16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

മുജാഹിദുകള്‍ കലിമതുത്തൗഹീദിനെ എതിര്‍ക്കുന്നവരോ?

പി കെ മൊയ്തീന്‍ സുല്ലമി


മുജാഹിദുകള്‍ ലാലഇലാഹ ഇല്ലല്ലാഹ് എന്ന കലിമതുത്തൗഹീദിന് വിരുദ്ധരാണ്, അവര്‍ നബി(സ)യെ സാധാരണ മനുഷ്യനാക്കുന്നവരാണ്, പ്രാര്‍ഥനയില്ലാത്തവരാണ്, അന്‍ബിയാ ഔലിയാക്കന്മാരുടെ മുഅ്്ജിസത്തുകളെയും കറാമത്തുകളെയും നിഷേധിക്കുന്നവരാണ്, സുന്നികളെ കാഫിറുകളും മുശ്‌രിക്കുകളുമാക്കുന്നവരാണ് എന്നിങ്ങനെ നിരവധി ആക്ഷേപങ്ങള്‍ യാഥാസ്ഥിതികര്‍ ഉന്നയിക്കാറുണ്ട്. മുജാഹിദുകള്‍ മുമ്പത്തെ നിലപാടുകളില്‍ മാറ്റം വരുത്തിയിരിക്കുന്നു എന്നതാണ് പുതിയ ആക്ഷേപം. തറാവീഹ്, ഖുനൂത്ത്, മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നമസ്‌കാരം, നമസ്‌കാരത്തിലെ കൈകെട്ടല്‍ തുടങ്ങി പല കാര്യങ്ങളിലും മുജാഹിദുകള്‍ മാറ്റം വരുത്തിയെന്നാണ് സമസ്തക്കാരുടെ പുതിയ ആരോപണം.
സമസ്തക്കാര്‍ മുമ്പേ പറഞ്ഞുവരുന്ന ആരോപണങ്ങള്‍ ശരിയായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിലൊരു ആക്ഷേപം മുജാഹിദുകള്‍ ലാഇലാഹ ഇല്ലാല്ലാഹ് എന്ന കലിമതുത്തൗഹീദിനെ എതിര്‍ക്കുന്നവരാണ് എന്നതാണല്ലോ. അതിന്റെ കാരണം പരിശോധിക്കാം: സമസ്തക്കാര്‍ മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ശഹാദത്ത് കലിമ ഉച്ചത്തില്‍ ചൊല്ലാറുണ്ട്. ഇത് നബിചര്യക്ക് വിരുദ്ധമാണെന്ന് മുജാഹിദുകള്‍ വിമര്‍ശിക്കാറുണ്ട്.
സമസ്തക്കാര്‍ രണ്ടാം ശാഫിഈ എന്നു വിളിക്കുന്ന ഇമാം നവവി(റ)യും ഈ ചര്യയെ വിമര്‍ശിക്കുന്നുണ്ട്. ”നിങ്ങള്‍ മനസ്സിലാക്കണം. മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ നിശ്ശബ്ദത പാലിക്കുകയെന്നതാണ് ഏറ്റവും ശരിയായതും മുന്‍ഗാമികള്‍ അനുഷ്ഠിച്ചു പോന്നിട്ടുള്ള ചര്യയും. ദിക്ര്‍ ചൊല്ലിയൊ ഖുര്‍ആന്‍ ഓതിയോ ശബ്ദം ഉയര്‍ത്താന്‍ പാടില്ല. ഇതാകുന്നു യഥാര്‍ഥം. ഈ (സുന്നത്താകുന്ന) സത്യത്തെ എതിര്‍ക്കുന്ന ഭൂരിപക്ഷത്തില്‍ നീ ഒരിക്കലും വഞ്ചിതനായിപ്പോകരുത്.” (അദ്്കാര്‍, പേജ് 136)
