9 Sunday
May 2021
2021 May 9
1442 Ramadân 26

സ്വാമി അഗ്നിവേശ് മതേതരത്വത്തിന്റെ കാവലാളായിരുന്ന പോരാളി

മുജീബ് കോക്കൂര്‍

സ്വാമി അഗ്നിവേശിന്റെ വേര്‍പാട് വലിയ നഷ്ടമാണ്. മാനവികതയുടെ ഓരോ പ്രതീക്ഷകള്‍ അസ്തമിക്കുമ്പോഴും നമുക്ക് സങ്കടം വരും. കേരളത്തെയും കേരളീയരെയും അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. കേരളത്തിലെ ജനങ്ങളുടെ സാക്ഷരത, സ്വാതന്ത്ര്യബോധം, നവോത്ഥാന ചിന്ത, മതസമുദായങ്ങള്‍ക്കിടയിലെ സൗഹൃദം എന്നിവ അദ്ദേഹത്തില്‍ വലിയ മതിപ്പുളവാക്കിയ കാര്യങ്ങളാണ്.
മധ്യകേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ പി പി ഖാലിദ് സാഹിബിന്റെയോ എന്റെയോ സ്വീകരണമോ സല്‍ക്കാരമോ കൂടാ തെ അദ്ദേഹം പോകാറില്ല. വിഭവങ്ങളൊരുക്കുന്നതില്‍ ഖാലിദ് സാഹിബിന്റെ വീട്ടുകാര്‍ ഒരു പടി മുന്നിലാണ്. രണ്ടിലൊരു വീട്ടിലായിരിക്കും സ്വാമിക്ക് ആഹാരവും വിശ്രമവും.
പ്രശസ്തനാണെന്ന തലക്കനം ലവലേശമില്ലാത്ത പെരുമാറ്റം. ഇത്രയും വിനയമുള്ള ആളുകള്‍ അപൂര്‍വമാണ്. കുഞ്ഞുങ്ങളോ ടൊക്കെയുള്ള വാത്സല്യം ക ണ്ടാല്‍ നമ്മള്‍ അതിശയിക്കും. ഓരോരുത്തരെയും പ്രത്യേകം പരിഗണിച്ച് അവര്‍ക്കോരോരുത്തര്‍ക്കും കൈകൊടുത്ത് സലാം പറഞ്ഞ് മലയാളം പോലെ ഹിന്ദിയില്‍ അവരുമായി കുശലം നടത്തുന്നത് കൗതുകകരമായ കാഴ്ചയാണ്. കുഞ്ഞുങ്ങളുമായി ചേര്‍ന്ന് ഫോട്ടോകള്‍ എടുക്കും. തിരിച്ചു നാട്ടിലേക്ക് പോയാല്‍ സ്വാമി ഫോണില്‍ വിളിക്കും, എന്നിട്ട് വീട്ടുകാരുമായും കുട്ടികളുമായും സംസാരിക്കും, പരിചയം പുതുക്കും.
എല്ലാ വിഭാഗം ആളുകളും ഒരുമിച്ചിരുന്ന് ആഹരിക്കുന്ന നമ്മുടെ രീതി അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. വളരെ കുറച്ചേ അദ്ദേഹം കഴിക്കൂ. അതും വളരെ സാവകാശം. എല്ലാ വിഭവങ്ങളും രുചിക്കുകയും വീട്ടുകാരികളെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്യും. സസ്യാഹാരിയായതിനാല്‍ അദ്ദേഹമുള്ള ദിവസങ്ങളില്‍ ഞങ്ങളും പ്യുവര്‍ സസ്യാഹാരികളായിരിക്കും.
2012-ല്‍ ചങ്ങരംകുളത്ത് ജനാരോഗ്യ പ്രസ്ഥാനത്തിന്റെ ബാനറില്‍ കീടനാശിനികള്‍ക്കും രാസമരുന്നുകള്‍ക്കുമെതിരെ നാലുദിവസങ്ങളിലായി സംസ്ഥാനാടിസ്ഥാനത്തില്‍ നടന്ന മൗന ഉപവാസത്തോടനുബന്ധിച്ചാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. മദ്യവിരുദ്ധ പോരാട്ടങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായ വി എം സുധീരന് പുരസ്‌കാരം നല്‍കാന്‍ അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് ചങ്ങരംകുളത്ത് പറന്നുവന്നു.
