍ക്ക് തെളിവാകുന്നില്ല. കാതടപ്പിക്കുന്ന പാട്ടുകളും ആര്‍പ്പുവിളികളും യഥാര്‍ഥത്തില്‍ വിവാഹ സന്ദര്‍ഭങ്ങളുടെ പവിത്രതക്കും ഇസ്‌ലാമിക തനിമക്കും ചേര്‍ന്നതല്ല. ആഭാസകരമായ പാട്ടുകളാകുമ്പോള്‍ രംഗം കൂടുതല്‍ പൈശാചികമാകുന്നു. ഗായകസംഘവും വെടിക്കോപ്പുകളുമായി നടത്തുന്ന ദുരഭിമാന പ്രകടനം വിവാഹ സദസ്സിനെ മലീമസമാക്കുകയാണ് ചെയ്യുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x