മറ്റൊരു ഇമാമായ ഹൈതമി പറയുന്നു: ”മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ആവശ്യമില്ലാത്ത സംസാരം വിരോധിക്കപ്പെട്ടതാകുന്നു. അഥവാ ദിക്‌റു ചൊല്ലിയോ ഖുര്‍ആന്‍ ഓതിയോ ശബ്ദമുണ്ടാക്കിയാലും ശരി. സ്വഹാബികള്‍ അപ്രകാരം ചെയ്യുന്നതിനെ വെറുത്തിരുന്നതായി (ഇമാം) ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്.” (തുഹ്ഫ 3:187)
മറ്റൊരു ആരോപണം മുജാഹിദുകള്‍ നബി(സ)യെ സാധാരണ മനുഷ്യനാക്കി എന്നതാണ്. നബി(സ)യെ മനുഷ്യനാക്കിയത് മുജാഹിദുകളല്ല. മറിച്ച് അല്ലാഹുവാണ്. അല്ലാഹു പറയുന്നു: ”നബിയേ, പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു.” (അല്‍കഹ്ഫ് 110)
സൂറത്തു ഫുസ്സ്വിലത്ത് 6-ാം വചനത്തിലും ഇപ്രകാരം കാണാം. ഇതിന് സുന്നി പണ്ഡിതന്മാര്‍ നല്‍കിയ വ്യാഖ്യാനങ്ങളും അപ്രകാരം തന്നെയാണ്. കോഴിക്കോട് വലിയ ഖാദി ഇമ്പിച്ചിക്കോയ തങ്ങള്‍ എഴുതുന്നു: ”നബിയേ പറയുക: നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു.” (അല്‍കഹ്ഫ് 110, അല്‍ബയാന്‍ പേജ് 407)
അബ്ദുറഹ്മാന്‍ മഖ്ദൂമി പൊന്നാനി എഴുതുന്നു: ”താങ്കള്‍ പറയുക: തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്.” (ഫത്ഹുല്‍ അലീം, 2:648)
ടി കെ അബ്ദുല്ല മുസ്‌ലിയാര്‍ പരിഭാഷപ്പെടുത്തുന്നു: ”പറയുക: തീര്‍ച്ചയായും ഞാന്‍ നിങ്ങളെ പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്.” (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേ: 308)
അല്ലാഹു നബി(സ)യെ ‘നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍’ എന്നു പറഞ്ഞത് നബിയുടെ ഭൗതിക പ്രകൃതിയെ സംബന്ധിച്ച് മാത്രമാണ് എന്നാണ് മുജാഹിദുകള്‍ മനസ്സിലാക്കുന്നത്. അതേസമയം നുബുവ്വത്തിന്റെ ഭാഗമായി ചില പ്രത്യേകതകള്‍ അദ്ദേഹത്തിനുണ്ട്. നുബുവ്വത്ത്, വഹ്‌യ്, വേദഗ്രന്ഥം, മുഅ്്ജിസത്ത്, ഇസ്വ്മത്ത്, തഖ്‌വ, അവസാനത്തെ പ്രവാചകന്‍ എന്നിവയാണവ. സമസ്തക്കാര്‍ അന്‍ബിയാക്കന്മാരെക്കാള്‍ ശ്രേഷ്ഠര്‍ ഔലിയാക്കളാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ്. മുഹ്‌യുദ്ദീന്‍മാല പോലുള്ള കവിതകള്‍ക്ക് ഖുര്‍ആനിനു തുല്യമോ ഉപരിയായോ സ്ഥാനം നല്‍കുകയും പ്രാമാണികത കല്‍പിക്കുകയും ചെയ്യുന്നു.
