7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

മുജാഹിദ് പ്രസ്ഥാനത്തിന് ആഗോള സലഫിസവുമായി ബന്ധമുണ്ടോ?

ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍


സലഫിസം തീവ്രവാദത്തെയും ഭീകരവാദത്തെയും പിന്തുണക്കുന്നു എന്ന പഴയ ആരോപണങ്ങളെ വീണ്ടും മാധ്യമശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ ഉപരിതലത്തില്‍ മാത്രം കാണാനാണ് പലരും ശ്രമിക്കുന്നത്. അവരുടെ വിശകലനബുദ്ധി അനുസരിച്ച് ആഗോള രാഷ്ട്രീയത്തെ അപഗ്രഥനം ചെയ്താല്‍ വൈരുധ്യങ്ങളായിരിക്കും ഫലം.
അഫ്ഗാനില്‍ ഇസ്‌ലാമിന്റെ പേരില്‍ ഗോത്രീയ സംസ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന താലിബാനിസത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം ദയൂബന്ദി ഇസ്‌ലാമാണെന്ന് നിരവധി പഠനങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുപോലെ, പ്രവാചകനിന്ദ നടത്തിയ നുപൂര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ ഉദയ്പൂര്‍ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടത് ദഅ്‌വത്തെ ഇസ്‌ലാമി എന്ന ബറേല്‍വി സംഘടനയുടെ പ്രവര്‍ത്തകനാണ്. വഹാബിസം, സലഫിസം എന്നൊക്കെ വിളിക്കപ്പെടുന്ന ആശയധാരകളെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള സൂഫി ധാരയില്‍ പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന സംഘങ്ങളാണിത്. സലഫിസം തീവ്രവാദത്തെ പിന്തുണക്കുന്നു എന്ന് പ്രചരണം നടത്തുന്നവര്‍ സലഫിസത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന ഈ സംഘങ്ങളെ എങ്ങനെയാണ് കാണുക?
അടിസ്ഥാനപരമായി തീവ്രവാദത്തെ ഏതെങ്കിലും ഒരു ആശയധാരയിലേക്ക് ചേര്‍ക്കുക എന്നതുതന്നെ നീതിപൂര്‍വകമല്ല. കാരണം, ഏത് ആശയത്തിനും തീവ്രമാകാനും ഹിംസാത്മകമായ അവതരണത്തിലേക്ക് ചേക്കേറാനും സാധിക്കും. മാനവികത ഉദ്‌ഘോഷിക്കുന്ന ഹ്യൂമനിസത്തിനു വേണമെങ്കില്‍ തീവ്രമായി ചിന്തിച്ചുകൊണ്ട്, ഭൂമിയില്‍ മനുഷ്യരല്ലാത്ത ഒന്നും ആവശ്യമില്ല എന്ന തീവ്രനിലപാടിലേക്ക് ചുവടുമാറാവുന്നതാണ്. യു എ പി എയുടെ സെക്ഷന്‍ 35 പ്രകാരം ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനകളുടെ ലിസ്റ്റ് ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റിലുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) തുടങ്ങിയ സംഘങ്ങളെ അതില്‍ കാണാനാവും. ഈ പേരുകളില്‍ നിന്ന് ബ്രാക്കറ്റ് ഒഴിവാക്കിയാല്‍ ഇന്ത്യയില്‍ ജനാധിപത്യ ഭരണസംവിധാനത്തില്‍ ഭാഗധേയം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടികളുടെ പേരില്‍ നിന്ന് അവ ഒട്ടും വ്യത്യസ്തമല്ല. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകളെ ഏതെങ്കിലും മാധ്യമങ്ങള്‍ തീവ്രവാദികളായോ ഭീകരവാദികളായോ ചിത്രീകരിക്കാറില്ല. അതുപോലെ, സ്‌നേഹം മാത്രം ഉദ്‌ഘോഷിക്കുന്നവരെന്ന് ഖ്യാതി നേടിയ സൂഫി ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന സംഘടനകളെ ഭീകരവാദത്തിലേക്ക് ചേര്‍ത്തു പറയാറില്ല. അതൊരു സാമാന്യമര്യാദയാണ്.