ഖാലിദ് സാഹിബും കുടുംബവും ഒരിക്കല്‍ യാത്രാമധ്യേ ഡല്‍ഹിയില്‍ എത്തി. സ്വാമിയുടെ നിര്‍ബന്ധ പ്രകാരം അവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. സ്വാമിക്ക് ഏറെ തിരക്കുള്ള ദിവസമായിരുന്നു അന്ന്. ട്രാഫിക് ബ്ലോക്ക് കാരണം പറഞ്ഞതിലും ഒരു മണിക്കൂര്‍ കഴിഞ്ഞേ അദ്ദേഹത്തിന്റെ വസതിയില്‍ എത്താനായുള്ളൂ. അവിടെ അപ്പോള്‍ വിദേശ ചാനലുകാര്‍ ഉള്‍പ്പടെ, സ്വാമിയുമായി അഭിമുഖം നടത്താന്‍ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, ആ തിരക്കുകള്‍ക്കിടയിലും അദ്ദേഹം അവരെ ഊഷ്മളമായി സ്വീകരിച്ചു, ഒന്നിച്ച് ഭക്ഷണം കഴിച്ചു. അവരെ യാത്രയാക്കിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളുടെ മുന്നിലേക്ക് പോയത്. പോരുന്ന സമയത്ത് ഖാലിദ് സാഹിബിന്റെ മക്കളെ ചേര്‍ത്തുപിടിച്ച് സദുപദേശം നല്‍കിയാണ് യാത്രയാക്കിയത്.
കേരളത്തില്‍ വന്നാല്‍ അദ്ദേഹത്തിനൊപ്പം മിക്കപ്പോഴും ഡോ. ജേക്കബ് വടക്കഞ്ചേരിയും ഉണ്ടാകും. അലോപ്പതി മരുന്ന് ചികിത്സയുടെ ചൂഷണങ്ങള്‍ക്കും, ചികിത്സയുടെ മറവിലുള്ള അന്യായങ്ങള്‍ക്കുമെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തുമായിരുന്നു. ഏതെങ്കിലും ഒരു ചികിത്സ മാത്രം അടിച്ചേല്‍പ്പിക്കുന്നതിനു പകരം എല്ലാ ചികിത്സകളെയും ജനങ്ങള്‍ക്ക് ഉപയുക്തമാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ജനാരോഗ്യ പ്രസ്ഥാനങ്ങളോടൊപ്പം ചേര്‍ന്ന് തനത് ചികിത്സകളെ വളര്‍ത്തിക്കൊണ്ട് വരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
എടരിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ അദ്ദേഹം വിശിഷ്ടാതിഥിയായിരുന്നു. ഇസ്‌ലാമിനെ അടുത്തറിഞ്ഞ വ്യക്തിയാണ് അദ്ദേഹം. ഇസ്‌ലാമിലെ കണിശമായ ഏകദൈവവിശ്വാസം, മാനവികത, സമഭാവന എന്നിവയെപ്പറ്റി അദ്ദേഹം പ്രശംസിച്ചുസംസാരിക്കുന്നത് എപ്പോഴും കേള്‍ക്കാം. പ്രഭാഷണങ്ങള്‍ ലളിതവും സുന്ദരവുമായിരുന്നു. ആര്‍ക്കും ഗ്രഹിക്കാവുന്ന ഭാഷ. ശാന്തമായി ഒഴുകുന്ന പുഴ പോലെ.
മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം കേരളത്തില്‍ ഉടനീളം സഞ്ചരിച്ചു. മദ്യനിരോധനമാണ് മദ്യവര്‍ജനത്തിലേക്കുള്ള ഏറ്റവും നല്ല വഴി എന്ന് അദ്ദേഹം ജനങ്ങളെയും ഭരണാധികാരികളെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കേരളം മദ്യത്തിന്റെയും ലഹരിയുടെയും ഹബ്ബായതില്‍ അദ്ദേഹം ദുഖിച്ചു. രണ്ടുകൊല്ലം മുന്‍പ് മദ്യ നിരോധനാവശ്യം ഉന്നയിച്ചു കൊണ്ട് അദ്ദേഹം ഒരു കേരള പദയാത്ര നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തൊട്ട്പുറകില്‍ പ്രളയം വന്നതുകൊണ്ട് അത് സാധിച്ചില്ല. അടുത്ത കൊല്ലം നടത്താമെന്ന് ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
പരന്ന വിജ്ഞാനത്തോടൊപ്പം കൂര്‍മ്മബുദ്ധിയും അഗാധമായ ഉള്‍ക്കാഴ്ച്ചയും ഉള്ള വ്യക്തിയായിരുന്നു സ്വാമി. ഇന്ത്യയുടെ പുതിയ രൗദ്രഭാവങ്ങളെ കാഷായവസ്ത്രംകൊണ്ട് നേരിടുക എന്നത് അത്ര എളുപ്പമല്ല എന്ന് അദ്ദേഹത്തിന്ന് അറിയാമായിരുന്നു. അതിന്റേതായ എല്ലാ തിക്താനുഭവങ്ങളും അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ട്. ഗാന്ധിജിക്കേറ്റ പീഡനങ്ങളുമായി ഒരു സാദൃശ്യമുണ്ടതിന്. എന്നാലതൊന്നും ഒരു ആധിയായി അദ്ദേഹത്തെ സ്വാധീനിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തില്‍ ശുഭപ്രതീക്ഷയുണ്ടായിരുന്നു.