മുജാഹിദുകള്‍ അന്‍ബിയാക്കളുടെ മുഅ്ജിസത്തുകളെയും ഔലിയാക്കളുടെ കറാമത്തുകളെയും നിഷേധിക്കുന്നവരാണ് എന്നതാണ് മറ്റൊരു ആരോപണം. ഇത് ശുദ്ധ അസംബന്ധമാണ്. മുജാഹിദുകള്‍ എതിര്‍ക്കുന്നത് നമസ്‌കരിക്കാത്തവരുടെ കറാമത്തിനെയാണ്. അപ്രകാരം എതിര്‍ത്തത് മുജാഹിദുകള്‍ മാത്രമല്ല, സുന്നീ പ്രബോധകന്മാരും എതിര്‍ത്തിട്ടുണ്ട്. സെയ്ദ് മുഹമ്മദ് നിസാമി സി എം മടവൂരിനെക്കുറിച്ച് രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”നമസ്‌കരിക്കാത്ത സി എമ്മിനെ നമസ്‌കരിക്കുന്ന ചില അജ്ഞാനികളായ ആളുകള്‍ പിന്തുടര്‍ന്ന് നടക്കുന്നതും നമസ്‌കാരം ഉപേക്ഷിക്കുന്നതും കണ്ടപ്പോള്‍ മനപ്രയാസം തോന്നി.” (സൂഫികളുടെ പാത, പേജ് 63)
ഇത്തരക്കാരുടെ ദര്‍ഗ സന്ദര്‍ശിച്ചാല്‍ ഹജ്ജിന്റെ പുണ്യം ലഭിക്കുമത്രെ! ഒരു ഉദ്ധരണി ശ്രദ്ധിക്കുക: ”നിസാമുദ്ദീന്റെ മരണശേഷം അദ്ദേഹത്തിന്റെ മഖ്ബറ സന്ദര്‍ശിച്ചപ്പോള്‍ അബ്ദുല്‍ഫത്താഹ് പറഞ്ഞു: ഹജ്ജിനുള്ള പ്രതിഫലം ഈ തീര്‍ഥാടനത്തിന് കിട്ടും.” (സൂഫിക്കഥകള്‍, പേജ്: 16, പൂങ്കാവനം ബുക്സ്)
അന്‍ബിയാ ഔലിയാക്കള്‍ അദൃശ്യകാര്യങ്ങള്‍ അറിയും, അവര്‍ നമസ്‌കരിക്കുന്നതും മറ്റും നാം കാണുകയില്ല എന്നതുപോലുള്ള അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനെയാണ് മുജാഹിദുകള്‍ എതിര്‍ക്കുന്നത്. അന്‍ബിയാക്കളുടെ മുഅ്്ജിസത്തുകളെയോ യഥാര്‍ഥ ഭക്തന്മാരിലുടെ അല്ലാഹു വെളിപ്പെടുത്തുന്ന കറാമത്തുകളെയോ (ആദരവ്) മുജാഹിദുകള്‍ എതിര്‍ക്കുന്നില്ല. അവയെല്ലാം ഖുര്‍ആന്‍ കൊണ്ടും ഹദീസുകൊണ്ടും സ്ഥിരപ്പെട്ടവയാണ്.
ഖുനൂത്ത്, തറാവീഹ്, മറഞ്ഞ മയ്യിത്തിനുവേണ്ടിയുള്ള നമസ്‌കാരം തുടങ്ങി പല കാര്യങ്ങളിലും മുജാഹിദുകള്‍ നിലപാടുകള്‍ മാറ്റി എന്നതാണ് മറ്റൊരു ആരോപണം.
ഖുര്‍ആനും സുന്നത്തുമാണ് മതാനുഷ്ഠാനങ്ങളുടെ ആധികാരികത നിശ്ചയിക്കുന്നത്. കര്‍മശാസ്ത്രപരമായ അഭിപ്രായ വൈവിധ്യത്തിന് പ്രസ്ഥാനം എതിരല്ല. മദ്ഹബ് ഇമാമുമാര്‍ക്കിടയില്‍ ഒന്നിലധികം വീക്ഷണങ്ങള്‍ പല കാര്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. അവയില്‍ ഖുര്‍ആനിനോടും സ്വഹീഹായ ഹദീസിനോടും കൂടുതല്‍ പൊരുത്തപ്പെടുന്നതാണ് മുജാഹിദുകള്‍ സ്വീകരിച്ചുവരുന്നത്. അതോടൊപ്പം മറ്റു അഭിപ്രായങ്ങളോടു അസഹിഷ്ണുത കാണിക്കുന്ന സമീപനവും നമുക്കില്ല.