എന്നാല്‍, സലഫിസത്തിന്റെ കാര്യം വരുമ്പോള്‍ ആഗോള മാധ്യമങ്ങള്‍ മുതല്‍ കേരളത്തിലെ സംഘടനാ പത്രങ്ങള്‍ വരെ തീവ്രവാദവും ഭീകരവാദവും കൂട്ടിച്ചേര്‍ത്താണ് അവതരിപ്പിക്കാറുള്ളത്. സലഫിസം വേഴ്‌സസ് സൂഫിസം എന്ന ദ്വന്ദ്വനിര്‍മിതി മുതല്‍ ഐ എസിലേക്ക് പോകുന്നവരാണ് സലഫികള്‍ എന്ന സംഘപരിവാറിന്റെ മാധ്യമ പ്രചാരണം വരേക്കും യാതൊരു സത്യസന്ധതയും കൂടാതെയാണ് സലഫിസം എന്ന ചിന്താധാരയെ കടന്നാക്രമിക്കാറുള്ളത്. ഇസ്‌ലാമിലെ ഏതെങ്കിലും ഒരു ആശയധാരയെ തീവ്രവാദത്തിലേക്ക് ചേര്‍ത്തു പറയുന്നവര്‍, ആത്യന്തികമായി ഇസ്‌ലാം എന്നാല്‍ തീവ്രവാദമാണ് എന്ന ആഗോള വലതുപക്ഷ ആഖ്യാനത്തിന് സ്വീകാര്യത നല്‍കുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ ചിന്താരീതിയല്ല, അവരുടെ രീതിശാസ്ത്രമാണ് തീവ്രവാദം എന്ന പ്രചാരണം കൊണ്ട് ഇരു ചിന്താധാരകളും പൊതുവായി അവലംബിക്കുന്ന പ്രമാണങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുപോവുകയേ ചെയ്യൂവെന്ന് പ്രസ്തുത പ്രമാണങ്ങളുടെ വക്താക്കളായി രംഗത്തുവരുന്ന തീവ്രവാദാരോപകര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റമാണ്. അതിനു പിന്നില്‍ ഏതെങ്കിലും ആശയങ്ങളുടെ പ്രചോദനം ഉണ്ടാവണം എന്നില്ല. വൈയക്തികമായ അനുഭവങ്ങളോ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകളോ ഭരണകൂടത്തിന്റെ തന്നെ ഗൂഢാലോചനകളോ ആയുധവ്യാപാരികളുടെ തന്ത്രമോ ഒക്കെ ഒരാള്‍ക്കൂട്ടത്തെ തീവ്രവാദത്തിലേക്ക് നയിച്ചേക്കും. അതിന് ന്യായീകരണം ചമയ്ക്കാന്‍ ഏതെങ്കിലും ആശയധാരകളെയോ മഹാന്മാരുടെ ഉദ്ധരണികളെയോ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്‌തേക്കാം; എന്നല്ലാതെ ആശയപ്രചോദിതമായ ഒരു ആദര്‍ശകൃത്യമായി തീവ്രവാദത്തെയും ഭീകരവാദത്തെയും കാണുന്നത് ബാലിശമാണ്.
