ഉപയോഗയോഗ്യമല്ലാത്ത മുസ്ഹഫ് എന്തു ചെയ്യണം?
മുഫീദ്
എന്റെ വീട്ടില്‍ ഖുര്‍ആനിന്റെ പഴയ ഒരു പ്രതിയുണ്ട്. അത് ഉപയോഗ യോഗ്യമല്ലാത്ത വിധം ആയിട്ടുണ്ട്. ഇത് കരിച്ചു കളയണമെന്നാണ് ചിലര്‍ ഉപദേശിച്ചത്. പഴയ മുസ്ഹഫ് എന്തു ചെയ്യണം?
അബ്ഷര്‍ തിരൂര്‍ക്കാട്
ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. അതിന്റെ ഗ്രന്ഥരൂപമായ മുസ്ഹഫിലെ ലിഖിതങ്ങള്‍ക്കും മറ്റു എഴുത്തുകള്‍ക്കില്ലാത്ത പവിത്രതയുണ്ട്. മുസ്ഹഫിന്റെ പേജ് ചിതലരിക്കുകയോ ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുമ്പോള്‍ അത് കേവലം പേപ്പര്‍ വെയ്സ്റ്റായി കാണാന്‍ പാടില്ല. അതിന്റെ പവിത്രതയോട് ചേരുന്നത് കരിച്ചുകളയലാണ്. ഉസ്മാന്റെ(റ) കാലത്ത് ശരിയായ രൂപത്തില്‍ ക്രോഡീകരിച്ച ഖുര്‍ആന്‍ മാത്രം നിലനിര്‍ത്തി മറ്റു പ്രതികളെല്ലാം കരിച്ചു കളയാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്. ഈ സംഭവം ഉദ്ധരിച്ച് കൊണ്ട് ഇമാം അഹമദ് (റ) പറയുന്നതും ഉപയോഗയോഗ്യമല്ലാത്ത മുസ്ഹഫ് കരിച്ചുകളയാമെന്നാണ്.
മനപ്പൂര്‍വമല്ലാത്ത ചലനങ്ങള്‍
നമസ്‌കാരത്തെ ബാത്വിലാക്കുമോ?
നമസ്‌കാരത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ശാരീരിക ചലനങ്ങള്‍ (നമസ്‌കാരത്തിന്റെ ഭാഗമല്ലാത്തത്) ഉണ്ടായാല്‍ നമസ്‌കാരം ബാത്വിലാകുമെന്ന് ഒരു പ്രസംഗത്തില്‍ കേട്ടു. അങ്ങനെയുണ്ടോ? മനപ്പൂര്‍വം അല്ലാതെ നമസ്‌കാരത്തില്‍ മറ്റ് ചലനങ്ങള്‍ വന്നു പോയാല്‍ എന്തു ചെയ്യണം?
മുഹമ്മദ് റിദ്‌വാന്‍ വടകര
പൂര്‍ണ മനസ്സാന്നിധ്യത്തോടെയായിരിക്കണം നമസ്‌കാരം നിര്‍വഹിക്കേണ്ടത്. ജീവിത വിജയം ഉറപ്പ് വരുത്തിയ വിശ്വാസികളുടെ പ്രഥമ വിശേഷണമായി ഖുര്‍ആന്‍ പറയുന്നത് നമസ്‌കാരത്തിലെ ഭക്തിയാണ് (23:02) ഭക്തിക്ക് ഭംഗം വരുന്ന ഒരു ചലനവും നമസ്‌കാരത്തില്‍ പാടില്ല. അനാവശ്യമായി ശരീരം ചലിപ്പിക്കുക, വസ്ത്രം ശരിയാക്കുക, ഒരു കാലില്‍ ഊന്നി നില്‍ക്കുക തുടങ്ങിയവയെല്ലാം നമസ്‌കാരത്തില്‍ അശ്രദ്ധയുടെ അടയാളമാണ്. എന്നാല്‍ അനിവാര്യ ഘട്ടങ്ങളില്‍ ആവശ്യമായത് ചെയ്യുന്നതിന് വിരോധമില്ല. മറ്റു സംസാരങ്ങളില്ലാതെ വളരെ ചെറിയ സമയമെടുത്തുള്ള കാര്യങ്ങള്‍ മാത്രം. നബി(സ) പേരമകള്‍ ഉമാമയെ എടുത്ത് നമസ്‌കരിച്ചിരുന്നു എന്ന് ഇമാം ബുഖാരി