ഖുനൂത്തിന്റെ ഹദീസ് ഇപ്രകാരമാണ്: അനസ്(റ) പറയുന്നു: സുബ്ഹി നമസ്‌കാരത്തില്‍ നബി(സ) ദുനിയാവുമായി വേര്‍പിരിയുന്നതുവരെ ഖുനൂത്ത് ഓതിക്കൊണ്ടേയിരുന്നു.” (ദാറഖ്്ത്വുനി, ബൈഹഖി).
ഈ ഹദീസിന്റെ പരമ്പരയിലുള്ള അബൂജഅ്ഫര്‍ എന്ന വ്യക്തി വിശ്വസ്തനല്ല എന്ന് ഇബ്‌നുഹജര്‍ (റ) രേഖപ്പെടുത്തിയിട്ടുണ്ട്. (തഹ്ദീബുത്തഹ്്ദീബ് 12:57)
ഇദ്ദേഹം അസ്വീകാര്യമായ ഹദീസുകള്‍ ഉദ്ധരിക്കുന്നയാളാണ്. (ദാറഖ്ത്വുനി 2:39)
ഇദ്ദേഹം അസ്വീകാര്യമായ ഹദീസുകള്‍ പ്രസിദ്ധരില്‍ നിന്നും ഉദ്ധരിക്കുന്ന വ്യക്തിയാണ് (ബൈഹഖി)
നബി(സ)യോ നാല് ഖലീഫമാരോ സുബ്ഹിയില്‍ ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. അബൂമാലിക്കുല്‍ അശ്ജഇ(റ) തന്റെ പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു: ഞാന്‍ നബി(സ)യുടെ പിന്നില്‍ (സുബ്്ഹി) നമസ്‌കരിച്ചിട്ടുണ്ട്. അവിടുന്ന് ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. അബൂബക്കറിന്റെ പിന്നില്‍ നമസ്‌കരിച്ചിട്ടുണ്ട് അദ്ദേഹവും ഖുനൂത്ത് ഓതിയിട്ടില്ല. ഉമറിന്റെ പിന്നില്‍ നമസ്‌കരിച്ചിട്ടുണ്ട്. അദ്ദേഹവും ഖുനൂത്ത് ഓതിയിട്ടില്ല. അലിയുടെ പിന്നില്‍ നമസ്‌കരിച്ചിട്ടുണ്ട്. അദ്ദേഹവും ഖുനൂത്ത് ഓതിയിട്ടില്ല. അനന്തരം അദ്ദേഹം പറഞ്ഞു: കുഞ്ഞുമകനേ, തീര്‍ച്ചയായും അത് ബിദ്അത്താണ്.” (നസാഈ)
ഇദ്ദേഹത്തില്‍ നിന്നുതന്നെയുള്ള മറ്റൊരു ഹദീസ് ശ്രദ്ധിക്കുക: ”ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു: താങ്കള്‍ അല്ലാഹുവിന്റെ റസൂല്‍, അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവരുടെ പിന്നില്‍ അഞ്ചു വര്‍ഷത്തോളം ഈ കൂഫയില്‍ വെച്ചു നമസ്‌കരിച്ചിട്ടുണ്ടല്ലോ. അവരില്‍ ആരെങ്കിലും സ്വുബ്്ഹി നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതിയിരുന്നോ? അദ്ദേഹം പറഞ്ഞു: കുഞ്ഞുമകനേ അത് പുതുതായി ഉണ്ടാക്കപ്പെട്ടതാണ്.” (തിര്‍മിദി, ഇബ്‌നുമാജ, നസാഈ)