സലഫിസത്തോടുള്ള വിമര്‍ശനം
സലഫിസത്തെ തീവ്രവാദത്തിലേക്ക് ചേര്‍ത്തു പറയേണ്ടതില്ല എന്നു പറയുമ്പോള്‍ അതിനര്‍ഥം, സലഫിസം വിമര്‍ശനാതീതമാണെന്നോ കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങള്‍ സലഫിസത്തിന്റെ ഭാഗമാണെന്നോ അല്ല. അത് വേറെത്തന്നെ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്. ഈ വിഷയത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കഴിഞ്ഞുപോയിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങള്‍ക്കു മുന്നില്‍ നടന്ന മുജാഹിദ് പ്രസ്ഥാനം ഒരു ഇസ്‌ലാഹി സംഘടനയാണ്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും കേരളത്തില്‍ വേരുകളുള്ള ഒരു മുസ്‌ലിം ബഹുജന മുന്നേറ്റമാണത്. അതിന് ആഗോള-ദേശീയതലങ്ങളില്‍ മാതൃസംഘടനകളോ പോഷക സംഘടനകളോ ഇല്ല. ഒരു മുസ്‌ലിം സംഘടന എന്ന നിലയില്‍ പലതുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനം രൂപപ്പെട്ടത് കേരളീയമായ സാഹചര്യത്തിലും അത് വളര്‍ന്നു പന്തലിച്ചത് കേരളീയ പൊതുമണ്ഡലത്തിലുമാണ്.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന ശ്രമങ്ങളെ സലഫിസവുമായി ചേര്‍ത്തുവായിക്കുന്നതില്‍ അപാകതയുണ്ട്. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാഹ് എന്ന സംജ്ഞയുടെ ഭാഗമായി മനസ്സിലാക്കുന്നതിലാണ് കൂടുതല്‍ ശരി. ഇംഗ്ലീഷില്‍ റിഫോര്‍മേഷന്‍, റിവൈവല്‍ എന്നെല്ലാം അര്‍ഥം പറയാവുന്ന പദമാണ് അറബിയിലെ ഇസ്‌ലാഹ്. വ്യക്തികളെയും സമൂഹങ്ങളെയും ഇസ്‌ലാമിന്റെ വിശുദ്ധിയിലേക്ക് മടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇസ്‌ലാഹ് അഥവാ പരിഷ്‌കരണം എന്നു പറയുന്നത് (ഖുര്‍ആന്‍ 11: 88). ആദിമ വിശുദ്ധിയിലേക്കുള്ള മടക്കം എന്നാല്‍ മാനവ സംസ്‌കാരത്തിന്റെ ആദ്യഘട്ടങ്ങളെ പുനരാവര്‍ത്തനം ചെയ്യുക എന്നതല്ല, മറിച്ച്, അക്കാലം തൊട്ട് അവതീര്‍ണമായ ആശയസംഹിതയുടെ പരിശുദ്ധി തിരിച്ചെടുക്കുക എന്നതാണെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഇര്‍ഫാന്‍ അഹ്മദ് വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്‌ലാഹിന്റെ അഥവാ പരിഷ്‌കരണത്തിന്റെ സൈദ്ധാന്തിക അടിത്തറ എക്കാലത്തും ഒന്നായിരിക്കുകയും പ്രസ്തുത പ്രക്രിയ നവീനമായിരിക്കുകയും ചെയ്യും.
എന്നാല്‍, മിഡില്‍ഈസ്റ്റ് രാഷ്ട്രീയത്തെ പെട്രോള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയത് മുതല്‍ സുഊദി അറേബ്യ കേന്ദ്രമായുള്ള സലഫി ആശയധാരക്ക് കേരളത്തിനകത്തും പുറത്തും സ്വീകാര്യത ലഭിച്ചു. 1970കള്‍ക്കു ശേഷം കേരളത്തില്‍ നിന്നുളള വമ്പിച്ച ഗള്‍ഫ് പ്രവാസവും അതുണ്ടാക്കിയ സാമ്പത്തിക അഭിവൃദ്ധിയും മധ്യവര്‍ഗ വിഭാഗത്തിന്റെ വളര്‍ച്ചയും കേരള മുസ്‌ലിംകളുടെ ദിശാനിര്‍ണയത്തെ സ്വാധീനിച്ചു. 1979ല്‍ പുളിക്കലില്‍ വെച്ച് നടന്ന മുജാഹിദ് സമ്മേളനത്തിനു ശേഷം, മുജാഹിദ് സംസ്ഥാന പ്രസ്ഥാനത്തിന്റെ വിവിധ സമ്മേളനങ്ങളില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രതിനിധികള്‍ ധാരാളമായി സംബന്ധിച്ചു.