ആധ്യാത്മിക തീജ്വാലയുടെ ശാന്തവും സൗമ്യവുമായ ഭാവമായിരുന്നു സ്വാമി. പ്രതിച്ഛായയുടെയും പ്രചാരണകോലാഹലങ്ങളുടെയും പിന്നാലെ പോകാത്ത ആളായതു കൊണ്ട് അദ്ദേഹത്തിന്റെ ബഹുമുഖമായ വ്യക്തിപ്രഭാവങ്ങള്‍ ഇനിയും അനാവരണം ചെയ്യപ്പെടാനിരിക്കുന്നേയുള്ളൂ.

ജീവിതരേഖ
1939-ല്‍ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍ചമ്പ ജില്ലയിലെ ബ്രാഹ്മണ കുടുംബത്തിലാണ് സ്വാമി അഗ്‌നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. 1963 മുതല്‍ 1968 വരെ കൊല്‍ക്കത്തയിലെ സെന്റ് സേവ്യര്‍ കോളജില്‍ ബിസിനസ് മാനേജ്‌മെന്റില്‍ അധ്യാപകനായിരുന്നു. പിന്നിട് തന്റെ പേരും ജാതിയും മതവും കുടുംബവും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുകയായിരുന്നു. ആര്യ സമാജത്തിലൂടെയായിരുന്നു സന്യാസത്തിലേക്കെത്തുന്നത്. ഹരിയാനയാണ് പ്രവര്‍ത്തന മണ്ഡലമായി തിരഞ്ഞെടുത്തത്. അടിമവേലയ്‌ക്കെതിരെ ‘ബന്ദുവാ മുക്തി മോര്‍ച്ച’ രൂപീകരിച്ചാണ് പൊതുജീവിതത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് സജീവ രാഷ്ട്രീയത്തിലും പ്രവേശിച്ചു. 1970-ല്‍ ആര്യസഭ എന്ന രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം 1977-ല്‍ ഹരിയാന നിയമസഭയിലെത്തി. അടിമവേലയ്‌ക്കെതിരെ പ്രതിഷേധിച്ച തൊഴിലാളികള്‍ക്കു നേരെ പോലീസ് വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് നിയമസഭാംഗത്വം രാജിവെച്ചു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ക്രമേണ പിന്‍വാങ്ങി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2010-ല്‍ മാവോയിസ്റ്റ് നേതൃത്വവുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യു പി എ സര്‍ക്കാര്‍ നിയോഗിച്ചത് സ്വാമി അഗ്നിവേശിനെയായിരുന്നു. തുടര്‍ന്ന് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും പിന്നീട് പിരിയുകയും ചെയ്തു. 2014-ല്‍ ആര്യസമാജിന്റെ വേള്‍ഡ് കൗണ്‍സില്‍ പ്രസിഡന്റായി. അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ വലിയ എതിര്‍പ്പുയര്‍ത്തി. 2018-ല്‍ ഝാര്‍ഖണ്ഡില്‍ വച്ച് യുവമോര്‍ച്ചയുടെ കൈയേറ്റത്തിനു ഇരയായി.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളിലും ജാതിവിരുദ്ധസമരങ്ങളിലും മുന്നിട്ടിറങ്ങി. മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരായണത്തിനുമുള്ള അവകാശത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായി. എന്‍ ആര്‍ സി പൗരത്വ പ്രക്ഷോഭങ്ങളി ല്‍ സ്വാമി സജീവമായി പങ്കുകൊണ്ടിട്ടുണ്ട്. 2014-ല്‍ എടരിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x