ഈ ഹദീസ് സ്വഹീഹാണെന്ന് ഇമാം തിര്‍മിദി പ്രസ്താവിച്ചിട്ടുണ്ട്. സ്വുബ്്ഹിയിലെ ഖുനൂത്ത് ഓതുന്നതും വിത്്‌റിലെ ഖുനൂത്ത് ഓതുന്നതും ഒരേ തെളിവിനെ അടിസ്ഥാനപ്പെടുത്തിയാണ്. വിത്്റിലെ ഖുനൂത്തിനെ സംബന്ധിച്ച് വന്ന ഹദീസുകള്‍ ദുര്‍ബലങ്ങളാണെന്ന് ഇമാം ശൗകാനി (നൈലുല്‍ ഔത്വാര്‍ 3:50), ഇബ്നുല്‍ഖയ്യിം (സാദുല്‍മആദ് 1:334), ഇബ്‌നു ഖുസൈമ (സ്വഹീഹ് 2:153), ഇമാം മാലിക് (മുവത്വ 1:159), ഇമാം സ്വന്‍ആനി (സുബുലുസ്സലാം 1:359) എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിത്്റിലെ ഖുനൂത്ത് ബിദ്്അത്താണെന്ന് സ്വഹാബികളില്‍ നിന്നും താഊസ് വഴി ശൗകാനിയും (നൈലുല്‍ ഔത്വാര്‍ 3:51) ഇമാം നവവി ഇബ്‌നു ഉമറില്‍ നിന്നും (ശറഹുല്‍ മുഹദ്ദബ് 4:24) രേഖപ്പെടുത്തിയിട്ടുണ്ട്.
തറാവീഹ് 20 റക്അത്തും വിത്‌റുമെന്നത് ഇമാമുകള്‍ തന്നെ അങ്ങേയറ്റം ദുര്‍ബലങ്ങളായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹൈതമിയും (ഫതാവല്‍ കുബ്‌റാ 1:194) ജലാലുദ്ദീനുസ്സുയൂഥിയും (അല്‍ഹാവീലില്‍ ഫതാവാ 2:75) ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. തറാവീഹ് 11 റക്്അത്താണെന്ന് ഇവര്‍ രണ്ട് പേരും രേഖപ്പെടുത്തിയിട്ടുണ്ട്.
തറാവീഹ് 20 റക്അത്താണെന്ന റിപ്പോര്‍ട്ട് ദുര്‍ബലമാണെന്ന് ഇബ്‌നുഹജറും (ഫത്ഹുല്‍ബാരി 4:205) ഉമറിന്റെ (റ) കാലത്ത് 23 നമസ്‌കരിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് ദുര്‍ബലമാണെന്ന് ഇമാം നവവിയും (ശറഹുല്‍ മുഹദ്ദബ് 4:33) രേഖപ്പെടുത്തിയിട്ടുണ്ട്.
മറഞ്ഞ മയ്യിത്തിന്റെ മേല്‍ നമസ്‌കരിക്കുന്നവരും അല്ലാത്തവരും മുജാഹിദുകളിലുണ്ട്. രണ്ടു വിഭാഗവും അവര്‍ക്കു ലഭിച്ചിട്ടുള്ള പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അപ്രകാരം ചെയ്തുപോരുന്നത്. ആ വിഷയത്തില്‍ ഇന്നേവരെ യാതൊരു വിധ തര്‍ക്കവും മുജാഹിദുകള്‍ക്കിടയിലില്ല.
പ്രാര്‍ഥനകള്‍ക്കും മുജാഹിദുകള്‍ എതിരല്ല. യാഥാസ്ഥിതികര്‍ നിര്‍മ്മിച്ചുണ്ടാക്കിയ കുറെ പ്രാര്‍ഥനകളുണ്ട്. അത് പണത്തിന്റെ തോതതനുസരിച്ച് സ്ഥാനത്തും അസ്ഥാനത്തും നടത്തിക്കൊണ്ടിരിക്കുന്നു. നബി(സ) പറയുന്നു: ”പ്രാര്‍ഥനയില്‍ പരിധിവിടുന്ന ഒരു വിഭാഗം ജനങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടായിത്തീരും.” (അഹ്്മദ്, നസാഈ, അബൂദാവൂദ്)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x