സലഫിസത്തിലേക്കുള്ള സംക്രമണം
ഗള്‍ഫ് സലഫിസത്തിന്റെ സാമൂഹിക അന്തര്‍മുഖത്വം നിറഞ്ഞ നിലപാടുകള്‍ കേരളത്തിലെ മുസ്‌ലിം സാമൂഹിക-രാഷ്ട്രീയ ഭൂമികയിലേക്കും കടന്നുവരാന്‍ തുടങ്ങി. തൊണ്ണൂറുകള്‍ക്കു ശേഷം അത് ശക്തിപ്പെടുകയും സലഫി രീതിശാസ്ത്രം (സലഫി മന്‍ഹജ്) അനുസരിച്ചല്ലാത്ത എല്ലാ കാര്യങ്ങളും ഇസ്‌ലാമികവിരുദ്ധമായി കണക്കാക്കുകയും ചെയ്തു. ഏകദൈവ വിശ്വാസത്തിന്റെ കാര്യം മാറ്റിനിര്‍ത്തിയാല്‍, സാമൂഹിക-രാഷ്ട്രീയരംഗങ്ങളിലെ സലഫി രീതിശാസ്ത്രം ഇസ്‌ലാഹി പ്രസ്ഥാനത്തിന് പരിചയമില്ലാത്തതാണ്. പ്രമാണങ്ങളുടെ അക്ഷരവായന ആന്തരികവത്കരിച്ച പ്രസ്തുത രീതിശാസ്ത്രം സാമൂഹികരംഗങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തിനും കാര്‍ക്കശ്യത്തിലേക്കും വഴിതെളിയിച്ചു. കേരളത്തിന്റെ പ്രഥമ ചരിത്രഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്റെ കര്‍ത്താവ് സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ തുടങ്ങുന്ന പരിഷ്‌കരണ-നവോത്ഥാന പ്രവര്‍ത്തനങ്ങളെ, പെട്രോള്‍ കണ്ടുപിടിത്തത്തിനു ശേഷം കടന്നുവന്ന സലഫിസവുമായി കൂട്ടിച്ചേര്‍ക്കുന്നത് ചരിത്രപരമായും വസ്തുനിഷ്ഠാപരമായും തെറ്റാണ്.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന ശ്രമങ്ങളെ ഇസ്‌ലാഹ് അഥവാ പരിഷ്‌കരണം എന്ന സംജ്ഞയിലൂടെയാണ് മനസ്സിലാക്കേണ്ടത്. പരിഷ്‌കരണത്തിലേക്കുള്ള പല മാര്‍ഗങ്ങളിലൊന്നാണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍. സലഫി രീതിശാസ്ത്രത്തെ (മന്‍ഹജുസ്സലഫ്) യഥാവിധി സ്ഥാനപ്പെടുത്തുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന് പറ്റിയ പിഴവുകളാണ് അതിന്റെ പിളര്‍പ്പിലേക്ക് നയിച്ചത്. ഈജിപ്ഷ്യന്‍ നവോത്ഥാന നായകരിലൊരാളായ സയ്യിദ് റഷീദ് രിദായുടെ സംഭാവനകളെക്കുറിച്ചുള്ള സംസാരത്തിനിടയില്‍, തുനീഷ്യയിലെ സമകാലിക ചിന്തകനായ റാഷിദുല്‍ ഗനൂഷി സലഫി രീതിശാസ്ത്രത്തെ സ്ഥാനപ്പെടുത്തുന്നത്, അത് പരിഷ്‌കരണത്തിന്റെ (ഇസ്‌ലാഹിന്റെ) നിബന്ധനകളിലൊന്ന് (ശര്‍ത്വ്) എന്ന നിലയിലാണ്.