രേഖപ്പെടുത്തുന്നുണ്ട് (5996). കുഞ്ഞുങ്ങളെ നോക്കാന്‍ മറ്റാരുമില്ലെങ്കില്‍ ഇങ്ങനെ നമസ്‌കരിക്കാം. നബി നമസ്‌കരിച്ചുകൊണ്ടിരിക്കെ പത്‌നി ആഇശ(റ) വന്നപ്പോള്‍ വാതില്‍ തുറന്ന് കൊടുത്തു എന്നും ഹദീസുകളില്‍ കാണാം. (അബുദാവൂദ്) കൈ നീട്ടിയാല്‍ എത്തുന്ന അകലത്തിലുള്ള വാതില്‍ തുറന്നു കൊടുത്തുവെന്നേ ഇത് അര്‍ഥമാക്കുന്നുള്ളൂ. കോളിംഗ് ബെല്‍ കേട്ട് വീടിന്റെ ഒന്നാം നിലയില്‍ നമസ്‌കരിക്കുന്ന വ്യക്തി ഇറങ്ങിവന്ന് ആഗതന് വാതില്‍ തുറന്ന് കൊടുക്കാം എന്ന അര്‍ഥ കല്‍പ്പന ഈ ഹദീസിന് ഇല്ല. മൂന്ന് അനക്കം എന്നത് ഹദീസുകളില്‍ വന്ന പരാമര്‍ശമല്ല. കര്‍മശാസ്ത്ര പണ്ഡിതന്‍മാരുടെ അഭിപ്രായമാണ്. നമസ്‌കാരത്തില്‍ ബോധപൂര്‍വമല്ലാതെ സംഭവിക്കുന്ന ചലനങ്ങള്‍ തെറ്റാവുന്നില്ല. അതിന് പരിഹാര ക്രിയകളൊന്നും വേണ്ടതില്ല.
അവിഹിത ബന്ധത്തില്‍
ജനിച്ച കുട്ടിയുടെ മതവിധി?
ഒരു മുസ്ലിം യുവാവ് നികാഹിന് മുമ്പ് ഒരു യുവതിയുമായി ശാരീരികബന്ധം പുലര്‍ത്തുകയും അവള്‍ ഗര്‍ഭിണിയാവുകയും ചെയ്തു. ശേഷം നികാഹ് കഴിച്ചു അവരെ ഭാര്യയായി സീകരിച്ചു. അതില്‍ ഉണ്ടായ കുട്ടിയെ മകന്റെ ഭാര്യയായി വിവാഹം ചെയ്തു കൊടുക്കാന്‍ പറ്റുമോ? എന്താണ് ആ കുട്ടിയുടെ ഇസ്ലാമിക വിധി?
അബ്ദുല്‍കരീം വാടാനപ്പള്ളി
മതം അനുവദിച്ചിരിക്കുന്ന ലൈംഗികത ശരീഅത്ത് അനുസരിച്ചുളള വിവാഹ ജീവിതത്തില്‍ മാത്രമാണ്. വിവാഹപൂര്‍വ വിവാഹേതര ബന്ധങ്ങള്‍ വ്യഭിചാരം തന്നെയാണ്. ഇവിടെ പരാമര്‍ശിച്ച വ്യക്തികള്‍ക്ക് പിന്നീട് കുറ്റബോധമുണ്ടാകുകയും തൗബ നടത്തുകയും ചെയ്തു എന്നാണ് മനസ്സിലാകുന്നത്. അത് അല്ലാഹു സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം. ആ പാപം മായ്ച്ചു കളയാന്‍ തുടര്‍ ജീവിതത്തില്‍ അവര്‍ കൂടുതല്‍ പുണ്യം ചെയ്യേണ്ടതാണ്. ഈ കുട്ടിയെ അയാളുടെ മകന് വിവാഹം കഴിക്കാന്‍ പാടില്ല. ഇരുവരും സഹോദര സഹോദരിമാരാണ്. അവര്‍ക്കിടയിലെ വിവാഹം വിലക്കപ്പെട്ടതുമാണ് (ഖുര്‍ആന്‍ 4 :23). അവിഹിത ബന്ധത്തില്‍ ജനിച്ച വ്യക്തിക്ക് പ്രത്യേക മതവിധികളൊന്നുമില്ല. ഈമാനും പുണ്യവുമായി അയാള്‍ക്ക് മുസ്ലിമായി ജീവിക്കാം. മാതാപിതാക്കളുടെ തെറ്റിന് അയാള്‍ ഉത്തരവാദിയല്ല. എന്നാല്‍ മാതാപിതാക്കളുടെ പഴയ കാല കഥകള്‍ ഈ കുട്ടി ഒരിക്കലും അറിയാന്‍ ഇടവരരുത്.