1951ല്‍ പുറത്തിറങ്ങിയ ജെ എം കൊവാന്റെ പ്രസിദ്ധമായ അറബി-ഇംഗ്ലീഷ് നിഘണ്ടുവില്‍ സലഫിയ്യ എന്നതിന് നല്‍കിയിരിക്കുന്ന അര്‍ഥം മി ശഹെമാശര ൃലളീൃാ ാീ്‌ലാലി േശി ലഴ്യു,േ ളീൗിറലറ യ്യ ാീവമാാലറ മയറൗവ എന്നാണ്. സലഫി രീതിശാസ്ത്രത്തെ പരിഷ്‌കരണത്തിനുള്ള ഒരു മാര്‍ഗമെന്ന നിലയിലായിരുന്നു മുഹമ്മദ് അബ്ദു അടക്കമുള്ളവര്‍ മനസ്സിലാക്കിയിരുന്നത്. സലഫിയ്യ എന്ന പദത്തിന് അതിന്റെ ചരിത്രപരമായ സഞ്ചാരത്തില്‍ സംഭവിച്ച ആശയവ്യത്യാസങ്ങളും സലഫിയ്യ എന്ന പുസ്തക പ്രസാധനാലയം പബ്ലിഷ് ചെയ്യുന്ന പുസ്തകങ്ങള്‍ എങ്ങനെയാണ് പ്രസ്തുത പദത്തിന്റെ ആശയഭാവനയെ സ്വാധീനിച്ചത് എന്നതും സംബന്ധിച്ച് ഹെന്റി ലോസിയര്‍ പഠനം നടത്തിയിട്ടുണ്ട് (The Making of Salafism, Henri Lauzi¦pre, Columbia Univ–erstiy Press, 2015).
ആഗോള
സലഫിസവുമായി
ബന്ധമുണ്ടോ?

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് ആഗോള സലഫി പ്രസ്ഥാനങ്ങളുമായി സംഘടനാപരമായി യാതൊരു ബന്ധവുമില്ല. എല്ലാ മുസ്‌ലിം സംഘടനകളുടെയും ലക്ഷ്യമായി മാറേണ്ടത് ഇസ്‌ലാഹാണ്. അതിനു വേണ്ടി വ്യത്യസ്ത സംഘടനകള്‍ ഇസ്‌ലാമിനുള്ളിലെ വിവിധ രീതിശാസ്ത്രങ്ങളെ (മെത്തഡോളജി) അവലംബിക്കുകയാണ് ചെയ്യുന്നത്. മുജാഹിദ് പ്രസ്ഥാനം പിന്തുടരുന്നത് ഇസ്‌ലാഹിയ്യ എന്ന് വിളിക്കപ്പെടുന്ന രീതിശാസ്ത്രമാണ്. ദൈവശാസ്ത്രപരമായ ചോദ്യങ്ങളില്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗം എന്ന നിലയില്‍ ആശയപരമായ സമാനതകള്‍ കാണാനാവും. അത് സ്വാഭാവികവും അനിവാര്യവുമാണ്. ഇസ്‌ലാഹി പ്രസ്ഥാനത്തിനു മാത്രമായി പുതിയ തൗഹീദ് അവതരിപ്പിക്കാനില്ല. തൗഹീദ് അഥവാ ഏകദൈവ വിശ്വാസം എന്ന വിഷയത്തില്‍ വിവിധ ഇസ്‌ലാമിക ചിന്താധാരകളിലുള്ള ആശയ ഐക്യം ഇവിടെയും കാണാം.
കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ ഭാഗധേയമാണ് അതിന്റെ വ്യതിരിക്തമായ മറ്റ് സംഭാവനകള്‍. പ്രസ്തുത സംഭാവനകള്‍ അര്‍പ്പിക്കുന്നതിനു മുജാഹിദ് പ്രസ്ഥാനത്തെ സജ്ജമാക്കിയത് ഇസ്‌ലാഹി പ്രത്യയശാസ്ത്രമാണ്. സാമൂഹികവും സമുദായപരവുമായ നവോത്ഥാന അജണ്ടകള്‍ രൂപീകരിക്കുന്നതിലും ഏറ്റെടുക്കുന്നതിലും പരിഷ്‌കരണത്തിന്റെ രീതിശാസ്ത്രത്തെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് മുജാഹിദ് പ്രസ്ഥാനത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. മുജാഹിദ് പ്രസ്ഥാനവും ‘ഗള്‍ഫ് സലഫിസ’വും തമ്മിലുള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കുന്ന പഠനം 2002ലെ പിളര്‍പ്പിന്റെ കാലത്ത് പുറത്തിറങ്ങിയിരുന്നു. ആ വ്യത്യാസങ്ങളാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ വ്യതിരിക്തത. ശുദ്ധിവാദത്തിലൂന്നിയുള്ള സാമൂഹിക അന്തര്‍മുഖത്വം മുസ്‌ലിം നവോത്ഥാന മുന്നേറ്റത്തെ ഉലച്ചുകളയുമെന്നതിന് ചരിത്രം സാക്ഷിയാണ്.
ആത്മനിഷ്ഠമല്ലാത്ത യുക്തിബോധം (Non-Subjective Reason) അടിസ്ഥാനപ്പെടുത്തി, നവീനമായ പരിഷ്‌കരണ ചിന്തകള്‍ മുന്നോട്ടുവെക്കാന്‍ സമുദായ സംഘടനകള്‍ക്ക് സാധിക്കേണ്ടതുണ്ട്. പ്രമാണങ്ങളുടെ പിന്തുണ പ്രസക്തമാകുന്നത് അവിടെയാണ്. ദൈവപ്രോക്തമായ ഒബ്ജക്ടീവ് ധാര്‍മികത പരിഷ്‌കരണത്തിന്റെ അടിത്തറയാകുമ്പോള്‍, വ്യക്തികളുടെ കേവലം തോന്നലുകള്‍ ഇസ്‌ലാഹി രീതിശാസ്ത്രത്തിന്റെ ഭാഗമായി വരില്ല. വെള്ളിയാഴ്ചകളിലെ ജുമുഅഃ പ്രസംഗം മലയാളത്തില്‍ നടത്താന്‍ മുന്നോട്ടുവന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സമന്വയത്തിന്റെയും ബഹുസ്വരതയുടെയും മാര്‍ഗങ്ങളിലൂടെയാണ് മുന്നോട്ടുപോകാന്‍ സാധിക്കുക.
കേരള മുസ്‌ലിംകളുടെ ഭൂരിപക്ഷത്തെയും പ്രതിനിധീകരിക്കുന്ന സമസ്ത വിഭാഗങ്ങള്‍, നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഏകദൈവ വിശ്വാസത്തെ നിരസിച്ചുകൊണ്ടുതന്നെ സാമുദായിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍, സമുദായത്തെ കൂടുതല്‍ ഉള്‍വലിയുന്നതില്‍ നിന്നു മാറ്റിനിര്‍ത്തി, പൊതുമണ്ഡലവുമായി ഇഴുകിച്ചേരാന്‍ പ്രാപ്തമാക്കേണ്ട ഉത്തരവാദിത്തം കൂടി അവര്‍ക്കുണ്ട്. സാമൂഹിക നവോത്ഥാനത്തില്‍ സമുദായത്തിലെ ഓരോ അംഗവും ലിംഗഭേദമെന്യേ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.
മുസ്‌ലിം സ്ത്രീകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിലും നേതൃരംഗത്തേക്ക് കൊണ്ടുവരുന്നതിലും മുസ്‌ലിം ലീഗിന് വലിയ എതിര്‍പ്പുണ്ടാകുന്നത് സമസ്തയുടെ ഭാഗത്തു നിന്നാണ്. അക്കാര്യത്തില്‍ ഗള്‍ഫ് സലഫിസത്തിന്റെ സാമൂഹിക അന്തര്‍മുഖത്വത്തെ പ്രയോഗവത്കരിക്കുന്നത് കേരളത്തിലെ സുന്നികളാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പ്രചോദനമേകുന്ന ആശയസ്രോതസ്സിനെ അവലംബമാക്കിക്കൊണ്ടുതന്നെ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്തി, സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളോടെ മുന്നോട്ടുപോകാന്‍ സാധിക്കും. ആ സാധ്യതയെ ഏതറ്റം വരെ ഉപയോഗപ്പെടുത്താന്‍ സമുദായ നേതൃത്വങ്ങള്‍ തയ്യാറാകുന്നു എന്നിടത്താണ് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ഭാവി.

3.5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x